Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുളിങ്കുരു പൊടിച്ച് കാലിത്തീറ്റയാക്കാം

tamarind-seed പുളിങ്കുരു

ചോദ്യം ഉത്തരംമൃഗസംരക്ഷണം

Q. ഇപ്പോൾ വാളൻപുളി കായ്ക്കുന്ന കാലമാണ്. പുളി ശേഖരിച്ചതിനുശേഷം കിട്ടുന്ന പുളിങ്കുരു ഇപ്പോൾ പാഴാക്കുകയാണ്. കാലികൾക്ക് തീറ്റയായി നൽകാമോ.

നെടുമ്പള്ളി നന്ദനൻ പിള്ള, മഞ്ഞുമ്മേൽ

കന്നുകാലികൾക്കു തീറ്റയായി നൽകുന്ന കാർഷികാവശിഷ്ടങ്ങളിൽ പ്രധാനമാണ് പുളിങ്കുരു. മാംസ്യത്തിനും ഊർജത്തിനും വേണ്ടിയാണ് ഇത്തരം വസ്തുക്കൾ തീറ്റയാക്കുന്നത്. പുളിങ്കുരുവിന്റെ 35 ശതമാനം പുറംതോടും ബാക്കി വെള്ളഭാഗവുമാണ്. വെള്ളഭാഗം ഈർജത്തിന്റെ കലവറയായ കാർബോഹൈഡ്രേറ്റാണ്. 65 ശതമാനം മൊത്ത ദഹ്യപോഷകവും (Total Digestable Nutrients - TDN) 12 ശതമാനം മാംസ്യവും അടങ്ങിയിട്ടുണ്ട്. എന്നാൽ പുളിങ്കുരുവിൽ ടാനിൻ എന്ന പ്രതിപോഷകം (Antinutritional Factor) അടങ്ങിയിട്ടുണ്ട്. ഇതു കറുത്ത പുറംതോടിനുള്ളിലാണ്. ഇതു നീക്കം ചെയ്യുന്നതിന് നന്നായി വറുത്ത് പൊടിച്ചെടുത്താൽ മതി. ഇത് സംസ്കരിച്ചു പൊടിച്ച് വിവിധ സാധനങ്ങൾ പ്രത്യേകം മാറ്റുന്നതിനുള്ള യന്ത്രസാമഗ്രികൾ നിലവിലുണ്ട്. നീക്കം ചെയ്യുന്ന ടാനിൻ പോലുള്ള ഘടകങ്ങൾ തുകൽ വ്യവസായത്തിനും മറ്റു ഘടകങ്ങൾ ഭക്ഷ്യവസ്തുക്കൾ, തുണി, കാലിത്തീറ്റ എന്നിവയ്ക്കായും പ്രയോജനപ്പെടുത്താം. കാലിത്തീറ്റയിൽ 15 ശതമാനം വരെ പുളിങ്കുരുപ്പൊടി ഉപയോഗിക്കാം. പുളിങ്കുരു മാത്രമായി നൽകുമ്പോൾ ഒരു മണിക്കൂർ മുമ്പായി വെള്ളത്തിൽ കുതിർക്കുന്നത് അവയുടെ ദഹനീയതയും രുചിയും കൂട്ടും. പുളിങ്കുരു പൊടിച്ചു സംസ്കരിക്കുന്നതിനുള്ള യന്ത്രം തമിഴ്നാട്ടിൽ ലഭ്യമാണ്.

നായ്ക്കളിൽ വയറിളക്കം

dog-biting Representative image

Q. നായ്ക്കളിലെ വയറിളക്കത്തിന് കാരണമെന്താണ്. പ്രതിവിധിയും അറിയണം.

പി.എസ്. രാജീവൻ, അറുന്നൂറ്റിമംഗലം

വയറിളക്കത്തിനു കാരണം പലതാണ്. ഭക്ഷണത്തിലെ വ്യത്യാസം ദഹനക്ക‍േടിനും വയറിളക്കത്തിനും കാരണമാകും. ചിലപ്പോൾ പഴകിയ ആഹാരവും വേവിക്കാത്ത ഭക്ഷണവും രോഗവസ്ഥയ്ക്കു കാരണമാകും. വിരബാധ, അണുബാധ എന്നിവയും വയറിളക്കമുണ്ടാക്കും. നന്നായി അയഞ്ഞ കഫത്തോടും രക്തത്തോടും ദുർഗന്ധത്തോടുമുള്ള വയറിളക്കത്തിന് ആന്റിബയോട്ടിക് മരുന്നുകൾ നൽകണം.

ലാക്ടോബാസിലസ് അടങ്ങിയ ചില പ്രോബയോട്ടിക്കുകൾ നൽകുന്നത് വയറിളക്കം മാറ്റാൻ സഹായിക്കും. വയറിളക്കം കലശലായാൽ നിലവിൽ നൽകുന്ന ആഹാരം നിർത്തിവയ്ക്കുക. കൂവപ്പൊടി കുറുക്കിയതും നന്നായി നേർപ്പിച്ച പാലും ജലനഷ്ടം ഒഴിവാക്കാൻ ഒആർഎസ് ലായനിയും നൽകണം. നിശ്ചിത ഇടവേളകളിൽ വിരയിളക്കണം. കഴിയുമെങ്കിൽ കാഷ്ഠം പരിശോധിച്ച് വിര ഏതാണെന്നു തിട്ടപ്പെടുത്തി മരുന്ന് നൽകുന്നതു നന്ന്.

ഉത്തരങ്ങൾ തയാറാക്കിയത്: ഡോ.സി.കെ. ഷാജു, പെരുവ
സീനിയർ വെറ്ററിനറി സർജൻ, ഗവ. വെറ്ററിനറി ക്ലിനിക്, മുളന്തുരുത്തി. ഫോൺ
: 9447399303