ADVERTISEMENT

നെല്ലും എള്ളുമാണ് വിജയൻപിള്ളയുടെ പ്രിയ വിളകൾ. ഓണാട്ടുകരയുടെ ഈ പാരമ്പര്യവിളകൾ കൃഷി ചെയ്യുന്നവർ വിജയൻപിള്ളയുടെ പഞ്ചായത്തിൽ വിരലിൽ എണ്ണാനുള്ളത്ര പോലുമില്ല. ഉൽപാദനച്ചെലവും തൊഴിലാളിക്ഷാമവും പലരും  ഇതിനു കാരണമായി നിരത്തുമ്പോൾ ഒന്നിനെയും പഴിചാരാതെ സ്വന്തം അധ്വാനംകൊണ്ട്  ഇരുവിളകളെയും ലാഭവിളകളാക്കി മാറ്റുകയാണ് ഈ കർഷകൻ. രണ്ടു സീസൺ നെൽകൃഷി, മൂന്നാം വിളയായി എള്ള്; ഇതാണ് വിജയൻപിള്ളയുടെ രീതി. രണ്ടാം വിളയ്ക്കു ശേഷം പാടത്തു ശേഷിക്കുന്ന ജൈവാവശിഷ്ടങ്ങളും പോഷകങ്ങളും മാത്രം മതിയാകും 90 ദിവസത്തിൽ തീരുന്ന എള്ളുകൃഷിക്കു വളമായി. 

എല്ലാക്കാലത്തും വിലയും ഡിമാൻഡുമുള്ള ഉൽപന്നമാണ് എള്ളെന്ന് വിജയൻപിള്ള. 20 വർഷമായി മൂന്നേക്കറിൽ എള്ളുകൃഷി ചെയ്യുന്ന വിജയൻപിള്ള  ഇതുവരെ എള്ളിനൊരു വിലത്തകർച്ച കണ്ടിട്ടില്ല. മറ്റു വരുമാനമാർഗങ്ങളുമായി താരതമ്യപ്പെടുത്തി ചിന്തിക്കുമ്പോൾ എള്ളിനത്ര ഗ്ലാമർ പോരെന്നു കരുതുന്നവരുണ്ടാവാം. എന്നാൽ ഓണാട്ടുകരയിലെ  സമ്മിശ്ര കർഷകനു വരുമാന സ്ഥിരതയ്ക്ക്  മികച്ച വിളതന്നെ എള്ളെന്ന് വിജയൻപിള്ള. ഏക്കറിന് ശരാശരി 180 കിലോ വിളവും കിലോയ്ക്ക് 250 രൂപ വിലയുമുണ്ട്. എല്ലാ ചെലവും കഴിഞ്ഞ് ഏക്കറിന് 25,000 രൂപ ലഭിക്കുന്ന നെൽകൃഷിയും ലാഭത്തിന്റെ പട്ടികയിൽതന്നെ.

അടുത്ത കാലത്തായി ലാഭകരമെന്നു വിജയന്‍പിള്ള കാണുന്ന വിള കപ്പയാണ്. കുംഭത്തിൽ നടീൽ. ആറു മാസംകൊണ്ട് വിളവെടുക്കുന്ന ഇനമാണ് കൃഷിയിറക്കുക. തുടക്കത്തിലുള്ള ജൈവവളപ്രയോഗം മതി കപ്പയ്ക്ക്. കാലാവസ്ഥാവ്യതിയാനം കാര്യമായി ഏശാറുമില്ല.  മുതൽമുടക്കും പരിപാലനച്ചെലവും നന്നേ കുറവ്. ഒരു ചുവടിൽനിന്ന് 5–6 കിലോ കിഴങ്ങ് ഉറപ്പ്. കിലോയ്ക്കു 30 രൂപ വിലയിട്ട് ചില്ലറ വിൽപന കൂടിയാവുമ്പോൾ കപ്പ കൈ നിറയെ വരുമാനം നല്‍കുന്നു.   

പുരയിടത്തിൽ തെങ്ങും ഇടവിളകളായി ഇഞ്ചിയും മഞ്ഞളും മുളകും പച്ചക്കറികളും വാഴയുമെല്ലാം കൃഷി ചെയ്യുന്ന വിജയൻപിള്ളയ്ക്കു മികച്ച ലാഭം ഉറപ്പാക്കുന്നത് സ്വന്തം വിപണന സംവിധാനമാണ്. സമ്മിശ്രക്കർഷകര്‍ക്കു പ്രധാന വിളകളുടെ അരികു പറ്റി വളരുന്ന ഒട്ടേറെ ചെറു വിളകളുണ്ടാകും, മത്തനും കുമ്പളവും വെള്ളരിയും കാന്താരിമുളകും ചെറു വാഴക്കുലകളുംപോലെ. സ്വന്തം കടയുള്ളതിനാൽ ഇവയൊക്കെ  അനായാസം വിറ്റഴിക്കാൻ കഴിയുന്നു. മഞ്ഞളിനു വിലയിടിഞ്ഞാൽ പൊടിയാക്കി 100 ഗ്രാമിന് 30 രൂപ നിരക്കിൽ വിറ്റഴിച്ച് നഷ്ടത്തിനെ നാടുകടത്താൻ സഹായിക്കുന്നതും ഈ നാടൻ കടതന്നെ. കടയുടെ പിന്നിൽ കട്ട കെട്ടി നാടൻ ജൈവ ശീതീകരണി നിർമിച്ചിട്ടുള്ളതിനാൽ പച്ചക്കറികളും പഴങ്ങളും ദിവസങ്ങളോളം കേടുകൂടാതെ സൂക്ഷിക്കാം. കൃഷിയിടങ്ങളോടു ചേർന്ന് ഫാം ഷോപ്പുകളുള്ള കാർഷികഗ്രാമങ്ങൾ കേരളത്തിലിനി വളർന്നു വരണമെന്നു വിജയൻപിള്ള. 

വിലാസം: കർഷകശ്രീ ജെ. വിജയൻപിള്ള, തെക്കേ പയ്യല, കോട്ടയ്ക്കകം, ചവറ, കൊല്ലം

ഫോൺ: 9745180833

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com