ADVERTISEMENT

തട്ടു തട്ടുകളായി മുകളിലേക്ക് ഉയരും വിധം രൂപകൽപന ചെയ്ത ലംബക്കൃഷി മാതൃകകൾ/ വെർട്ടിക്കൽ സ്റ്റാൻഡ് സ്ഥലപരിമിതിയെ മറികടക്കാൻ ഉപകരിക്കുന്നു. ഇത്തരം മാതൃകകൾ ഉപയോഗിച്ച് ചെറു വിസ്തൃതിയിൽ പോലും കൂടുതൽ ചെടിച്ചട്ടികൾ/ ഗ്രോബാഗുകൾ വയ്ക്കാം. നഗരവാസികൾക്ക് ഏറെ പ്രയോജനകരമായ സാങ്കേതിക വിദ്യയാണിത്. 

ലംബക്കൃഷി മാതൃകകളിൽ മികച്ച രണ്ടു സംവിധാനങ്ങൾ പരിചയപ്പെടാം. ഇതു കേരളകാർഷിക സർവകലാശാലയുടെ കീഴിൽ തിരുവനന്തപുരം കരമനയിലുള്ള സംയോജിത കൃഷി സമ്പ്രദായ ഗവേഷണ കേന്ദ്രം രൂപപ്പെടുത്തിയതാണ്.

പിരമിഡ് മാതൃക

ഗ്രോബാഗുകളെങ്കിൽ 21 എണ്ണം വരെ ഉൾക്കൊള്ളിക്കാനാകുന്ന മാതൃകയാണിത്. 2.09 ചതുരശ്ര മീറ്ററിൽ ഒതുങ്ങും. ഇരുമ്പ്/ ജിഐ പട്ടകൾ ഉപയോഗിച്ചാണു നിർമാണം. ഉറപ്പിച്ചു നിർത്തിയ ചട്ടമാണിത്. ഏകദേശം 10,000 രൂപ ചെലവു വരും.  ഏറ്റവും മുകളിലെ തട്ടിൽ ഒരു ബക്കറ്റ് ഉറപ്പിക്കാം. ഇതിൽ വെള്ളം നിറച്ച്, ഡ്രിപ്പ് ലൈനുകൾ ഉറപ്പിച്ച് ഓരോ ഗ്രോബാഗിലും തുള്ളി നന നടത്താം. ഒരു വാൽവ് തുറക്കുകയേ വേണ്ടൂ, ജലം ഗ്രോബാഗുകളിൽ എത്തും. സാധാരണ രീതിയിൽ 2 ചതുരശ്ര മീറ്റർ കൃഷിയിടത്തിൽ/ ടെറസിൽ 8 ചട്ടികൾ/ ഗ്രോബാഗുകൾ വരെയേ വയ്ക്കാനാവുകയുള്ളൂ.

തിരിനന മാതൃക

2.8 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ ഒതുങ്ങുന്നതും 1.3 മീറ്റർ ഉയരമുള്ളതുമായ സംവിധാനം. 29 ഗ്രോബാഗുകൾ വയ്ക്കാം. തിരിനന സൗകര്യവും, അധികജലം വാർന്നുപോകാനുള്ള സംവിധാനവുമുണ്ട്. നനയ്ക്കൊപ്പം ജൈവവള ലായനികളും നൽകാം. തിരിനന എളുപ്പവും ആയാസരഹിതവുമാണ്. വീട് വിട്ടു നിൽക്കേണ്ടപ്പോൾ നന തടസ്സപ്പെടില്ല. ഏകദേശ വില 15,000 രൂപ.

അക്വാപോണിക്സ്

വിളകൾക്കൊപ്പം മത്സ്യവും വളർത്താനുതകുന്നതാണ് ഈ സാങ്കേതിക വിദ്യ. മത്സ്യം വളർത്തുന്ന ടാങ്കുകളും ചെടികൾ വളർത്തുന്ന തട്ടുകളും ഈ യൂണിറ്റിന്റെ ഭാഗമാണ്. മത്സ്യ വിസർജ്യവും ആഹാരാവശിഷ്ടങ്ങളും അടിഞ്ഞുകൂടി ടാങ്കുകളിൽ അമോണിയ ഉണ്ടാകുന്നു. ഇത് മത്സ്യ വളർച്ചയ്ക്ക് ദോഷകരമാണ്. അതിനാൽ ഈ മലിനജലം പമ്പ് ചെയ്ത് ചെടികൾ വളരുന്ന തട്ടുകളിലേക്കൊഴുക്കുന്നു. 

ചെടികളുടെ വേരുപടലം ഉറപ്പിച്ചു നിർത്തുന്നതിനായി ബയോസ്പോഞ്ച്, മെറ്റൽ, LECA (Lightweight Expanded Clay Aggregates) എന്നിവയെല്ലാമാണ് തട്ടുകളിൽ ഉപയോഗിക്കാറുള്ളത്. 

മലിനജലത്തിലെ ഖരാംശങ്ങൾ തട്ടുകളി‍ൽ നിക്ഷേപിക്കപ്പെടുന്നു. ഇത് സൂക്ഷ്മജീവികളുടെ സഹായത്താൽ അഴുകി, സസ്യങ്ങൾക്കു വളമായി മാറുന്നു. അമോണിയ ഘടകമാകട്ടെ, നൈട്രിഫൈയിങ്ങ് ബാക്ടീരിയകളുടെ സഹായത്താൽ നൈട്രേറ്റ് എന്ന രൂപത്തിലാകുകയും സസ്യങ്ങൾക്ക് ഉപയോഗിക്കപ്പെടുകയും ചെയ്യുന്നു.

ശുദ്ധീകരിക്കപ്പെടുന്ന ജലം വീണ്ടും മത്സ്യ ടാങ്കുകളിൽ തിരിച്ചെത്തുന്നു. കരമന സംയോജിത കൃഷി സമ്പ്രദായ മാതൃകയിലെ പഠനങ്ങളിൽ, തക്കാളി, വഴുതന, മഞ്ഞൾ എന്നീ വിളകൾ ഈ മാതൃകയിൽ വിജയകരമായി കൃഷി ചെയ്യാം എന്നു തെളിഞ്ഞിട്ടുണ്ട്.

aquaponics-and-hydroponics
അക്വാപോണിക്സ് (ഇടത്ത്), ഹൈഡ്രോപോണിക്സ് (വലത്ത്)

ഹൈഡ്രോപോണിക്സ്

മണ്ണില്ലാകൃഷിയിലൂടെ ധാന്യങ്ങൾ മുളപ്പിച്ചെടുത്ത് കന്നുകാലികൾക്കു തീറ്റയാക്കുന്ന സാങ്കേതികവിദ്യയാണിത്. നെല്ല്, ഗോതമ്പ്, ബാർലി, ചോളം തുടങ്ങിയവയൊക്കെ ഇങ്ങനെ വളർത്താം. പുല്ല് വളർത്താനും ഈ മാർഗം നന്ന്. കാലിത്തീറ്റച്ചെലവ് ഗണ്യമായി കുറയ്ക്കാമെന്നത് ഈ സാങ്കേതികവിദ്യയുടെ മെച്ചമാണ്. ഒരു കിലോ വിത്തിൽ നിന്ന് ഒരാഴ്ച കൊണ്ട്  6 മുതൽ 7 കിലോ വരെ തീറ്റപ്പുൽ ഉൽപാദിപ്പിക്കാനാകും. പ്രത്യേക വളപ്രയോഗം ആവശ്യമായി വരുന്നില്ല. ഹൈഡ്രോപോണിക്സ് യൂണിറ്റുകൾ വിപണിയിൽ ലഭ്യമാണ്. 

ras
റീസർക്കുലേറ്ററി അക്വാകൾച്ചർ സിസ്റ്റം

‘റീസർക്കുലേറ്ററി അക്വാകൾചർ സിസ്റ്റം’

വീട്ടുവളപ്പിൽ മത്സ്യകൃഷി ചെയ്യാനുള്ള സാങ്കേതിക വിദ്യയാണിത്. ഫൈബർ ടാങ്കുകളിലാണ് മത്സ്യം വളർത്തൽ. 2000 ലീറ്റർ വ്യാപ്തിയുള്ള ടാങ്കുകളിൽ ‘ഗിഫ്റ്റ്’ പോലുള്ള മത്സ്യങ്ങളെ (100 എണ്ണംവരെ) വളർത്താമെന്ന് കരമന ഗവേഷണ കേന്ദ്രത്തിലെ പഠനം തെളിയിക്കുന്നു.  അമോണിയ കലരുന്ന മത്സ്യ ജലം തുടർച്ചയായി പമ്പ് ചെയ്ത് ടാങ്കിനു മുകളിലായി ഉറപ്പിച്ചിട്ടുള്ള അരിപ്പ(Biofilter)യിലെത്തിക്കുന്നു. 5 തട്ടുകളിലായി ചിട്ടപ്പെടുത്തിയ അരിക്കൽ കടന്നെത്തുന്ന ജലം ശുദ്ധമായിരിക്കും. ഇത് മത്സ്യക്കുളത്തിലേക്കുതന്നെ തിരിച്ചു പോകും. 

ലേഖകർ

ഡോ. ജേക്കബ് ജോൺ, ഡോ. ബി. സുധ, ഡോ. എ. സജീന, ഡോ. എ.വി. മീര, കെ.എസ്. ഹിരോഷ്‌കുമാർ, ജി. കൃഷ്ണകുമാർ (ഗവേഷണസംഘം, സംയോജിത കൃഷി സമ്പ്രദായ ഗവേഷണ കേന്ദ്രം നെടുങ്കാട്, കരമന, കേരള കാർഷിക സർവകലാശാല – ഫോൺ. 0471–2343586)

English summary: Farming in Small Spaces with High Tech Methods

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com