Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നോൺ വെജിറ്റേറിയൻ നെപ്പന്തസ്

nepenthes-pitcher-plant1 നെപ്പന്തസ്

വിൽസന്റെ ടെറസിനു മുകളിൽ എത്തുന്നവർ ആദ്യം അമ്പരക്കും, ആമസോൺ മഴക്കാടിനകത്താണോ വന്നു പെട്ടിരിക്കുന്നതെന്നു സംശയിക്കും. അത്രയ്ക്കുണ്ട് വിചിത്രവും വിസ്മയകരവുമായ ജൈവവൈവിധ്യം. സസ്യശാസ്ത്ര അധ്യാപകനെപ്പോലെ വിൽസൺ ഓരോന്നും പരിചയപ്പെടുത്തും. അപൂർവവും വിശിഷ‍്ടവുമായ ചെടിയിനങ്ങൾ. അഞ്ഞൂറും ആയിരവും അയ്യായിരവും അതിലേറെയുമാണ് ഓരോന്നിനും വില.

ഇത്രയൊക്കെ തുക മുടക്കി 'ആരുവാങ്ങുമീ ആരാമത്തിന്റെ രോമാഞ്ചം' എന്നു ചോദിച്ചാൽ വിൽസൺ പറയും, "വില എത്രയായാലും പുതിയ ഇനം ചെടികൾ സ്വന്തമാക്കാൻ ഒരു കൂട്ടം ഉപഭോക്താക്കൾ ഇന്നു കേരളത്തിലുണ്ട്. പരമ്പരാഗത ഇനങ്ങളെയും പരിചിത ഇനങ്ങളെയും നിരസിച്ച് അപൂർവ ഫേണുകളും കാക്റ്റസുകളും ടില്ലാൻഡ്സിയായും ഇപ്പോൾ ദാ, ഈ നെപ്പന്തസുകളും തേടിയെത്തുന്നവർ."

വായിക്കാം ഇ - കർഷകശ്രീ

ചെടികളുടെ കാര്യത്തിൽ, മുമ്പേ പറക്കുന്ന പക്ഷിയായിരുന്നു എന്നും കോഴിക്കോട് കല്ലായി വിനയ് ഗാർഡൻസിലെ വിൽസൺ. എല്ലാവരും മുല്ലയും ജമന്തിയുമൊക്കെ വിട്ട് ഓർക്കിഡും ആന്തൂറിയവുമൊക്കെ കണ്ടെത്തിയ കാലത്ത് വിൽസൺ കാക്റ്റസ് (കള്ളിച്ചെടി) വൈവിധ്യങ്ങൾ തേടിപ്പോയി. ആളുകൾ അതിലേക്കു തിരിഞ്ഞപ്പോൾ‌ വിൽസൺ അലങ്കാരപ്പനകളിലേക്കു കൂടുമാറി. പനയിനങ്ങൾ ട്രെൻഡായപ്പോൾ വിൽസന്റെ ശ്രദ്ധ ഫേൺ (പന്നൽച്ചെടികൾ) ഇനങ്ങളിലായി. മണ്ണില്ലാതെ വായുവിൽ വളരുന്ന ടില്ലാൻഡ്സിയ ചെടിയിനങ്ങളിലൂടെ നിലവിലുള്ള അഭിരുചികളെ കടന്ന് വീണ്ടും മുന്നിൽ നടന്നു. ഇപ്പോഴിതാ നെപ്പന്തസ് എന്ന ഇരപിടിയൻ ചെടികളുടെ അപൂർവ ശേഖരവുമായി വീണ്ടും വിൽസൺ.

അപൂർവ ചെടിയിനങ്ങൾ സ്വന്തമാക്കാൻ ഉൽസാഹിക്കുമ്പോഴും തന്റെ പൂന്തോട്ടത്തെ അവയുടെ നഴ്സറിയാക്കാൻ വിൽസനു താൽപര്യമുണ്ടായിരുന്നില്ല. സ്റ്റേഷനറി വ്യാപാരമായിരുന്നു വരുമാനമാർഗം. ഏതാനും വർഷങ്ങൾക്കു മുമ്പ് ബിസിനസ് വിട്ട് ഇനിയൽപം വിശ്രമമാകാം എന്നു കരുതിയപ്പോൾ ചെടികൾക്കൊപ്പം ചെലവിടാൻ കൂടുതൽ സമയം കിട്ടി. ഓരോന്നിന്റെയും എണ്ണം വർധിച്ചു. സന്ദർശകരുടെ എണ്ണം കൂടിയതോടെയാണ് വിപണനം തുടങ്ങുന്നത്.

wilson-with-nepenthes-pitcher-plant വിൽസൺ റഫ്ലേഷ്യാന ഇനം നെപ്പന്തസ് ചെടിക്കരികിൽ

സസ്യലോകത്തെ സവിശേഷ ജന്മമാണ് വള്ളിച്ചെടിയായ നെപ്പന്തസ്. പിച്ചർ സസ്യമെന്നും മങ്കി കപ്പെന്നും വിളിപ്പേര്. ഇലകളുടെ ഭാഗമായി കാണുന്ന സഞ്ചി രൂപത്തിലുള്ള കെണി(pitcher)യിൽ വന്നു വീഴുന്ന പ്രാണികളെ ആഹാരമാക്കിയാണ് നെപ്പന്തസിന്റെ ജീവിതം. ഇരപിടിയൻ ചെടികളെക്കുറിച്ചുള്ള അത്ഭുത കഥകൾ പണ്ടേ ഉണ്ടെങ്കിലും അവയെക്കുറിച്ചുള്ള സത്യങ്ങൾ അന്നൊന്നും ആർക്കും പിടിയില്ലായിരുന്നു. 1875ൽ ചാൾസ് ഡാർവിൻ carnivorous plants നെക്കുറിച്ചു പുസ്തകം പുറത്തിറക്കിയതോടെയാണ് ഈ വഴിക്കു ശാസ്ത്രീയ അന്വേഷണങ്ങൾ തുടങ്ങുന്നത്.

എഴുനൂറോളം ഇനം ഇരപിടിയൻ (carnivorous - മാംസഭുക്കുകൾ) സസ്യങ്ങൾ ലോകത്തുണ്ട്. നെപ്പന്തസ് ജനുസ്സിൽതന്നെ ഏതാണ്ട് നൂറ്റമ്പതിനടുത്ത് ചെടികൾ. സഞ്ചിക്കെണികളുടെ വലുപ്പം, നിറം, രൂപഭംഗി എന്നീ ഗുണങ്ങളിൽ ഓരോ ചെടിയും വ്യത്യസ്തം. സഞ്ചിയുടെ വലുപ്പം അനുസരിച്ച് അതിൽ വീണു ദഹിച്ചു തീരുന്നവയുടെ നിരയും നീളും. ചെറിയ കെണിയിൽ കൊതുകും ഈച്ചയും പോലുള്ള പ്രാണികൾ പതിക്കുമ്പോൾ പല്ലിയും തവളയും ഓന്തുമെല്ലാം കുടുങ്ങുന്ന കെണികളുമുണ്ട്. പിച്ചറിനുള്ളിലെ ദ്രാവകത്തിന്റെ മണത്തിൽ ആകൃഷ്ടരായെത്തുന്ന പ്രാണികളാണു ജീവിതം തുലയ്ക്കുന്നത്. മുട്ടയിടാനുള്ള ഉൽസാഹം കൊതുകിനു വിനയാകുന്നു.

nepenthes-pitcher-plant2 നെപ്പന്തസ്

അന്റാർട്ടിക്ക ഒഴികെ എല്ലാ ഭൂഖണ്ഡങ്ങളിലും ഇത്തരം ഇരപിടിയന്മാരുണ്ട്. വടക്കേ അമേരിക്കയിലാണ് കൂടുതൽ. ഏഷ്യയിലേക്കു വന്നാൽ ഇന്തൊനീഷ്യ, ചൈന, മലേഷ്യ, ഫിലിപ്പീൻസ് എന്നിവിടങ്ങളിൽ നെപ്പന്തസ് ഇനങ്ങൾ ഏറെ. അതേ സമയം ഇന്ത്യയിലും ശ്രീലങ്കയിലും ഒരേയൊരു നെപ്പന്തസ് ഇനം മാത്രം. മേൽപ്പറഞ്ഞ രാജ്യങ്ങളിലെല്ലാം നെപ്പന്തസ് ഇനങ്ങൾ അലങ്കാരച്ചെടിയായി ഉദ്യാനത്തിൽ പരിപാലിക്കുന്നുമുണ്ട്. പൂക്കളല്ല, ഇരപിടിക്കുന്ന സഞ്ചികളുടെ ഭംഗിയും കൗതുകവുമാണ് നെപ്പന്തസ്സിനെ പൂന്തോട്ടത്തിൽ സ്വീകാര്യമാക്കുന്നത്.

ഇന്ത്യയിലെ ചില ബൊട്ടാണിക്കൽ ഗാർഡനുകളിൽ നെപ്പന്തസുകൾ പരിപാലിക്കുന്നുണ്ടെന്ന് പതിനഞ്ചു വർഷം മുമ്പു കേട്ടപ്പോഴാണ് ഇവയെ വളർത്തിയാലോ എന്നു വിൽസൺ ചിന്തിക്കുന്നത്. മലേഷ്യയിൽനിന്നും തായ്‍ലൻഡിൽ‌നിന്നുമെല്ലാം ഓർക്കിഡുകൾ ഇറക്കുമതി ചെയ്യുന്ന സുഹൃത്തുക്കൾ വഴിയാണ് വിദേശ ഫേൺ‌ ഇനങ്ങൾ, കാക്റ്റസ്, ടില്ലാൻ‌ഡ്സിയ എന്നിവ സ്വന്തമാക്കിയിരുന്നത്. അവരെത്തന്നെ ആശ്രയിച്ചു. അലാറ്റ, വെൻട്രികോസാ, റഫ്ലേഷ്യാന തുടങ്ങിയ ഇനങ്ങൾ ലഭിച്ചു. ഒരോന്നിന്റെയും ആണും പെണ്ണും പ്രത്യേകം ലഭിക്കാത്തതിനാൽ സങ്കരണം നടത്തുകയേ വഴിയുണ്ടായിരുന്നുള്ളൂ. പരാഗണം കൈകൊണ്ടു വേണംതാനും. ഏതായാലും ഈ പരീക്ഷണത്തിലൂടെ വിൽസൺ സൃഷ്ടിച്ചത് 23 വ്യത്യസ്ത ഇനങ്ങൾ.

വിത്തുകൾ ചകിരിച്ചോറിൽ മുളപ്പിച്ച് ചെറിയ കപ്പുകളിലേക്കു മാറ്റി നട്ട് വിൽപനയ്ക്കു യോജിച്ച വലുപ്പമെത്തുമ്പോഴേക്കും ഒരു വർഷമെടുക്കും. ചെടി മുളയ്ക്കുമ്പോൾതന്നെ ഇലകളുടെ അറ്റത്ത് കെണികൾ ദൃശ്യമാണെങ്കിലും അവയുടെ നിറം, രൂപഘടന എന്നിവ വ്യക്തമാകാനും മാസങ്ങൾ വേണം.

നെപ്പന്തസുകൾക്ക‍ു നനയാവാം, എന്നാൽ വളമരുത്. ആദ്യകാലത്ത് അങ്ങനെയൊരു അബദ്ധം പറ്റിയെന്നു വിൽസൺ. വളം ലഭിച്ചാൽ പിന്നെ വേറെ ആഹാരം നേടാൻ നെപ്പന്തസുകൾ മെനക്കെടില്ല. അതോടെ സഞ്ചികൾ വളരാതാവും. അതായത്, ഉദ്യാനത്തിൽ പട്ടിണിക്കിട്ടു വളർത്തേണ്ട ചെടിയാണ് നെപ്പന്തസ്.

ലോകവിവരങ്ങൾ മുഴുവൻ സ്മാർട് ഫോണിന്റെ പരിധിക്കുള്ളിലായതോടെ ആളുകൾക്ക് ഇപ്പോൾ മറ്റു രാജ്യങ്ങളിലെ ഉദ്യാന കൗതുകങ്ങളിലും താൽപര്യം. അവർ തൈ ഒന്നിന് 500 രൂപ വിലയിട്ട നെപ്പന്തസ് തേടി വിൽസന്റെ ടെറസ്സിലെത്തുന്നു. ടില്ലാൻഡ്സിയായുടെ ഇരുപതിലേറെ അപൂർവ വൈവിധ്യങ്ങൾ, മാൻകൊമ്പു പോലെയുള്ള സ്റ്റാഗ് ഹോൺ ഇനങ്ങൾ ഉൾപ്പെടെ നൂറിലേറെ ഫേൺ ഇനങ്ങൾ, അത്യപൂർവമായ ഓർക്കിഡ് ഇനങ്ങൾ എന്നിവയും വിൽസന്റെ ടെറസ്സിനെ വിലപിടിച്ചതാക്കുന്നു.

ഫോൺ: 9349113475