Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഉദ്യാനപ്രേമികളുടെ പ്രിയ താരം

desert-rose

ചെടിയുടെ സവിശേഷതയും പുഷ്പങ്ങളുടെ ഭംഗിയും അഡീനിയത്തെ ഉദ്യാനപ്രേമികളുടെ ഇഷ്ടതാരമാക്കുന്നു. ഡെസർട്ട് റോസ്, ഇംപാല ലില്ലി, മോക്ക് അസാലീ, സബിസ്റ്റാർ എന്നിങ്ങനെ പല പേരുകളിൽ ഇതിനെ വിളിക്കാറുണ്ട്. സാധാരണഗതിയിൽ 10–15 അടിവരെ ഉയരം വയ്ക്കുന്ന ചെടി മനോഹരമായി വെട്ടിയൊരുക്കി (Pruning) യാൽ കുറഞ്ഞ  കാലംകൊണ്ട് ബോൺസായി (Bonsai) ആക്കാനാവും. അടിഭാഗത്തുള്ള തടിച്ച തണ്ടും മാംസളമായ കൊമ്പുകളും പല നിറത്തിലുള്ള പൂക്കളും ഇവയുടെ സവിശേഷതകൾ. അകത്തളച്ചെടികളായും ഇവയെ വളർത്താം. ഇലകൾ അണ്ഡാകൃതിയിൽ വളരുന്നു.അഡീനിയം കുടുംബത്തിൽ പ്രധാനഅംഗങ്ങൾ അഡീനിയം അറബിക്കം, അഡീനിയം ബോമിയാനം, അഡീനിയം മൾട്ടിഫോറം, അഡീനിയം ഒബീസം, അഡീനിയം ഓലിഫോലിയം എന്നിവയാണ്. കൂടാതെ ഒട്ടേറെ സങ്കരയിനങ്ങളും ഗ്രാഫ്റ്റും വിപണിയിൽ ലഭ്യമാണ്.

വളർത്തൽ രീതിപോട്ടിങ് മിശ്രിതം: വേരുകൾക്ക് എളുപ്പത്തിൽ ആഴ്ന്നിറങ്ങാനും വായുസഞ്ചാരം ലഭിക്കാനും കഴിയുന്നതാവണം ചട്ടിയിൽ നിറയ്ക്കാനുള്ള മിശ്രിതം. അനുഭവത്തിൽ മികച്ചതെന്നു കണ്ട മിശ്രിതത്തിന്റെ ചേരുവകൾ താഴെ. കട്ടകൾ ഉടച്ച് അരിച്ച ചുവന്ന മണ്ണ് – രണ്ടു ഭാഗം, കൊക്കോപീറ്റ് – ഒരു ഭാഗം, ആറ്റുമണൽ (തരിയുള്ളത്)– ഒരു ഭാഗം. 12 ചട്ടിക്കുള്ള മിശ്രിതത്തിൽ 10 ഗ്രാം ഡോളോ

മൈറ്റ് അല്ലെങ്കിൽ കുമ്മായം കൂടി ചേർക്കാം.ചട്ടിയുടെ വ്യാസം ചെടിയുടെ തടിച്ച തണ്ടുഭാഗത്തിന്റെ ഇരട്ടിയായിരിക്കണം. വെള്ളം എളുപ്പത്തിൽ വാർന്നുപോകാൻ ചട്ടിയുടെ അടിഭാഗത്ത് രണ്ടോ മൂന്നോ ദ്വാരങ്ങൾ വേണം. കള്ളിച്ചെടിവർഗത്തിൽപ്പെട്ടതായതുകൊണ്ട് വെള്ളം കെട്ടിനിന്നാൽ എളുപ്പത്തിൽ ചീഞ്ഞുപോകും. 

നല്ല സൂര്യപ്രകാശവും കുറച്ചു വെള്ള വും മതി ഇവ നന്നായി വളരാൻ. സൂര്യപ്രകാശം നേരിട്ടു തണ്ടിൽ അടിച്ചാൽ, അവിടെ സൂര്യതാപം ഏൽക്കാനും നിറം മാറാനും ഇടയുള്ളതുകൊണ്ടു ചെറിയ തോതിൽ തണൽ കൊടുക്കുന്നതു നന്ന്. ഒരു തവണ വെള്ളമൊഴിച്ചതിനു ശേഷം പോട്ടിങ് മിക്സ്ചർ ഉണങ്ങിയതിനുശേഷം മാത്രമേ അടുത്ത നനയാകാവൂ.വളപ്രയോഗം: ഉണക്കിപ്പൊടിച്ച ചാണകം, മണ്ണിരക്കമ്പോസ്റ്റ്, അരിച്ചെടുത്ത എല്ലുപൊടി, കോഴിക്കാഷ്ഠം എന്നിവ ഇ തിനു നല്ല വളങ്ങൾ. രണ്ടോ മൂന്നോ ആഴ്ച കൂടുമ്പോൾ, ഇവയിൽ ഏതെങ്കിലുമൊന്ന് ചട്ടിയിലെ മണ്ണിൽ കലർത്തി ഇളക്കി, വെള്ളമൊഴിച്ചു കൊടുക്കണം. വളർച്ചയുടെ ആദ്യഘട്ടങ്ങളിൽ എൻപികെ (10–15–15) കൂട്ടുവളം അഞ്ചു ഗ്രാം ഒരു ലീറ്റർ വെള്ളത്തിൽ ലയിപ്പിച്ചു തളിക്കണം. പൂവിട്ടു തുടങ്ങിയാൽ 19:19:19 മിശ്രിതം അഞ്ചു ഗ്രാം ഒരു ലീറ്റർ വെള്ളത്തിൽ ലയിപ്പിച്ചു മൂന്നാഴ്ചയിലൊരിക്കൽ മിസ്റ്റ് സ്പ്രേ  ചെയ്യാം. ഒരു കിലോ പച്ചച്ചാണകം 15 ലീറ്റർ വെള്ളത്തിൽ നല്ലവണ്ണം  ലയിപ്പിച്ച്, 15 ദിവസത്തോളം സൂക്ഷിച്ച് ഒരു ലീറ്റർ, 15 ലീറ്റർ വെള്ളത്തിൽ എന്ന കണക്കിൽ കലക്കി ചെടിയുടെ ചുവട്ടിൽ ഒഴിച്ചുകൊടുക്കാം.

ശിഖരം കോതൽ: ഓരോ കൊല്ലവും മഞ്ഞുകാലത്തിനു മുമ്പായി നീണ്ടുമെലിഞ്ഞു വരുന്ന ശിഖരങ്ങൾ മൂർച്ചയുള്ള ബ്ലേഡ്കൊണ്ടോ, കത്തികൊണ്ടോ മുറിച്ചുമാറ്റി, മുറിവായിൽ ഫംഗസുകളെ നേരിടാൻ ഇൻഡോഫിൽ (Indofil) പേസ്റ്റ് പുരട്ടിക്കൊടുക്കാം. പുതിയ ശാഖകൾ വളരാനും കൂടുതൽ പൂവിടാനും പ്രൂണിങ് സഹായിക്കുന്നു.ചട്ടി മാറ്റിവയ്ക്കൽ: ഒന്നോ രണ്ടോ കൊല്ലത്തിൽ ഒരിക്കൽ അല്ലെങ്കിൽ ചട്ടികളിൽ വേരു നിറഞ്ഞുകഴിയുമ്പോൾ ചെടി മാറ്റിനടണം. ചെടികൾ ചട്ടിയിൽ നിന്ന് പറിച്ച് നല്ലവണ്ണം കഴുകി, ആവശ്യമില്ലാത്ത വേരുകൾ മുറിച്ചുമാറ്റണം. ചെടി ഏതെങ്കിലും ആന്റി ഫംഗൽ (Anti Fungal) ലായനിയിൽ മുക്കി പത്തു ദിവസത്തോളം വെയിലത്തു വയ്ക്കണം. ചട്ടിയും നല്ലവണ്ണം കഴുകി വൃത്തിയാക്കണം. രണ്ടാമതു നടുമ്പോൾ തടിച്ച ഭാഗം ചട്ടിയിലെ മണ്ണിന്റെ നിരപ്പിൽ നിന്ന് ഒന്നോ രണ്ടോ ഇഞ്ച് പൊക്കിവച്ചാൽ തണ്ടിന്റെ അടിഭാഗം തടിച്ചുവരും.രോഗ, കീടങ്ങൾ: രോഗങ്ങൾ താരത മ്യേന കുറവാണ്. അഫിഡ്, മീലിബഗ്, സ്പൈഡർ മൈറ്റ്സ്, പച്ചത്തുള്ളൻ എന്നിവയുടെ ശല്യമുണ്ടാകാം. ഇവയെ പെറുക്കിക്കളയുകയോ അല്ലെങ്കിൽ റോഗർ– ഇ (Roger-E) എന്ന കീടനാശിനി അഞ്ച് മി. ലീറ്റർ, ഒരു ലീറ്റർ വെള്ളത്തിൽ ലയിപ്പിച്ചു തളിക്കുകയോ ചെയ്യാം.

വംശവർധന: വിത്തുകൾ വഴിയും  കൊമ്പു മുറിച്ചു നട്ടും ഗ്രാഫ്റ്റ് ചെയ്തും വംശവർധന നടത്താം.

വിലാസം: നിവിൽ ഹോസ്പിറ്റൽ, 

ശ്രീകണ്ഠാപുരം, കണ്ണൂർ.