Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പൂന്തോട്ടത്തില്‍ നിറക്കൂട്ടുകള്‍

garden-3

പൂന്തോട്ടത്തില്‍ അവിടവിടെയായി ഒരേ നിറമുള്ള ഇലച്ചെടികള്‍ കൂട്ടം കൂട്ടമായി നട്ടുവളര്‍ത്തിയാല്‍ അഴകേറും. പൂക്കൾ കുറവുള്ള മഴക്കാലത്തുപോലും അടിസ്ഥാന നിറമായ പച്ചയ്ക്കൊപ്പം മറ്റ് ആകർഷക വർണങ്ങൾ കൂടി ചേർത്ത് ഉദ്യാനത്തിന്റെ അഴക് വർധിപ്പിക്കാം. ഉദ്യാനത്തിൽ പൊതുവേ ആദ്യം കണ്ണിൽപ്പെടുക പച്ചപ്പരവതാനി വിരിച്ചപോലുള്ള പുൽത്തകിടിയാണ്; ഒപ്പം മറ്റു നിറങ്ങളുടെ വൈവിധ്യമുള്ള  ചെടിക്കൂട്ടങ്ങളും. പുൽത്തകിടിയിലും നടപ്പാതയ്ക്കരികിലും മരത്തണലിലുമൊക്കെ ചെടിക്കൂട്ടങ്ങൾ പ്രത്യേക നിറക്കാഴ്ചയൊരുക്കുന്നു. പുല്‍ത്തകിടിക്കു നടുവിലായി ചുവപ്പു നിറത്തിൽ

ഇലകളുള്ള ഒരു ചെടിക്കൂട്ടം, ടെറാകോട്ട ശിൽപത്തിനു ചുറ്റും മഞ്ഞ ഇലകളോടുകൂടിയ ചെടികളുടെ കൂട്ടം, വീടിന്റെ വെള്ള നിറമുള്ള ഭിത്തിയുടെ മുൻപിലായി പിങ്ക്  ഇലകളുള്ള ചെടിക്കൂട്ടം എന്നിവയൊക്കെ ഉദ്യാനത്തിന്റെ മുഖച്ഛായ മാറ്റും.

മഴയെന്നോ വെയിലെന്നോ വ്യത്യാസമില്ലാതെ വർണവിസ്മയം ഒരുക്കുന്ന ഇലച്ചെടികളും പൂച്ചെടികളും പൂന്തോട്ടത്തെ പൂർണതയിൽ എത്തിക്കും. ഇതിനായി പലരും വാർഷിക പൂച്ചെടികളാണ് ഉപയോഗിക്കാറുള്ളത്. പക്ഷേ, അവയുടെ നിറക്കൂട്ടിന് ആയുസ്സ് കുറവാണ്. പല നിറത്തിലുള്ള അലങ്കാര ഇലച്ചെടികളാണ് വർണ വൈവിധ്യമുണ്ടാക്കാൻ ഏറ്റവും യോജിച്ചത്.

ചെടിക്കൂട്ടങ്ങൾ ഉപയോഗിച്ച്

garden-2

വർണപ്പൊലിമയ്ക്ക്  ഏതെല്ലാം ചെടികൾ, എത്ര, എവിടെ എന്നൊക്കെ മനസ്സിലാക്കണം. നിത്യ ഹരിത സ്വഭാവവും ചിരസ്ഥായി പ്രകൃതവുമുള്ളവയാണ് തിരഞ്ഞെടുക്കേണ്ടത്. ഒരേ നിറത്തിൽ ഇലകളുള്ളതും രണ്ടു നിറത്തിൽ ഇലകൾ ഉള്ളതുമായ ഇനങ്ങൾ ലഭ്യമാണ്.

ചെടിക്കൂട്ടങ്ങളുടെ രൂപകല്‍പന

ചെടിക്കൂട്ടം വയ്ക്കുന്ന സ്ഥലത്തിന്റെ വിസ്തൃതിയും ആകൃതിയും   അനുസരിച്ച് പല വലുപ്പത്തിലും രൂപത്തിലും ഒരുക്കാം. ലോണിന്റെ നടുവിലായി വൃത്താകൃതി അല്ലെങ്കിൽ ചതുരാകൃതിയാണ് കൂടുതൽ യോജിച്ചത്. വലുപ്പമേറിയ പുൽത്തകിടിയിൽ ഉയരമുള്ള ചെടികളുടെ ഒരു കൂട്ടവും ചുറ്റും വ്യത്യസ്ത നിറത്തിൽ ഉയരം കുറഞ്ഞ ഇനത്തിന്റെ മറ്റൊരു കൂട്ടവും നട്ട് രണ്ട് തട്ടായി തയാറാക്കാം. ചെടികൾ ഉപയോഗിച്ച് നീളത്തിലുള്ള അതിര് നിർമിക്കുമ്പോൾ ഒരേയിനം ചെടി ഉപയോഗിക്കാം. ഒരേ വളർച്ചാരീതിയുള്ള  രണ്ടിനങ്ങൾ മാറി മാറി നട്ടും മോടിയാക്കാം. ഉദാഹരണമായി മിനിയേച്ചർ നന്ദ്യാർവട്ടത്തിന്റെ മഞ്ഞ ഇലകളോടുകൂടിയ ഇനം അഞ്ച് അടി നീളത്തിൽ നട്ട് പിന്നീടുള്ള അഞ്ച് അടി നീളത്തിൽ ഇതേ ഇനത്തിന്റെ ഇളം പച്ച നിറത്തിൽ ഇലകൾ ഉള്ള ചെടികള്‍  നടാം.

garden-1

ചെടികൾ നിരയായി നടുമ്പോൾ മൂന്നു നിരയെങ്കിലും ഉണ്ടെങ്കിലേ കൂട്ടമായി വളരുകയുള്ളൂ. ഒരു ചതുരശ്ര അടി സ്ഥലത്ത് വിവിധയിനം ചെടികൾ നടുന്നതിന്റെ എണ്ണം വ്യത്യസ്തമാണ്. കുഞ്ഞൻ ചീരയാണെങ്കിൽ കുറഞ്ഞത് ഒമ്പതെണ്ണവും, മിനിയേച്ചർ നന്ദ്യാർവട്ടം നാലെണ്ണവും, ബാൾ അരേലിയ മൂന്നെണ്ണവുമുണ്ടെങ്കിലേ പിന്നീട് തിങ്ങി നിറഞ്ഞു വളരുകയുള്ളൂ. ചെടികൾ കൂട്ടമായി നടുമ്പോൾ ഓരോന്നും പ്രത്യേകം നടേണ്ടതില്ല. നടാൻ ഉദ്ദേശിക്കുന്നിടത്തെ മണ്ണ് ചെടി വളരുന്ന കവറിന്റെ ആഴത്തിൽ നീക്കം ചെയ്യണം. ഇതിനുശേഷം കവർ മാറ്റി മണ്ണു നീക്കിയ ഭാഗത്ത് ചെടി ഇറക്കി വയ്ക്കണം. ഈ വിധത്തിൽ ചെടികൾ ഇറക്കിവച്ച ശേഷം ചുറ്റും നടീൽമിശ്രിതം നിറച്ച് ഉറപ്പിക്കാം. ഒന്നിൽ കൂടുതൽ ഇനങ്ങൾ ഒരുമിച്ചു നടുമ്പോൾ ഇവയെല്ലാം ഒരേ തോതില്‍ സൂര്യപ്രകാശവും നനയും  ആവശ്യമുള്ളവയായിരിക്കാന്‍ ശ്രദ്ധിക്കണം.

അധിക വളർച്ചയുള്ള ശിഖരങ്ങളും കമ്പുകളും യഥാകാലം മുറിച്ചു നീക്കി ആകൃതി നിലനിർത്തിയാൽ മാത്രമേ ആകർഷകമാവുകയുള്ളൂ. ബോൾ അരേലിയ, മിനിയേച്ചർ നന്ദ്യാർവട്ടം തുടങ്ങി ഇടതൂർന്ന് ഇലകളുള്ള 20–30 ചെടികള്‍ കൂട്ടമായി നട്ടുവളർത്തിക്കൊണ്ടുവന്ന് കമ്പുകോതി ഒറ്റച്ചെടിയുടെ ആകൃതിയിൽ രൂപപ്പെടുത്താൻ സാധിക്കും. ഡ്രസീനയുടെ അലങ്കാരയിനങ്ങളുടെ തലപ്പ് മുറിച്ചു നീക്കിയാൽ ചെടിയുടെ ഭംഗി പോകും. പകരം ചെടിയുടെ ഇലകളുടെ നടുവിലുള്ള ഇളംകൂമ്പ് ഊരി നീക്കി ഉയരം നിയന്ത്രിക്കണം. ഇങ്ങനെ ചെയ്യുമ്പോള്‍  ചെടി ധാരാളം ശാഖകൾ ഉൽപാദിപ്പിക്കുകയും ചെയ്യും. 

മിനിയേച്ചർ ഇനം ചെടികൾ കൂട്ടമായി നട്ട് ഇലകൾ ഇടതൂർന്ന് തിങ്ങി നിറയുമ്പോൾ നന ജലവും മഴവെള്ളവും അധിക സമയം ഇലകളിൽ തങ്ങിനിന്നു കുമിൾ വഴി ഉണ്ടാകുന്ന ഇലപൊഴിച്ചിൽ രോഗത്തിനു കാരണമാകാം. ഇതിനു പ്രതിവിധിയായി ചുവട്ടിൽ തുള്ളിനന  സംവിധാനം ചെടികൾ നടുന്നതിനൊപ്പം ഒരുക്കുന്നത് ഉചിതമായിരിക്കും. കടുത്ത മഴക്കാലത്ത് കമ്പുകൾ താഴ്ത്തി വെട്ടി നിർത്തുന്നതും ഈ രോഗം വരാതെ സംരക്ഷിക്കും.

നേരിട്ട് വെയിൽ കിട്ടുന്നിടത്തേക്ക് 

ചുവപ്പിന്റെ നിറഭേദങ്ങളായി ഡ്രസീന CTC റെഡ്, ചുവന്ന കുഞ്ഞൻ ചീര, മിനിയേച്ചർ ചുവപ്പു ചെത്തി, ന്യൂറെഡ് ചെത്തി, അക്കാലിഫയുടെ ചുവപ്പിനം, ഡ്രസീന കോളനോമ ചുവപ്പ് ഇനം തുടങ്ങിയവ ഇതിനു തിരഞ്ഞെടുക്കാം. മഞ്ഞയുടെ വകഭേദങ്ങളായി തായ് പൻഡാനസ്, മിനിയേച്ചർ പൻഡാനസ്, മിനിയേച്ചർ നന്ദ്യാർവട്ടത്തിന്റെ ഗോൾഡൻ മഞ്ഞയിനം, സെറീസം ഗോൾഡൻ ഇനം, ഗോൾഡൻ ഫിംഗർ അരേലിയ, ഗോൾഡൻ ബോൾ അരേലിയ എന്നിവ. മഞ്ഞയും പച്ചയും നിറമുള്ളവയ്ക്കായി ഷഫ്ളീറ വേരിഗേറ്റഡ്, സാൻസിവീറിയ മിനിയേച്ചർ ഇനം, എറാന്തിമം സീബ്രാ, ഡ്രസീന ഗോൾഡൻ, സോങ് ഓഫ് ഇന്ത്യ. വെള്ളയും പച്ചയും നിറമുള്ള ഇലകളുമായി വേരിഗേറ്റഡ് ലില്ലി, കുഞ്ഞൻ ചീര, ക്ലോറോഫൈറ്റം. കറുപ്പു നിറം ഉള്ള ഇനമായി ബ്ലാക്ക് ലില്ലി, ചുവപ്പും പച്ചയും ഇടകലർന്ന ഇലകളുമായി എക്സ്കോയ്ക്കേറിയ ബൈകളർ‌, റീയോ നാടൻ ഇനം.

അധികമായി തണലുള്ളിടത്തേക്ക്

പിങ്ക് നിറമുള്ള ഇലകളുമായി സിങ്കോണിയം ന്യൂപിങ്ക്, പിങ്ക് അലൂഷ്യൻ, മഞ്ഞ ഇലകൾക്കായി സിങ്കോണിയം യെല്ലോ ബട്ടർ ഫ്ലൈ, ഗോൾഡൻ ബോസ്റ്റൺ ഫേൺ, ഡ്രസീന ഗോൾഡൻ ഡസ്റ്റ്, വെള്ള ഇലകൾക്കായി സിങ്കോണിയം മൂൺ ഷൈൻ, വൈറ്റ് ബട്ടർ ഫ്ലൈ, തവിട്ടുനിറത്തിനായി സിങ്കോണിയം ചോക്കോ ബ്രൗൺ, വെള്ളയും പച്ചയും ഇടകലർന്ന ഇലകൾക്കായി സിങ്കോണിയം ഡബിൾ കളർ, സ്പാത്തിഫില്ലം വേരിഗേറ്റഡ്.

റോസിനു പ്രൂണിങ്, വളം 

പ്രൂണിങ്ങും വളം ചേർക്കലുമാണ് പണികൾ. നിലത്തു നട്ടിട്ടുള്ള റോസിന്റെ തടം തുരന്ന് രണ്ടര കിലോ വീതം കാലിവളമോ കമ്പോസ്റ്റോ ചേർക്കുക. തുടർന്ന് തടം മൂടാം. ചട്ടിയിലുള്ള റോസിനും കഴിയുന്നത്ര ജൈവവളം ചേർക്കണം. ഈ മാസാദ്യം പ്രൂണിങ് നടത്തിയാൽ ഡിസംബർ അവസാനത്തോടെ പൂക്കളുണ്ടാകും. ആദ്യവർഷത്തെ പ്രൂണിങ്ങാണെങ്കിൽ പിണഞ്ഞു കിടക്കുന്നതും ശക്തി കുറഞ്ഞതുമായ ശാഖകൾ മുറിച്ചു കളയുക. ഒപ്പം രോഗം ബാധിച്ച കമ്പുകളും. രണ്ടാം വർഷവും കെട്ടിപ്പിണഞ്ഞു വളരുന്നതും ശക്തി കുറഞ്ഞതും രോഗബാധയേറ്റു ക്ഷയിച്ചതുമായ കമ്പുകൾ മുറിക്കുക. പ്രധാന ശാഖകൾ തലേ വർഷത്തെ വളർച്ചയുടെ പകുതി നിർത്തി മുറിക്കുക. ശാഖകൾ മുറിക്കേണ്ട സ്ഥാനം നിർണയിച്ചാൽ പുറത്തേക്കു വളരാൻ സാധ്യതയുള്ള മുകുളത്തിന്റെ 5 മി.മീ. ഉയരത്തിൽവച്ചു മുറിക്കുക. നിൽക്കുന്നതണ്ടിനു ക്ഷതമേൽക്കാതിരിക്കാൻ നല്ല മൂർച്ചയുള്ള കത്തികൊണ്ടു മുറിക്കുക. മുകുളത്തിനെതിരെ 45 ഡിഗ്രി ചെരിച്ചുവേണം കമ്പു മുറിക്കാൻ. മുറിപ്പാടിൽ ബോർഡോകുഴമ്പോ കോപ്പർ ഓക്സിക്ലോറൈഡോ പുരട്ടണം. പുതിയ തളിർപ്പ് ഉണ്ടാകുന്നതോടെ അടുത്ത വളംചേർക്കുക. യൂറിയ 100 ഗ്രാം, സൂപ്പർ ഫോസ്ഫേറ്റ് 150 ഗ്രാം, മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് 125 ഗ്രാം എന്നിവ ഒന്നിച്ചെടുത്ത മിശ്രിതം 50 ഗ്രാം വീതം ഓരോ ചുവട്ടിലും വിതറി കൊത്തിച്ചേർക്കുക.

ആന്തൂറിയം

നേരിട്ടു വെയിലടിക്കുന്ന സ്ഥലത്ത് 70 ശതമാനവും ഭാഗികമായി വെയിലടിക്കുന്ന സ്ഥലത്ത് 50 ശതമാനവും തണൽവല ഉപയോഗിക്കുക. പോട്ടിങ് മിശ്രിതമാണ് ആന്തൂറിയത്തിനു വളരാൻ പറ്റിയ ഏറ്റവും നല്ല മാധ്യമം. തുല്യയളവിൽ ചുവന്നമണ്ണ്, ചാണകപ്പൊടി, മണൽ എന്നിവ ഒന്നിച്ചെ‌ടുത്താൽ പോട്ടിങ് മിശ്രിതമായി. ജൈവവളങ്ങളായ മണ്ണിരക്കമ്പോസ്റ്റ്, പച്ചച്ചാണക സ്ലറി, കടലപ്പിണ്ണാക്ക് അഞ്ചുദിവസം കുതിർത്തു കിട്ടുന്ന തെളി, എല്ലുപൊടി എന്നിവ ആന്തൂറിയത്തിനു നന്ന് 17–17–17 / 19–19–19 വളം ഒരു ടീസ്പൂൺ അഞ്ചു ലീറ്റർ വെള്ളത്തിൽ കലക്കി ഇടയ്ക്കിടെ ഒഴിക്കാം.

ഓർക്കിഡ്

നിലത്തു വളർത്തുന്നവയ്ക്കു ജൈവവളമായി പച്ചച്ചാണക സ്ലറി, കടലപ്പിണ്ണാക്ക്, മണ്ണിരക്കമ്പോസ്റ്റ്, എല്ലുപൊടി എന്നിവ ഉപയോഗിക്കാം.