Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുണെ: ചെടികളുടെ അമ്മത്തൊട്ടിൽ

pune-flower-nursery5 പുണെയിലെ ഫ്ലവർ നഴ്സറി

മഴക്കാലം കഴിഞ്ഞാൽ നമ്മുടെ നാട്ടിലെ പൂന്തോട്ടങ്ങൾക്കും നഴ്സറികൾക്കും വസന്തകാലമായി. ഈ സമയത്തു ലഭ്യമായ ക്രിസ്മസ് ചെടിയായ പോയിൻസെറ്റിയയും നാനാവർണത്തിലും വലുപ്പത്തിലും പൂക്കളുള്ള വാർഷിക പൂച്ചെടികളും ഉപയോഗിച്ച് ഉദ്യാനത്തിന്റെ അഴക് പതിൻമടങ്ങാക്കാം. നഴ്സറികളിലും വാർഷിക പുഷ്പിണികൾ ഈ കാലത്തു ധാരാളം വന്നെത്തുന്നു. ഈ പൂച്ചെടികളിൽ അധികവും നമ്മുടെ നാട്ടിലല്ല, മറിച്ച് പുണെയിലെ നഴ്സറികളിലാണ് ഉൽപാദിപ്പിക്കുന്നത്. പൂവിട്ട ചെടികളോ അല്ലെങ്കിൽ പ്രോട്രേയിൽ തയാറാക്കിയ തൈകളോ ആണ് പുണെയിൽനിന്നു കേരളമുൾപ്പെടെ രാജ്യമെമ്പാടും വിപണനത്തിനെത്തുന്നത്.

വായിക്കാം ഇ - കർഷകശ്രീ

പുണെ–സോലാപ്പൂർ ദേശീയപാതയിൽ ഹദപ്സർ, ഉരുളി കാഞ്ചൻപ്രദേശത്താണ് പൂന്തോട്ട നഴ്സറികൾ അധികവും. നോക്കെത്താദൂരത്തോളം ഏക്കർകണക്കിനാണ് ഓരോ നഴ്സറിയുടെയും വിസ്തൃതി. ഓഗസ്റ്റിൽ ആരംഭിക്കുന്ന വാർഷിക പൂച്ചെടികളുടെ വിപണനം ജനുവരിയോടെ അവസാനിക്കും. മറ്റു സമയത്ത് ഇവിടെ ഇലച്ചെടികളും കുറ്റിച്ചെടികളുമാണ് ഏറെയും ഉൽപാദിപ്പിക്കുന്നത്.

pune-flower-nursery4 പുണെയിലെ ഫ്ലവർ നഴ്സറി

പുഷ്പകൃഷിയിൽ പണ്ടുമുതലേ പുണെ ലോകപ്രസിദ്ധമാണ്. കട്ട് ഫ്ളവറായി റോസും ജർബറയും കാർണേഷനും നുള്ളുപൂവായി മുല്ലയും ജമന്തിയുമെല്ലാം വാണിജ്യാടിസ്ഥാനത്തിൽ വർഷങ്ങളായി പുണെയിലും പ്രാന്തപ്രദേശങ്ങളിലും കൃഷി ചെയ്തുവരുന്നു. ഒപ്പം ഉള്ളി, സവോള, കാബേജ് തുടങ്ങി പല തരം പച്ചക്കറിയിനങ്ങളും. ഇന്ത്യയിൽനിന്നു മറ്റു രാജ്യങ്ങളിലേക്കു കയറ്റുമതി ചെയ്യുന്ന കട്ട് ഫ്ളവർ റോസ് ഇനമായ ഡച്ച് റോസിന്റെ 40 ശതമാനവും പുണെയിൽ കൃഷി ചെയ്യുന്നതാണ്.

pune-flower-nursery2 പുണെയിലെ ഫ്ലവർ നഴ്സറി

ശുദ്ധജല ലഭ്യതയും അനുകൂല കാലാവസ്ഥയുമാണ് പുണെയെ നഴ്സറികളുടെ പറുദീസ ആക്കിയത്. ഇവിടത്തെ പുഷ്പ കർഷകരുടെ മക്കൾ റോസ് ഉൾപ്പെടെയുള്ള കട്ട് ഫ്ളവർ ചെടികളുടെ നടീൽവസ്തു ഉൽപാദിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്ര‍ീകരിക്കുകയും അതിൽ വിജയിക്കുകയും സ്വന്തം നാട്ടിൽ തന്നെ തുച്ഛവിലയ്ക്കു തൈകൾ ലഭ്യമാക്കുകയും ചെയ്തു. ഇവർ തയാറാക്കിയ കട്ട് ഫ്ളവർ ചെടികളുടെ തൈകൾക്കായി മറ്റു ദേശങ്ങളിൽനിന്നുപോലും ആവശ്യക്കാർ അന്വേഷിച്ചെത്തുന്ന സ്ഥിതിയായി. ഈ രീതിയിൽ ആരംഭിച്ച നഴ്സറികളാണ് പിന്നീടു വിപുലമായത്. വിപണിയിലെ ഡിമാൻഡ് മനസ്സിലാക്കി ഇവർ വാർഷികപൂച്ചെടികളും കു‍റ്റിച്ചെ‌ടികളും ഇലച്ചെടികളുമെല്ലാം വിപണനത്തിന് ഒരുക്കിത്തുടങ്ങി. പുണെയിലെ മിക്ക നഴ്സറികളുടെയും സാരഥികൾ ചെറുപ്പക്കാരാണ്. അലങ്കാരച്ചെടികളുടെ ടിഷ്യുകൾച്ചർ തൈകൾ ഉൽപാദിപ്പിക്കുന്നവരിൽ ഇന്ത്യയിലെതന്നെ പ്രമുഖ ലാബുകളായ കെ.ബി. ബയോടെക്, എ വൺ ബയോടെക് എന്നിവയൊക്കെ പുണെയിലാണുള്ളത്.

pune-flower-nursery1 പുണെയിലെ ഫ്ലവർ നഴ്സറി

ശരത് പവാർ കേന്ദ്ര കൃഷിമന്ത്രിയായിരുന്ന കാലത്തു രാജ്യത്താകെയും വിശേഷിച്ച് തന്റെ ജന്മനാടായ പുണെയിലെ പുഷ്പ കർഷകരെ ഉദ്ദേശിച്ചും ധാരാളം പദ്ധതികൾ കൊണ്ടുവന്നു. ഇതിന്റെ ഫലമായി ഈ പ്രദേശത്തു പോളിഹൗസുകളുടെ ശൃംഖലതന്നെയുണ്ടായി. നമ്മുടെ നാട്ടിലെ പരമ്പരാഗത ചെമ്പരത്തി ഉയരത്തിൽ വളരുന്ന സ്വഭാവമുള്ളതാണ്. എന്നാൽ ഇന്നു പ്രചാരത്തിലുള്ള ചെമ്പരത്തിയാവട്ടെ, വലിയ പൂവും കുറുകിയ സസ്യപ്രകൃതിയുള്ളതുമാണ്. ഇവയുടെ ഇന്ത്യയിലെ പ്രധാന ഉൽപാദകർ പുണെയിലെ തുക്കായി നഴ്സറിയാണ്. ഹോളണ്ട‍ിൽനിന്നുള്ള സാങ്കേതികവിദ്യ ഉപയോഗിച്ചു തയാറാക്കിയ ഈയിനം 'തുക്കായി ചെമ്പരത്തി'യെന്ന് രാജ്യമെങ്ങും അറിയപ്പെടുന്നു. തുക്കായി നഴ്സറിക്കൊപ്പം പൂച്ചെടികളുടെ വിപുലമായ ശേഖരവുമായി ലാജിറോസ്, കൃപാറോസ്, സൻജയ്, വെങ്കിടേശ്വര ഫ്ളോറിസ്റ്റ്, ബാൻ ഫ്ളവേഴ്സ് എന്നിവയും ഉരുളി കാഞ്ചൻപ്രദേശത്തു വളർന്നുവന്നു. ഇന്ന് ഇവിടെയുള്ള 80നുമേൽ നഴ്സറികളിൽ മുൻനിരക്കാരാണ് ഈ നഴ്സറികൾ. പുണെയിലാണു പുതുപുത്തൻ സങ്കരപ്പൂച്ചെടികളിൽ അധികവും ആദ്യമെത്തുന്നത്. നവീന സാങ്കേതികവിദ്യ ഉപയോഗിച്ച് ഇത്തരം ഇനങ്ങൾ ധാരാളമായി വളർത്തിയെടുത്തു വിപണനത്തിനായി തയാറാക്കുന്നു. ഹോളണ്ടിലെയും ജർമനിയിലെയും ഫ്ളോറികൾച്ചർ കമ്പനികളുമായി ഈ ആവശ്യത്തിനായി ഇവിടെയുള്ള മിക്ക നഴ്സറികൾക്കും സംയുക്ത സംരംഭങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ജർമൻ കമ്പനിയായ സെലക്ടായുടെ പെറ്റൂണിയ, ഡയാന്തസ് തുടങ്ങിയ വാർഷികയിനങ്ങൾ ഇന്നു നമ്മുടെ നാട്ടിൽ പ്രചാരത്തിലാകുന്നതു പുണെയിൽനിന്നാണ്.

pune-flower-nursery3 പുണെയിലെ ഫ്ലവർ നഴ്സറി

ക്രിസ്മസ് കാലത്ത് ഉദ്യാനവും വീടും അലങ്കരിക്കാൻ ഉപയോഗിക്കുന്ന പോയിൻസെറ്റിയ ചെടിയുടെ നൂതനയിനമാണ് പ്രിൻസെറ്റിയ. കുറുകിയ സസ്യപ്രകൃതമുള്ള പ്രിൻസെറ്റിയയുടെ വർണയിലകളും താരതമ്യേന ചെറുതാണ്. ആകർഷകമായ നാലു നിറങ്ങളിലുള്ള ഈയിനത്തിന്റെ പതിനായിരക്കണക്കിനു ചെടികളാണ് ആരെയും കൗതുകമുണർത്തും വിധം പുണെയിലെ നഴ്സറികളിൽ ഒരുക്കിയിട്ടുള്ളത്.

pune-flower-nursery-mosaic-rose-flower മൊസൈക് ഡിസൈനുള്ള റോസപ്പൂവ്

പൂവിടും സക്കുലൻഡ് ഇനമായ കലൻകൊയുടെ അലയൻസ് ഫ്ളോറ കമ്പനി സങ്കരയിനങ്ങൾ മറ്റൊരു ആകർഷണമാണ്. അമ്പതിനുമേൽ കലൻകോയിനങ്ങളാണ് ഇവിടെ ഉൽപാദിപ്പിച്ചു ധാരാളമായി വിപണനം ചെയ്തുവരുന്നത്. കൂടാതെ ഡബിൾ കളർ, വേരിഗേറ്റഡ് ഇതളുകൾ ഉള്ള റോസ് ചെടികൾ എല്ലാ സീസണിലും ഇവിടെയുള്ള നഴ്സറികളിൽ കാണാം. അലങ്കാര ബ്രൊമിലിയാഡ് ചെടികൾ, അഗ്ലോനിമ, സിങ്കോണിയം തുങ്ങിയവയുടെ പുണെയിലെ ടിഷ്യുകൾച്ചർ ലാബുകളിൽ തയാറാക്കിയ തൈകൾ ഇവിടത്തെ നഴ്സറികളിൽ വളർത്തി വലുതാക്കി വിൽപനയ്ക്കായുണ്ട്. പ്രോട്രേയിൽ തയാറാക്കിയ വാർഷിക പൂച്ചെ‌ടികളുടെ ആയിരക്കണക്കിനു തൈകളാണ് പ്രത്യേക ബോക്സുകളിൽ ഇന്ത്യയുടെ പല ഭാഗത്തേക്കും കയറ്റിവിടുന്നത്. പൂച്ചെടികളുടെ വിപണനത്തിനൊപ്പം പൂന്തോട്ടത്തിലേക്കുള്ള അലങ്കാര പ്ലാസ്റ്റിക് ചട്ടികൾ, സ്പ്ര‍േയർ, വെർട്ടിക്കൽ ഗാർഡന്റെ മൊഡ്യൂളുകൾ തുടങ്ങിയ അനുബന്ധ സാമഗ്രികളുടെ ഉൽപാദനവും പുണെയിൽ സജീവം. നഴ്സറി ഉടമകളും കർഷകരും അനുബന്ധ സംരംഭകരുമെല്ലാം ചേർന്ന‍ുള്ള കൂട്ടായ്മ പുഷ്പകൃഷി മേഖലയിലെ നൂതന അറിവുകൾ പങ്കുവയ്ക്കാൻ സെമിനാറുകളും മേളകളും നടത്തിവരുന്നു. മോഷിയിൽ ഡിസംബറിൽ നടന്ന കിസാൻ 2016 മേളയിൽ പതിനായിരങ്ങളാണു പങ്കെടുത്തത്.

ലേഖകൻ: പ്രഫ. ജേക്കബ് വർഗീസ് കുന്തറ, അസോഷ്യേറ്റ് പ്രഫസർ, ബോട്ടണി വിഭാഗം, ഭാരതമാതാ കോളജ്, തൃക്കാക്കര, കൊച്ചി—21

ഫോൺ: 94470 02211

Email: jacobkunthara123@gmail.com

Your Rating: