Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തൈ ഉൽപാദനം ആദായസംരംഭം

orchid-flowers ഓർക്കിഡ്

ഉദ്യാനം മോടിയാക്കാൻ ഉപയോഗിക്കുന്ന മിക്ക അലങ്കാരച്ചെ‌ടികളുടെയും തൈകൾ വീട്ടിലെ സൗകര്യത്തിൽ വളർത്തി വലുതാക്കി വിപണിയിലിറക്കാൻ സാധിക്കും. വീട്ടമ്മമാർക്ക് ഇതൊരു വരുമാന മാർഗമാക്കാം. ഇത്തരം ഒട്ടേറെ സംരംഭകർ തൃശൂരിലെ മണ്ണുത്തി മേഖലയിലുണ്ട്.

പുണെയിൽനിന്നും ബെംഗളൂരുവിൽ നിന്നുമെത്തുന്ന ഉദ്യ‍ാനച്ചെടികളിൽ പലതും ടിഷ്യുകൾച്ചർ വിദ്യയിലൂടെ ഉൽപാദിപ്പിക്കുന്നവയാണ്. ഇന്നു വിപണിയിൽ പ്രിയമേറെയുള്ള സിങ്കോണിയം എന്ന അലങ്കാര ഇലച്ചെ‌ടിയുടെ കാര്യംതന്നെ എടുക്കാം. നന്നായി വളർച്ചയെത്തിയ ചെടിക്കു വിപണിയിൽ 100–120 രൂപ വിലയുണ്ട്. എന്നാൽ സിങ്കോണിയത്തിന്റെ ടിഷ്യുകൾച്ചർ തൈകൾ 10–15 രൂപയ്ക്കു ലഭിക്കും. അതായത് ചെ‌ടി, വളർത്താനുള്ള ചട്ടി, വളം, മിശ്രിതം ഇവയുടെ ചെലവു കിഴിച്ചാൽ വലുപ്പമെത്തിയ ഒരു ചെടിയിൽനിന്നു 50–60 രൂപ വരെ ലാഭം കിട്ടും.

ചെടികൾ നട്ടുപരിപാലിക്കാൻ സൗകര്യത്തിനായി 4–5 സെന്റ് സ്ഥലം, ചെടികൾ വളർത്താനുള്ള താൽപര്യവും സമയവും, നല്ല ജലസൗകര്യം എന്നിവയുണ്ടെങ്കിൽ വീട്ടമ്മയുൾപ്പെടെ ആർക്കും സംരംഭം തുടങ്ങാം. വിപണിയിൽ നല്ല ഡിമാൻഡ് ഉള്ള ചെ‌ടിയിനങ്ങൾ തിരഞ്ഞെടുക്കണം.

വായിക്കാം ഇ - കർഷകശ്രീ

സമീപപ്രദേശത്തുള്ള ഏതെങ്കിലുമൊരു ഗാർഡൻ നഴ്സറിയുമായോ അല്ലെങ്കിൽ പൂന്തോട്ടമൊരുക്കുന്നവരുമായോ കരാർവ്യവസ്ഥയിൽ ചെടികൾ വളർത്തി നൽകുന്ന വിധത്തിൽ ഈ ഉദ്യമം ആരംഭിക്കാം.

സിങ്കോണിയം

syngonium-leaf സിങ്കോണിയം

അലങ്കാര ഇലച്ചെടിയിനങ്ങളിൽ വെർട്ടിക്കൽ ഗാർഡൻ തയാറാക്കാനും മരത്തണലിലും പ്ലാന്റർ ബോക്സിലും നട്ടുവളർത്താനും നല്ല ഡിമാൻഡ് ഉള്ളതാണു സിങ്കോണിയം. ഇളംമഞ്ഞ, പിങ്ക്, വെള്ള നിറങ്ങളിൽ ഇലകളോടു കൂടിയ ഇനങ്ങളാണ് ഏറ്റവും ഡിമാൻഡ് ഉള്ളത്. പുണെയിൽനിന്നു ടിഷ്യുകൾച്ചർ വിദ്യവഴി തയാറാക്കിയ ചെറുതൈകൾ വിപണിയിൽ ലഭ്യമാണ്. നെറ്റ് പോട്ടിൽ കിട്ടുന്ന തൈകൾ ആറിഞ്ച് വലു‍പ്പമുള്ള പോളിബാഗിലേക്കു മാറ്റി നട്ട് ആവശ്യത്തിന് വലുപ്പമാക്കിയെടുക്കാൻ പറ്റും. കവർ നിറയ്ക്കാനായി ചകിരിച്ചോറും പെർലൈറ്റും കലർത്തിയെടുത്തതിൽ വളമായി മണ്ണിരക്കമ്പോസ്റ്റും ഉപയോഗിക്കാം. നെറ്റ് പോട്ട് ഉൾപ്പെടെ ചെടി മിശ്രിതത്തിലേക്കു മാറ്റി നടണം. ചിലപ്പോൾ നെറ്റ് പോട്ടിനു പകരം സിങ്കോണിയം തൈകൾ പുഷ്പാലങ്കാരത്തിന് ഉപയോഗിക്കുന്ന ഫ്ളോറൽ ബ്രിക്കിന്റെ കഷണത്തിലും വളർത്തിയതു ലഭ്യമാണ്. ഇത്തരം തൈകൾ പച്ചനിറമുള്ള ഫ്ളോറൽ ബ്രിക്ക് ഉൾപ്പെടെ മാറ്റി നടാം. തൈ ന‍ട്ടശേഷം കൊണ്ടാഫ് കുമിൾനാശിനി (ഒരു മില്ലി / ലീറ്റർ വെള്ളം) തളിച്ച് അണുവിമുക്തമാക്കണം. പാതി തണൽ കിട്ടുന്നിടത്തു വച്ച് ചെടി സംരക്ഷിക്കണം. ആഴ്ചയിലൊരിക്കൽ രണ്ടു ഗ്രാം എൻപികെ 19:19:19 ഒരു ലീറ്റർ വെള്ളത്തിൽ ലയിപ്പിച്ചതു നൽകാം. ചീയൽരോഗം വരാതിരിക്കാൻ കുമിൾനാശിനി രണ്ടാഴ്ചയിലൊരിക്കൽ തളിച്ചുകൊടുക്കണം. 3–4 മാസത്തിനുള്ളിൽ ഇലകൾ വളർന്നു തിങ്ങിനിറഞ്ഞാൽ വിപണനത്തിനു തയാറാകും.

syngonium-leaf-large സിങ്കോണിയം

റോസ്

rose-flower റോസ്

കാലമെത്ര മാറിയാലും റോസിനോടുള്ള പ്രിയം നിലനിൽക്ക‍ും. ബഡ് ചെയ്തുണ്ടാക്ക‍ിയ ഇനങ്ങളാണ് ഇന്നു വിപണിയിൽ ഏറെയും. ഇവയുടെ കമ്പുകൾ മുറിച്ചുനട്ടാൽ കിളിർത്തുവരാറില്ല. വെട്ടുപൂക്കളായി ഉപയോഗിക്കുന്ന ഡച്ച് റോസിനത്തിന്റെയും കമ്പ് നട്ടുവളർത്താൻ സാധിക്കില്ല. എന്നാൽ ഇതിനു പുതിയൊരു വിദ്യയുണ്ട്.

rose-stem-with-potato

റോസ് കമ്പിന് വേര് ഉണ്ടായിവരാൻ പറ്റിയ മാധ്യമമാണ് ഉരുളക്കിഴങ്ങ്. കമ്പ് കേടുവരാതിരിക്കാൻ കറുവപ്പട്ടപ്പൊടിയും നന്ന്. ഈ രീതിയിൽ റോസ് വളർത്തിയെടുക്കാൻ ഏറെ വലുപ്പമില്ലാത്ത ഉരുളക്കിഴങ്ങ് ഉപയോഗിക്കാം. റോസ് കമ്പിൽനിന്ന് ഇലകളുടെ ഞെട്ടുമാത്രം നിർത്തി ബാക്കിഭാഗം നീക്കണം. കമ്പ് ഇറക്കിവയ്ക്കാനായി കിഴങ്ങിൽ ഒരു ദ്വാരമിടണം. കമ്പ് മുറുകി ഇരിക്കുന്ന വിധത്തിൽ രണ്ട് ഇഞ്ച് എങ്കിലും ആഴമുള്ള ദ്വാരമാണു വേണ്ടത്. ദ്വാരത്തിന്റെ അടിഭാഗത്ത് അൽപം കറുവപ്പട്ട പൊടിച്ചത് ഇടണം. ഇതിനുശേഷം കമ്പ് ദ്വാരത്തിൽ ഇറക്കിവയ്ക്കാം. ചെറിയ പ്ലാസ്റ്റിക് ചട്ടിയിൽ അല്ലെങ്കിൽ പോളിബാഗിൽ ചുവന്ന മണ്ണും ചകിരിച്ചോറും ഉണങ്ങിയ ചാണകപ്പൊടിയും ചേർത്തു തയാറാക്കിയ മിശ്രിതത്തിലാണു കമ്പ് നട്ട കിഴങ്ങ് മുഴുവനായി മൂടുന്ന വിധത്തിൽ ഇറക്കി ഉറപ്പിക്കേണ്ടത്. കമ്പുഭാഗം മണ്ണിനു മുകളിൽ കാണുന്ന വിധത്തിൽ കിഴങ്ങു വയ്ക്കണം. മിശ്രിതം മാത്രം നേരിയ അളവിൽ നനയ്ക്കുക. കാലിയായ മിനറൽ വാട്ടർ കുപ്പിയുടെ വായ്ഭാഗം മുറിച്ചുനീക്കിയ ശേഷം വശങ്ങളിൽ ആവശ്യത്തിനു ചെറിയ ദ്വാരങ്ങൾ ഇടണം. ഈ കുപ്പി റോസ് കമ്പ് മുഴുവനായി ആവരണം ചെയ്യുന്ന വിധത്തിൽ മുകളിൽനിന്ന് ഇറക്കി വയ്ക്കണം. ഇതുവഴി കമ്പിനു ചുറ്റും നല്ല തോതിൽ ഈർപ്പം നിലനിർത്താം. ഇതു വേഗത്തിൽ വേരുകൾ വരാനും സഹായിക്കും. കമ്പിൽ നിന്നു വേണ്ടത്ര ആരോഗ്യമുള്ള തളിർപ്പുകൾ വരുന്നത് ചെടി വേരുകൾ ഉൽപാദിപ്പിച്ചു വളരാൻ തു‌ടങ്ങിയതിന്റെ സൂചനയാണ്. ഇത്തരം ചെടികൾ നല്ല വെയിൽ കിട്ടുന്നിടത്തു മാറ്റിവച്ചാൽ വേഗത്തിൽ വളർന്നും പൂവിടും.

ഹെലിക്കോണിയ

heliconia-flower ഹെലിക്കോണിയ

ഇതിന്റെ ഇനങ്ങളിൽ ഏറ്റവുമധികം ഡിമാൻഡ് ഉള്ളതാണ് സെന്റ് വിൻസെന്റ് റെഡ്. ചുവപ്പു പൂക്കളുമായി അധികം ഉയരത്തിൽ വളരാത്ത ഈയിനം ഉദ്യാനത്തിൽ വെയിലത്തും പാതി തണലുള്ളിടത്തും കൂട്ടമായും നിരയായും വളർത്താൻ നന്ന്. പോളിബാഗിൽ വളർത്തിയെടുത്ത, പൂവിട്ട ചെടിക്ക് 100–120 രൂപ വിലയുണ്ട്. കേരളത്തിൽ പെരുമ്പാവൂർ ഉൾപ്പെടെ പല സ്ഥലങ്ങളിലും വെട്ടുപൂക്കളുടെ ആവശ്യത്തിനായി ഈയിനം കൃഷി ചെയ്യുന്നവരുണ്ട്.

heliconia-seedling ഹെലിക്കോണിയ

മണ്ണിനടിയിൽ പടർന്നു വളരുന്ന കിഴങ്ങാണ് ഹെലിക്കോണിയയുടെ നടീൽവസ്തു. പുതിയ നാമ്പോടുകൂടിയ കിഴങ്ങുഭാഗം ഇതിനായി ഉപയോഗിക്കാം. കർഷകരിൽനിന്നു നടീൽവസ്തു 25–30 രൂപ നിരക്കിൽ ലഭിക്കും. ചുവന്ന മണ്ണും ചകിരിച്ചോറും കലർത്തിയെടുത്തതിൽ ചാണകപ്പൊടി വളമായി ചേർത്തു തയാറാക്കിയ മിശ്രിതം എട്ടിഞ്ച് വലുപ്പമുള്ള പോളിബാഗിൽ നിറച്ചതിൽ കിഴങ്ങു നടാം. നടുന്നത് അധികം ആഴത്തിലാകരുത്. പാതി തണൽ കിട്ടുന്ന വിധത്തിൽ ഗ്രീൻ നെറ്റ് ഉപയോഗിച്ചു തയാറാക്കിയ തണലിൽ ബാഗുകൾ വയ്ക്കാം. മിശ്രിതത്തിൽ നേരിയ ഈർപ്പം നിൽക്കുന്ന വിധത്തിൽ മാത്രം നനച്ചാൽ മതി. ഒരു മാസത്തിനുള്ളിൽ കിഴങ്ങിനു പുതിയ നാമ്പുകൾ വരും.

വളമായി ആവശ്യാനുസരണം ചാണകപ്പ‍ൊടി ഉപയോഗിക്കാം. 7–8 മാസം വളർച്ചയായാൽ ഹെലിക്കോണിയ ചെറുകൂട്ടമായി വളർന്നുവന്ന് പൂവിടാൻ തുടങ്ങ‍ും. പൂവിട്ട ചെടികളാണു ലാൻഡ്സ്കേപ് ചെയ്യാനായി സാധാരണ ഉപയോഗിക്കുക.

ഓർക്കിഡ്

ഡെൻഡ്രോബിയം, ഫെലനോപ്സിസ് ഇനങ്ങളാണ് അലങ്കാരച്ചെ‌ടികളായി നമ്മുടെ നാട്ടിൽ ഏറെ പ്രചാരത്തിലുള്ളത്. ഇവയുടെ പൂവിട്ട ചെടികൾക്കാണു ഡിമാൻഡ്. പൂവിട്ട ഡെൻഡ്രോബിയം ചെടിക്കു വിപണിയിൽ 200–250 രൂപയും ഫെലനോപ്സിസിന് 400–600 രൂപയുമാണ് വില. ഇവയുടെ ടിഷ്യുകൾച്ചർ തൈകൾ വളർത്തി പൂവിടീക്കാൻ നമ്മുടെ കാലാവസ്ഥ പറ്റിയതാണ്.

flower-orchid ഓർക്കിഡ്

തായ്‍ലൻഡിൽനിന്ന് ഇറക്കുമതി ചെയ്തതോ പ്രാദേശിക ടിഷ്യുകൾച്ചർ ലാബുകളിൽ തയാറാക്കിയതോ ആയ ചെറിയ തൈകൾ കൾച്ചർ ചെയ്ത ഫ്ളാസ്കിൽ (കുപ്പി) തന്നെ വാങ്ങാം. ഡെൻഡ്രോബിയത്തിന്റെ 10–15 തൈകൾ ഉള്ള ഒരു ഫ്ളാസ്കിന് 150 രൂപയോളം വില വരും. അതായത്, ഒരു തൈയ്ക്ക് ഏകദേശം 15 രൂപ. ഫ്ളാസ്കിൽ ലഭിക്കുന്ന തൈ അതിലുള്ള മെഴുകുപോലുള്ള മാധ്യമം ഉൾപ്പെടെ പുറത്തേക്കു ശ്രദ്ധാപൂർവം വേർപെടുത്തിയെടുക്കണം. ഇതിനായി കുമിൾനാശിനിയിൽ അണുവിമുക്തമാക്കിയ സ്പൂൺ ഉപയോഗിക്കാം. ഈ വിധത്തിൽ മീഡിയം ഉൾപ്പെടെ വേർപെടുത്തിയെടുത്ത തൈ ട്രേയിൽ തയാറാക്കിയ കുമിൾനാശിനി ലായനിയിൽ കഴുകി മാധ്യമം മുഴുവനായി നീക്കണം. കൊണ്ടാഫ് കുമിൾനാശിനി (12 തുള്ളി / ലീറ്റർ വെള്ളം) ലായനിയാണ് ട്രേയിൽ തൈ കഴുകിയെടുക്കാൻ ആവശ്യമായത്. രണ്ടാമതൊരു ട്രേയിലെടുത്ത കുമിൾനാശിനി ലായനിയിൽ തൈകൾ ഒരാവർത്തികൂടി കഴുകി അണുവിമുക്തമാക്കണം. പാതി വെള്ളം നിറച്ച ഒരു ട്രേയുടെ മുകളിൽ കണ്ണിയടുപ്പമുള്ള ഫൈബർ നെ‍റ്റ് വയ്ക്കുക. നെ‍റ്റിനു മുകളിൽ ഒരിഞ്ചോളം വലുപ്പമുള്ള ഓടിന്റെയും കരിയുടെയും കഷണങ്ങൾ ഒരു നിരയായി നിരത്തണം. ഓടും കരിയും വെയിലത്തിട്ട് ഉണക്കിയശേഷം വേണം ഉപയോഗിക്കാൻ. ഓടിന്റെയും കരിയുടെയും കഷണങ്ങൾക്കു മുകളിൽ ഓർക്ക‍ിഡ് തൈകൾ നിരത്താം. തൈകൾ നിരത്തിയ ട്രേ തണലുള്ളിടത്തുവച്ചു പരിപാലിക്കണം. ട്രേയിലുള്ള വെള്ളത്തിൽനിന്നും തൈകൾക്കു വളരാൻ ആവശ്യമായ ഈർപ്പം കിട്ടും. ദിവസവും രാവിലെ സ്പ്രേയർ ഉപയോഗിച്ചു ചെടിക്ക് നേർത്ത തുള്ളിനനയും നൽകാം.

tissue-culture-orchid ഓർക്കിഡിന്റെ ടിഷ്യുകൾച്ചർ തൈകൾ

ആഴ്ചയിലൊരിക്കൽ ഒരു ഗ്രാം എൻപികെ 19:19:19 ഒരു ലീറ്റർ വെള്ളത്തിൽ ലായനിയായി തൈകളുടെ കരുത്തുള്ള കായികവളർച്ചയ്ക്കായി ഉപയോഗിക്കാം. ചെടികൾ 4–5 ഇലകളും ആവശ്യത്തിനു വലുപ്പവുമായാൽ ഓർക്കിഡ് വളർത്തുന്ന നെറ്റ് പോട്ടിലേക്കു മാറ്റി നടാം. ഓടിന്റെയും കരിയുടെയും കഷണങ്ങൾ നിറച്ചു തയാറാക്കിയ ചട്ടിയിലാണ് ഓർക്കിഡ് നടേണ്ടത്. ആവശ്യത്തിനു വളർച്ചയായ ചെടിക്ക് രണ്ടു ഗ്രാം എൻപികെ വളം ഉപയോഗിക്കാം. ഡെൻഡ്രോബിയം തൈ ഒരു വർഷത്തോളം വളർച്ചയായാൽ ആദ്യത്ത‍െ പൂങ്കുല ഉൽപാദിപ്പിക്കും. ഈ പൂങ്കുല ചെറുതും പൂക്കളുടെ എണ്ണം കുറവുമായിരിക്കും. എന്നാൽ അടുത്തതായി ഉണ്ടായിവരുന്ന പൂങ്കുല നല്ല വലുപ്പമുള്ളതും കൂടുതൽ പൂക്കൾ ഉള്ളതുമായിരിക്കും. ഇത്തരം ചെടികൾ വിപണിയിൽ എത്തിക്കാം. ഫെലനോപ്സിസ് തൈ രണ്ടു വർഷത്തോളമെടുക്കും വളർന്നു പൂവിടാൻ.

ഉദ്യാനത്തിൽ ഡിമാൻഡ് ഉള്ള മെലാസ്റ്റോമ, യൂജീനിയ തുടങ്ങിയ അലങ്കാരച്ചെടികളുടെ കമ്പുകളും മുറിച്ചു നട്ടുവളർത്തി വിപണിയിലിറക്കാം.

ലേഖകൻ: പ്രഫ. ജേക്കബ് വർഗീസ് കുന്തറ, അസോഷ്യേറ്റ് പ്രഫസർ, ബോട്ടണി വിഭാഗം, ഭാരതമാതാ കോളജ്, തൃക്കാക്കര, കൊച്ചി—21

ഫോൺ: 94470 02211

Email: jacobkunthara123@gmail.com