Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചെടി ഇപ്പോഴും സൂപ്പറാ!

indoor-plants-by-valsala-suresh തോപ്പുംപടി ശ്രീവൽസത്തിൽ വൽസല സുരേഷ് വീട്ടിലെ ടെറസിൽ വളർത്തിയിരിക്കുന്ന അലങ്കാരച്ചെടികൾക്കൊപ്പം.

മൽസ്യവും പക്ഷിയും മൃഗവുമൊക്കെ അലങ്കാര ഇനങ്ങളായി മാറിയിട്ടും അലങ്കാരച്ചെടികളുടെ സ്ഥാനത്തിന് ഇവിടെ വലിയ ഇളക്കം തട്ടിയിട്ടൊന്നുമില്ല.. ഓർക്കിഡ്, ആന്തൂറിയം, അഡീനിയം എന്നിവയൊക്കെ ഇന്നും തല ഉയർത്തി നിൽക്കുന്നു. വീട്ടുമുറ്റത്തെ സൗകര്യക്കുറവു മൂലം ചിലയിടങ്ങളിൽ മട്ടുപ്പാവിലേക്കു മാറിയെന്നു മാത്രം. പൂവുള്ള ചെടികളോടാണു താൽപര്യം കൂടുതൽ. അലങ്കാരച്ചെടികളോടു കൊച്ചിയിലെ വീട്ടമ്മമാർക്കുള്ള ഇഷ്ടമറിയണമെങ്കിൽ തോപ്പുംപടി ശ്രീവൽസത്തിൽ വൽസല സുരേഷിനെ പരിചയപ്പെട്ടാൽ മതി.

ചലച്ചിത്രതാരവും നർത്തകിയുമൊക്കെയായി പേരെടുത്ത വൽസലയുടെ കലാവിരുത് ഇന്നു തെളിയുന്നത് അലങ്കാരച്ചെടികളിലാണ്. ഉഡുപ്പി റസ്റ്ററന്റ് ഉടമ പി.ആർ. സുരേഷിന്റെ ഭാര്യയായ വൽസല 1992 മുതൽ അലങ്കാരച്ചെടി കൃഷി ചെയ്യുന്നുണ്ട്. വെറുതെ മുറ്റത്തും മട്ടുപ്പാവിലും ചെടി വളർത്തുക മാത്രമല്ല, ഫ്ലവർ ഷോകളിൽ പങ്കെടുത്തു സമ്മാനങ്ങളും വാരിക്കൂട്ടി. ഇപ്പോൾ ആളുകൾ ചെടി തേടി വീട്ടിലെത്തുന്നതിനാൽ ഷോകളിൽ പങ്കെടുക്കാറില്ല. വെയിൽ കൊള്ളേണ്ട ചെടികൾ മട്ടുപ്പാവിൽ നട്ടും തണൽ വേണ്ടവയ്ക്കു കൃത്രിമ തണലൊരുക്കിയുമാണു പരിപാലനം.