Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നാലാംക്ലാസുകാരന്റെ വിസ്മയ നേട്ടങ്ങൾ

t-venkatapathi-reddiar-horticulturist-florist വെങ്കടപതി റെഡ്യാർ

ഇന്ത്യ കൃഷിക്കാരുടെ രാജ്യമാണെങ്കിലും 70 വർഷത്തെ ചരിത്രത്തിൽ പത്മ പുരസ്കാരങ്ങൾ കിട്ടിയ കർഷകർ വിരലിലെണ്ണാൻ മാത്രം. പട്ടാളക്കാരും പൊലീസ് ഉദ്യോഗസ്ഥരും വ്യവസായികളും സാഹിത്യകാരന്മാരും ചെയ്യുന്ന സേവനങ്ങൾപോലെതന്നെ ആദരിക്കപ്പെടേണ്ടതാണ് വയലിലെ അധ്വാനവുമെന്ന് ഇനിയും നാം തിരിച്ചറിയുന്നില്ല. പണക്കൊഴുപ്പിന്റെയും സ്വാധീനത്തിന്റെയും ബലത്തിൽ പത്മശ്രീ നേടാൻ ശ്രമിക്കുന്ന പ്രാഞ്ചിയേട്ടന്മാരുടെ നാട്ടിൽ സമൂഹമാധ്യമങ്ങളിലെ ആത്മാർഥതയില്ലാത്ത സ്തുതിക്കസർത്തുകൾകൊണ്ടു തൃപ്തിപ്പെ‌ടേണ്ട സ്ഥിതിയിലാണ് ഇന്നും യഥാർഥ കൃഷിക്കാർ.

kanakambaram-flower കനകാംബരം

നാലാംക്ലാസിൽ വിദ്യാഭ്യാസം നിർത്തിയ പോണ്ടിച്ചേരി കൂടപ്പാക്കത്തെ വെങ്കടപതി റെഡ്യാർ എന്ന പുഷ്പകൃഷിക്കാരൻ നേടിയ പത്മശ്രീ പുരസ്കാരത്തിനു തിളക്കമേറുന്നത് ഈ സാഹചര്യത്തിലാണ്. തമിഴ് സുന്ദരിമാരുടെ അഴകേറ്റുന്ന കനകാംബരത്തിന്റെ ഇനഭേദങ്ങളിലൂടെ പെരുമ നേടിയ ഇദ്ദേഹത്തെ 2012ൽ പത്മശ്രീക്ക് അർഹനാക്കിയത് കാർഷികമേഖലയ്ക്കു നൽകിയ സമഗ്ര സംഭാവനകളാണ്. എഴുപത്തൊന്നാം വയസ്സിലും സസ്യപ്രജനനവുമായി ബന്ധപ്പെട്ട ഗവേഷണങ്ങളും ബിസിനസുമായി തിരക്കിലാണിദ്ദേഹം. പത്മശ്രീക്കു പുറമേ രണ്ടു സർവകലാശാലകളുടെ ഓണററി ഡോക്ടറേറ്റ് അടക്കം വെങ്കടപതിയെ തേടിയെത്തിയ അംഗീകാരങ്ങൾക്കു കണക്കില്ല. ഒപ്പം മുൻ രാഷ്ട്രപതി എപിജെ അബ്ദുൾകലാം, വിഖ്യാത കൃഷിശാസ്ത്രജ്ഞൻ എംഎസ് സ്വാമിനാഥൻ തുടങ്ങിയവരുടെ പ്രശംസയ്ക്കും പാത്രമായി.

pratibha-patil-t-venkatapathi-reddiar2 അന്നത്തെ രാഷ്ട്രപതി പ്രതിഭാ പാട്ടീലിൽനിന്ന് പത്മശ്രീ പുരസ്‌കാരം ഏറ്റുവാങ്ങുന്നു.

വായിക്കാം ഇ - കർഷകശ്രീ

കഴുതയെ മേയ്ക്കാൻപോലും കൊള്ളാത്തവനെന്നു ചെറുപ്പത്തിലേ മുദ്രകുത്തപ്പെട്ടു സമൂഹത്തിലും കുടുംബത്തിലും ഒറ്റപ്പെട്ടുപോയ ഭൂതകാലത്തെക്കുറിച്ചാണ് വെങ്കടപതി പറഞ്ഞു തു‌ടങ്ങിയത്. ആദ്യഭാര്യയുടെ മരണശേഷം അമ്പതാംവയസ്സിൽ ജീവിതപങ്കാളിയായെത്തിയ വിജയാൾ ഇദ്ദേഹത്തിന്റെ ജീവിതത്തിനു പുതിയ ദിശാബോധം നൽകി. കടുത്ത ദാരിദ്യ്രം മൂലം കനകാംബരത്തിന്റെ പൂക്കൾ കൃഷിചെയ്തു വിറ്റാണ് അക്കാലത്ത് ഉപജീവനം നടത്ത‍ിയിരുന്നത്. പൂക്കൾ കൂടുതൽ ചെലവാകാൻ വേണ്ടി മാല കെട്ടിയും വിറ്റിരുന്നു. ഒരു കാർഷിക പ്രദർശനത്തിനുവേണ്ടി കനകാംബരത്തിന്റെ തൈകൾ വൻതോതിൽ നൽകണമെന്നു പോണ്ടിച്ചേരിയിലെ ഹോർട്ടികൾച്ചർ വകുപ്പ് ആവശ്യപ്പെട്ടതോടെയാണ് വെ‍ങ്കടപതിയിലെ സംരംഭകൻ ഉണർന്നത്. അഞ്ചുലക്ഷം രൂപ പ്രതിഫലമെന്നു കേട്ടപ്പോൾ മറ്റൊന്നും ആലോചിക്കാതെ ഓർഡർ ഏറ്റെടുത്തു. സ്വന്തമായുള്ളത് ആകെ പത്തു ചെടികൾ മാത്രം. രണ്ടു മാസത്തിനുള്ളിൽ ഇത്രയേറെ തൈകൾ എങ്ങനെ ഉൽപാദിപ്പിക്കുമെന്നറിയാതെ ഉഴറിയപ്പോഴാണ് പെരിയകുളത്തെ കാർഷിക ഗവേഷണകേന്ദ്രം തുണയ്ക്കെത്തിയത്. മൂന്നു രീതിയിലുള്ള കായികപ്രവർധനത്തിലൂടെ കനകാംബരത്തിനു തൈകളുണ്ടാക്കാമെന്ന് അവർ പഠിപ്പിച്ചു. അവർ പഠിപ്പിച്ച മൈക്രോ പ്രൊപ്പഗേഷൻ ടെക്നോളജിയുടെ സഹായത്തോടെ മിസ്റ്റ് ചേംബറുകളിൽ ലക്ഷക്കണക്കിനു തൈകൾ വെങ്കടപതി വളർത്തി. സൗന്ദര്യ എന്ന ഡൽഹി ഇനം കനകാംബരത്തിന്റെ തൈകളായിരുന്നു അക്കാലത്ത് പ്രചാരത്തിൽ. അവയിൽനിന്നു കനകതാര എന്ന പുതിയ ഇനം അദ്ദേഹം ഉരുത്തിരിച്ചെടുത്തു. പരമ്പരാഗത സസ്യപ്രജനനമാർഗങ്ങളിലായിരുന്നു ഇത്. തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളിൽ കനകാംബരത്തിന്റെ കൃഷി വ്യാപകമായതോടെ തൈകൾക്ക് കൂടുതൽ ആവശ്യക്കാരുണ്ടായി. വർഷങ്ങൾ കഴിഞ്ഞപ്പോൾ തൈകൾ വാങ്ങുന്നവരുടെ എണ്ണം കുറഞ്ഞു. വെങ്കടപതി നിരാശയിലായി. എന്നും ഒരേ നിറം തന്നെ കൊടുത്താൽ ആർക്കും വിരസത തോന്നുമെന്നു ഭാര്യ പറഞ്ഞപ്പോഴാണ് നിറഭേദങ്ങളുടെ സാധ്യതയെക്കുറിച്ച് അദ്ദേഹം ചിന്തിച്ചത്. വീണ്ടും പെരിയകുളത്തെ ഗവേഷണകേന്ദ്രത്തിലെത്തിയെങ്കിലും ഗാമാ റേഡിയേഷൻ പോലുള്ള ഹൈടെക് സാധ്യതകളിലൂടെ പൂക്കളുടെ പുതുനിറങ്ങളുണ്ടാക്കാമെന്നു ചൂണ്ടിക്കാണിക്കാനേ അവർക്കു കഴിഞ്ഞുള്ളൂ.

apj-abdul-kalam-t-venkatapathi-reddiar1 മുൻ രാഷ്‌ട്രപതി അബ്ദുൾ കലാമിനൊപ്പം

അന്നത്തെ രാഷ്ട്രപതി എപിജെ അബ്ദുൾ കലാം രാഷ്ട്രപതിഭവനിലേക്കു വിളിപ്പിച്ചതാണ് വെങ്ക‌ടപതിയുടെ ജീവിതത്തിലെ അടുത്ത വഴിത്തിരിവ്. കലാം വിളിപ്പിച്ചു. മുഗൾ ഗാർഡനിൽ കനകാംബരം നടാൻ അവസരം നൽകി. കൃഷിവിശേഷങ്ങൾ ആരാഞ്ഞു. പുതിയ ഇനങ്ങൾ സൃഷ്ടിക്കാനുള്ള ആഗ്രഹം മനസ്സിലാക്കിയ കലാം വെങ്കടപതിയെ കൽപാക്കത്തെ ഇന്ദിരാഗാന്ധി ആറ്റമിക് റിസർച്ച് സെന്റ‍റിലെ വിദഗ്ധർക്കു പരിചയപ്പെടുത്തി. കലാമിന്റെ ആളായി അവിടെയെത്തിയ നാലാംക്ലാസുകാരന് ആണവശാസ്ത്രജ്ഞർ ഗാമാ റേഡിയേഷനിലൂടെ പുതിയ നിറഭേദങ്ങൾ സൃഷ്ടിച്ചു കൊടുത്തു. അവയിൽ ഏറ്റവും ശ്രദ്ധേയമായ രണ്ട് ഇനങ്ങൾക്ക് അബ്ദുൾ കലാമിന്റെ പേര് നൽകാൻ റെഡ്യാർ മറന്നില്ല. ഓറഞ്ചു കലർന്ന ചുവപ്പു നിറത്തോടു കൂടിയ ഇതിന്റെ പൂക്കൾ യുവതികൾക്കിടയിൽ ഹിറ്റായി. ക്രമേണ വെങ്കടപതിയുടെ ലക്ഷ്മിനാരായണ ക്രൊസാൻഡ്ര ഇന്നവേഷൻ സെന്ററും അവിടുത്തെ കനകാംബര തൈകളും കൂടുതൽ പ്രശസ്തി നേ‌ടി. ആദ‍്യ ഇനമായ കനകതാര മുതൽ ഇതുവരെ 200 ഇനങ്ങൾ താൻ വികസിപ്പിച്ചിട്ടുണ്ടെന്നാണ് ഇദ്ദേഹം അവകാശപ്പെടുന്നത്. പരാഗണം, കായികപ്രവർധനം ഗാമാ റേഡിയേഷനും രാസവസ്തുക്കളുമുപയോഗിച്ചുള്ള ഉൽപരിവർത്തനം തുടങ്ങി വ്യത്യസ്തങ്ങളായ മാർഗങ്ങൾ ഇതിനായി അവലംബിച്ചി‌ട്ടുണ്ട്. ഇവയുടെ തൈകൾ ഗ്രാമീണകർഷകർക്ക് സൗജന്യമായി നൽകുന്ന പതിവുമുണ്ട്.

എല്ലാ കാലാവസ്ഥയിലും കനകാംബരം കൃഷി ചെയ്യാമെന്ന് വെങ്കടപതി പറഞ്ഞു. ആറിനും ഏഴിനുമിടയിൽ പിഎച്ച് ഉള്ള മണ്ണ് കൂടുതൽ യോജ്യം. ഒരേക്കറിൽ ആറായിരം തൈകൾ നടാം. അധികം ജലം ആവശ്യമില്ലാത്തതിനാൽ ആഴ്ചയിൽ ഒരു നന മതി. ആദ്യ മൂന്നു മാസം പൂവുകൾ ഉണ്ടാവാതിരിക്കാനായി പുറത്തേക്കു വരുന്ന പൂമൊട്ടുകൾ നുള്ളിക്കളയണം. ഓരോ വിളവെടുപ്പിലും ശരാശരി പത്ത് കിലോ പൂക്കൾ പ്ര‍തീക്ഷിക്കാം. കനകാംബരത്തിന്റെ പൂക്കൾക്ക് കിലോയ്ക്ക് ശരാശരി 300 രൂപ വിലയുണ്ട്. കനകാംബരകൃഷിയിലൂടെ ഏക്കറിന് ഒരു ലക്ഷം രൂപ നേടാമെന്നു പറയുന്നു വെങ്കടപതി.

tissue-culture-kanakambaram-seedling ടിഷ്യൂകൾച്ചർ തൈ

മികച്ച ഇനങ്ങളുടെ ടിഷ്യൂകൾച്ചർ തൈകൾ ഉൽപാദിപ്പിക്കണമെന്നായി അടുത്ത ആഗ്രഹം. അക്കാലത്ത് ഇതിനാവശ്യമായ സാങ്കേതികവിദ്യയ്ക്ക് ഇന്ത്യയിൽ ചെലവേറെയായിരുന്നു. ജർമനി ടിഷ്യൂകൾച്ചർ സാങ്കേതികവിദ്യയിൽ മുൻപന്തിയിലാണെന്ന് ആരോ പറഞ്ഞറിഞ്ഞപ്പോൾ വെങ്കടപതി സ്മാർട്ടായി പ്രവർത്തിച്ചു. കനകാംബരത്തിന്റെ ടിഷ്യ‍ൂകൾച്ചർ ലാബ് സ്ഥാപിക്കാൻ സഹായമാവശ്യപ്പെട്ട് ജർമൻ ചാൻസലർക്ക് കത്തയച്ചത് വെറും ഭാഗ്യപരീക്ഷണമെന്ന നിലയിലായിരുന്നു. ഇംഗ്ലിഷ് മീഡിയം സ്കൂളിൽ പഠിക്കുന്ന മകൾ ശ്രീലക്ഷ്മിയായിരുന്നു ഇക്കാര്യത്തിൽ അന്നു റെഡ്യാർക്കു തുണ. എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് ഏതാനും മാസ‍ത്തിനു ശേഷം ടിഷ്യൂകൾച്ചർ ലാബ് സ്ഥാപിക്കുന്നതിനുള്ള ഉപകരണങ്ങളും സാ‍ങ്കേതികവിദ്യയും ജർമനിയിൽനിന്ന് വെങ്കടപതിയെ തേടിയെത്തി. നിരക്ഷരനായ ഇന്ത്യൻ കൃഷിക്കാരനു വേണ്ട സാങ്കേതിക ഉപദേശങ്ങൾസഹിതമാണ് ജർമൻ ചാൻസലർ ഇവ നൽകിയതെന്നു വെങ്കടപതി പറഞ്ഞു. ഇംഗ്ലിഷിലുള്ള നിർദേശങ്ങൾ ശ്രീലക്ഷ്മിയുടെ സഹായത്തോടെ തമിഴിലാക്കി പഠിച്ച വെങ്കടപതി, വീടിന്റെ പിന്നിൽ തന്നെ ടിഷ്യൂകൾച്ചർ ലാബും മറ്റും തയാറാക്കി. തീർത്തും ലളിതമായ സാഹചര്യത്തിലാണ് ലാബ് പ്രവർത്തിക്കുന്നത്. റെഡ്യാർഭവനത്തിന്റെ അടുക്കളയോടു ചേർന്നുള്ള ചെറിയ മുറിയിൽ ഇറക്കുമതി ചെ‍യ്യപ്പെട്ടതുൾപ്പെടെയുള്ള വളർച്ചാത്വരകങ്ങളും മറ്റ് രാസവസ്തുക്കളും സൂക്ഷിച്ചിരിക്കുന്നു. ഇവിടെനിന്നു കോടിക്കണക്കിനു തൈകളാണ് വിവിധ സംസ്ഥാനങ്ങളിലേക്ക് കയറിപ്പോകുന്നതെന്ന് അദ്ദേഹം പറഞ്ഞു. എംബിഎ പാസായ മകൾ ശ്രീലക്ഷ്മിയും മരുമകൻ ശ്രീരാമും ബിസിനസിൽ ഇ‍ദ്ദേഹത്തിന് തുണയായുണ്ട്.

kattadi-australian-pine-seedlings കാറ്റാടിത്തൈകൾ

തീരദേശങ്ങളിലെ വൃക്ഷവിളയായ കാറ്റാടിമരത്തിന്റെ തൈ ഉൽപാ‍ദനത്തിലും വെങ്കടപതി വലിയ മുന്നേറ്റം നടത്തിക്കഴിഞ്ഞു. വളർച്ചയും രോഗപ്രതിരോധശേഷിയും കൂടുതലുള്ള കാറ്റാടിമരം വികസിപ്പിച്ച ഇ‍‍ദ്ദേഹം ഈ തൈകൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേരാണ് നൽകിയിരിക്കുന്നത്. തമിഴ്നാട്ടിലും ആന്ധ്രയിലും പോണ്ടിച്ചേരിയിലുമൊക്കെ മികച്ച ആദായം നൽകുന്ന കൃഷിയാണ് കാറ്റാടിയുടേത്. കടലാസ് വ്യവ‍സായത്തിൽ മാത്രമല്ല, ഇന്ധനമായും ഇതു പ്രയോജനപ്പെടുത്തുന്നു. കൽക്കരി കത്തിക്കുമ്പോൾ കിട്ടുന്നത്ര താപോർജം കാറ്റാടിമരത്തിന്റെ തടിയിൽനിന്നു കിട്ടുമത്രെ. ഒരേക്കറിൽ 1500 കാറ്റാടിമരങ്ങൾ നടാം. മോദി ഇനത്തിൽപെട്ട കാറ്റാടിമരം മൂന്നു വർഷംകൊണ്ട് ഏക്കറിനു 100–140 ടൺ വിളവ് തരും. എംഐക്യൂ എന്നു പേരിട്ടിരിക്കുന്ന മറ്റൊരിനത്തിൽനിന്ന് അഞ്ചര വർഷംകൊണ്ട് 200 ടൺ കാറ്റാടിമരം വെട്ടിയെടുക്കാമെന്ന് അദ്ദേഹം അവകാശപ്പെട്ടു. പരമ്പരാഗത ഇനങ്ങൾ ഒരേക്കറിൽനിന്ന് അഞ്ചു വർഷംകൊണ്ട് 40 ടൺ മാത്രം നൽകുമ്പോഴാണ് റെഡ്യാരുടെ ഈ നേ‍ട്ടം. അഞ്ചിരട്ടി ആദായം നൽകുമെന്നതു മാത്രമല്ല, 75 ശതമാനം മരങ്ങളും ഒരേ വണ്ണത്തിൽ വളർച്ചയെത്തുമെന്നതും ഈ കാറ്റാടിഇനങ്ങളുടെ മികവാണ്. ലക്ഷക്കണക്കിനു കാറ്റാടിതൈകൾ വിറ്റ റെഡ്യാർ ഇതിനകം കോടികൾ സമ്പാദിച്ചു കഴിഞ്ഞു. നെയ്മുളകിന്റെ പുതിയ ഒരു ഇനവും അടുത്ത കാലത്ത് ഇ‍‍ദ്ദേഹം വികസിപ്പിച്ചിട്ടുണ്ട്. ഭക്ഷണത്തിനു നെയ് രുചി പകരാൻ ഈ മുളക് ചേർത്താൽ മതിയത്രെ.

പോണ്ടിച്ചേരിയിലെ നെൽകർഷകർക്ക് ഇരട്ടി വിളവ് വാഗ്ദാനം ചെ‍യ്യുന്ന നെല്ലിനമാണ് റെഡ്യാരുടെ മറ്റൊരു കണ്ടെത്തൽ. വെള്ളം കുറച്ചു മതിയെന്നതും ഈയിനത്തിന്റെ മികവാണ്. തന്റെ കണ്ടെത്തലുകൾ മറ്റ് കൃഷിക്കാർക്ക് സൗജന്യമായി പറഞ്ഞുകൊടുക്കാനുള്ള സന്നദ്ധതയും ഇദ്ദേഹത്തിനുണ്ട്.

ഇ-മെയിൽ– lntc72@gmail.com
ഫോൺ– 09443226611