Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കണ്ണാടിഭരണിയിലെ ചതുപ്പ്

paludarium3 പാലുഡേറിയം

നാട്ടിൻപുറത്തെ കുട്ടികൾ വിനോദത്തിനായി തവള, ആമ, വിട്ടിൽ തുടങ്ങിയ ജീവികളെ കുപ്പിയിലും ചില്ലുഭരണിയിലും മറ്റും വളർത്താറുണ്ട്. പല പാശ്ചാത്യരാജ്യങ്ങളിലും മുതിർന്നവർപോലും ഇവയെക്കൂടാതെ തേൾ, എട്ടുകാലി, എലി തുടങ്ങിയവയെയും ഈ രീതിയിൽ പരിപാലിക്കുന്നു. എന്നാൽ അസ്വാഭാവിക പരിസ്ഥിതിയിൽ ഇവയില്‍ മിക്കതും ഏറെനാൾ ജീവിക്കില്ല. എന്നാൽ അക്വേറിയം പാത്രത്തിൽ ചെറിയൊരു കുളവും പാറക്കൂട്ടവും ചെടികളുമൊക്കെ ഒരുക്കിയാല്‍ ഇത്തരം ജീവികളെ ഏറെനാൾ പരിപാലിക്കാൻ കഴിയും.

വായിക്കാം ഇ - കർഷകശ്രീ

പാലുഡേറിയം എന്ന ഈ രീതി ഇന്ന് പാശ്ചാത്യരാജ്യങ്ങളിലെല്ലാം പ്രചാരത്തിലുണ്ട്. പാലുഡേറിയം എന്ന വാക്കിന്റെ അർഥം ഗ്ലാസ്ഭരണിയിലെ ചതുപ്പ് എന്നാണ്. ചെടികൾ ഗ്ലാസ്ഭരണിയിൽ പരിപാലിക്കുന്ന ടെറേറിയം രീതിയും അക്വേറിയവും ചേരുന്നതാണ് പാലുഡേറിയം. പ്രകൃതിയുടെ ചെറുപതിപ്പായി പാലുഡേറിയത്തിൽ പാറക്കൂട്ടം, നീരുറവ, ജലത്തിലും കരയിലും വളരുന്ന ചെടികൾ, ജീവികൾ മുതലായവ ഉൾപ്പെടുത്താം. ഉദ്യാനത്തിന്റെ ഘടകമായി പാറക്കൂട്ടവും നീരുറവയും ജലാശയവുമെല്ലാം ഒരുക്കാറുണ്ടല്ലോ. ഇവയെല്ലാം ഒരു അക്വേറിയം പാത്രത്തിനുള്ളിൽ ഒരുക്കിയാൽ പാലുഡേറിയമായി.

paludarium2 പാലുഡേറിയം

തയാറാക്കുന്ന വിധം

ഏതുതരം പാലുഡേറിയം തയാറാക്കാനും ഒരു ലേഔട്ട് ആവശ്യമാണ്. ഈ ലേഔട്ടിൽ ഘടകങ്ങൾ കലാവിരുതോടെ വേണം ഉൾപ്പെടുത്താൻ. അക്വേറിയത്തിനായി ഉപയോഗിക്കുന്ന ചില്ലുപാത്രത്തിലാണ് പാലുഡേറിയം നിർമിക്കുക. ഇതിനായി രണ്ടടി വീതിയും മൂന്നടി നീളവും ഒന്നരയടി ഉയരവുമുള്ള പാത്രം മതി.

paludarium1 പാലുഡേറിയം

എളുപ്പത്തിലൊരുക്കാം

ലളിതമായി തയാറാക്കുന്ന പാലുഡേറിയത്തിൽ കരഭാഗമായി ഡ്രിഫ്റ്റ്‌വുഡ് ഉപയോഗിക്കാം. സാമാന്യം വലുപ്പമുള്ളതും ഉപരിതലം പരന്ന് ഒരു വശത്തേക്ക് ചെറു ചെരിവുള്ളതുമായ ഡ്രിഫ്റ്റ്‌വുഡ് വേണം ഇതിനായി തിരഞ്ഞെടുക്കാൻ. ഉപരിതലത്തിൽ ചെറിയ കുഴികളുണ്ടെങ്കിൽ അതിൽ മിശ്രിതം നിറച്ചു ചെടികൾ നടാം. ഇത്തരത്തിലുള്ള ഒന്നു രണ്ട് ഡ്രിഫ്റ്റ്‌വുഡ് അക്വേറിയത്തിൽ ഇറക്കിവയ്ക്കണം. പാത്രത്തിന്റെ പകുതി ഭാഗത്തോളമാണ് ജലം നിറയ്ക്കേണ്ടത്. ജലം നിറച്ചശേഷം ഡ്രിഫ്റ്റ്‌വു‍ഡിന്റെ പകുതി ഭാഗത്തോളം വെള്ളത്തിനു മുകളിൽ പൊങ്ങിനിൽക്കണം. പൊങ്ങിനിൽക്കുന്ന ഭാഗത്തുള്ള കുഴികളിൽ ചെറുചെടികൾ നടാം. ചകിരിച്ചോറും മണലും മണ്ണിരക്കമ്പോസ്റ്റും കലർത്തിയ മിശ്രിതം കുഴി നിറയ്ക്കാൻ യോജ്യം. വലുപ്പം കുറഞ്ഞ ചെടികൾ സൂപ്പർഗ്ലൂ ഉപയോഗിച്ച് വേരുഭാഗം ഡ്രിഫ്റ്റ്‌വുഡിലേക്ക് നേരിട്ട് ഒട്ടിച്ച് നിർത്താൻ സാധിക്കും. എയർപ്ലാന്റുകൾ ഇതിനു യോജിച്ചതാണ്.

ജലവും കരയും വേർതിരിച്ചുള്ള പാലുഡേറിയം

ഇതു തയാറാക്കാനായി അക്വേറിയം പാത്രം ഉപയോഗിക്കാം. ഈ വിധം ഗ്ലാസ്നിർമിത പാത്രത്തെ കരയും ജലവുമായി രണ്ടായി വിഭജിക്കാൻ നീളത്തിൽ കട്ടിയുള്ളതും സുതാര്യവുമായ പ്ലാസ്റ്റിക് ഷീറ്റ് അല്ലെങ്കിൽ ഗ്ലാസ്പാളി ഉപയോഗിക്കാം. ഷീറ്റിന് അര അടിയോളം ഉയരം വേണം. ഈ ഷീറ്റിൽ കരഭാഗത്തുനിന്നു വെള്ളം ജലഭാഗത്തേക്ക് വാർന്നുപോകാൻ ആവശ്യാനുസരണം സുഷിരങ്ങൾ നൽകാം. ഷീറ്റ് നീളത്തിൽ ലംബമായി ഇറക്കിവയ്ക്കുന്നതിനു പകരം ചെറുതായി വളഞ്ഞുപുളഞ്ഞ വിധത്തിലാണ് ഉറപ്പിക്കേണ്ടത്. അക്വേറി‌യത്തിന്റെ താഴെയും വശങ്ങളിലുമുള്ള ഭിത്തിയിലേക്ക് ഷീറ്റ് ബലമായി ഉറപ്പിക്കാൻ സിലിക്കോൺ ജെൽ ഉപയോഗിക്കാം.

paludarium4 പാലുഡേറിയം

ഇങ്ങനെ രണ്ടായി വിഭജിച്ച അക്വേറിയത്തിന്റെ പുറകുവശമാണ് കരയായി തയാറാക്കുക. അര അടിയോളം ഉയരമുള്ള ഷീറ്റിന്റെ പുറകുവശത്ത്, നന്നായി കഴുകി വൃത്തിയാക്കിയ ആറ്റുമണൽ ഉപയോഗിച്ച് കര നിർമിക്കാം. ഷീറ്റിന്റെ വക്കോളം മണൽ നിറയ്ക്കണം. മണൽ നിറച്ചശേഷം ഷീറ്റിന്റെ ബലത്തിനായി ആവശ്യാനുസരണം സിലിക്കോൺ ജെൽ ഉപയോഗിക്കാം. അക്വേറിയത്തിന്റെ മുൻഭാഗത്തെ കള്ളിയിൽ ജലം നിറയ്ക്കാം. മുൻപിലെ കള്ളിയിലുള്ള വെള്ളം സുഷിരങ്ങൾ ഉള്ള ഷീറ്റ് വഴി പുറകുവശത്തെ കരഭാഗത്തേക്കും വാർന്നു കയറിക്കൊള്ളും. പാലുഡേറിയത്തിലെ ജലമുള്ള മുൻവശത്തെ നിലത്ത് പലനിറത്തിലും ആകൃതിയിലുമുള്ള മണൽ അല്ലെങ്കിൽ ചെറിയ മാർബിൾ ചിപ്പുകൾ നിരത്താം. ഈ വിധത്തിൽ നിറച്ച മണലിന് 1–2 ഇഞ്ച് കനം മതി.

കരഭാഗത്തെ മണലിലാണ് ചെടികൾ നടേണ്ടത്. ജലാർദ്രമായ മണലില്‍ വളരുന്ന തരം ഇലച്ചെടികൾ ഇതിനായി തിരഞ്ഞെടുക്കാം. ജാവാം ഫേൺ‍, അന്നൂബിയാസ്, ക്രിപാറ്റോ കോറിൻ, ലക്കി ബാംബൂ, ബനാന പ്ലാന്റ്, വയമ്പ്, ഹോഴ്സ്ടെയിൽ, സ്പൈഡർ പ്ലാന്റ് തുടങ്ങിയവ ഉദാഹരണം. മണലിനു മുകളിൽ പലതരം പാറക്കല്ല്, ഡ്രിഫ്റ്റ്‌വുഡ്, ചെറിയ ജലധാര എല്ലാം ഉപയോഗിച്ച് കൂടുതൽ ആകർഷകമാക്കാം. ഡ്രിഫ്റ്റ്‌വു‍ഡിലും പാറക്കല്ലുകളിലും ക്രിപ്റ്റാന്തസ്, ടില്ലാൻസിയ തുടങ്ങിയ ബ്രൊമീലിയാഡ് ചെടികൾ സൂപ്പർഗ്ലൂ ഉപയോഗിച്ച് വേരുഭാഗം ഒട്ടിച്ച് നടാൻ പറ്റും. പാലുഡേറിയം തയാറാക്കിയ പാത്രത്തിനു പുറത്ത് ചട്ടിയിൽ നട്ട മണിപ്ലാന്റ് ചെടിയുടെ വള്ളികൾ ഉള്ളിലേക്ക് ഇറക്കി മനോഹരമാക്കാം. ജലഭാഗത്ത് ചെറിയ മീനുകളായ ഗപ്പി, പ്ലാറ്റിസ്, നിയോണ്‍ടെട്ര, സ്വാർഡ് ടെയിൽ എല്ലാം പരിപാലിക്കാൻ യോജിച്ചവ തന്നെ. കൂടാതെ ചെറിയ ആമ, തവള, വാൽമാക്രി തുടങ്ങിയ മറ്റ് ജലജീവികളെയും ഉൾപ്പെടുത്താം. ഇത്തരം ജലജീവികൾക്ക് ഒളിച്ചിരിക്കാൻ പറ്റിയ ഇടങ്ങൾ കരഭാഗത്ത് പാറക്കല്ലുകളും ചെടിക്കൂട്ടവും ഉപയോഗിച്ചു തയാറാക്കണം. പാലുഡേറിയത്തിന്റെ പുറകുവശത്തെ ഭിത്തി ക്രീപിങ് ഫിഗ് ചെടി പടർത്തിക്കയറ്റി മറയ്ക്കാനാവും. ഈ ചെടിയുടെ തണ്ടിന്റെ കഷണങ്ങൾ 4–5 എണ്ണം പുറകിലെ മണലിൽ ഭിത്തിയോടു ചേർത്ത് നട്ടാൽ ഭിത്തിയിൽ വേരുകൾ ഉപയോഗിച്ച്‌ പറ്റിപ്പിടിച്ചു പടർന്നുകയറി മുഴുവനായി മറ നൽകും. കരഭാഗത്ത് കൃത്രിമ ജലധാര ഒരുക്കിയാൽ പാലുഡേറിയത്തിലെ വെള്ളപ്പാത്രത്തിനുള്ളിൽ ചുറ്റിത്തിരിയാനും അതുവഴി ജലത്തിലെ പ്രാണവായുവിന്റെ അളവ് വർധിപ്പിക്കാനും കഴിയും. എയ്റേറ്റർ സംവിധാനവും ഇതിനായി പ്രയോജനപ്പെടുത്താം. ഇങ്ങനെ തയാറാക്കിയ പാലുഡേറിയത്തിലെ ജലം കരഭാഗത്തേക്ക് വാർന്നുചെല്ലുമ്പോൾ അതിൽ അടങ്ങിയ ഹൈഡ്രജൻ ഉൾപ്പെടെയുള്ള ലവണങ്ങൾ ജലജീവികളുടെ വിസർജ്യവസ്തുക്കളിലുണ്ടാകും. ഈ ലവണങ്ങൾ ചെടികളുടെ വേരുകൾ വളമായി പ്രയോജനപ്പെടുത്തും. ഇതു ജലം മലിനമാകാതെ സൂക്ഷിക്കുന്നു.

ജലത്തിന്റെ അടിഭാഗം പലതരം ചിപ്പികൾ, വെള്ളാരംകല്ലുകൾ തുടങ്ങിയവ ഉപയോഗിച്ച് കൂടുതൽ മോടിയാക്കാം. കൂടാതെ ജലവും കരയും വേർതിരിക്കുന്ന ഭിത്തി മറയ്ക്കാന്‍ അതിനു മുന്‍പിൽ ജലസസ്യങ്ങൾ നടാം.

ലേഖകൻ: പ്രഫ. ജേക്കബ് വർഗീസ് കുന്തറ, അസോഷ്യേറ്റ് പ്രഫസർ, ബോട്ടണി വിഭാഗം, ഭാരതമാതാ കോളജ്, തൃക്കാക്കര, കൊച്ചി—21

ഫോൺ: 94470 02211

Email: jacobkunthara123@gmail.com