Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചിത്രശലഭങ്ങളുടെ വീട്

butterfly വെള്ളിലത്തോഴി, വിലാസിനി

ചെങ്കോമാളി, ചുട്ടിക്കറുപ്പൻ, ചോലവിലാസിനി, നാരകക്കാളി, നരിവരയൻ, പുലിത്തെയ്യൻ, തെളിനീലക്കടുവ, വരയൻ വാൾവാലൻ, ആവണച്ചോപ്പൻ, പൂച്ചക്കണ്ണി, വനദേവത, ചെമ്പഴകൻ, എരുക്കുതപ്പി, മഞ്ഞപ്പാപ്പാത്തി... തീർന്നില്ല, നാട്ടുമലയാളത്തിന്റെ ചെത്തവും ചൂരുമുള്ള പേരുകാർ ഇനിയുമുണ്ട് ഒട്ടേറെ.

‘ഇവരൊക്കെ ആരാ?’, പുതുതലമുറയിലെ കുട്ടികൾ ചോദിക്കും. ‘ബാലരമയിലെ ജമ്പനും തുമ്പനും പോലെ ആരെങ്കിലുമാണോ... ?’

മേൽപറഞ്ഞ ഓരോ പേരും കേൾക്കുമ്പോൾ പക്ഷേ പഴയ തലമുറയുടെ ഓർമകളിൽനിന്നു ചിത്രശലഭങ്ങൾ ചിറകടിച്ചുയരും. പഴയ ഗ്രാമീണജീവിതത്തിലെ വിരുന്നുകാരായിരുന്നല്ലോ ഈ ശലഭങ്ങളെല്ലാം. ഇവരൊക്കെ ഇന്നെവിടെപ്പോയി?

വായിക്കാം ഇ - കർഷകശ്രീ

butterfly2 ചെങ്കോമാളി, കൃഷ്ണശലഭം

ആവാസവ്യവസ്ഥകളിലുണ്ടാവുന്ന മാറ്റങ്ങളോട് പെട്ടെന്നു പ്രതികരിക്കുന്നവരാണ് പൂമ്പാറ്റകള്‍. അതിനാൽ പൂമ്പാറ്റയെ ഒരു ജൈവസൂചകമായാണ് (biological indicator) ശാസ്ത്രലോകം കാണുന്നത്. അമിത കീടനാശിനിപ്രയോഗം, പരിസ്ഥിതി മലിനീകരണം, വന നശീകരണം, കാലാവസ്ഥാ വ്യതിയാനം എന്നിവ മൂലമുള്ള ചെറിയ മാറ്റങ്ങൾപോലും പൂമ്പാറ്റകളുടെ നിലനിൽപിനെ ബാധിക്കുന്നു.

മുമ്പ് നാട്ടുമ്പുറങ്ങളിൽ എപ്പോഴും എവിടെയും കാണാമായിരുന്നു എരുക്കുതപ്പി, അരളിശലഭം, നീലക്കടുവ, ചെങ്കോമാളി, മഞ്ഞപ്പാപ്പാത്തി തുടങ്ങിയ ശലഭങ്ങളെ. ഇവയെല്ലാം ഇന്ന് നമ്മുടെ ചുറ്റുപാടുകളിൽനിന്ന് അപ്രത്യക്ഷമാവുന്നുണ്ടെങ്കിൽ അതിനർഥം പ്രകൃതിയുടെ സന്തുലിതാവസ്ഥ തകരാറിലാണ് എന്നുതന്നെ. ഈ സാഹചര്യത്തിലാണ് ശലഭോദ്യാനങ്ങളുടെ പ്രസക്തി.

butterfly-park-thattekad-entrance തട്ടേക്കാട്ടുള്ള ശലഭോദ്യാനത്തിന്റെ പ്രവേശനകവാടം

ഫോർമൽ, ഇൻഫോർമൽ, ഡ്രൈ ഗാർഡൻ എന്നിങ്ങനെ പൂന്തോട്ടങ്ങൾ പലതരം. ഇവയെല്ലാം പക്ഷേ മനുഷ്യനിര്‍മിത പൂന്തോട്ടങ്ങളാണ്. അതായത്, ഉടമ കാണാനാഗ്രഹിക്കുന്ന പൂച്ചെടികളും പൂമരങ്ങളും പുൽത്തകിടിയുമെല്ലാം ഉൾപ്പെടുത്തിയുള്ള ഉദ്യാനങ്ങൾ. ആഡംബരം ആവോളമുണ്ടെങ്കിലും പ്രകൃതിയുടെ നൈസർഗിക സൗന്ദര്യം പലപ്പോഴും ഇവയ്ക്ക് ഇല്ലാതെ പോകുന്നു.

ആരും ക്ഷണിക്കാതെതന്നെ ചിത്രശലഭങ്ങൾ നിത്യവും വിരുന്നെത്തുന്ന ബട്ടർഫ്ലൈ ഗാർഡൻ ഇവയില്‍നിന്നു തികച്ചും വ്യത്യസ്തമാണ്. സിംഗപ്പൂർ ചാംഗി വിമാനത്താവളത്തിലെ അതിവിശാലമായ ശലഭോദ്യാനം ഇക്കൂട്ടത്തിൽ ഏറെ പ്രശസ്തം. അമ്പതോളം വര്‍ഗങ്ങളില്‍പ്പെട്ട നൂറു കണക്കിനു വർണശലഭങ്ങൾ പാറിനടക്കുന്ന ഈ ഉദ്യാനം എയർപോർട്ടിലെത്തുന്നവരുടെയെല്ലാം ഹൃദയം കവരുന്നു. ശലഭങ്ങൾക്കു ജീവിതചക്രങ്ങൾ പൂർത്തീകരിക്കാനാവശ്യമായ ചെടികളാല്‍ സമ്പന്നമാണ് ഇവിടം.

കേരളത്തിലെ അപൂർവ ശലഭോദ്യാനങ്ങളിലൊന്ന് എറണാകുളം ജില്ലയിൽ വനം–വന്യജീവി വകുപ്പിന്റെ കീഴിലുള്ള തട്ടേക്കാട് പക്ഷിസങ്കേതത്തിൽ കാണാം.

kunjappu-in-thattekad-butterfly-park ശലഭങ്ങളെത്തേടി കുഞ്ഞാപ്പു

കുഞ്ഞാപ്പുവെന്ന ജോസഫിനാണ് തട്ടേക്കാട് ശലഭോദ്യാനത്തിന്റെ പരിപാലനച്ചുമതല. ശലഭജീവിതങ്ങളുമായി മുൻപരിചയമൊന്നുമില്ലായിരുന്നു കുഞ്ഞാപ്പുവിന്. രണ്ടു കൊല്ലം മുമ്പ് പാർക്ക് തുടങ്ങിയപ്പോൾ നോട്ടക്കാരനായി കുഞ്ഞാപ്പുവിനെ നിയോഗിച്ചതാണ്. ഇന്നു പക്ഷേ അമ്പതിലേറെ ശലഭങ്ങളെ, പറന്നുപോകുമ്പോഴുള്ള ഞൊടിനേരംകൊണ്ടു തിരിച്ചറിയാൻ കുഞ്ഞാപ്പുവിനു കഴിയും. പെൺകുട്ടികൾ മുടി കെട്ടിവയ്ക്കുന്ന ക്ലിപ്പിന്റെ ആകൃതിയുള്ള ക്ലിപ്പർ ശലഭവും പല വർണങ്ങളിലുള്ള മഷി കുടഞ്ഞതുപോലെ മനോഹരമായ ചിറകുകളുള്ള ചുട്ടിമയൂരിയും ചക്കരശലഭവും വഴനപ്പൂമ്പാറ്റയുമെല്ലാം കുഞ്ഞാപ്പുവിനു സ്വന്തക്കാർ.

അനുകൂലമായ ആവാസവ്യവസ്ഥയുള്ള ഉദ്യാനങ്ങളിലേക്കാണ് ശലഭങ്ങൾ ആകർഷിക്കപ്പെടുന്നതും വംശവർധന നടത്തുന്നതും. പൂച്ചെടികളും പൂമ്പാറ്റകളും തമ്മിലുള്ള ബന്ധം പൂക്കളിലെ തേൻ നുകരുകയെന്നതു മാത്രമല്ല. ഓരോ ഇനം പൂമ്പാറ്റയും സ്വന്തം ജീവിതചക്രം പൂർത്തീകരിക്കാൻ ഓരോ ഇനം ചെടിയെ ആശ്രയിക്കാറുണ്ട്. ചില പൂമ്പാറ്റകൾ ഇരപിടിയന്മാർക്ക് അലോസരമുണ്ടാക്കുന്ന ചെടികൾ തിരഞ്ഞെടുത്താണ് മുട്ടയിടാറ്. മുട്ട വിരിഞ്ഞെത്തുന്ന ലാർവകളുടെ ഭക്ഷണം ഇലകളാണ്. തങ്ങളുടെ ജീവിതചക്രങ്ങളുമായി ബന്ധപ്പെട്ട ചെടികളുമായി ചേർത്താണ് മിക്ക പൂമ്പാറ്റകൾക്കും പേരു കിട്ടിയിരിക്കുന്നതും. വെള്ളിലയിൽ കൂടുതലായി വന്നിരിക്കുന്ന വെള്ളിലത്തോഴി, കൃഷ്ണകിരീടം ചെടിയുടെ പൂക്കൾക്കു ചുറ്റും പതിവായി കാണുന്ന കൃഷ്ണശലഭം, എരുക്ക് തേടിയെത്തുന്ന എരുക്കുതപ്പി, ആവണക്ക് അന്വേഷിച്ചു വരുന്ന ആവണച്ചോപ്പൻ, മഞ്ഞത്തകരയെ ചുറ്റിപ്പറക്കുന്ന മഞ്ഞത്തകരമുത്തി തുടങ്ങിയവ ഉദാഹരണം. വൻതകര, വള്ളിക്കദളി, കണിക്കൊന്ന, നാരകം, വയന, അരളി, ചെത്തി, ഇത്തിൾക്കണ്ണി, കറിവേപ്പ്, കരിങ്കുറിഞ്ഞി, ചെമ്പരത്തി, കടമ്പ്, നീർമാതളം എന്നിങ്ങനെ ചിത്രശലഭങ്ങളെ ആകർഷിക്കുന്ന ചെടികൾകൊണ്ടു തീർത്ത ചെറുവനമാണ് തട്ടേക്കാട്ടുള്ളത്. കാട്ടിൽ സമൃദ്ധമായിക്കാണുന്ന കിലുക്കി എന്ന ചെടിയാണ് ഇവിടെ ഏറ്റവുമധികം നട്ടുവളർത്തിയിരിക്കുന്നതെന്ന് കുഞ്ഞാപ്പു. ആറേഴിനം ശലഭങ്ങളെങ്കിലും കിലുക്കിയിൽ പതിവുകാരാണ്. നാട്ടുമ്പുറങ്ങളിൽനിന്ന് ഈ ജൈവ വൈവിധ്യങ്ങള്‍ അപ്രത്യക്ഷമായപ്പോഴാണ് പൂമ്പാറ്റകളും പറന്നകന്നത്.

പൂമ്പാറ്റകൾക്കു കുടിനീരിനായി മനോഹരമായ ചെറു കുളവും ഈ ഉദ്യാനത്തിലുണ്ട്. എന്നാല്‍ പരമ്പരാഗത ശൈലിയിലുള്ള പൂന്തോട്ടം പ്രതീക്ഷിച്ച് ഇവിടെയെത്തുന്നവർ നിരാശപ്പെടും. കാരണം ഇത് ഒരുക്കിയതു മനുഷ്യർക്കു വേണ്ടിയല്ല, ശലഭങ്ങൾക്കു വേണ്ടിയാണ്. അതുകൊണ്ടുതന്നെ ശലഭോദ്യാനം സ്വന്തം വീട്ടുമുറ്റത്തൊരുക്കുക അത്ര പ്രായോഗികമല്ല. ഓരോ പ്രദേശത്തും കൂടുതലായിക്കാണുന്ന ശലഭങ്ങൾ ഏതൊക്കെയെന്നു മനസ്സിലാക്കി അതിന് അനുസൃതമായി ലാർവാസസ്യങ്ങൾ വളർത്തിയെടുത്തില്ലെങ്കിൽ ശലഭമുട്ട വിരിഞ്ഞെത്തുന്ന പുഴുക്കൾ ഇലകൾ അനിയന്ത്രിതമായി തിന്നു നശിപ്പിച്ചേക്കാമെന്നു വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

വിദ്യാലയങ്ങൾ, പാർക്കുകൾ, ഗവേഷണകേന്ദ്രങ്ങൾ എന്നിവയുടെ ഭാഗമായി ശലഭോദ്യാനങ്ങൾ ഒരുക്കുന്ന വിദേശരാജ്യങ്ങളിലെ രീതി നമ്മുടെ നാട്ടിലുമുണ്ടാകണം. നിരീക്ഷണത്തിനും ശാസ്ത്രീയ പരിപാലനത്തിനുമുള്ള സാഹചര്യമുണ്ടല്ലോ ഇത്തരം ഇടങ്ങളിൽ. വിദ്യാർഥികളിൽ നിരീക്ഷണബുദ്ധിയും പ്രകൃതിസ്നേഹവും വളർത്താനും ഇതുപകരിക്കും.

butterfly-park-thattekad പാരീസ് പീകോക്ക്, ശലഭോദ്യാനത്തിലെ ശിൽപങ്ങളിലൊന്ന്

ഇനി, വീട്ടുമുറ്റത്തെ പൂന്തോട്ടത്തിൽ ഏതാനും ശലഭങ്ങളെങ്കിലും വിരുന്നുകാരായി എത്തണമെന്ന് ആഗ്രഹിക്കുന്നവരുടെ ശ്രദ്ധയ്ക്ക്. ശലഭങ്ങൾ കൂടുതലായി തേടിയെത്തുന്ന ചെമ്പരത്തി ഇനങ്ങൾ, കടും ചുവപ്പ് പൂക്കൾ വിരിയുന്ന കൃഷ്ണകിരീടം, ചെത്തി, കൊങ്ങിണി, ഗരുഡക്കൊടി, വെള്ള മുസാൻഡ, ബന്തി, അരളി, കണിക്കൊന്ന, കൂവളം, രാജമല്ലി, ചെമ്പകം, പാഷൻഫ്രൂട്ട് തുടങ്ങിയവ പൂന്തോട്ടത്തിൽ നട്ടുവളർത്തുക. ഇവയിൽ പലതും വർഷം മുഴുവനും പൂക്കൾ വിടർത്തി പൂമ്പാറ്റകൾക്ക് പൂന്തേൻ നൽകുന്നവയാണ്. വെള്ളം നിറഞ്ഞ, ആഴം കുറഞ്ഞ ചെറിയ അലങ്കാരക്കുളവും പൂന്തോട്ടത്തിലുണ്ടാവണം. ചെടികളില്‍ രാസകീടനാശിനികൾ പ്രയോഗിച്ചാൽ ശലഭങ്ങൾ അകലുമെന്ന് പറയേണ്ടതില്ലല്ലോ. ജൈവവളങ്ങളും ജൈവകീടനാശിനികളും മാത്രം പ്രയോഗിക്കുക.

തട്ടേക്കാട് ശലഭോദ്യാനത്തിലെത്തുന്ന സന്ദർശകരിൽ അവിടെ ഏറെ സമയം ചെലവഴിക്കാൻ ഇഷ്ടപ്പെടുന്നത് കുട്ടികളാണെന്ന് കുഞ്ഞാപ്പു. പ്രകൃതിയോടും പൂമ്പാറ്റകളോടും കുട്ടികൾക്കു തോന്നുന്ന നൈസർഗികമായ ഈ ഇഷ്ടം പ്രോത്സാഹിപ്പിച്ചാൽ ഭൂമി ഇന്നത്തെക്കാൾ സുന്ദരമാകും നാളെ.