Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാഴ്‌വസ്തുക്കൾകൊണ്ടു പൂന്തോട്ടം

recycle-garden-1

വീട്ടിലെ ജൈവമാലിന്യം വളമായോ ബയോഗ്യാസായോ മാറ്റി ഉപയോഗയോഗ്യമാക്കുന്ന രീതിക്ക് ഇന്നു നല്ല പ്രചാരമുണ്ട്. എന്നാൽ പ്ലാസ്റ്റിക്, ഫൈബർ, സ്റ്റീൽ, റബർ എന്നിവകൊണ്ടുള്ള വസ്തുക്കൾ ഉപയോഗകാലം കഴിഞ്ഞാൽ വീണ്ടും ഉപയോഗപ്രദമാക്കുന്നതിനു പദ്ധതികളും സാങ്കേതികവിദ്യകളുമുണ്ടെങ്കിലും ഇവയൊക്കെ വഴിയോരത്തും പൊതുസ്ഥലങ്ങളിലും ജലാശയങ്ങളിലും മറ്റും അടിഞ്ഞുകൂടുകയാണ് പതിവ്. ഇവയില്‍ പലതും വൃത്തിയാക്കി പെയിന്റ് ചെയ്ത് ചെടികൾ നടാനുള്ള പാത്രങ്ങളായി ഉപയോഗിക്കാൻ കഴിയും. ഇങ്ങനെയുള്ള പാഴ്‌വസ്തുക്കൾ ചട്ടികളാക്കി ചെടികൾ നട്ടു തയാറാക്കുന്ന റീസൈക്കിൾ ഗാർഡൻ ഇന്നു ലോകമെമ്പാടും പ്രചാരത്തിലായി വരുന്നു.

വായിക്കാം ഇ - കർഷകശ്രീ

അൽപം കലാബോധവും ചെലവഴിക്കാൻ സമയവുമുള്ളവർക്ക് ഏതു പാഴ്‌വസ്തുവും അലങ്കാര ഉരുപ്പടിയായി മാറ്റിയെടുക്കാൻ കഴിയും. ഈടു നിൽക്കുന്ന പാഴ്‌വസ്തുക്കൾ കഴുകി വൃത്തിയാക്കി ആകർഷകമായ ആകൃതിയും നിറവും നൽകിയാണു ചെടികൾ നട്ടുവളർത്തുന്നതിനുള്ള പാത്രങ്ങളായി മാറ്റിയെടുക്കുന്നത്. ഇത്തരം പാത്രങ്ങളിൽ നട്ട ചെടികൾ പരമ്പരാഗത ഉദ്യാനത്തിന്റെ ഒരു ഭാഗത്ത് ഒരുമിച്ച് പ്രത്യേകം സജ്ജീകരിക്കുന്നപക്ഷം കൂടുതൽ ആകർഷകമാകും. അധികം വെയിൽ കിട്ടാത്ത വരാന്തയിലും മരത്തിന്റെ ചോലയിലും മറ്റും ഇത്തരം റീസൈക്കിൾ ചെയ്ത പാത്രങ്ങൾ കൂടുതൽ നാൾ ഭംഗിയോടെ നിലനിൽക്കും.

അടുക്കളയിൽ മിക്സി മുഖ്യസ്ഥാനം കൈയടക്കിയതോടെ സ്ഥാനഭ്രഷ്ടരായ ആട്ടുകല്ലിനും ഉരലിനും പറമ്പിലായി സ്ഥാനം. ഇവ തേച്ചുമിനുക്കി, ക്ലിയർ വാർണിഷും പൂശി നടുവിലുള്ള കുഴിയിൽ നിറച്ച മിശ്രിതത്തിൽ ഒതുങ്ങിയ പ്രകൃതമുള്ള മിനിയേച്ചർ ചെത്തിയോ നന്ത്യാർവട്ടമോ നട്ട് പുൽത്തകിടിയുടെ നടുവിൽ സ്ഥാപിച്ചാൽ പുൽത്തകിടിക്കു കൂടുതൽ അഴകും പഴമയുടെ സ്പർശവും ലഭിക്കും.

തയാറാക്കുന്ന വിധം

റീസൈക്കിൾ ഗാർഡൻ ഒരുക്കുന്നതിന് ആദ്യപടിയായി ഈടുനിൽക്കുന്നതും ആവശ്യത്തിനു വലുപ്പമുള്ളതും നടീൽമിശ്രിതം നിറയ്ക്കാൻ സൗകര്യമുള്ളതുമായ പാഴ്‌വസ്തുക്കൾ കണ്ടെത്തണം. ഉപയോഗശൂന്യമായ ടോയ്‌ലറ്റ് ഫ്ലഷ് ടാങ്ക്, ടയർ, മിക്സിയുടെ ബൗൾ, കാർ ബാറ്ററിയുടെ പ്ലാസ്റ്റിക് പെട്ടി, ചെറിയ ഫ്രിജിന്റെ പുറംപെട്ടി, ഉരൽ, ആട്ടുകല്ല്, പിവിസി പൈപ്പ്, ഹെൽമെറ്റ് തുടങ്ങിയവ ഇതിനായി പ്രയോജനപ്പെടുത്താം.

ഉപയോഗം കഴിഞ്ഞ ഫ്രിജ് ആണ് ചെടി നടാൻ തയാറാക്കുന്നതെങ്കിൽ ആദ്യപടിയായി പുറത്തെ കേസ് ഒഴികെ, മോട്ടോർ, കൂളിങ് കോയിൽ, തട്ടുകൾ, വാതിൽ എല്ലാം നീക്കം ചെയ്യണം. താഴെഭാഗത്ത് വെള്ളം വാർന്നുപോകാനായി ആവശ്യാനുസരണം ദ്വാരങ്ങൾ ഇടണം. പുറംഭാഗം ഭംഗിയായി പെയിന്‍റ് ചെയ്തു വേണമെങ്കിൽ നല്ല ചിത്രങ്ങളും വരച്ച് ആകർഷകമാക്കാം. അടിഭാഗത്ത് വലുപ്പമുള്ള മെറ്റൽചീളുകൾ നിരത്തി അതിനുമേൽ പ്ലാസ്റ്റിക് നെറ്റ് വിരിക്കണം. മെറ്റലിനു മീതെ ആവശ്യാനുസരണം മിശ്രിതം നിറയ്ക്കാം. ഈ വിധത്തിൽ ഫ്ലാന്റർ ബോക്സായി തയാറാക്കിയ ഫ്രിജിൽ ചെടികൾ കൂട്ടമായാണ് നടേണ്ടത്. ഫ്രിജിന്റെ ലോഹ കേസിനുള്ളിൽ അകം ചൂടാകാതിരിക്കാനായി പ്രത്യേക ആവരണമുള്ളതുകൊണ്ട് മിശ്രിതത്തിൽനിന്ന് ഈർപ്പം വേഗത്തിൽ നഷ്ടപ്പെടില്ല എന്ന മെച്ചവുമുണ്ട്.

recycle-garden-2

പഴയ ഫ്ലഷ് ടാങ്ക് ആണ് ചെടി നടാനുള്ള പാത്രമായി മാറ്റുന്നതെങ്കിൽ ഉള്ളിലുള്ള ഫിറ്റിങ്സ് എല്ലാം അഴിച്ചുനീക്കണം. ടാങ്കിന്റെ അടിഭാഗത്തെ വലിയ ദ്വാരം വഴി നടീൽമിശ്രിതം പുറത്തേക്കു പോകാതിരിക്കാന്‍ നേർത്ത കണ്ണിയുള്ള അലുമിനിയം നെറ്റ് ദ്വാരത്തിനു മുകളിൽ വയ്ക്കാം. ഇതിനു മുകളിൽ 1–2 ഇഞ്ച് കനത്തിൽ ബേബിമെറ്റൽ നിറയ്ക്കണം. മെറ്റലിലേക്കു നടീൽമിശ്രിതം ഇറങ്ങാതിരിക്കാൻ മുകളിൽ പ്ലാസ്റ്റിക് നെറ്റ് ഉപയോഗിക്കാം. നെറ്റിനു മുകളിൽ മിശ്രിതം നിറയ്ക്കാം. ടാങ്കിലെ മണ്ണിന്റെ ഉപരിതലം മുഴുവനായി നിറയുന്ന വിധത്തിൽ വേണം ചെടികൾ നടാൻ. വശങ്ങളിലേക്കു ഞാന്നു വളരുന്നവയും ഉപയോഗിക്കാം.

പഴയ ടയറാണ് നടീൽപാത്രമായി മാറ്റുന്നതെങ്കിൽ ആദ്യപടിയായി ടയർ കുറുകെ രണ്ടായി മുറിക്കണം. പകുതിയായി മുറിച്ചെടുത്ത ടയറിന്റെ താഴെഭാഗത്ത് അധികജലം വാർന്നു‍‍പോകാനും വശങ്ങളിൽ തൂക്കിയിടാനുമായി ദ്വാരങ്ങൾ ഇടണം. ഇതിനുശേഷം മോടിയായി പെയിന്റ് ചെയ്തെടുക്കാം. പെയിന്റ് ചെയ്യുന്നതിനു മുൻപ് പ്രൈമറായി സിങ്ക് ക്രോമേറ്റ് പൂശണം. ഇതിനു മുകളിൽ നല്ലനിറം പെയിന്റ് ചെയ്യാം. ടയറിന്റെ വളഞ്ഞ ഭാഗത്താണ് മിശ്രിതം നിറച്ചു ചെടികൾ നടേണ്ടത്. താഴേക്കു ഞാന്നുവളരുന്ന വള്ളിച്ചെടികളാണ് ഇതിൽ വളർത്താന്‍ നല്ലത്. നട്ടശേഷം ആവശ്യമെങ്കിൽ ടയർ പല തട്ടുകളായി തൂക്കിയിടാം.

ഉപയോഗശൂന്യമായ സ്റ്റീൽ നിർമിത പാത്രങ്ങളിൽ അധികജലം വാർന്നുപോകാനായി ദ്വാരങ്ങൾ ഇടുക അത്ര എളുപ്പമല്ല. ഇത്തരം പാത്രങ്ങളിൽ മിശ്രിതം നിറച്ച് നീർബ്രഹ്മി, വാട്ടർ ലെറ്റ്യൂസ്, ആമസോൺ ചെടികൾ തുടങ്ങിയവ നടാം.

പാഴ്‌വസ്തുക്കൾ ആകർഷകമായി പെയിന്റ് ചെയ്തു തയാറാക്കിയ മഷ്റൂം, ചിത്രശലഭം, തുമ്പി, കിളിക്കൂട് എന്നിവ കൂടി വച്ച് ഉദ്യാനം കൂടുതൽ മോടിയാക്കാം.

പാഴ്‌വസ്തുവിൽ ജാലവിദ്യ

recycle-garden-antony പ്രഫ. വി.ജെ. ആൻറണി പൂന്തോട്ടപരിചരണത്തിൽ

കുശവന്റെ കയ്യിലെ കളിമണ്ണുപോലെയാണ് എറണാകുളത്ത് തേവരയിൽ താമസിക്കുന്ന പ്രഫ. വി.ജെ. ആന്റണിയുടെ കരങ്ങളിൽ ഏതു പാഴ്‌വസ്തുവും. ഫിസിക്സ് പ്രഫസറായിരുന്ന ആന്റണി സാറിന്റെ വീട്ടിലെത്തുന്നവർക്ക് ഒരു പരീക്ഷണശാലയിൽ ചെന്ന പ്രതീതിയാണ്. വീടിന്റെ കാർ ഷെഡ് ആണു പരീക്ഷണശാല. അവിടെ സ്പ്രേ പെയിന്റിങ്, ഡ്രില്ലിങ്, വെൽഡിങ് തുടങ്ങി ഏത് ആവശ്യത്തിനുള്ള ആയുധങ്ങളുമുണ്ട്.

ഫിസിക്സുമായി ബന്ധപ്പെട്ട പലതരം ഉപകരണങ്ങള്‍ നിർമിച്ചിട്ടുള്ള ഈ അധ്യാപകൻ 3–4 വർഷമായി ശ്രദ്ധിക്കുന്നത് പാഴ്‌വസ്തുക്കൾ ഏതു വിധത്തിലൊക്കെ ഉപയോഗയോഗ്യമാക്കാമെന്നതിനെക്കുറിച്ചാണ്. കൊച്ചിൻ ഫ്ലവർ ഷോയിലെ പൂന്തോട്ട മത്സരത്തിൽ 2015 മുതൽ ആൻറണിയുടെ വീട്ടിലെ ഗാർഡനാണ് ഒന്നാം സ്ഥാനം നേടുന്നത്. ഈ ഉദ്യാനത്തിന്റെ ഭാഗമായി വലിയൊരു റീസൈക്കിൾ ഗാർഡൻ ഉണ്ട്.

ഉപയോഗശൂന്യമായ ഹെൽമെറ്റിൽ മിശ്രിതം നിറച്ചു ചെടികൾ നട്ടു പരീക്ഷണം നടത്തി വിജയിച്ചപ്പോൾ പഴയ ഫ്ലഷ് ടാങ്ക്, അതിനുള്ളിലുള്ള ഫ്ലോട്ട്, മിക്സിയുടെ ബൗൾ എല്ലാം ചെടി നടാനുള്ള പാത്രങ്ങളാക്കി മാറ്റി. തുടര്‍ന്ന് പാഴ്‌വസ്തുക്കൾ തേടി അന്വേഷണം വീടിനു പുറത്തേക്കും വ്യാപിപ്പിച്ചു. പാഴ്‌വസ്തുക്കൾ ശേഖരിക്കുന്ന കടയിൽനിന്നു പലവട്ടമായി 35,000 രൂപയോളം ചെലവഴിച്ച് പഴയ പെട്രോമാക്സ്, ടയർ, പിവിസി പൈപ്പ് തുടങ്ങി പലതും ശേഖരിച്ചു വീട്ടിലെത്തിച്ചു. തന്റെ വർക്ക്ഷോപ്പിൽ ആവശ്യാനുസരണം പെയിന്റ് ചെയ്ത് പുതുമ നൽകി ചെടികൾ നട്ടു. പഴയ പ്ലാസ്റ്റിക് കുപ്പികളിൽ ചെടികൾ നട്ട് ഒരു വെർട്ടിക്കൽ ഗാർഡനും വീടിന്റെ വരാന്തയിൽ ഒരുക്കി.

മനഃശാസ്ത്രത്തിൽ ഡോക്ടറേറ്റുള്ള ആന്റണിയുടെ വീട്ടില്‍ മാനസികപ്രശ്നങ്ങളുമായി എത്തുന്നവർക്ക് ശാന്തിയും സമാധാനവും നൽകാൻ ഉതകുന്നതാണ് റീസൈക്കിൾ ഗാർഡൻ.

ലേഖകൻ: പ്രഫ. ജേക്കബ് വർഗീസ് കുന്തറ, അസോഷ്യേറ്റ് പ്രഫസർ, ബോട്ടണി വിഭാഗം, ഭാരതമാതാ കോളജ്, തൃക്കാക്കര, കൊച്ചി—21
ഫോൺ: 94470 02211
Email: jacobkunthara123@gmail.com