Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പൂന്തോട്ടത്തിന് പുതുമ നൽകാം

					ഓറഞ്ച് മന്ദാരം

പരമ്പരാഗത നാടൻ പൂച്ചെടികളിൽനിന്നു പുതുപുത്തൻ വിദേശയിനങ്ങളിലേക്കു ചുവടുമാറുകയാണ് ഉദ്യാനപ്രേമികൾ. എന്നും പുതുമ ഇഷ്ടപ്പെടുന്ന മലയാളിക്കായി ലോകമെമ്പാടുനിന്നും ഉദ്യാനച്ചെടികൾ കേരളത്തിൽ വന്നെത്തുന്നു.

പൂന്തോട്ടത്തിലേക്കു ചെടികളുടെ പട്ടിക തയാറാക്കുമ്പോൾ മറ്റെങ്ങും കാണാത്തവയെ ഉൾപ്പെടുത്താനാണ് മലയാളിയുടെ നോട്ടം. ഈ സമീപനം മനസ്സിലാക്കി പല നഴ്സറികളും വിപണനത്തിനൊരുക്കുന്നതിൽ നല്ല പങ്കും വിദേശയിനങ്ങളാണ്. ജർബറ, പോയിൻസെറ്റിയ, അഡീനിയം എന്നിങ്ങനെ പല വിദേശയിനങ്ങളും നമ്മുടെ കാലാവസ്ഥയും മണ്ണുമായി ഇഴുകിച്ചേർന്നുകഴിഞ്ഞു. ലോകവിപണിയുടെ വാതായനം നമ്മുടെ രാജ്യത്തേക്കും തുറന്നതോടുകൂടി കേരളത്തിലേക്കു വിവിധതരം ഓർക്കിഡുകൾ കൂടാതെ, ഒട്ടേറെയിനം ഉദ്യാനച്ചെടികളുടെ തള്ളിക്കയറ്റമാണ്. എങ്കിലും നൂതന വിദേശയിനങ്ങൾ തിരഞ്ഞെടുക്കുന്നതിനു മുമ്പ് അവ നമ്മുടെ നാട്ടിലെ കാലാവസ്ഥയ്ക്കു യോജിച്ചതാണോയെന്നു മനസ്സിലാക്കണം. ഈയിടെ വന്നെത്തിയ ചില വിദേശയിനങ്ങളെ പരിചയപ്പെടാം.

വായിക്കാം ഇ - കർഷകശ്രീ

ഓറഞ്ച് മന്ദാരം

വെള്ള, മഞ്ഞ, ചുവപ്പ് പൂക്കളുള്ള മന്ദാരയിനങ്ങൾ നമ്മുടെ നാട്ടിൽ പരമ്പരാഗത അലങ്കാര പൂച്ചെടികളാണ്. എന്നാൽ ഇവയിൽനിന്ന് ഏറെ വ്യത്യസ്തമായി ഓറഞ്ച് പൂക്കൾ ഉണ്ടാകുന്ന നൂതനയിനം മന്ദാരം ഓസ്ട്രേലിയയിൽനിന്നാണു വരുന്നത്. കുത്തനെ നിവർന്നുവളരുന്ന പ്രകൃതമില്ലാത്ത ഈ കുറ്റിച്ചെടിയുടെ ശാഖകളിൽ കുലകളായി ഉണ്ടാകുന്ന ഓറഞ്ച് പൂക്കളാണ് മുഖ്യ ആകർഷണം. വലിയൊരു കുറ്റിച്ചെടിയായി പുല്‍ത്തകിടിയുടെ നടുക്കും ചട്ടിയിലും വളർത്താ‍ൻ യോജിച്ച ഓറഞ്ച് മന്ദാരത്തിൽ മഴക്കാലമൊഴികെയുള്ള സമയത്തെല്ലാം പൂക്കാലമാണ്. കമ്പു മുറിച്ചുനട്ടാൽ 5–6 മാസത്തിനുള്ളിൽ പൂവിട്ടു തുടങ്ങും. നാടൻ മന്ദാരയിനങ്ങളിൽ നിന്നു വ്യത്യസ്തമായി ഈ ചെടിയുടെ ഇലകൾക്കു കാളക്കുളമ്പിന്റെ ആകൃതിയല്ല; പകരം വീതിയുള്ള കറുവയിലപോലെയാണ്.

കോളിയസ്


					കോളിയസ്

ഇലകളിൽ വർണവിസ്മയം ഒരുക്കുന്ന കോളിയസ് അലങ്കാര ഇലച്ചെടികളിൽ രാജാവാണ്. ജപ്പാനിൽനിന്നു നമ്മുടെ നാട്ടിലെത്തിയ ഇതിന്റെ പുതിയ രണ്ടിനങ്ങള്‍ക്കു മഴവില്ലഴകാണ്. 4–5 മണിക്കൂർ നേരിട്ടു വെയിൽ കിട്ടുന്നിടത്ത് ചട്ടിയിലും നിലത്തും ഒരുപോലെ നട്ടുവളർത്താൻ യോജിച്ചതാണ് ഇവ രണ്ടും. നിലത്താണെങ്കിൽ വെള്ളം തങ്ങിനിൽക്കാത്ത ഇടങ്ങളിലാണ് നടേണ്ടത്. ചെടികൾ നന്നായി വളരാനും ശാഖകൾ ഉണ്ടാകാനും പൂമൊട്ടുകൾ കാണുമ്പോൾ തന്നെ മുറിച്ചുനീക്കണം. ഇളം കമ്പുകൾ മുറിച്ചെടുത്തു നട്ട് പുതിയ ചെടികൾ വളർത്തിയെടുക്കാം.

മരമുല്ലയുടെ ബോൺസായി ഇനം


					മരമുല്ലയുടെ ബോൺസായി ഇനം

വെള്ള നിറത്തിൽ സുഗന്ധിപ്പൂക്കൾ കുലകളായി ഉൽപാദിപ്പിക്കുന്ന മരമുല്ല മലയാളിക്കു സുപരിചിതമാണ്. ഈ മരത്തിന്റെ ബോൺസായി പ്രകൃതവും കുഞ്ഞൻ ഇലകളുമുള്ള മിനിയേച്ചർ ഇനം തായ്‌ലൻഡിൽനിന്ന് ഈയിടെയാണു നമ്മുടെ നാട്ടിലെത്തിയത്. ഇടതൂർന്ന ശാഖകളുമായി ബോൺസായ് സ്വഭാവമുള്ള ഈയിനത്തിന്റെ ശിഖരങ്ങളിൽ ഇലകൾ നിറയെ കുത്തിനിറച്ച പോലെയാണു ക്രമീകരിച്ചിരിക്കുന്നത്. സ്വാഭാവികമായി ഗോളാകൃതി പ്രാപിക്കുന്ന ഈ മരമുല്ല മഴക്കാലമല്ലാത്തപ്പോൾ ചെറിയ വെള്ളപ്പൂക്കളും ഉൽപാദിപ്പിക്കും. പരമാവധി 2–3 അടി ഉയരത്തിലേ ഈ കുറ്റിച്ചെടി വളരുകയുള്ളൂ. പിന്നീടു വശങ്ങളിലേക്കാണ് ശാഖകൾ ഉണ്ടായിവരിക. താരതമ്യേന രോഗബാധ കുറവുള്ള ഈയിനം മരമുല്ല നല്ല വെയിൽ കിട്ടുന്നിടത്തു വളർത്താൻ പറ്റിയതാണ്.

വെള്ളപ്പൂങ്കുലയുള്ള കണിക്കൊന്ന

white-shower-flower-white-kanikkonna വെള്ളപ്പൂങ്കുലയുള്ള കണിക്കൊന്ന

കേരളത്തിന്റെ ഔദ്യോഗിക പുഷ്പമായ കണിക്കൊന്നയുടെ മഞ്ഞപ്പൂക്കളാണ് വിഷുനാളിൽ കണി കാണുക. എന്നാൽ ഈ പൂമരത്തിന്റെ വെള്ളപ്പൂക്കളുള്ള ഇനം നമ്മുടെ നാട്ടിൽ അത്ര പ്രചാരത്തിലായിട്ടില്ല. സസ്യപ്രകൃതിയിൽ നാടൻ കണിക്കൊന്നയ്ക്കു സമാനമാണ് ഈയിനവും. എന്നാൽ പൂവിടും കാലത്ത് പൂങ്കുലകൾ നന്നേ വ്യത്യസ്തമാണ്. ഞാന്നുകിടക്കുന്ന പൂങ്കുലകളിൽ വെള്ളപ്പൂക്കളാണ് ഉണ്ടായിവരിക. പൂമൊട്ടുകൾക്കാവട്ടെ മഞ്ഞനിറവും. നാടൻ ഇനം പോലെ വേനൽക്കാലത്താണ് ഈ മരവും സമൃദ്ധമായി പുഷ്പിക്കുക. നാടൻ കണിക്കൊന്ന ഇംഗ്ലിഷിൽ ഗോൾഡൻ ഷവർ ട്രീ എന്നാണ് അറിയപ്പെടുന്നതെങ്കിൽ ഈയിനത്തിനെ വൈറ്റ് ഷവർ ട്രീ എന്നു വിശേഷിപ്പിക്കാം. കമ്പു മുറിച്ച് നട്ടു വളർത്തിയെടുക്കുന്ന തൈകൾ വേഗത്തിൽ വളർന്നു മരമായി മാറും.

ടെർമിനാലിയ ട്രൈ കളർ


					ടെർമിനാലിയ ട്രൈ കളർ

തായ്‌ലൻഡിൽനിന്നു നമ്മുടെ നാട്ടിലെത്തിയ തല്ലിത്തേങ്ങയുടെ അലങ്കാര ചെറുമരമാണ് ടെർമിനാലിയ ട്രൈ കളർ. വെള്ളനിറത്തിൽ നിറയെ ചെറിയ ഇലകളോടുകൂടിയ ശാഖകൾ കുത്തനെ വളരുന്ന തായ്ത്തടിയിൽ തട്ടുതട്ടായിട്ടാണ് ഉണ്ടായി വരിക. തായ്ത്തടിയുടെ വശങ്ങളിലേക്ക് ശാഖകൾ നല്ല അംഗപ്പൊരുത്തത്തോടെയാണ് ക്രമീകരിച്ചിരിക്കുന്നത്. തല്ലിത്തേങ്ങയിലെന്നപോലെ താഴെയുള്ള ശിഖരങ്ങൾ നീളമുള്ളതും മുകളിലേക്ക് ഉണ്ടായിവരുന്നവ നീളം കുറഞ്ഞവയുമായി ഈ അലങ്കാര മരം കാണാൻ പ്രത്യേക ചന്തമാണ്. നേരിട്ടു വെയിലുള്ളിടത്ത് ദൂരെനിന്നുപോലും നല്ല നോട്ടം കിട്ടുന്നിടങ്ങളിൽ ഒറ്റയ്ക്കു വേണം ഈ മരം നട്ടുപരിപാലിക്കാൻ. ചുവട്ടിൽ വെള്ളം തങ്ങിനിന്നാൽ ഇല പൊഴിക്കുമെന്നതുകൊണ്ട് മഴക്കാലത്തു പ്രത്യേക ശ്രദ്ധ നൽകണം.

ലേഖകന്റെ വിലാസം: പ്രഫ. ജേക്കബ് വർഗീസ് കുന്തറ, അസോഷ്യേറ്റ് പ്രഫസർ, ബോട്ടണി വിഭാഗം, ഭാരതമാതാ കോളജ്, തൃക്കാക്കര, കൊച്ചി—21
ഫോൺ: 94470 02211 Email: jacobkunthara123@gmail.com