Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പൂന്തോട്ടത്തിനഴക്; പൂപ്പാത്രവും അലങ്കരിക്കാം

gerbera-flower-vase പൂപ്പാത്രത്തിൽ ജർബറപ്പൂക്കൾ

സ്വീകരണമുറിയിലെ പൂപ്പാത്രം മോടിയാക്കാൻ പ്ലാസ്റ്റിക് പൂക്കൾക്കു പകരം പുതുമ വിടാത്ത യഥാർഥ പൂക്കൾ ആയാലോ? ജീവൻ തുടിക്കുന്ന പൂക്കൾ ഉന്മേഷം പകരുന്നതിനൊപ്പം കണ്ണിനു കുളിർമയും നൽകും. ഇവയ്ക്കായി പൂക്കട അന്വേഷിച്ചുപോകേണ്ടതില്ല. തിരഞ്ഞെടുത്ത ഏതാനും ചില അലങ്കാരച്ചെടികൾ ഉദ്യാനത്തിൽ നട്ടുപരിപാലിച്ചാൽ പൂക്കളും ഇലകളും ആവശ്യാനുസരണം മുറിച്ചെടുത്ത് പൂപ്പാത്രം നിറയ്ക്കാനായി ഉപയോഗിക്കാം. വീടിനുള്ളിൽ പൂച്ചെടികൾക്കു വളരാനുള്ള അന്തരീക്ഷമില്ല. എന്നാൽ പല പൂച്ചെടികളുടെയും പൂവും ഇലയുമെല്ലാം വീട്ടകം മോടിയാക്കാൻ യഥേഷ്ടം പ്രയോജനപ്പെടുത്താം.

ഒരാഴ്ചയോളം വാടാതെ, നിറം മങ്ങാതെ നിൽക്കുന്ന പൂക്കളും ഇലകളുമാണ് പൂപ്പാത്രം നിറയ്ക്കാൻ പറ്റിയത്. പൂപ്പാത്രത്തിൽ വയ്ക്കുന്നതിനു മുൻപും പിന്നീടും അൽപം ശ്രദ്ധ നൽകിയാൽ ഇത്തരം പൂക്കളുടെയും ഇലകളുടെയും ആയുസ് കൂട്ടാം. പൂവും ഇലയും ശേഖരിക്കുന്നതിനു മുൻപ് ചെടി നന്നായി നനയ്ക്കണം. പാതി വിരിഞ്ഞ പൂക്കളും പൂങ്കുലയും ശേഖരിക്കാൻ ശ്രദ്ധിക്കുക. ഇവ മുറിച്ചെടുത്തശേഷം പൂപ്പാത്രത്തിൽ വയ്ക്കുന്നതിനു മുൻപായി അതിനുള്ളിലെടുത്ത വെള്ളത്തിൽ ഒരു നുള്ള് പഞ്ചസാര അല്ലെങ്കിൽ ആസ്പിരിൻ ഗുളികയുടെ ചെറിയൊരു കഷണം ഇട്ട് കലർത്തണം. 3—4 ദിവസത്തിലൊരിക്കൽ ഫ്ളവർവേസിലെ വെള്ളം മാറ്റി പഞ്ചസാരയോ ആസ്പിരിനോ ചേർത്ത നല്ല വെള്ളം നിറച്ചുകൊടുക്കണം. പൂത്തണ്ടിന്റെ മുറിഭാഗം കുറച്ചു നീളത്തിൽ മുറിച്ചുനീക്കി പുതുക്കണം. പഴങ്ങൾ നിറച്ച പാത്രത്തിന്റെ അടുത്തോ നേരിട്ട് വെയിലോ ചൂടോ കിട്ടുന്നിടത്തോ പൂപ്പാത്രം വയ്ക്കരുത്. പൂക്കൾക്കു തിളക്കമാർന്ന നിറവും ഫ്ളവർവേസിൽ അവയ്ക്കു നീണ്ട ആയുസ്സും ഉറപ്പാക്കാൻ ചെടികൾക്ക് ജൈവവളങ്ങൾ ഉപയോഗിക്കാം.

ബാംബൂ ജിൻജർ

bamboo-ginger-plant ബാംബൂ ജിൻജർ

നേർത്ത മുളംതണ്ടിന്റെ ആകൃതിയിൽ തണ്ടുകളോടുകൂടിയ ഈ അലങ്കാര ഇഞ്ചിയിനം 8—10 അടിവരെ ഉയരത്തിൽ വളരും. മുളപോലെ നേർത്ത്, നീളമുള്ള ഇലകളും ബാംബൂ ജിൻജറിന്റെ പ്രത്യേകതയാണ്. ഉദ്യാനത്തിന്റെ അനാകർഷകമായ ഇടങ്ങളിലും തണൽ കിട്ടുന്നിടങ്ങളിലും ഈ അലങ്കാരയിനം കൂട്ടമായി പരിപാലിക്കാം. മേയ്—സെപ്റ്റംബർ കാലത്താണ് ബാംബൂ ജിൻജർ നമ്മുടെ കാലാവസ്ഥയിൽ പൂവിടുക. ചുവപ്പുനിറമുള്ള പൂങ്കുല കാണാൻ നല്ല ഭംഗിയാണ്. പൂങ്കുലയ്ക്കൊപ്പം മുളയുടെ ആകൃതിയുള്ള തണ്ടുകളും പൂപ്പാത്രത്തിലേക്ക് ഉപയോഗിക്കാം. മണ്ണിനടിയിൽ പടർന്നുവളരുന്ന കിഴങ്ങിൽനിന്നാണ് ചെടി മുകളിലേക്ക് തണ്ടുകളും പൂങ്കുലയുമെല്ലാം ഉൽപാദിപ്പിക്കുക. കിഴങ്ങും തണ്ടുമാണ് ബാംബൂ ജിൻജറിന്റെ നടീൽവസ്തു. നടാനായി കിഴങ്ങ് തിരഞ്ഞെടുക്കുമ്പോൾ അതിൽ നല്ലൊരു മുളകൂടി ഉണ്ടെങ്കിൽ ചെടി വേഗത്തിൽ വളർന്നുവരും. നന്നായി വളർച്ചയെത്തിയ തണ്ട് ഒരടി നീളത്തിൽ മുറിച്ചെടുത്ത് ഈർപ്പമുള്ള മണലിനുമേൽ കിടത്തിയിടണം. മണലിൽ നേരിയ ഈർപ്പം നിലനിർത്താം. ഒന്നുരണ്ട് ആഴ്ചയ്ക്കുള്ളിൽ മുട്ടുകളിൽനിന്നു തൈകൾ ഉണ്ടായിവരും. തൈ വളർന്നുവന്ന തണ്ടുഭാഗം വേരുൾപ്പെടെ മുറിച്ചെടുത്തു നടാനായി ഉപയോഗിക്കാം.

റെഡ് ജിൻജർ

red-ginger-flower റെഡ് ജിൻജർ

മലേഷ്യൻ സ്വദേശിയായ ഈ പൂച്ചെടിയും അലങ്കാര ഇഞ്ചിയിനത്തിൽപ്പെടുന്നു. കടും ചുവപ്പുനിറത്തിലുള്ള വർണ ഇലകളാണ് പൂങ്കുലയുടെ അഴക്. പൂക്കൾക്ക് പൂപ്പാത്രത്തിൽ ഒരാഴ്ചയോളം ആയുസ്സു കിട്ടും. വർണ ഇലകൾ പൂംതണ്ടിൽ അടുക്കായി ചേർന്നിരിക്കുന്ന അവസ്ഥയിൽ വേണം ചെടിയിൽനിന്നു പൂങ്കുല ശേഖരിക്കാൻ. 3—4 അടി ഉയരത്തിൽ വളരുന്ന റെഡ് ജിൻജർ കൂട്ടമായി നടാനും അതിർവേലി തിരിക്കാനുമെല്ലാം നന്ന്. വെയിൽ കിട്ടുന്നിടത്താണ് ഈ ഇഞ്ചിയിനം നന്നായി പുഷ്പിക്കുക. നമ്മുടെ കാലാവസ്ഥയിൽ വർഷം മുഴുവൻ പൂവിടുമെങ്കിലും മഴക്കാലത്താണ് ചെടിയിൽ അധികമായി പൂക്കൾ കാണപ്പെടുക. പ്രായമായ പൂങ്കുലയിൽ ചെറിയ വെള്ളപ്പൂക്കൾ വിരിയും. ഇവയിൽ പരാഗണം നടന്ന് ചെടി വിത്തും ഉൽപാദിപ്പിക്കും. അനുകൂല കാലാവസ്ഥയിൽ വിത്ത് ചെടിയിൽ ആയിരിക്കുമ്പോൾത്തന്നെ മുളച്ച് തൈകൾ പൂക്കൾക്കിടയിൽ കാണാം. ഈവിധത്തിൽ ഉണ്ടായിവരുന്ന തൈകളും മണ്ണിനടിയിലുള്ള കിഴങ്ങും റെഡ് ജിൻജർ നട്ടുവളർത്താനായി ഉപയോഗിക്കാം. കിഴങ്ങുവഴി ഈയിനം വേഗത്തിൽ വളർത്തിയെടുക്കാം. പൂങ്കുലയിൽനിന്നുള്ള തൈകൾ തുടക്കത്തിൽ സാവധാനത്തിലായിരിക്കും വളരുക.

ജർബറ

gerbera-flower ജർബറ

നീളമുള്ള പൂംതണ്ടിന്റെ അറ്റത്ത് വിവിധ വർണങ്ങളിൽ നിറയെ ഇതളുകളുമായി ഉദയസൂര്യനെപ്പോലെ നിൽക്കുന്ന ജർബറ മനോഹരമായ കാഴ്ചയാണ്. ഒറ്റപ്പൂവുകൊണ്ടുപോലും പൂപ്പാത്രം അലങ്കരിക്കാം. പൂപ്പാത്രത്തിലേക്കായി വലിയ പൂക്കൾ ഉണ്ടാകുന്ന ഹൈബ്രിഡ് ഇനങ്ങളാണ് ഉദ്യാനത്തിൽ നട്ടുവളർത്തേണ്ടത്. ഇതിനായി ടിഷ്യുകൾച്ചർ തൈകൾ വിപണിയിൽ ലഭ്യമാണ്. 3—4 ഇലകളോടുകൂടി, ആവശ്യത്തിനു വലുപ്പമെത്തിയ തൈകൾ നട്ടാൽ ഏതാനും മാസങ്ങൾക്കുള്ളിൽ പൂവിട്ടുതുടങ്ങും. ഉച്ചവരെ വെയിൽ കിട്ടുന്ന ഉദ്യാനഭാഗങ്ങളിൽ ഹൈബ്രിഡ് ഇനങ്ങൾ ചട്ടികളിൽ പരിപാലിക്കാം. ജൈവവളങ്ങൾ ദ്രവരൂപത്തിൽ ജർബറയ്ക്ക് നൽകുന്നത് ചെടിയെ ചെറുപ്രാണികളുടെ ആക്രമണത്തിൽനിന്നു രക്ഷിക്കും. കീടബാധവഴി ചെടിയുടെ ഇലകളും പൂമൊട്ടുകളും മുരടിച്ചുപോകും. വേനൽക്കാലത്ത് അധികമായി കാണുന്ന ഈ കീടബാധ ഒബറോൺ കീടനാശിനി (ഒരു മില്ലി/ലീറ്റർ വെള്ളം) 2—3 തവണ ചെടിയിൽ തളിച്ച് നിയന്ത്രിക്കാം. പൂന്തണ്ട് ചെടിയിൽനിന്നു മുറിച്ചെടുക്കുന്നതിനു പകരം രണ്ടു വശങ്ങളിലേക്ക് ആട്ടി കൈകൊണ്ടു പൊട്ടിച്ചെടുക്കുകയാണ് ചെയ്യാറ്.

ഹെലിക്കോണിയ സെൻറ് വിൻസൻറ് റെഡ്

heliconia-flower ഹെലിക്കോണിയ സെൻറ് വിൻസൻറ് റെഡ്

അലങ്കാര ഹെലിക്കോണിയ ഇനങ്ങളിൽ ലാൻഡ്സ്കേപ്പിങ്ങിൽ കൂട്ടമായി വളർത്താൻ ഏറ്റവും യോജിച്ചതാണ് ഈ ചെടി. വിരിഞ്ഞുവരുമ്പോൾ കടും ചുവപ്പുനിറത്തിലുള്ള പൂങ്കുല പിന്നീട് പ്രായമാകുമ്പോൾ ഓറഞ്ച് നിറമാകും. പാതി തണലുള്ളിടത്തും വെയിലത്തും നന്നായി വളരുന്ന ഇതിന്റെ പൂങ്കുല ഇലപ്പരപ്പിനു മുകളിലായാണ് ഉണ്ടായിവരിക. വർഷം മുഴുവൻ പൂവിടുന്ന ഈ പൂച്ചെടിയുടെ പൂങ്കുല ഫ്ളവർവേസിൽ 2—3 അടി ഉയരത്തിൽ വളരുന്ന ഈയിനത്തിന്റെ പുതിയ നാമ്പോടുകൂടിയ കിഴങ്ങാണ് സാധാരണയായി നടാൻ ഉപയോഗിക്കുക. നഴ്സറികവറിൽ നട്ടുവളർത്തിയ കിഴങ്ങ് ഉദ്യാനത്തിലേക്കു മാറ്റി നടുന്നതാണ് നല്ലത്. പൂവിട്ടുകഴിഞ്ഞ തണ്ട് വീണ്ടും പൂവിടില്ല. ഇത്തരം തണ്ടുകൾ കാലാകാലങ്ങളിൽ മുറിച്ചു നീക്കം ചെയ്യണം. ഇത് ചെടിയുടെ ഭംഗി വർധിപ്പിക്കുന്നതിനൊപ്പം പുതിയ തണ്ടുകൾ ഉണ്ടായിവരുവാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്യും.

ഫിലോഡെൻഡ്രോൺ സനഡു

xanadu-plant ഫിലോഡെൻഡ്രോൺ സനഡു

ചേമ്പുവർഗത്തിലെ അലങ്കാര ഇലച്ചെടിയായ ഈയിനം സനഡു എന്ന ഓമനപ്പേരിലാണ് അറിയപ്പെടുന്നത്. ഭാഗിക തണലുള്ള വരാന്തയിലും മരത്തണലിലുമെല്ലാം ചട്ടിയിൽ വളർത്തുവാൻ യോജിച്ചത്. മറ്റ് ഫിലോഡെൻഡ്രോൺ ഇനങ്ങളിൽനിന്നു വ്യത്യസ്തമായി കുറ്റിച്ചെടിയുടെ പ്രകൃതമാണ് സനഡുവിനുള്ളത്. ടിഷ്യുകൾച്ചർ തൈകളും തലപ്പുമാണ് നടീൽവസ്തുവായി ഉപയോഗിക്കുക. വേഗത്തിൽ വളരുന്ന സ്വഭാവമുള്ള സനഡുവിന്റെ വീതിയും കുതകളുമുള്ള ഇലകൾ പൂപ്പാത്രത്തിൽ പൂക്കൾക്കൊപ്പം ഉപയോഗിക്കാം. ഇലയുടെ സവിശേഷ ആകൃതിയും നിറവും വേഗത്തിൽ വാടാത്ത സ്വഭാവവുമാണ് സനഡുവിന് ഫ്ളവർവേസിൽ സ്ഥാനം നൽകുന്നത്. അമിതമായ ചൂടും നട്ടിരിക്കുന്നിടത്തെ അധിക ജലാംശവും ചെടിയെ നശിപ്പിക്കും.

വിലാസം: ജേക്കബ് വർഗീസ് കുന്തറ, അസോഷ്യേറ്റ് പ്രഫസർ, ബോട്ടണി വിഭാഗം, ഭാരത മാതാ കോളജ്, തൃക്കാക്കര, കൊച്ചി—21. Ph: 94470 02211. email: jacobkunthara123@gmail.com