Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രോഗശാന്തിക്ക് ഉദ്യാനഭംഗി

garden

പ്രകൃതിയോടും പൂക്കളോടും മനുഷ്യന് എന്നും അടങ്ങാത്ത സ്നേഹമാണ്. പ്രകൃതിയിലേക്കു മടങ്ങുക എന്ന ആശയത്തിന് ഇന്നു പ്രചാരമേറിവരുന്നു. തിരക്കും ഉത്കണ്ഠയും സമ്മർദവും നിറ‍ഞ്ഞ ആധുനിക ജീവിതത്തിൽ സ്വസ്ഥമായി സമയം ചെലവഴിക്കാനും ഉല്ലസിക്കാനും ഊട്ടിയിലെ ബൊട്ടാണിക്കൽ ഗാർഡനിലേക്കും മൈസൂറിലെ വൃന്ദാവനിലേക്കുമെല്ലാം യാത്ര പോകാൻ സമയം കണ്ടെത്തുന്നവർ ഏറെയാണ്. ഉദ്യാനത്തിലെ പച്ചപ്പ് രക്തസമ്മർദം കുറച്ചു മനസ്സ് ശാന്തമാക്കാൻ നല്ലതെന്നു ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുമുണ്ട്.

വീടിനോടോ സ്ഥാപനത്തോടോ ചേര്‍ന്നുള്ള ഉദ്യാനം അലങ്കാരമാകുന്നതിനൊപ്പം മാനസിക ദൗർബല്യമുൾപ്പെടെ പല രോഗങ്ങൾക്കും ശമനം നൽകുന്ന മരുന്നായും ഉപകരിക്കുന്നു. ഗാർഡൻ തെറപ്പി അഥവാ ഹോർട്ടികൾച്ചർ തെറപ്പി എന്ന ഈ ചികിൽസാരീതിയിൽ ഇത്തരം ഉദ്യാനം അറിയപ്പെടുന്നതു ഹീലിങ് ഗാർഡൻ എന്നാണ്. ഒരു പരിധിവരെ മരുന്നുകൾ ഒഴിവാക്കി രോഗശമനത്തിനു പ്രകൃതിദത്ത ഔഷധമായാണ് ആധുനിക ലോകം ഗാർഡൻ തെറപ്പിയെ കാണുന്നത്.

മാനസികാരോഗ്യകേന്ദ്രത്തിലും വൃദ്ധമന്ദിരത്തിലും ആശുപത്രികളോടു ചേർന്നു തയാറാക്കുന്ന ഉദ്യാനത്തിനു രോഗശമനം, മാനസികോല്ലാസം, സഹകരണ മനോഭാവം വളർത്തൽ തുടങ്ങി വിവിധ ലക്ഷ്യങ്ങളുണ്ട്. വീടുകളിൽ ഒറ്റപ്പെടലിന്റെ വിരസതയുളവാക്കുന്ന വിഷാദരോഗം ഒഴിവാക്കാൻ പറ്റിയ ഏറ്റവും നല്ല ഉപാധിയാണ് പൂന്തോട്ട പരിപാലനം. ദുശ്ശീലങ്ങൾക്ക് അടിമയായവരെ അവയിൽ നിന്നു മോചിപ്പിക്കാനുള്ള മാർഗമായും ഉദ്യാന പരിപാലനത്തെ ഉപയോഗപ്പെടുത്തിവരുന്നു.

ഉദ്യാന രൂപകൽപന

ഹീലിങ് ഗാർ‍‍ഡൻ ഉപയോഗിക്കുന്നവർക്ക് അനുസൃതമായാണ് ഇത്തരം ഉദ്യാനത്തിന്റെ രൂപഘടന. ഏതുതരം ഉദ്യാനമാണെങ്കിലും രോഗികൾക്കും അന്തേവാസികൾക്കും അവിടം സുരക്ഷിതമായിരിക്കണം. ഇതിനായി ചുറ്റും നല്ല കെട്ടുറപ്പുള്ള അതിർവേലി തയാറാക്കാം. ശബ്ദമലിനീകരണമില്ലാത്തതും ശാന്തമായ അന്തരീക്ഷമുള്ളതുമായ സ്ഥലത്താണു ഹീലിങ് ഗാർഡൻ ഒരുക്കേണ്ടത്. മരങ്ങൾ നിറയെ തിങ്ങിനിൽക്കാതെ തുറസ്സായതും അധികമായി പുൽത്തകിടിയുള്ളതുമായ ലാൻഡ്സ്കേപ്പാണു യോജിച്ചത്. അന്തേവാസികളിൽ ഇത്തരം ഘടന സുരക്ഷിതബോധം വർധിപ്പിക്കുന്നു. ഉദ്യാനത്തിന്റെ എല്ലാ ഭാഗത്തും രാത്രിയോ പകലോ എന്ന വ്യത്യാസമില്ലാതെ നല്ല പ്രകാശമുണ്ടായിരിക്കണം. ഇതിനായി അലങ്കാരവിളക്കുകൾ ആവശ്യാനുസരണം സ്ഥാപിക്കാം. മനസ്സിനു ശാന്തിയും ശക്തിയും ആത്മവിശ്വാസവും വർധിപ്പിക്കാൻ പുണ്യാത്മാക്കളുടെയും ദേവന്മാരുടെയും പ്രതിമകൾ സ്ഥാപിക്കുന്നതു കൊള്ളാം. വീൽചെയറിൽ മാത്രം ചലിക്കുന്ന അന്തേവാസികള്‍ക്കായി ഉദ്യാനത്തിന്റെ എല്ലാ ഭാഗത്തേക്കും എത്തിച്ചേരാൻ പറ്റിയ പാതകൾ ആവശ്യമാണ്.

gardens-walk

അന്തേവാസികളുടെയോ രോഗികളുടെയോ പ്രായവും മാനസികനിലയും ആരോഗ്യവും അനുസരിച്ചാണു ഗാർഡൻ തെറപ്പിക്ക് ഉപയോഗിക്കുന്ന ഉദ്യാനത്തിലേക്കു ചെടികൾ തിരഞ്ഞെടുക്കേണ്ടത്. രോഗശമനത്തിനായുള്ള എല്ലാത്തരം ഉദ്യാനത്തിലും പൂച്ചെടികളും പൂമരങ്ങളും ഉൾപ്പെടുത്തണം. നാടൻ ഇനങ്ങൾ ഉപയോഗിച്ചാൽ കാലവ്യത്യാസമില്ലാതെ ഇവ പൂവിടും. പൂമ്പാറ്റകളെയും തേൻകുരുവികളെയും ആകർഷിക്കാനായി കൊങ്ങിണി, ചെത്തി, കൃഷ്ണകിരീടം, അരളി തുടങ്ങിയ പൂച്ചെടികൾ ഉൾപ്പെടുത്താം. തണൽമരങ്ങളുടെ ചുവട്ടിൽ ഇരിപ്പിടങ്ങൾ സ്ഥാപിച്ചു വിശ്രമസ്ഥലങ്ങളായി മാറ്റിയെടുക്കാം.

ചെറിയ ജോലികൾ ചെയ്യാൻ ആരോഗ്യമുള്ള അന്തേവാസികളുണ്ടെങ്കിൽ ചെടികളുടെ നന, വളമിടീൽ, കള നീക്കൽ തുടങ്ങി ലളിതമായ ജോലികൾ അവർക്കായി മാറ്റിവയ്ക്കാം. ഇത്തരം പ്രവൃത്തികളുടെ മേൽനോട്ടത്തിനു പരിശീലനം ലഭിച്ച വിദഗ്ധർ ഉണ്ടായിരിക്കണം.

അന്തേവാസികൾ പരിപാലിക്കുന്ന ഇത്തരം തെറാപ്യൂട്ടിക് ഉദ്യാനത്തിൽ വാർഷിക പൂച്ചെടികൾക്കായി പൂത്തടങ്ങളുണ്ടെങ്കിൽ നന്ന്. വേഗത്തിൽ പൂവിടുന്ന വാർഷികയിനങ്ങൾ ആസ്വാദകർക്കു പ്രത്യാശ നൽകാൻ കഴിവുള്ളവയാണ്. കാലാവസ്ഥയനുസരിച്ചു പൂത്തടങ്ങളിൽ മാറിമാറി പലയിനം പൂച്ചെടികൾ നട്ടുവളർത്താം.

ആഴം കുറ‍ഞ്ഞതും ആവശ്യത്തിനു വലുപ്പമുള്ളതുമായ അലങ്കാര കുളം, അതിലൊരു ജലധാര ഇവ ഹീലിങ് ഗാർഡന്റെ ഭാഗമാക്കാം. ജലാശയത്തിൽ വർണമൽസ്യങ്ങൾ, ആമ്പൽ ഇവ യോജിച്ചതാണ്. കൂടാതെ വിശ്രമിക്കാനും മറ്റുള്ളവരുമായി ഇടപഴകാനുമായി ഗാസിബോ ഉൾപ്പെടുത്താം. ആധുനിക ഹീലിങ് ഗാർഡൻ തയാറാക്കാനും പരിപാലിക്കാനും ലാൻഡ്സ്കേപ് ആർക്കിടെക്റ്റ്, ഹോർട്ടികൾച്ചർ തെറപ്പിസ്റ്റ്, റിക്രിയേഷനൽ തെറപ്പിസ്റ്റ് എന്നീ വിദഗ്ധരുടെ സഹായവും സഹകരണവും ഉപയോഗിക്കാറുണ്ട്. എല്ലാ കാലത്തും പൂന്തോട്ടത്തിന്റെ ഭംഗി ഒരുപോലെ നിലനിർത്തിയാൽ മാത്രമേ ഉദ്യാനം ഒരു മരുന്നായി മാറുകയുള്ളൂ. 

ലേഖകൻ: പ്രഫ. ജേക്കബ് വർഗീസ് കുന്തറ, അസോഷ്യേറ്റ് പ്രഫസർ, ബോട്ടണി വിഭാഗം, ഭാരതമാതാ കോളജ്, തൃക്കാക്കര, കൊച്ചി—21

ഫോൺ: 94470 02211

Email: jacobkunthara123@gmail.com