Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആന്തൂറിയത്തിനു തണൽ

flower-anthurium ആന്തൂറിയം

പൂന്തോട്ടത്തിൽ ഈ മാസം 

ആന്തൂറിയം ചെടികളിൽ നേരിട്ടു സൂര്യപ്രകാശം വീഴരുത്. ഇലകൾ പൊള്ളി കരിയും. തന്നെയുമല്ല നല്ല സൂര്യപ്രകാശം കിട്ടുന്നിടത്ത് 75% തണൽ വലയും ഭാഗികമായി വെയിലുള്ളിടത്ത് 50% വലയും ഉപയോഗിക്കുക. പച്ചനിറത്തിലുള്ള വലയാണ് നല്ലത്. ചട്ടികളില്‍ പോട്ടിങ് മിശ്രിതം കുറവാണെങ്കിൽ വീണ്ടും നിറയ്ക്കുക. പച്ചച്ചാണകസ്ലറി, മണ്ണിരക്കമ്പോസ്റ്റ്, കടലപ്പിണ്ണാക്ക് പുളിപ്പിച്ച തെളി, എല്ലുപൊടി എന്നിവ മികച്ച ജൈവവളങ്ങൾ.

രാസവളങ്ങൾ 19–19–19 കോംപ്ലക്സ് വളം ചെറിയ അളവിൽ രണ്ടാഴ്ച കൂടുമ്പോൾ ചേർക്കുക. നന കൂടിയാൽ ഒച്ചിന്റെ ശല്യം കൂടും. അഴുകലിനും ഇടയാകും. വേരുകൾ അഴുകി ചെടി നശിക്കുന്ന പിത്തിയം, ഫൈറ്റോഫ്തോറ കുമിളുകൾക്കെതിരെ അക്കോമിൻ 3 മി.ലീ, ഒരു ലീറ്റർ വെള്ളത്തിൽ എന്ന കണക്കിന് ഇടയ്ക്കിടെ തളിക്കുകയും ചുവട്ടിൽ ഒഴിക്കുകയും ചെയ്യാം. ട്രൈക്കോഡേർമ, സ്യൂഡോമോണാസ് കൾച്ചറുകൾ ചുവട്ടിൽ ചേർക്കുന്നതും രോഗങ്ങളെ തടയും.

ഓർക്കിഡ്

നിലത്തു വളരുന്ന ഇനങ്ങൾക്കു പച്ചച്ചാണകസ്ലറി, കടലപ്പിണ്ണാക്ക്, മണ്ണിരക്കമ്പോസ്റ്റ് എന്നിവ ചേർക്കാം. കരുത്തു കുറവാണെങ്കിൽ നേരിയ അളവിൽ 19–19–19 വളം വെള്ളത്തിൽ കലക്കി ഒഴിക്കാം. ചട്ടികളിൽ വളർത്തുന്ന ഹാങ്ങിങ് ഇനങ്ങൾക്ക് പച്ചച്ചാണകസ്ലറി നേർപ്പിച്ച് ഇടയ്ക്കിടെ തളിക്കാം. എൻ.പി.കെ. 3:1:1 എന്ന അനുപാതത്തിൽ കായികവളർച്ചയുടെ കാലങ്ങളിലും 1:2:2 എന്ന അനുപാതത്തില്‍ പുഷ്പിക്കുന്ന കാലത്തും തളിക്കാം. ഇവയുണ്ടായാൽ വെള്ളത്തിൽ അലിയുന്ന രാസവളങ്ങളാണ് ഉപയോഗിക്കുക. ഈ അനുപാതത്തിലുള്ള മിക്സ്ചർ മൂന്നു ഗ്രാം ഒരു ലീറ്റർ വെള്ളത്തിൽ എന്ന കണക്കിനു തളിക്കുകയും ചുവട്ടിൽ ഒഴിക്കുകയും ചെയ്യാം. ഇലപ്പേൻ, ഏഫിഡ്, മൈറ്റ്, സോഫ്റ്റ് സ്കെയില്‍, മീലിബഗ്, ഓർക്കിഡ് വിവിൾ എന്നിവയാണ് പ്രധാന കീടങ്ങൾ. വെളുത്തുള്ളി– വേപ്പെണ്ണ–സോപ്പു മിശ്രിതം ഉപയോഗിച്ച് ഇവയെ നിയന്ത്രിക്കാം.

റോസ്

വേനലിൽ റോസ് ഉണങ്ങാതെ സൂക്ഷിക്കുക. ചകിരി, ചാണകക്കട്ട എന്നിവ ചുവട്ടിൽ അടുക്കി പാകത്തിൽ നനയ്ക്കുക. പച്ചച്ചാണകസ്ലറി, കടലപ്പിണ്ണാക്ക്, പുളിപ്പിച്ച തെളി, മണ്ണിരക്കമ്പോസ്റ്റ്, എല്ലുപൊടി എന്നിവ റോസിന് ഇടയ്ക്കിടെ നൽകാം. രണ്ടാഴ്ച കൂടുമ്പോൾ നേരിയ അളവിൽ റോസ് മിക്സ്ചറോ 19:19:19 വളമോ ചേര്‍ക്കുക. കുരുടിപ്പ്, ഇലകളുടെ മാർദവം നഷ്ടപ്പെടൽ, അരിക് വളയുക, പൂമൊട്ടുകൾ തുറക്കാതെ കരിയുക മുതലായവ വരുത്തുന്ന ചെറുകീടങ്ങളെ വെളുത്തുള്ളി–വേപ്പെണ്ണ–സോപ്പു മിശ്രിതം കൊണ്ട് നിയന്ത്രിക്കാം.

Your Rating: