Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആന്റണി ഡോക്ടറുടെ അരുമക്കിളികൾ

dr-shine-antonys-with-pet-bird ഡോക്ടർ ആന്റണി. ചിത്രം : അനിൽ ചുങ്കംവേലി

കൊച്ചി പച്ചാളം കുമരോത്ത് വീടിന്റെ മട്ടുപ്പാവിലാകെ കിളിയൊച്ചകളാണ്. ഒക്കെയും ആഫ്രിക്കൻ തത്തസുന്ദരികൾ. അവയ്ക്ക് പാർക്കാൻ കുഞ്ഞുകൂടാരങ്ങളായി എഴുപതോളം കൂടുകൾ. അവയ്ക്കിടയിലേക്ക് അതിരാവിലെതന്നെ ഡോക്ടർ നടന്നെത്തും, ഓരോരുത്തരോടും കിന്നാരം പറയാൻ. വൈപ്പിൻ റൂറൽ കോ–ഓപ്പറേറ്റീവ് സൊസൈറ്റിയുടെ മെഡിക്കൽ ഓഫിസർ എന്ന ചുമതല നിർവഹിക്കുമ്പോഴും മനസ്സിന്റെ പാതി ആഫ്രിക്കൻ തത്തകൾക്കു നൽകുകയാണ് ഡോ. ആന്റണി ഷൈൻ.

pet-birds2 ചിത്രം : അനിൽ ചുങ്കംവേലി

ചെറുപ്രായത്തിൽ തുടങ്ങിയ തത്തസ്നേഹം ഇപ്പോൾ എത്തിനില്‍ക്കുന്നത് ആഫ്രിക്കൻ ലൗബേർഡുകളിലാണ്. രണ്ട് പതിറ്റാണ്ടിനിടയിൽ ആഫ്രിക്കൻ ലൗബേർഡുകളുടെ വലിയൊരു ശേഖരംതന്നെ ഡോക്ടർ സ്വന്തമാക്കിയിട്ടുണ്ട്. വീടിന്റെ മട്ടുപ്പാവിൽ അവയ്ക്കായി വിശാലമായ കൂടാരവുമുണ്ട്. വയർമെഷിന്റെ കൂടുകൾക്കിടയിലൂടെ നടപ്പാതയും മീതേ ഒന്നാന്തരം ട്രസ് വർക്കുമുണ്ട്. വെയിലിന്റെ വീറിനെ തടയാൻ ഫൈബർ കോട്ട‍ഡ് ടിൻഷീറ്റുകളാണ് മേൽക്കൂരയിൽ ഉപയോഗിച്ചിരിക്കുന്നത്. ഓരോ കൂട്ടിലും ദ്വാരമുള്ള മൺകലങ്ങൾ വച്ച് പ്രജനനത്തിന് സാഹചര്യമൊരുക്കും. മറൈൻ പ്ലൈവുഡിന്റെ പാനലാണ് അടിത്തറ. പക്ഷികൾക്കു കയറിയിരിക്കാൻ കരിനൊച്ചിയുടെ കമ്പുകളും.

pet-birds1 മാവോ മാസ്ക്, ലുട്ടിനോ, ബ്ലൂ മാസ്ക്ഡ്. ചിത്രങ്ങൾ : അനിൽ ചുങ്കംവേലി

അരുമക്കിളികൾക്കു സൗന്ദര്യം മാത്രം പോര, ആരോഗ്യവും വേണമെന്ന നിർബന്ധമുണ്ട് ഡോക്ടർക്ക്. അതുകൊണ്ടു മികച്ച തീറ്റ തന്നെ നൽകുന്നു. പയർ മുളപ്പിച്ചതും കടലയും വൻപയറും ഗ്രീൻപീസും ചേർത്തതുമായ മാംസ്യത്തീറ്റ, നെല്ലും തിനയും സൂര്യകാന്തിക്കുരുവും ചേർന്ന ധാന്യത്തീറ്റ, മുരിങ്ങയിലയും ചീരയും ആര്യവേപ്പിലയും ചേർന്ന ഇലത്തീറ്റ, എന്നിങ്ങനെ. രോഗപ്രതിരോധത്തിന് ആൽഫാൽഫ, ആർ–88 തുടങ്ങിയ ഹോമിയോമരുന്നുകൾ പതിവായി നൽകും. ആൽഫാൽഫ പൊതുരോഗപ്രതിരോധത്തെ ശക്തിപ്പെടുത്തുമെങ്കിൽ ആർ–88 വൈറസ് രോഗത്തിനുള്ള പ്രതിരോധമാണ്.

പ്രജനനത്തിന് ഇണകളെ തിരഞ്ഞെടുക്കുന്നതിൽ ഏറെ ശ്രദ്ധ വേണമെന്ന് ഡോ. ആന്റണി ഷൈൻ. തലയുടെ വലുപ്പം, ചുണ്ടിന്റെ ചുരുളൻ ആകൃതി, ഇടുപ്പെല്ലിന്റെ അകലക്കുറവ്, സ്പർശിക്കുമ്പോൾ ഉള്ളിൽ മുള്ളുണ്ടെന്ന തോന്നൽ എന്നിവ ആൺകിളിയുടെ ലക്ഷണങ്ങളാണ്. എങ്കിലും കൃത്യമായ ലിംഗനിർണയത്തിന് ഹരിയാനയിലെ ഗുർഗാവോണിലുള്ള എവിജീൻ ടെക്നോളജീസ് ലബോറട്ടറിയിൽ ഡിഎൻഎ സെക്സിങ് നടത്തും. മുതുകിലെയോ നെഞ്ചിലെയോ തൂവൽ രക്തസ്പർശത്തോടുകൂടി പറിച്ചെടുത്ത് സിപ് ലോക്ക് കവറിലാക്കി കൊറിയർ ചെയ്താൽ മതി. കൊറിയർ കൈപ്പറ്റി 24 മണിക്കൂറിനുള്ളിൽ ലിംഗനിർണയ റിസൽട്ട് ഫോൺസന്ദേശമായെത്തും. ഒരാഴ്ചയ്ക്കുള്ളിൽ സർട്ടിഫിക്കറ്റും വരും.

വായിക്കാം ഇ - കർഷകശ്രീ

മികച്ച ജോഡിയെ കണ്ടെത്തി പ്രജനനം നടത്തുന്നതിലാണ് വിരുത്. വർഷത്തിൽ ഒരു ഡസനോളം കുഞ്ഞുങ്ങളെ കിട്ടും. ജോഡിക്ക് 2000 മുതൽ 5000 രൂപവരെ വിലയുണ്ട്.

ഫോൺ: 830183221