Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നായ്ക്കൾക്ക് പൊണ്ണത്തടി അപകടം; വ്യായാമം ആവശ്യം

dog

അമിതവണ്ണം മനുഷ്യർക്കെന്നതുപോലെ നായ്ക്കൾക്കും പുതിയ ആരോഗ്യപ്രശ്നമായി മാറുന്നു. ഓരോ നായയ്ക്കും ജനുസ്സ്, പ്രായം. ലിംഗം, ശാരീരികാവസ്ഥ എന്നിവയുടെ അടിസ്ഥാനത്തിൽ നിശ്ചിത ശരീരഭാരം വേണ്ടതുണ്ട്. ഇതിനെക്കാൾ പതിനഞ്ചു ശതമാനത്തിൽ കൂടുതലായാൽ പൊണ്ണത്തടിയെന്നു കണക്കാക്കാം. സാധാരണഗതിയിൽ പ്രായം കൂടുന്തോറും ശരീരത്തിൽ കൊഴുപ്പ് അടിഞ്ഞു കൂടുന്നതിന്റെ തോത് വർധിക്കുകയും ശരീരഭാരം കൂടുകയും ചെയ്യും. അമിതഭാരം എല്ലാ പ്രായത്തിലും ഉണ്ടാകാമെങ്കിലും മധ്യവയസ്സ് (5–10 വയസ്സ്) എത്തിയ നായ്ക്കളിൽ കൂടുതലായി കണ്ടുവരുന്നു. പെൺപട്ടികൾക്കും വന്ധ്യംകരണശസ്ത്രക്രിയ കഴിഞ്ഞവയ്ക്കും വീടിനുള്ളിൽത്തന്നെ കഴിയുന്നവയ്ക്കുമൊക്കെ പൊണ്ണത്തടിക്കു സാധ്യതയേറും.

അമിത ഭാരം, ശരീരത്തിൽ പല ഭാഗങ്ങളിലും കൊഴുപ്പ് അടിഞ്ഞുകൂടൽ, ആരോഗ്യക്കുറവ്, വ്യായാമത്തോടു മടി തുടങ്ങിയവയാണ് പൊണ്ണത്തടിയുടെ പൊതുലക്ഷണങ്ങൾ. ശരീരഭാരം, ശാരീരികാവസ്ഥാ പരിശോധന, ശരീരപരിശോധന എന്നീ മാർഗങ്ങളിലൂടെ അമിതഭാരമുണ്ടോയെന്നു കണ്ടെത്താനാകും. വാരിയെല്ലുകൾ, നടുഭാഗം, വാൽ, തല എന്നിവയുടെ ആകൃതിയും അവസ്ഥയുമാണ് പ്രധാനമായും വിലയിരുത്തുന്നത്. കൗതുകകരമായ ഒരു പൊതുനിരീക്ഷണം ഉടമകൾ തടിമാടന്മാരാണെങ്കിൽ മിക്കപ്പോഴും നായയും അങ്ങനെതന്നെ എന്നതാണ്.

വായിക്കാം ഇ - കർഷകശ്രീ

ഇനി പൊണ്ണത്തടിയുടെ കാരണങ്ങൾ പരിശോധിക്കാം. അമിതഭക്ഷണം, വ്യായാമക്കുറവ്, ശരീരഭാരം കൂടാൻ പ്രവണതയുള്ള ശരീരം എന്നിവയാണ് പ്രധാന കാരണങ്ങൾ. കൂടാതെ പാരമ്പര്യം, ചില രോഗങ്ങൾ, ഹോർമോൺ വ്യതിയാനം എന്നിവയും അമിതഭാരത്തിനു കാരണമാകാം.

ലാബ്രഡോർ, ഹൗണ്ടുകൾ, ഡാഷ്ഹണ്ട് തുടങ്ങി പല ജനുസ്സുകൾക്കും പാരമ്പര്യമായി പൊണ്ണത്തടിക്കുള്ള പ്രവണതയുണ്ടാകും. കരൾ രോഗങ്ങൾ, അർബുദം, പ്രമേഹം തുടങ്ങിയവയുണ്ട‍െങ്കിൽ ശരീരഭാരം കൂടാം. ഹൈപ്പർ തൈറോയിഡിസം, ഇൻസുലിനോമ, ഹൈപ്പർ അഡ്രിനോ കോർട്ടിസം, വന്ധ്യംകരണശസ്ത്രക്രിയ തുടങ്ങിയവ ഹോർമോണുകളുടെ അളവിലുണ്ടാക്കുന്ന വ്യതിയാനം പൊണ്ണത്തടിക്കു വഴിവയ്ക്കാം.

വീട്ടിൽ മിച്ചംവരുന്ന ഭക്ഷണാവശിഷ്ടങ്ങൾ മുഴുവൻ നായ്ക്കൾക്കു നൽകുന്നതും സ്നേഹാധിക്യം മൂലം വീട്ടിലെ ഓരോ അംഗവും അവരുടെ വക ഭക്ഷണം നൽകുന്നതും പൊണ്ണത്തടിക്കു വഴിവയ്ക്കുന്നു. കൂടിയ കാലറിയും കൊഴുപ്പും മാംസ്യവും അടങ്ങിയ ഭക്ഷണം, മധുരപലഹാരങ്ങൾ, ഐസ്ക്രീം എന്നിവ സ്ഥിരമായി നൽകുന്നതും അമിതവണ്ണത്തിലേക്കു നയിക്കാം. ഭക്ഷണം ആവശ്യത്തിലധികവും വ്യായാമം കുറവുമാണെങ്കിലും പൊണ്ണത്തടിയുണ്ടാകും. സ്ഥലപരിമിതിയോ സമയക്കുറവോ മടിയോ കാരണം ഉടമ അരുമയുടെ വ്യായാമം നിഷേധിക്കുന്നതും പൊണ്ണത്തടിക്കു കാരണമാകുന്നു.

dog-walk വ്യായാമത്തിനായി നടത്തം. ഫോട്ടോ: കെ.സി. സൗമിഷ്

നായ്ക്കൾക്കുണ്ടാകുന്ന പല രോഗങ്ങളുടെയും മൂലകാരണം അമിതഭാരമാണ്. ആയുർദൈർഘ്യത്തെയും ഇതു ബാധിക്കുന്നു. അമിത ഭാരത്തിന്റെ ദോഷം എല്ല്, സന്ധി, ദഹനേന്ദ്രിയവ്യൂഹം, ശ്വാസകോശം എന്നിവയെയും ബാധിക്കാം. പ്രമേഹം, കരൾ രോഗങ്ങൾ, ഹൃദ്രോഗം, വാതം, രക്തസമ്മർദം തുടങ്ങിയ ജീവിതശൈലീരോഗങ്ങൾക്കു പൊണ്ണത്തടി വഴിവയ്ക്കുകയും ചെയ്യുന്നു. ശരീരത്തിന്റെ സ്വാഭാവിക രോഗപ്രതിരോധശേഷിയിലുണ്ടാകുന്ന കുറവ് കനൈൻ ഡിസ്റ്റംപർ, ചർമരോഗങ്ങൾ എന്നിവയ്ക്കും വഴിവയ്ക്കുന്നു. വന്ധ്യതയാണ് അമിതവണ്ണത്തിന്റെ മറ്റൊരു ദുഷ്ഫലം. മദിലക്ഷണങ്ങളുടെ അഭാവം, ഗർഭധാരണം കുറയൽ, ഗർഭമലസൽ, വിഷമപ്രസവം, കുഞ്ഞുങ്ങളുടെ എണ്ണം കുറയൽ, പാലൂട്ടാൻ ശേഷി കുറയൽ തുടങ്ങി പല പ്രശ്നങ്ങളും വരാം. അണപ്പും, കിതപ്പും കാരണം നടപ്പും ഓട്ടവുമൊക്കെ നായ്ക്കൾക്കു ബുദ്ധിമുട്ടാകുന്നു.

പൊണ്ണത്തടിയുടെ കാരണം കണ്ടുപിടിക്കുകയെന്നതാണു ചികിത്സയിൽ പ്രധാനം. ഭക്ഷണ ക്രമീകരണം, വ്യായാമം, മാനസിക – സ്വഭാവ ക്രമീകരണം, മരുന്ന്, സർജറി എന്നിവയാണു മനുഷ്യരിൽ പൊണ്ണത്തടി നേരിടാനുള്ള ചികിത്സ. ഇവയിൽ മരുന്നും സർജറിയും നായ്ക്കളിൽ സാധാരണ ഇപയോഗിക്കാറില്ല. ഭക്ഷണ ക്രമീകരണവും വ്യായാമവുമാണ് നായ്ക്കളിൽ അമിതാഹാരംമൂലമുള്ള പൊണ്ണത്തടി കുറയ്ക്കാൻ ചെയ്യാറുള്ളത്. ഒരോ ജനുസ്സിനും പ്രായത്തിനും ശാരീരികാവസ്ഥകൾക്കും ആവശ്യമായ ആഹാരത്തിന്റെ അളവ് അറിഞ്ഞുവേണം നായയെ പോറ്റാൻ. വീട്ടിൽ ബാക്കിവരുന്ന ആഹാരം മുഴുവൻ കൊടുക്കാനുള്ള വേസ്റ്റ്ബിൻ അല്ല നായ. ഇഷ്ടം കൂടി ഓരോരുത്തരും തീറ്റ നൽകേണ്ട ആവശ്യവുമില്ല. ദിവസം ഒന്നോ രണ്ടോ തവണ മാത്രം ആഹാരം നൽകുക.

ഊർജം കുറഞ്ഞ, നാരിന്റെ അംശം കൂടുതലുള്ള തീറ്റ നൽകണം. കൊഴുപ്പ് കൂടുതലുള്ള ഭക്ഷണം ഒഴിവാക്കണം. ഭക്ഷണത്തിൽ സമയക്രമം പാലിക്കണം. ധാരാളം ശുദ്ധജലം കൂടിക്കാൻ നൽകണം. മധുരപലഹാരങ്ങൾ ഒഴിവാക്കണം. അരിഭക്ഷണം കുറയ്ക്കണം. ഇറച്ചിയുടെ അളവ് പൊണ്ണത്തടിയന്മാർക്കു പകുതിയാക്കണം. L–കാർണിറ്റ‍ിൻ കോൺജുഗേറ്റഡ് ലിൻഒലിയിക് ആസിഡ്, ഉയർന്ന നാരുള്ള ഭക്ഷണം എന്നിവ ഉൾപ്പെടുത്തിയിട്ടുള്ള തെറാപ്യ‍ൂട്ടിക് ഡയറ്റുകൾ പൊണ്ണത്തടിയന്മാർക്കു നൽകാം. തടിയുള്ളവർക്കു മാംസാഹാരം കുറച്ച് പച്ചക്കറി കൂടുതൽ നൽകാം. വന്ധ്യംകരണ ശസ്ത്രക്രിയ കഴിഞ്ഞ നായ്ക്കൾക്കു മറ്റുള്ളവയെക്കാൾ ഭക്ഷണം കുറവു മതി. ദിവസേന അരമണിക്കൂറെങ്കിലും നടത്തിയോ ഓടിപ്പിച്ചോ വ്യായാമം നൽകണം. ഭക്ഷണക്രമീകരണത്തോടൊപ്പമുള്ള വ്യായാമമേ ഫലം നൽകൂ.

വെറ്ററിനറി ഡോക്ടറുടെ സഹായത്തോടെ ശാസ്ത്രീയ തീറ്റക്രമവും ഉചിതമായ വ്യായാമ മുറകളും അവലംബിച്ച് അമിതവണ്ണത്തെ പമ്പ കടത്താം.

വിലാസം: അസി. പ്രഫസർ, കേരള വെറ്ററിനറി സർവകലാശാല.

ഫോൺ– 9446203839