Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അരുമപ്പൂട്ട്

ornamental-fish

മൃഗങ്ങൾക്കെതിരായ ക്രൂരത തടയൽ ചട്ടത്തിന് (2016) കേന്ദ്ര സർക്കാർ പുതിയ ഭേദഗതി കൊണ്ടുവന്നതോടെ അരുമ മൃഗങ്ങളെ വിൽക്കുന്ന സ്ഥാപനങ്ങളു‌ടെ ( പെറ്റ് ഷോപ്പ് ) പ്രവർത്തനം ആശങ്കയിലായി.  വളർത്തുമൃഗങ്ങളുടെ വളർത്തൽ, പ്രജനനം, വിൽപന തുടങ്ങിയവയ്ക്ക് നിയന്ത്രണവും അലങ്കാര മൽസ്യങ്ങളുടെ പ്രദർശനത്തിനും വിപണനത്തിനും നിരോധനവുമാണ് പുതിയ ഭേദഗതി പ്രകാരം നടപ്പാക്കാൻ പോകുന്നത്.

രാജ്യത്തെ പെറ്റ് ഷോപ്പുകളെ നിയന്ത്രിക്കുന്നതിനാണ് പുതിയ നിയമം കൊണ്ടുവന്നതെങ്കിലും  ഫലത്തിൽ വളർത്തുന്നവരടക്കം പെറ്റ് ഷോപ്പുകളുടെ ഗണത്തിലായി. അതേസമയം, ഭേദഗതിയിൽ അപ്രായോഗിക നിർദേശങ്ങളാണുള്ളതെന്ന ആക്ഷേപവും ഉയർന്നു വരുന്നുണ്ട്.രാജ്യത്ത്  വളർത്തുമൃഗങ്ങളുടെ വിൽപന ഇതുവരെ നിയന്ത്രിച്ചിരുന്നില്ല.

അടുത്തകാലത്തു വളർത്തുമൃഗങ്ങളുടെ പ്രജനനവും വിൽപനയും വലിയ വ്യാപാരമായി വളർന്നതോടെയാണു നിയന്ത്രണം ഏർപ്പെടുത്താൻ കേന്ദ്ര സർക്കാർ തീരുമാനിച്ചത്. ഓൺലൈൻ വ്യാപാരം സജീവമായ മേഖല കൂടിയാണിത്.  ഓൺലൈൻ സൈറ്റുകളിൽ ഓമന മൃഗങ്ങളെ തേടിയെത്തുന്നവരുടെ എണ്ണം ദിവസേനയെന്നോണം കൂടിവരികയാണ്.

കൊൽക്കത്തയിലെ ഗലിഭ് സ്ട്രീറ്റ്, ബെംഗളൂരുവിലെ ശിവാജി നഗർ മാർക്കറ്റ് എന്നിവിടങ്ങളിൽ പെറ്റ്സ് വ്യാപാരം തുറന്ന ചന്തകളിലാണ് നടക്കുന്നത്. ഇത്തരം മാർക്കറ്റുകളെ കൂടി കണ്ടാവണം കേന്ദ്ര സർക്കാർ പുതിയ ഭേദഗതി കൊണ്ടുവന്നത്. എന്നാൽ, വീട്ടിൽ പോലും ഓമനമൃഗങ്ങളെ വളർത്താൻ കഴിയാത്ത വിധത്തിലാണ് ഭേദഗതിയിലെ നിബന്ധനകൾ.

ഭേദഗതി ഇങ്ങനെ

pet-dog-rat

പെറ്റ് ഷോപ്പ് റൂൾസ്  എന്ന പേരിൽ തയാറായിരിക്കുന്ന ഭേദഗതിയിൽ മൃഗങ്ങളെയോ പക്ഷികളെയോ വീടുകളിൽ വളർത്തുന്നവർ ഒരെണ്ണത്തെ വിറ്റാൽ അതോടെ അവരെ കച്ചവടക്കാർ (ട്രേഡർ) എന്ന വിഭാഗമായി പരിഗണിക്കും. വിൽപന നടത്തണമെങ്കിൽ പ്രതിവർഷം അയ്യായിരം രൂപയുടെ ലൈസൻസ് നേടണം. കൂടുകളുടെ വലുപ്പം സംബന്ധിച്ചും നിബന്ധനങ്ങളുണ്ട്.

എന്നാൽ, പക്ഷികൾക്ക് പറക്കാനും ചിറക് വിരിക്കാനും  ചാടാനും കഴിയണമെന്നു പറയുന്നതല്ലാതെ കൃത്യമായ അളവുകൾ ഉത്തരവിൽ പറയുന്നില്ല.  അൻപത് പക്ഷികൾക്ക് ഒരു ജീവനക്കാരനും ഏവിയേറ്ററിയിൽ വിദഗ്ധനായ ഡോക്ടറുടെ സേവനവും ഉറപ്പാക്കണം.

ഏവിയേറ്ററിയിൽ കേരളത്തിൽ നിലവിൽ ആകെയുള്ളത് ഒരാൾ മാത്രമാണ്. പെറ്റ് ഷോപ്പുകളിലും മറ്റും ഏതുസമയത്തും പരിശോധന നടത്താൻ എൻജിഒകൾക്ക് അധികാരവും നൽകിയിട്ടുണ്ട്.

പുതിയ ഉത്തരവിൽ മക്കാവു പോലുള്ള വിദേശ പക്ഷിയിനങ്ങൾ വളർത്തുന്നതിനും പരിപാലിക്കുന്നതിനും വിൽപന നടത്തുന്നതിനും കർശന നിബന്ധനകളാണുള്ളത്. ഓമനിച്ചു വളർത്തുന്ന വിദേശ പക്ഷിയിനങ്ങളിൽ ഒന്നര ലക്ഷമോ അതിലേറെയോ വിലയുള്ള മൂല്യമേറിയ ഇനമാണ് മക്കാവു.

വലുപ്പമേറിയ പക്ഷി ആയതുകൊണ്ടുതന്നെ അത്യാവശ്യം പറക്കാനുള്ള സൗകര്യം നൽകിയാണ് ഉടമകൾ ഇവയെ പാർപ്പിക്കുന്നത്. എന്നാൽ, പുതിയ ഭേദഗതി പ്രകാരം പരിശോധകന്റെ മനോധർമം പോലെ ഇവയുടെ കൂടിന്റെ വലുപ്പം കുറവെന്ന് ആരോപിച്ച് നടപടിയെടുക്കാം.

പ്രധാന നിബന്ധനകൾ ഒറ്റനോട്ടത്തിൽ

∙ എട്ട് ആഴ്ചയിൽ താഴെ പ്രായമുള്ള നായ്ക്കുട്ടി, പൂച്ചക്കുട്ടി, മുയൽക്കുഞ്ഞ് തുടങ്ങിയവയെ വിൽക്കാൻ പാടില്ല.
∙ നായ്ക്കുട്ടി, പൂച്ചക്കുട്ടി, മുയൽക്കുഞ്ഞ്, വെള്ളെലി, ഗിനിപ്പന്നി തുടങ്ങി ഒരു വളർത്തുമൃഗത്തെയും വിൽപനയ്ക്കായി പൊതുസ്ഥലങ്ങളിൽ പ്രദർശിപ്പിക്കാൻ പാടില്ല.
∙ പ്രായപൂർത്തിയാകാത്തവർ, മാനസിക വൈകല്യമുള്ളവർ എന്നിവർ പ്രജനന, വിൽപന കേന്ദ്രങ്ങൾ നടത്താൻ പാടില്ല.
∙ ആരോഗ്യമുള്ള, നന്നായി ഭക്ഷണം നൽകി പരിപാലിക്കുന്ന, കൃത്യമായി കുത്തിവയ്പ് നടത്തുന്ന മൃഗങ്ങളെ മാത്രമേ വിൽക്കാൻ പാടുള്ളു.
∙ ഓരോ മൃഗത്തിന്റെയും വിശദവിവരങ്ങൾ രേഖയായി സൂക്ഷിക്കണം. ആരിൽ നിന്നു വാങ്ങി, ആർക്കു വിൽക്കുന്ന എന്നുള്ളതും രേഖയിൽ ഉണ്ടാവണം.
∙ എല്ലാ വളർത്തുമൃഗങ്ങൾക്കും മൈക്രോ ചിപ് ഘടിപ്പിക്കണം.
∙ വളർത്തുമൃഗങ്ങളെ ഇണ ചേർക്കുമ്പോൾ ഇണയുടെ വിവരങ്ങളും സൂക്ഷിച്ചു വയ്ക്കണം.
∙ പ്രായപൂർത്തിയായ പന്ത്രണ്ട് നായകളിൽ കൂടുതൽ ഒരേ സ്ഥലത്തു പാർപ്പിക്കാൻ പാടില്ല.
∙ എട്ടു വയസ്സിനു ശേഷം പെൺപട്ടിയെ ഇണ ചേർക്കരുത്.
∙ വളർത്തുമൃഗങ്ങളെ കൃത്യമായി വെറ്ററിനറി ഡോക്ടർമാരുടെ പരിശോധനയ്ക്ക് വിധേയമാക്കണം.

നായകൾക്കു 'നിയമ പൂട്ട്'

എട്ട് ആഴ്ചയിൽ താഴെ പ്രായമുള്ള നായ്ക്കുട്ടികളെ വിൽക്കാൻ പാടില്ല. ഇതിൽ ഏർപ്പെട്ടിരിക്കുന്നവർ കൃത്യമായ റജിസ്ട്രേഷൻ സമ്പാദിക്കണം. നായകളെയും നായ്ക്കുട്ടികളെയും പരീക്ഷണങ്ങൾക്കായി വിൽപന നടത്താൻ പാടില്ല. ഇവയ്ക്കു മൈക്രോ ചിപ് ഘടിപ്പിച്ചിരിക്കണം.

ചികിൽസയുടെയും പ്രതിരോധ കുത്തിവയ്പ്പുകളുടെയും കൃത്യമായ വിവരങ്ങൾ സൂക്ഷിച്ചുവയ്ക്കണം. പ്രജനന കേന്ദ്രങ്ങളിൽ ആധുനിക സംവിധാനങ്ങൾ ഏർപെടുത്തണം. ആവശ്യമായ ഭക്ഷണം, വെള്ളം, സ്ഥലം എന്നിവ ഉറപ്പുവരുത്തണം. നായ്ക്കുട്ടികളുടെ പ്രായം സംബന്ധിച്ച് വെറ്ററിനറി ഡോക്ടർ സാക്ഷ്യപ്പെടുത്തിയ രേഖ സൂക്ഷിക്കണം. കൃത്യമായ മാനദണ്ഡങ്ങളില്ലാതെ ശ്വാനപ്രദർശനങ്ങൾക്കു നായ്ക്കളെ വിട്ടുനൽകരുത്.

അലങ്കാര മൽസ്യങ്ങൾക്കു 'നിയമവല'

അലങ്കാര മൽസ്യങ്ങൾ കടലിൽ നിന്ന് പിടിച്ചെടുക്കുന്നതിനും വളർത്തുന്നതിനും പരിപാലിക്കുന്നതിനും പ്രദർശിപ്പിക്കുന്നതിനും അസാധാരണ ഗസ്റ്റ് വിജ്ഞാപനത്തിലൂടെയാണ് കേന്ദ്ര സർക്കാർ നിയന്ത്രണമേർപ്പെടുത്തിയത്.

pet-bird-fish

മൃഗങ്ങൾക്കെതിരായ ക്രൂരത തടയുന്ന 2016ലെ ചട്ടമനുസരിച്ചും 1960 ലെ നിയമത്തിന്റെ മുപ്പത്തിയെട്ടാം വകുപ്പു പ്രകാരവുമാണ് ഉത്തരവ്. 158 ഇനം അലങ്കാര മൽസ്യങ്ങൾക്കാണ് വിലക്ക് ബാധകമാവുക.കേരളത്തിൽ വിപണിയിലുള്ള ഭൂരിഭാഗം മൽസ്യങ്ങളും പട്ടികയിലുണ്ട്. മൽസ്യങ്ങളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനും ശുചിത്വം ഉറപ്പാക്കുന്നതിനുമാണ് നിയന്ത്രണമെന്ന് കേന്ദ്ര സർക്കാർ വിശദീകരിക്കുന്നുണ്ടെങ്കിലും ഉത്തരവ് നടപ്പായാൽ ഭൂരിഭാഗം അലങ്കാര മൽസ്യ സ്റ്റാളുകളും അക്വേറിയങ്ങളും അടച്ചു പൂട്ടേണ്ടി വരുമെന്നതാണ് യാഥാർഥ്യം.

ശുദ്ധജല മൽസ്യങ്ങളും കടൽ മൽസ്യങ്ങളും വളർത്തുകയും വിൽക്കുകയും ചെയ്യുന്ന എല്ലാ സ്ഥാപനങ്ങൾക്കും നിയന്ത്രണം ബാധകമാണ്. പത്തുരൂപ മുതൽ രണ്ടു ലക്ഷത്തിലധികം വില വരുന്ന അലങ്കാര മൽസ്യങ്ങൾ കേരളത്തിലെ വിപണിയിൽ ലഭ്യമാണ്. 2000 രൂപ മുതൽ രണ്ടരലക്ഷം രൂപ വില വരെയുള്ള അക്വേറിയങ്ങളും വിപണിയിലുണ്ട്.

കേരളത്തിൽ നിന്ന് നാടൻ ഇനങ്ങൾ അടക്കമുള്ള കോടിക്കണക്കിന് രൂപയുടെ അലങ്കാര മൽസ്യങ്ങൾ വിദേശ രാജ്യങ്ങളിലേക്ക് കയറ്റി അയയ്ക്കുന്നുണ്ട്. ചൈന, തായ്‌ലൻഡ് തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യുന്നുമുണ്ട്. നിയന്ത്രണം നടപ്പായാൽ ഇതെല്ലാം പ്രതിസന്ധിയിലാകും. ഇതോടൊപ്പം സംസ്ഥാന സർക്കാർ കോടികൾ മുടക്കി വയനാട്ടിൽ അടക്കം സ്ഥാപിച്ച നാലു കേന്ദ്രങ്ങളും കേന്ദ്ര സർക്കാരിന്റെ ഒരു സ്ഥാപനവും അടച്ചു പൂട്ടേണ്ടി വരും.

നിബന്ധനകൾ

∙ അലങ്കാര മൽസ്യങ്ങളെ സ്ഫടിക ഭരണികളിൽ വളർത്തരുത്
∙ അലങ്കാര മൽസ്യ പ്രദർശനവും വിൽപനയും പാടില്ല
∙ അലങ്കാര മൽസ്യങ്ങളെ വളർത്തുന്ന കേന്ദ്രങ്ങളിൽ മുഴുവൻ സമയ മൽസ്യ വിദഗ്ധനെയോ വെറ്ററിനറി ഡോക്ടറെയോ നിയമിക്കണം. ഇവർക്കു ഒരു സഹായിയും വേണം.
∙ പവിഴപ്പുറ്റുകളിൽ നിന്ന് കൂടുകൾ ഉപയോഗിച്ച് മീൻ പിടിക്കാൻ പാടില്ല.
∙ വളർത്തുമൃഗങ്ങളുടെ വിൽപന കേന്ദ്രങ്ങൾക്കൊപ്പം അലങ്കാര മൽസ്യങ്ങളെ പ്രദർശിപ്പിക്കുകയോ വിൽപന നടത്തുകയോ ചെയ്യരുത്.

ഇത്തരത്തിൽ ഇൗ മേഖലയെ തകർച്ചയിലേക്ക് നയിക്കുന്ന ഒട്ടേറെ അപ്രായോഗിക നിർദേശങ്ങളാണ് പുതിയ ഭേദഗതിയിലുള്ളത്. വൻകിടക്കാരെ ഒഴിവാക്കിയാൽ പക്ഷി–മൃഗ സംരക്ഷണം ഉപജീവനമാർഗമാക്കിയ ഒട്ടേറെ വീട്ടമ്മമാരും വിദ്യാർഥികളും മറ്റു ചെറുകിട കർഷകരും ഇൗ മേഖലയെ ആശ്രയിച്ചു കഴിയുന്നുണ്ട്. ഉത്തരവ് നടപ്പാകുന്നതോടെ  ഇവരെല്ലാം പ്രതിസന്ധിയിലാകും. മോഹവിലയുടെ ബലത്തിൽ കൂടിയാണ് ഈ വ്യവസായം പിടിച്ചു നിൽക്കുന്നത്. അതും ഇല്ലാതാകും.