Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗ്രാമം നിറയെ കുതിരക്കമ്പം

goutham-cavallo-horse-riding-club സവാരി പഠിക്കാനെത്തിയ ബാലനൊപ്പം ഗൗതം

കുതിരയെ അരുമയായി പോറ്റുന്ന ഒരു ഗ്രാമം, അതാണ് പാലക്കാടിനടുത്തു തത്തമംഗലം. വിശ്വാസവും ആവേശവുമെല്ലാം ഇഴപിരിഞ്ഞു നിൽക്കുന്നു, ഈ നാടിന്റെ കുതിരപ്രേമത്തിൽ. വേട്ടക്കറുപ്പസ്വാമി പ്രതിഷ്ഠയായി ഒരു ക്ഷേത്രമുണ്ടിവിടെ. പരമശിവന്‍ കിരാതമൂർത്തിയായി അവതരിച്ചു യുദ്ധം നടത്തി വിജയിച്ചതിന്റെ ഐതിഹ്യസ്മരണയിൽ ഉൽസവദിനങ്ങളില്‍ ഇവിടെ കുതിരവേലയും ആനവേലയും അരങ്ങേറുന്നു.

തട്ടകം കാത്തരുളുന്ന വേട്ടക്കറുപ്പസ്വാമിക്കു വഴിപാടായി സമർപ്പിക്കുന്ന കുതിരയോട്ടത്തിലേക്കായി പണ്ടുമുതലേ ഈ ഗ്രാമം കുതിരകളെ പരിപാലിച്ചിരുന്നു. ചിലർ കുതിരകളെ സ്ഥിരമായി നിലനിർത്തുമ്പോൾ മറ്റു ചില കുടുംബങ്ങൾ ഉൽസവകാലമാകുമ്പോള്‍ വാങ്ങി വേല തീരുമ്പോൾ വിൽക്കുന്നു. ഏതായാലും, വാങ്ങാനും വിൽക്കാനുമുള്ള ഏജന്റുമാർ എന്നും തത്തമംഗലത്തു തമ്പടിച്ചിരുന്നു.

വായിക്കാം ഇ - കർഷകശ്രീ

തത്തമംഗലം ശോഭനാനിവാസില്‍ ഗൗതം കാർത്തിക്കിന്റെ വീട്ടിൽ മുതുമുത്തച്ഛന്മാരുടെ കാലംതൊട്ടേ കുതിരകൾ കുടുംബത്തിന്റെ ഭാഗമായിരുന്നു. കുതിരക്കമ്പം മൂത്ത് മകൻ പഠനം ഉഴപ്പുന്നുവെന്നു കണ്ടതോടെ കുതിരയെ വിൽക്കാനുറച്ചു, സൈനികനായ അച്ഛൻ. പകരം ഓഫർ ചെയ്തത് ബൈക്ക്. ബൈക്കു വേണ്ട, കുതിര മതി എന്ന മകന്റെ വാശി വിജയിച്ചെന്നു മാത്രമല്ല, ഇപ്പോൾ ഇരുപത്തിനാലാം വയസ്സിൽ ഹോഴ്സ് ക്ലബ് സംരംഭകനായി മാറുകയും ചെയ്തിരിക്കുന്നു ഗൗതം.

തത്തമംഗലത്തു സജീവമായ കുതിരക്കച്ചവടത്തിൽ കൈവച്ചാണ് ഗൗതമിന്റെ തുടക്കം. ഇഷ്ടം തോന്നിയവയെ വാങ്ങിയും മറിച്ചുവിറ്റുമെല്ലാം മുന്നേറിയ സംരംഭത്തിലൂടെ മോശമല്ലാത്ത ലാഭവും ലക്ഷണമൊത്ത ഏതാനും കുതിരകളും കയ്യിലെത്തി. തുടര്‍ന്നാണ് ബിരുദധാരിയും ഇപ്പോൾ എംബിഎ വിദ്യാർഥിയുമായ ഗൗതം ഒരു വർഷം മുമ്പ് തത്തമംഗലം അരങ്ങത്ത് കുതിരകളെ സ്നേഹിക്കുന്നവർക്കായി കാവല്ലോ റൈഡിങ് ക്ലബ് തുടങ്ങുന്നത്. പന്ത്രണ്ടു കുതിരകളാണ് നിലവിൽ ക്ലബിനുള്ളത്.

cavallo-horse-riding-club-goutham സവാരിക്കുവേണ്ട സാമഗ്രികൾ

കുതിരസവാരി പഠിപ്പിക്കൽ, റൈഡിങ് ക്യാമ്പുകൾ സംഘടിപ്പിക്കൽ, കുതിരകൾക്കുള്ള പെരുമാറ്റ പരിശീലനം, വിൽപന, ബ്രീഡിങ്, കുതിരയുമായി ബന്ധപ്പെട്ടുള്ള ജീനി, സവാരിവേളയിൽ കുതിരപ്പുറത്തിരിക്കാൻ ഉപയോഗിക്കുന്ന സാഡിൽ, ലാടം എന്നിവയുടെ വിൽപന തുടങ്ങി ഒട്ടേറെ സേവനങ്ങൾ ചേർന്നതാണ് ഗൗതമിന്റെ സംരംഭം.

അരുമ മൃഗം എന്ന നിലയ്ക്ക് വിദേശങ്ങളിലും നമ്മുടെ രാജ്യത്ത് വടക്കൻ സംസ്ഥാനങ്ങളിലും കുതിരയ്ക്ക് മികച്ച സ്വീകാര്യതയുണ്ടെന്ന് ഗൗതം. കേരളത്തിലും കുതിരകളെ ലാളിക്കാൻ താൽപര്യമുള്ളവർ കുറവല്ല. മറ്റ് പെറ്റുകളെ അപേക്ഷിച്ച് ആയുസ്സു (25–30 വർഷം) കൂടിയ മൃഗമായതിനാൽ ഏറെക്കാലം യജമാനനൊപ്പം ഉണ്ടാകുമെന്നതും അതുവഴി ഇരുവരും തമ്മിലുള്ള വൈകാരികബന്ധം ദൃഢമാകുമെന്നതുമാണ് നേട്ടം. കുതിരസവാരിയാകട്ടെ ഒന്നാന്തരം വ്യായാമവും. ജീവിതശൈലീരോഗങ്ങളെ അകറ്റാൻ നിത്യേനയുള്ള കുതിരസവാരി ഗുണകരമത്രെ.

അതേസമയം മറ്റ് അരുമകളിൽനിന്നു വ്യത്യസ്തമായി, കുതിരയ്ക്കും കുതിരകളെ പരിപാലിക്കാൻ ഇറങ്ങുന്നവർക്കും പ്രാഥമിക പരിശീലനം അത്യാവശ്യമാണ്. സ്വതവേ അൽപം ഇടഞ്ഞുനിൽക്കുന്ന പ്രകൃതമുള്ള കുതിരകളെ മെരുക്കണമെങ്കിൽ കുതിരയ്ക്ക് യജമാനനിലും തിരിച്ചും വിശ്വാസം തോന്നണം. അതിനാണ് ഇരുവർക്കും പരിശീലനം.

വളഞ്ഞു പരസ്പരം കൂട്ടിമുട്ടുന്ന ചെവികളുള്ള ഇന്ത്യൻ ഇനമായ മാർവാർ കുതിരകളാണ് ക്ലബിലെ കേമന്മാർ. വില, ലക്ഷണമൊത്തതിന് ശരാശരി മൂന്നുലക്ഷം. മറ്റൊരു ഇന്ത്യൻ ഇനമായ കത്തിയാവാറും കാഴ്ചയിൽ സുന്ദരൻ. ഉൽസവകാലത്ത്, ആവശ്യക്കാർക്കു കുതിരകളെ ബെംഗളൂരു, ഊട്ടി, ഹൈദരാബാദ് എന്നിവിടങ്ങളിൽ നിന്നെത്തിച്ച് വാടകയ്ക്കു നൽകുന്നുണ്ട് ഗൗതം. ഇങ്ങനെ വാടകയ്ക്കെടുക്കുന്നവർക്കു താൽപര്യം വലുപ്പം കൂടിയ ഇംഗ്ലീഷ് ബ്രീഡി (thorough breed)നോടാണ്. വേല ദിവസം 5000–6000 രൂപയ്ക്ക് വാടകയ്ക്കു ലഭിക്കുന്ന ഇവയെ വാങ്ങണമെന്നു തോന്നിയാലും പോക്കറ്റിനൊതുങ്ങും. ശരാശരി വില 35,000 രൂപ.

പരിശീലന ക്ലാസുകൾക്കു പുറമേ പരിശീലനം പൂർത്തിയാക്കിയവർക്കും സവാരി അറിയാവുന്നവർക്കുമായി ഫീസ് ഈടാക്കി 30 കിലോമീറ്റർ കുതിരസവാരിക്ക് അവസരം നൽകുന്ന ഏകദിന ക്യാമ്പും മലമ്പുഴയിലെ മലഞ്ചെരുവുകളിൽ ക്ലബ് നടത്തിവരുന്നു. കുട്ടികളെ കുതിരസവാരിയുടെ പ്രാഥമിക പാഠങ്ങൾ പഠിപ്പിക്കാനായി ക്ഷണിക്കുന്ന സ്കൂളുകളുമുണ്ട്.

ഒരാവേശത്തിനു കുതിരകളെ വാങ്ങിയതിനു ശേഷം പരിപാലനത്തിനു സമയം കിട്ടാത്ത പലരുമുണ്ട്. പ്രതിഫലം വാങ്ങി അവരുടെ കുതിരകള്‍ക്കു ബോർഡിങ് സൗകര്യവും ഗൗതം ഒരുക്കുന്നു. ഉടമയ്ക്ക് സൗകര്യപ്രദമായ സമയത്ത് ക്ലബിലെത്തി സവാരി നടത്തി മടങ്ങുകയുമാവാം. കുതിരകള്‍ക്ക് അസുഖം വന്നാല്‍ പച്ചമരുന്നു ചികിൽസ നൽകുന്നതിലും വിദഗ്ധനാണ് ഗൗതം.

അവാർഡു നിശകൾ, വിവാഹം എന്നിവയ്ക്കു താരശോഭ പകരാനും സിനിമയിലേക്കും ക്ഷേത്രങ്ങളിലെ ചടങ്ങുകളിലേക്കുമെല്ലാം കുതിരകളെ വാടകയ്ക്കു വിട്ടുനൽകുന്നതു വഴിയും നല്ലൊരു വരുമാനം ഗൗതമിന്റെ പോക്കറ്റിലെത്തുന്നു. സവാരിക്കുതിരകൾക്കായി ലെതറിലും റെക്സിനിലും നിർമിച്ച്, കാൺപൂരിൽ നിന്നെത്തുന്ന സാഡിൽ, ബ്രിഡിൽ, ബെൽറ്റുകൾ എന്നിവ തേടി കൂടുതൽ പേരെത്തുന്നത് കേരളം കുതിരകളെ കൂടെക്കൂട്ടാൻ ഇഷ്ടപ്പെടുന്നതിന്റെ തെളിവെന്നും ഗൗതം.

ഫോൺ: 9495527293

ഹിപ്പോ തെറപ്പി

പെറ്റ് തെറപ്പിയുടെ ഭാഗമായ ഹിപ്പോ തെറപ്പി കുതിരകളെ ഉപയോഗിച്ചുള്ള സാന്ത്വന ചികിൽസാ രീതിയാണ്. യൂറോപ്പിലും അമേരിക്കയിലുമെല്ലാം ഈ ചികിൽസാശൈലിക്ക് മികച്ച സ്വീകാര്യതയുണ്ട്. സെറിബ്രൽ പൾസി, തലച്ചോറിനു പറ്റുന്ന ക്ഷതങ്ങൾ തുങ്ങിയ ന്യൂറോ മസ്കുലാർ പ്രശ്നങ്ങള്‍ക്ക് ഒരളവോളം ആശ്വാസം പകരാന്‍ കുതിരകളുമായുള്ള സഹവാസത്തിനു സാധിക്കുമത്രെ. കുട്ടികളിലാണ് ഹിപ്പോ തെറപ്പി കൂടുതൽ ഫലപ്രദമെന്നു കണ്ടിട്ടുള്ളത്. ഇതുമായി ബന്ധപ്പെട്ട് ചില ആയുർവേദ ഡോക്ടർമാർ സമീപിച്ചിട്ടുണ്ടെന്നും ഗൗതം.

കാഴ്ചക്കാരിൽപ്പോലും ഉന്മേഷവും ഉൽസാഹവും നിറയ്ക്കുന്ന പ്രകൃതമാണ് കുതിരകൾക്കുള്ളത്. സവാരി നടത്തുമ്പോഴാവട്ടെ, ഇന്ദ്രിയങ്ങളെല്ലാം ഉത്തേജിതമാവുകയും ശരീരപേശികൾ ഉണർവു നേടുകയും മനസ്സിൽ ആവേശവും ആഹ്ലാദവും നിറയുകയും ചെയ്യുമെന്ന് ഹിപ്പോ തെറപ്പിസ്റ്റുകൾ.