Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പൂച്ചകളെ സ്നേഹിച്ചാൽ പോരാ...

kitty-cat Representative image

പൂച്ചകൾക്കു മലയാളിയുടെ മനസ്സിലും വീടുകളിലും നായ്‌ക്കൾക്കൊപ്പമാണു സ്ഥാനം. വിദേശയിനമോ സങ്കരയിനമോ പൂച്ചയാണെങ്കിൽ പറയുകയും വേണ്ട. രോഗബാധയേൽക്കാതെ വളർത്താൻ പൂച്ചകളെ ബാധിക്കുന്ന നാല് വൈറസ് രോഗങ്ങൾക്കെതിരായ പ്രതിരോധ കുത്തിവയ്‌പുകളെപറ്റി അറിഞ്ഞിരിക്കണം. കൃത്യസമയത്തു കൃത്യമായ അളവിൽ ശരിയായ മരുന്നുകൾ ഉപയോഗിച്ചുള്ള വിരയിളക്കലും ഏറെ പ്രധാനമാണ്.

ഫെലൈൻ പാൻ ലുക്കോപീനിയ

മാരകമായ വൈറസ് രോഗമാണിത്. പനി, ഛർദി, വയറിളക്കം തുടങ്ങിയവയാണ് ലക്ഷണങ്ങൾ. വായ, തൊണ്ട എന്നിവിടങ്ങളിൽ വ്രണങ്ങൾ പ്രത്യക്ഷപ്പെടുന്നതുമൂലം ആഹാരവും ജലപാനവും മുടങ്ങുന്നു.

ഫെലൈൻ റൈനോ ട്രക്കിയേറ്റിസ്

ശ്വാസകോശത്തെ ബാധിക്കുന്ന വൈറസ് രോഗമാണ് ഫെലൈൻ റൈനോ ട്രക്കിയേറ്റിസ്. പനി, തുമ്മൽ, കണ്ണുകളിൽ പഴുപ്പ്, മൂക്കൊലിപ്പ് തുടങ്ങിയ ലക്ഷണങ്ങൾ. വായിൽനിന്ന് ഉമിനീരൊലിക്കാം. ന്യൂമോണിയയായി മാറി മരണം സംഭവിക്കാം. ഫലപ്രദമായ ചികിത്സയില്ല.

കാൽസി വൈറസ്

കാൽസി വൈറസ് ബാധ ലക്ഷണങ്ങളും റൈനോട്രക്കിയേറ്റിസിനു സമമാണ്. മൂക്കിലും വായിലും കുമിളകൾ പ്രത്യക്ഷപ്പെട്ട് പൊട്ടി വ്രണങ്ങളാകുന്നു.

പേ വിഷബാധ

പേ ബാധിച്ച നായയുടെ കടിയിലൂടെയാണു മിക്കപ്പോഴും പൂച്ചകൾക്കു പേവിഷബാധ ഉണ്ടാകുക.

ആദ്യ കുത്തിവയ്പ്

എട്ട് ആഴ്‌ച പ്രായമാകുമ്പോൾ പൂച്ചക്കുട്ടികൾക്ക് ആദ്യ പ്രതിരോധ കുത്തിവയ്‌പ് നൽകണം. ഫെലൈൻ കാൽസി വൈറസ് റൈനോട്രാക്കിയേറ്റിസ്, പാൻലുക്കോപീനിയ എന്നീ മൂന്നു രോഗങ്ങൾക്കെതിരെയുള്ള ഒരു പ്രതിരോധ കുത്തിവയ്‌പ് ആണ് നൽകേണ്ടത്.

ബൂസ്റ്റർ ഡോസ്

പന്ത്രണ്ട് ആഴ്‌ച പ്രായത്തിൽ (ഒരു മാസത്തിനുശേഷം) ബൂസ്റ്റർ ഡോസ് നൽകണം. പിന്നീടു വർഷംതോറും കുത്തിവയ്‌പ് ആവർത്തിക്കണം. പേവിഷബാധ പ്രതിരോധ കുത്തിവയ്‌പുകൂടി ചേർത്ത് നാലു രോഗങ്ങൾക്കെതിരെയുള്ള ഒരൊറ്റ പ്രതിരോധ കുത്തിവയ്‌പും വിപണിയിലുണ്ട്.

എട്ടാമത്തെ ആഴ്‌ചയിൽ നൽകുന്ന പ്രതിരോധ കുത്തിവയ്‌പിൽ പേ വിഷബാധയ്‌ക്കുള്ള വാക്സിൻ അടങ്ങിയിട്ടില്ലെങ്കിൽ പത്ത് ആഴ്‌ച പ്രായത്തിൽ നായ്‌ക്കൾക്കുള്ള പേവിഷബാധയുടെ പ്രതിരോധ കുത്തിവയ്‌പ് വാക്സിൻ പൂച്ചകൾക്കു നൽകി, ഒരു മാസത്തിനുശേഷം ബൂസ്റ്റർ ഡോസും നൽകണം.

പിന്നീട് വർഷത്തിലൊരിക്കൽ ആവർത്തന കുത്തിവയ്‌പും നൽകണം.

വിര ബാധ

ഉരുണ്ട വിരകളും, നാടവിരകളുമാണ് പൂച്ചകളെ പ്രധാനമായും ബാധിക്കുന്നത്. രണ്ട് ആഴ്‌ച, നാല് ആഴ്‌ച പ്രായത്തിൽ പൈറാന്റൽ പാമേയേറ്റ് ഇനത്തിൽപ്പെട്ട വിരമരുന്നുപയോഗിച്ചും പിന്നീട് ആറ്, എട്ട് ആഴ്‌ചകളിൽ പൈറാന്റൽ, പ്രാസിക്വാന്റൽ, ഫെൻബെൻഡസോൾ എന്നീ മരുന്നുകൾ ഉപയോഗിച്ചും ആറുമാസം പ്രായംവരെ മാസത്തിലൊന്ന് വിരമരുന്നു നൽകണം. വിരമരുന്നുകളുടെ കൃത്യതയില്ലാത്ത, അനവസരത്തിലുള്ള അനുചിതമായ മരുന്നുകൾ ഉപയോഗിച്ചുള്ള ചികിത്സ ഗുണത്തെക്കാളേറെ ദോഷകരമാണ്.

ഡോ. സാബിൻ ജോർജ്
9446203839