Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അരുമകള്‍ക്ക് അപകടമൊഴിവാക്കാന്‍

dog-pet-care

ഉടമയുമായി വീടും പരിസരവും ഭക്ഷണവും ജീവിതശൈലിയും പങ്കിടുന്ന അരുമകൾ അശ്രദ്ധയാലോ അറിവില്ലായ്മയാലോ വികൃതിയാലോ അപകടങ്ങളിൽപെടാനിടയുണ്ട്. കൺചിമ്മാതെ കൺമണിയെ കാക്കുകയാണ് ഉടമയുടെ മുന്നിലുള്ള വഴി. ഇതിന് ഉടമയുടെ വീട്, വീട്ടിലെ ഉപകരണങ്ങൾ, നായ്ക്കൾക്കും പൂച്ചകൾക്കും ഓമനപ്പക്ഷികൾക്കും നല്‍കുന്ന ഭക്ഷണം, മരുന്നുകൾ എന്നിവ കാരണമുണ്ടായേക്കാവുന്ന അപകടങ്ങള്‍ ഒഴിവാക്കാന്‍ മുൻകരുതലുണ്ടാകണം.

നമ്മുടെ കുട്ടികൾ വികൃതി കാണിക്കുന്നതുപോലെ ചെറുപ്രായത്തിൽ അരുമ മൃഗങ്ങൾ, വിശേഷിച്ച് നായ്ക്കുട്ടികൾക്കു കുറുമ്പു കൂടും. എല്ലായിടത്തും പോകാനും എല്ലാം കാണാനും തൊട്ടുരസിക്കാനും ആകാംക്ഷയുമേറും. ഉടമയുടെ കരുതൽ കുറഞ്ഞാൽ, കണ്ണു തെറ്റിയാൽ വൈദ്യുതിയും തീയും വെള്ളവും വിഷവും തിരിച്ചറിയാതെ ഇവർ എത്തിപ്പെടുക അപകടത്തിലേക്കും മരണത്തിലേക്കുമായിരിക്കും.

വായിക്കാം ഇ - കർഷകശ്രീ

വൈദ്യുതവയറുകളും ഉപകരണങ്ങളും കയ്യിൽ കിട്ടിയാൽ കടിച്ചു പൊട്ടിച്ച് ചവച്ചരയ്ക്കാൻ നായ്ക്കുഞ്ഞുങ്ങൾ ശ്രമിക്കും. തൽക്ഷണ മരണമായിരിക്കും ഫലം. അതിനാൽ വൈദ്യുത ഉപകരണങ്ങളും വയറുകളും അരുമക്കുഞ്ഞുങ്ങളുടെ കയ്യെത്തുന്നിടത്തില്ലെന്ന് ഉറപ്പാക്കണം. നിലത്തുനിന്നോ ആഷ്‌ട്രേയിൽനിന്നോ കിട്ടുന്ന സിഗരറ്റിന്റെയും ബീഡിയുടെയും അവശിഷ്ടങ്ങൾ ഉള്ളിലാക്കിയാൽ നിക്കോട്ടിൻ വിഷബാധയുണ്ടാകും. മരുന്നുകൾ, രാസവസ്തുക്കൾ, കീടനാശിനികൾ എന്നിവയും അരുമകളുടെ കൈപ്പിടിയിലാകാതെ നോക്കണം. കത്തിച്ച മെഴുകുതിരികൾ, പൊട്ടിയതും അല്ലാത്തതുമായ ഗ്ലാസ് കഷണങ്ങൾ, സേഫ്റ്റി പിന്നുകൾ, സൂചി എന്നിവയും അപകടകരമാകും.

pet-dog

ടോയ്‌ലറ്റ് വൃത്തിയാക്കാൻ ഉപയോഗിക്കുന്ന ക്ഷാരരസമുള്ള ഡിറ്റർജന്റുകൾ രുചിക്കാൻ അവസരം കിട്ടിയാല്‍ നായ്ക്കുഞ്ഞുങ്ങൾ വിടില്ല. ടോയ്‌ലറ്റിന്റെ മൂടാത്ത ക്ലോസറ്റും അപകടകാരണമാകാം. എവിടെയും മണത്തും തിരഞ്ഞുമെത്തുന്ന നായ്ക്കുഞ്ഞുങ്ങൾ തുറന്നുകിടക്കുന്ന അലമാരകളിലും മറ്റും കയറിക്കൂടി അവിടെ വിശ്രമിക്കാനും ഉടമ അലമാര പൂട്ടി സ്ഥലം വിടാനും സാധ്യതയേറെയാണ്. പട്ടുണ്ണി, ചെള്ള്, പേൻ മുതലായ ബാഹ്യപരാദങ്ങൾക്കെതിരെ ഉപയോഗിക്കുന്ന മരുന്നുകൾ ഉള്ളിൽ ചെന്നാല്‍ മാരകമാകാം. എല്ലും മീനിന്റെ മുള്ളും തൊണ്ടയിൽ കുടുങ്ങി ശ്വാസതടസ്സമുണ്ടായി മരണം സംഭവിക്കാം. വീടിനുള്ളിലും പുറത്തും വളർത്തുന്ന പല പൂച്ചെടികളിലും വിഷാംശമുണ്ടാകാമെന്നു മനസ്സിലാക്കുക. ഇവ നായ്ക്കുഞ്ഞുങ്ങൾക്ക് അപ്രാപ്യമായി സൂക്ഷിക്കുക. പാർക്കു ചെയ്തിരിക്കുന്ന വണ്ടിയുടെ അടിയിൽ വിശ്രമിക്കുന്ന നായ്ക്കുഞ്ഞുങ്ങളെയും പലപ്പോഴും കാത്തിരിക്കുന്നത് വലിയ അപകടമാണ്.

മനുഷ്യൻ ഉപയോഗിക്കുന്ന പല ഭക്ഷണപദാർഥങ്ങളും നായ്ക്കൾക്കു നൽകുമ്പോൾ ശ്രദ്ധിക്കണം. പ്രോട്ടീൻ, അന്നജം, കൊഴുപ്പ്, വെള്ളം, വിറ്റമിനുകൾ, ധാതുലവണങ്ങൾ എന്നിവയാണു സമീകൃത തീറ്റയിൽ ഉണ്ടാവേണ്ടത്. തീറ്റയില്‍ ഇവയുടെ അളവു കുറയുന്നതും കൂടുന്നതും പ്രശ്നമുണ്ടാക്കാം. അതിനാൽ പ്രായം, ശരീരഭാരം, വ്യായാമം തുടങ്ങിയവ കണക്കിലെടുത്ത് തീറ്റയുടെ അളവും തവണയും തീരുമാനിക്കണം. മിശ്രഭുക്കുകളായ നായ്ക്കൾക്ക് മാംസം, മത്സ്യം, പച്ചക്കറി, പഴം, ധാന്യങ്ങൾ എന്നിവ നൽകാം. പ്രോട്ടീൻ നല്ലതാണെങ്കിലും അധികമായാൽ വൃക്കകൾക്കു തകരാറുണ്ടാക്കുമെന്നു മനസ്സിലാക്കുക. വിപണിയിൽനിന്ന് ലഭിക്കുന്ന നായ്ത്തീറ്റകൾ സമീകൃതമാണെങ്കിലും ഇവയും അമിതമായാൽ അനാരോഗ്യം ഫലം.

ചോക്കലേറ്റാണ് നായ്ക്കൾക്കു നൽകുന്ന ഭക്ഷണത്തിലെ പ്രധാന വില്ലൻ. സ്നേഹക്കൂടുതൽകൊണ്ട് നൽകുന്ന ചോക്കലേറ്റിൽ അടങ്ങിയ നിയോബ്രോമിൻ എന്ന രാസപദാർഥം നായ്ക്കളിൽ വിഷബാധയ്ക്കു കാരണമാകും. ഛർദി, വയറിളക്കം, അസിഡിറ്റി, അപസ്മാരം, ബോധക്ഷയം എന്നിവ പ്രധാന ലക്ഷണങ്ങൾ. നായ്ക്കളുടെ ഹൃദയമിടിപ്പു കൂട്ടുന്ന വിഷബാധ വൃക്കകളെയും അപകടത്തിലാക്കാം. എത്രയും വേഗം ചികിത്സ നൽകണം. മദ്യം കലർന്ന പാനീയങ്ങൾ വിഷബാധ, പക്ഷാഘാതം എന്നിവയ്ക്കു കാരണമാകും. കാപ്പി, ചായ എന്നിവയിലടങ്ങിയ കഫീൻ ഹൃദയത്തെയും നാഡീവ്യൂഹത്തെയും അമിതമായി ഉത്തേജിപ്പിച്ച് ഛർദി, അസ്വസ്ഥത തുടങ്ങി മരണത്തിനുവരെ കാരണമാകും. പാലുൽപന്നങ്ങൾ അമിതമായി നൽകുന്നതു വയറിളക്കവും പാൻക്രിയാസ് പ്രശ്നങ്ങളും ഉണ്ടാക്കും. പച്ചമുട്ടയുടെ വെള്ള അമിതമായാല്‍ ബയോട്ടിൻ എന്ന വിറ്റമിന്റെ കുറവുണ്ടാക്കി രോമം പൊഴിയാനും ശരീരം മെലിയാനും കാരണമാകാം. കരൾ കൂടുതൽ അളവിൽ നൽകുന്നത് വിറ്റമി‍ൻ എയുടെ കുറവുണ്ടാക്കും. അതിമധുര ഭക്ഷണങ്ങൾ അമിതവണ്ണം, ദന്തക്ഷയം, പ്രമേഹം എന്നിവയുണ്ടാക്കാം. പച്ചമീൻ അമിതമായാൽ വിറ്റമിൻ ബിയുടെ കുറവുണ്ടാകാം. ചില കൂണുകളിൽ വിഷാംശം ഉണ്ടാകാമെന്നതിനാൽ ശ്രദ്ധിക്കണം. വീട്ടിലുള്ളവർ ഉപയോഗിക്കുന്ന ഇരുമ്പു കലർന്ന വിറ്റമിൻ മിശ്രിതങ്ങളും നായ്ക്കള്‍ക്കു നല്‍കിയാല്‍ പ്രശ്നമാകാം.

ഉണക്കമുന്തിരിയാണ് നായ്ക്കള്‍ക്കു മറ്റൊരു വില്ലൻ. വായിൽനിന്നു നുരയും പതയും, ഛർദി, വയറുവേദന, വിശപ്പില്ലായ്മ, വയറിളക്കം, ക്ഷീണം എന്നിവ ഉടൻ കാണിക്കുന്ന ലക്ഷണങ്ങളാണെങ്കിൽ അതികഠിന രോഗബാധയിൽ വൃക്കയും തകരാറിലാകും. സവാള, ചുമന്നുള്ളി, വെളുത്തുള്ളി എന്നിവ പച്ചയായോ വേവിച്ചോ കഴിച്ചാൽ രക്തത്തിലെ ചുവന്ന കോശങ്ങൾ നശിക്കുകയും വിളർച്ചയ്ക്ക് കാരണമാകുകയും ചെയ്യും. അമിതമായ അളവ് മഞ്ഞപ്പിത്തത്തിനു കാരണമാകും. ഉള്ളി അധികമുള്ള ഗാർലിക് ചിക്കൻപോലുള്ള വിഭവങ്ങൾ നായ്ക്കൾക്കും പൂച്ചകൾക്കും നൽകുമ്പോള്‍ സൂക്ഷിക്കണം. പുല്ല് തിന്നുന്നത് നായ്ക്കളുടെയും പൂച്ചകളുടെയും സ്വഭാവമാണ്. എന്നാൽ ഫ്ലാറ്റുകളിലും വില്ലകളിലും അവയ്ക്കു പലപ്പോഴും ലഭിക്കുക, ഉടമസ്ഥൻ വച്ചുപിടിപ്പിച്ച മണിപ്ലാന്റോ അലങ്കാര ചേമ്പോ, അലങ്കാരപ്പനകളിലെ ചുവന്ന കായ്കളോ മറ്റോ ആയിരിക്കും. കാൽസ്യം ഓക്സലേറ്റ് അധികമുള്ള ഇവ തിന്നാല്‍ പ്രശ്നമുണ്ടാകാം.

cat

പൂച്ചകളുടെ വലിയ ശത്രുവാണ് പാരസീറ്റമോൾ ഗുളികകൾ. പൂച്ചയ്ക്കു പനി വന്നാൽ ചികിത്സിക്കാൻ പാരസീറ്റമോൾ ഗുളിക നൽകുന്നത് സ്വയം ചികിത്സയിൽ വിദഗ്ധരായവർ സാധാരണ ചെയ്യുന്നതാണ്. എന്നാൽ ശരീരഭാരത്തിൽ ഓരോ കിലോയ്ക്കും പത്ത് മില്ലി ഗ്രാം അളവിൽ പോലും പാരസീറ്റമോൾ അകത്തുചെല്ലുന്നതു പൂച്ചകളിൽ വിഷബാധയുണ്ടാക്കും. വിശപ്പില്ലായ്മ, ശ്വാസതടസ്സം, രക്തം കലർന്ന മൂത്രം, മുഖത്തെ നീര് എന്നിവ ലക്ഷങ്ങൾ. രോഗകാരണം മനസ്സിലാക്കി ഉടൻതന്നെ പ്രതിമരുന്നു നൽകിയാൽ ഓമനകളെ രക്ഷപ്പെടുത്താം.

വീട്ടിലെ നമ്മുടെ സ്വന്തം കുഞ്ഞുങ്ങൾക്കു നൽകുന്നത്ര ശ്രദ്ധയും കരുതലും അരുമകള്‍ക്കും നല്‍കണമെന്നു സാരം.

ഫോൺ: 9446203839