Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നജുവിന്റെ പറവകൾ

683539584

നജുവിന്റെ പറവകൾ വിതയ്ക്കാറില്ല. പക്ഷേ, അവ കൊയ്യാറുണ്ട്. ടൂർണമെന്റ് മെ‍ഡലുകൾ, ചാംപ്യൻഷിപുകൾ. പ്രാവ് പറത്തൽ മറ്റു കായിക ഇനങ്ങൾ പോലെ ആവേശകരമായ ഒന്നാണ്. ഇതു കാണാനും ആളുണ്ടോ എന്നു ചോദിച്ചാൽ എസ്എം സ്ട്രീറ്റ് ത്രീ സ്റ്റാർ ക്ലബിലെ എൻ.വി. മുഹമ്മദ് നജീബെന്ന നജുവിനെപ്പോലെ നൂറുകണക്കിനു പ്രാവ് പ്രേമികൾ ഒരുമിച്ചു പറയും, ‘ആയിരക്കണക്കിന് ആരാധകരുണ്ട് ഞങ്ങൾക്ക്.’ 

സൗബിൻ ഷാഹിറിന്റെ പറവയെന്ന ചലച്ചിത്രമാണ് പ്രാവ് പറത്തലിന്റെ ഹരം ഈയിടെ സാധാരണക്കാരനിൽ എത്തിച്ചത്. പ്രാവ് വളർത്തൽ കേവലം നേരമ്പോക്കല്ല, വലിയൊരു കായിക വിനോദമാണെന്ന തിരിച്ചറിവുണ്ടാക്കിയതും ഒരു പക്ഷേ, പറവ തന്നെ. മട്ടാഞ്ചേരിയിലെ ‘പറവ’ കോഴിക്കോട്ടെത്തുമ്പോൾ ചില വ്യത്യാസങ്ങളുണ്ടെങ്കിലും പ്രാവ് പറത്തലിലെ ആവേശത്തിനും മൽസരബുദ്ധിക്കും കുറവില്ല. പ്രാവുകളെ തട്ടിക്കൊണ്ടു പോകലും ഒളിപ്പിച്ചു പാർപ്പിക്കലും എല്ലായിടത്തുമുണ്ട്.

നജുവിന്റെ കൂട്

നൂറോളം പ്രാവുകളുണ്ട് നജുവിന്റെ മേലേ പാളയത്തുള്ള കൂട്ടിൽ. അഞ്ചു വർഷം മുൻപ് അൻപതിലേറെ പ്രാവുകൾ കളവു പോകും വരെ നജുവിന്റെ ത്രീ സ്റ്റാറായിരുന്നു പ്രാവ് പറക്കലിലെ സ്റ്റാർ. ഈയിടെ എൺപതോളം പ്രാവുകൾ അസുഖം ബാധിച്ചു ചത്തതും നജുവിനു താങ്ങാനാവാത്ത തിരിച്ചടിയായി. സ്വന്തം മക്കളെ നോക്കുന്ന കരുതലോടെ വേണം ഇവയെ പരിചരിക്കാനെന്നു നജു. 

ത്രീ സ്റ്റാറിനു കോതിയിലും കപ്പക്കലും രണ്ടു കൂടുകൾ കൂടിയുണ്ട്.ഓരോ കൂട്ടിലും പൊരുത്തമുള്ള ഇണകളെയാണു പാർപ്പിക്കുക. കൂടുതൽ ദൂരത്തിൽ, വേഗത്തിൽ, കൂടുതൽ സമയം പറക്കുന്ന പ്രാവുകളെയാണു മൽസരത്തിനായി വളർത്തുക. ഇണങ്ങാത്ത പ്രാവുകളെ എതിർ ഗ്രൂപ്പുകാർ ഇണകളെ വിട്ടു വഴി തെറ്റിച്ചു തട്ടിക്കൊണ്ടു പോകുന്ന പ്രവണതയുമുണ്ട്.

ടൂർണമെന്റ്

കാലിക്കറ്റ് പീജിയൻ ഫ്ലയേഴ്സ് അസോസിയേഷൻ ഉൾപ്പെടെ മൂന്നു പ്രമുഖ ക്ലബുകളാണു കോഴിക്കോട്ടുള്ളത്. ഇവർ നടത്തുന്ന ഏഴു ടൂർണമെന്റുകളുണ്ട് വർഷത്തിൽ. രണ്ടു പ്രാവുകളെ (ഇണപ്രാവുകൾ) വീതമാണു ടൂർണമെന്റിൽ മൽസരിപ്പിക്കുക. ഓരോ ക്ലബിന്റെയും ആസ്ഥാനത്തു നിന്നും അംപയറുടെ സാന്നിധ്യത്തിലാണു പ്രാവുകളെ പറത്തുക. 13 മണിക്കൂറും 30 മിനിറ്റും നീളുന്ന മൽസരം തുടങ്ങുക അതിരാവിലെ. 5.58നു പ്രാവുകളെ കയ്യിൽനിന്നു പറത്തി വിടുന്നു. 

ആറിനു അംപയറുടെ സ്റ്റോപ്പ് വാച്ച് ചലിക്കാൻ തുടങ്ങും. വൈകിട്ട് 7.30നുള്ളിൽ പുറപ്പെട്ട അതേ സ്ഥാനത്തു തിരിച്ചെത്തണം. കൂടുതൽ സമയം പറക്കുന്ന ജോടിയാകും വിജയികൾ. മേയ് മുതൽ ഒക്ടോബർ വരെയാണു സീസൺ. 400 മുതൽ 500 രൂപ വരെ പ്രവേശന ഫീസ് വാങ്ങുന്ന മൽസരത്തിൽ വിജയിച്ചാൽ ലക്ഷങ്ങളാണു സമ്മാനം. 250 – 300 ടീമുകളാണു മൽസരത്തിനിറങ്ങുക. ഒരു ദിവസം പന്ത്രണ്ടോളം മൽസരങ്ങൾ നടക്കും.

ലക്ഷണങ്ങൾ

പ്രാവിന്റെ കണ്ണ്, കൊക്കിനകത്തെ കറുത്ത പുള്ളി, കാലിലെ ബൂട്ട് (പാദത്തിനു തൊട്ടു മുകളിലെ അസാധാരണ തൂവലുകൾ) എന്നിങ്ങനെ നല്ല പ്രാവിന്റെ ലക്ഷണങ്ങൾ പലതാണ്. സാധാരണ 12 തൂവലാണു വാലിൽ. 14 തൂവലുണ്ടെങ്കിൽ അവൻ ലക്ഷണമൊത്തവൻ. പത്തുപതിനഞ്ചു ജോടികളെ വളർത്തിയാലും മൽസരത്തിനു യോജിച്ച മൂന്നോ നാലോ ജോടിയേ ഉണ്ടാകൂ. ഇണകൾ തമ്മിലുള്ള ഇണക്കം തന്നെ പ്രധാനഘടകം. ഇവയുടെ കുഞ്ഞുങ്ങൾ വളർന്നാൽ മികച്ച മൽസരാർഥികളാകുമത്രെ. നല്ല പ്രാവുകൾക്ക് ആയിരം രൂപ മുതൽ 5000 രൂപ വരെ വില വരും.

ഭക്ഷണവും പരിശീലനവും

മുത്താറി, കടല, ചെറുപയർ എന്നിവയാണു പ്രാവുകൾക്കു പ്രധാനമായും നൽകുന്ന ഭക്ഷണം. മൽസരിക്കുന്നവയ്ക്കു മുത്താറിയാണു പതിവ്. ബദാമും മുന്തിരിയും ഇവയ്ക്കു പഥ്യം. പലപ്പോഴും ഇഷ്ടപ്രകാരം അവ കഴിക്കുന്ന ഭക്ഷണത്തിനു പുറമെ, മുത്താറിയും മറ്റും പരിശീലകൻ വായിലാക്കി പ്രാവിന്റെ വായിലൂടെ അകത്തേക്കു വെള്ളത്തോടെ ഊതിക്കയറ്റും. പതിമൂന്ന് മണിക്കൂർ പറക്കാൻ കരുത്തരാക്കുന്നതാണു പരിശീലനം. ഘട്ടംഘട്ടമായി പരിശീലിപ്പിച്ചാണ് ഈ സിദ്ധി കൈവരുത്തുന്നത്. മൽസരത്തിനു പ്രാവുകളെ പറത്തും മുൻപു ചുണ്ടുകൾ ചേർത്തു വായിലേക്കു വെള്ളം ഊതിക്കയറ്റുന്ന ഹൈഡ്രേഷൻ വിദ്യയുമുണ്ട്.

മൽസരാർഥി

തന്റെ ഏതു പ്രാവിനെ ഏത് ഇണയോടൊപ്പം മൽസരത്തിൽ പങ്കെടുപ്പിക്കണമെന്നത് അവയുടെ ‘പറവ’ കണ്ടാണു തീരുമാനിക്കുക. പ്രാവ് പറക്കുന്ന രീതിയാണു പറവ. ഇവയ്ക്കു പ്രത്യേക പരിശീലനവും പരിചരണവും ഉറപ്പാക്കും. പ്രധാന മൽസരാർഥികളെ രഹസ്യകേന്ദ്രത്തിൽ പാർപ്പിക്കുന്നവരുമുണ്ട്. മൽസര സീസണു രണ്ടു മാസം മുൻപേ അവയുടെ ചിറകുകളിലെയും വാലിലെയും തൂവൽ വലിച്ചു കളയും. സീസൺ കഴിഞ്ഞാൽ ചിറകരിഞ്ഞു കൂട്ടിലാക്കും.പുതിയ പ്രാവുകളെ കൊണ്ടുവന്നാൽ ചിറകു കെട്ടിയോ പിൻ ചെയ്തോ കുറച്ചു നാളിടും. സാവധാനത്തിൽ ഒരു ഭാഗം സ്വതന്ത്രമാക്കും. 

മജുവിന്റെ കൂട്ടിൽ പറക്കമുറ്റാത്ത കുഞ്ഞൻ പ്രാവുകൾ മുതൽ പയറ്റിത്തെളിഞ്ഞ താരങ്ങൾ വരെയുണ്ട്. ചെറുവണ്ണൂർ നല്ലളം പടിഞ്ഞാറെ നമ്പിവീട് പറമ്പിൽ മുനീറ നിവാസിൽ അബ്ദുൽ മജീദെന്ന മജുവിന്റെ ഗുരു ഷഫീഖാണ്. സത്യസന്ധമായി മൽസരങ്ങളെ സമീപിച്ചിരുന്ന വ്യക്തി എന്നാണു ഗുരുവിനെ മജു വിശേഷിപ്പിക്കുന്നത്.  ലോഹപ്പാത്രങ്ങൾ മിനുക്കുന്ന ജോലിക്കാരനായ മജു സിഐടിയു ഭാരവാഹിയുമാണ്. മജുവിനെപ്പോലെ നൂറുകണക്കിനു പ്രാവ് സ്നേഹികൾ കോഴിക്കോട്ടും പരിസരത്തുമുണ്ട്.