Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അരുമക്കാഴ്ചകൾ

കുതിരകളുടെ നൃത്തവും കാളകളുടെ കരുത്തും മത്സ്യങ്ങളുടെ മത്സരനീന്തലുമൊക്കെ ആസ്വദിക്കാൻ കൊല്ലത്ത് അവസരം ഒരുങ്ങുന്നു. 10 മുതൽ 13 വരെ ആശ്രാമം മൈതാനത്തു നടക്കുന്ന പക്ഷി – മൃഗ പ്രദർശനത്തിൽ എലി മുതൽ ആന വരെയുള്ള വൈവിധ്യ കാഴ്ചകൾ കൊണ്ടു നിറയും. മൃഗസംരക്ഷണ വകുപ്പ് കാൽ നൂറ്റാണ്ടിനു ശേഷം കൊല്ലത്തു സംഘടിപ്പിക്കുന്ന മേള വിജ്ഞാനത്തിന്റെയും വിനോദത്തിന്റെയും വേദി കൂടിയാകും. 

മേളയിലെത്തുന്ന ചില ‘താരങ്ങളെ’ പരിചയപ്പെടാം.മൃഗങ്ങളെയും പക്ഷികളെയും കുറിച്ചു വിജ്ഞാനം നൽകുന്ന സെമിനാറുകൾ മേളയിലുണ്ട്. സംരംഭകർക്കായി ബിസിനസ് മീറ്റുകളും.  പ്രദർശന നഗരിയിൽ നിന്നും മൃഗാശുപത്രികളിൽ നിന്നും ടിക്കറ്റ് കരസ്ഥമാക്കാം. സ്കൂൾ വിദ്യാർഥികൾക്കു സൗജന്യമായാണു പ്രവേശനം.

സ്നേഹമുള്ള കൂട്ടുകാർ 



രണ്ടു ഡസനോളം വരുന്ന അരുമനായ്ക്കളുടെ ജനുസ്സുകൾ പ്രദർശനത്തിനെത്തുന്നുണ്ട്. ജനപ്രിയ നായ്ക്കളായ ജർമൻ ഷെപ്പേർഡ്, ഡോബർമാൻ, ലാബ്രഡോർ, റോട്ട് വീലർ, പഗ്ഗ്, ഡാഷ്ഹണ്ട്, ഡാൽമേഷ്യൻ എന്നിവ കൂടാതെ ലോകത്തിലെ ഏറ്റവും കുഞ്ഞു നായയായ ഷിവാവയും വലുപ്പമേറിയ സെന്റ് ബർണാഡും എത്തുന്നു. താരമാകാൻ കൊതിച്ചിരിക്കുന്ന ഒരുത്തനുണ്ട് – ബീഗിൾ. പ്രസിദ്ധമായ പീനട്സ് കാർട്ടൂണിലെ സ്കൂപ്പി എന്ന നായ കഥാപാത്രമാണ് ഇവൻ. ഫ്രഞ്ചിൽ കൗതുകകരമായ കഴുത്ത് എന്നർഥം വരുന്ന ബ്യൂഗിളിൽ നിന്നാണു ബീഗൾ എന്ന പേരുണ്ടായത്. കൗതുകകരമായ ചേഷ്ടകൾകൊണ്ട് ബീഗിൾ താരമാകുമെന്ന് ഉറപ്പ്.  

വർണക്കോഴികൾ 



അങ്കവാലിലും ആടയിലും സൗന്ദര്യം നിറച്ച ഇവയെ കോഴികളെന്ന് വെറുതേ വിളിക്കാൻ വരട്ടെ. വില നാലക്ക സംഖ്യകളിൽ ആരംഭിക്കും. മുട്ടയൊന്നിന് ഒരു പക്ഷേ 50 മുതൽ 500 വരെ രൂപ വന്നേക്കാം. വെൺതൂവൽ തൊപ്പിക്കു നടുവിൽ രത്നം പതിച്ച മുദ്രയുള്ള സുൽത്താൻ, കണ്ണിണകളെ മൂടുന്ന തൂവൽച്ചാർത്തുമായി നിൽക്കുന്ന പോളിഷ് ക്യാപ്, വെൺരോമ പട്ടു പുതച്ച സിൽക്കി, മീറ്റളോളം വാൽ നീളമുള്ള ഒണഗോഡറി, കുഞ്ഞൻ കോഴികളായ ഗെയിം ബാന്റം, ഭീമന്മാരായ കൊഷിൻ ബ്രഹ്മ, നീലക്കാലുകളുള്ള റോസ് കോംബ്, നീല മുട്ടകളിടുന്ന അലൂക്കാന എന്നിങ്ങനെ വർണക്കോഴികളുടെ വിശാല പ്രപഞ്ചം കൺമുന്നിലെത്തും.  

മിമിക്രിക്കാർ 



ടെലിഫോൺ മണിനാദം അനുകരിച്ച് ആളുകളെ ഭ്രമിപ്പിക്കുന്നവർ, പേരു ചൊല്ലി യജമാനനെ വിളിക്കുന്നവർ, സ്വന്തം യജമാനന്റെ മൊബൈൽ നമ്പർ വിളിച്ചുചൊല്ലുന്നവർ, .... അങ്ങനെ ശബ്ദാനുകരണ സാമർഥ്യം കൊണ്ട് ആരെയും അമ്പരപ്പിക്കുന്നവയാണു ചാരത്തത്തകൾ. ആഫ്രിക്കൻ സ്വദേശിയായ ഇവയ്ക്കു കാൽ ലക്ഷത്തോളം രൂപ വിലമതിക്കുന്നു.

അഭൗമമായ അഴകുകൊണ്ട് ആരെയും മോഹിപ്പിക്കുന്നവയായ യക്ക്‌ലറ്റക്സ് തത്തകളും വരുന്നു. ചോരചുവപ്പൻ മേനിയഴകും കരിനീല മിഴികളുമൊക്കെയുള്ള ആ മൊളൂക്കൻ ദ്വീപുകാരെ കണ്ടാൽ കൊതിതീരില്ല. പൂർണ വെജിറ്റേറിയൻ ഭക്ഷണക്കാരാണ് ഇവർ. തേനും പൂമ്പൊടിയുമൊക്കെ ഇഷ്ടം. 

തിരുപ്പതി ഭഗവാന്റെ പൂങ്കന്നൂർ,വൃന്ദാവനത്തിലെ കൃഷ്ണ 



തിരുപ്പതി ഭഗവാന് അഭിഷേകം ചെയ്യുന്ന പാൽ ഏതു ഗോക്കളുടേതാണ്. സംശയമേതുമില്ല. അന്നുമിന്നും അതു പൂങ്കന്നൂരിന്റേതു തന്നെ. ഇടങ്ങഴി പാലേ കിട്ടുകയുള്ളൂവെങ്കിലും തിരുപ്പതിയുടെ ചൈതന്യവുമായി പൂങ്കന്നൂർ പശു ഇഴപിരിയാതെ നിൽക്കുന്നു. ശുഭ്രശോഭയുള്ള മേനിയും ചെറു കൊമ്പുകളും തിളങ്ങുന്ന മിഴികളുമായി നിൽക്കുന്ന ഇവയുടെ എണ്ണം ഇന്ത്യയിൽ പത്തിൽ താഴെയെയുള്ളൂ.  വൃന്ദാവനത്തിൽ ഓടക്കുഴൽ വായിക്കുന്ന കൃഷ്ണന്റെ പിന്നിൽ നിൽക്കുന്ന തൂവെള്ള പൈ ഏതാണ്.  

മനസ്സിൽ പതിഞ്ഞ ആ ചിത്രത്തിനു ജീവൻ നൽകാൻ കൃഷ്ണ ഗോക്കളും പ്രദർശനത്തിനെത്തും. ആന്ധ്രയിലെ ഓങ്കോൾ മറ്റൊരിനമാണ്. സിംഹങ്ങൾ പാർക്കുന്ന ഗുജറാത്തിലെ ഗിർ വനത്തിൽ നിന്നു ഭാരതപ്പെരുമയുമായി ഗിർ പശുക്കളുടെ നീണ്ട നിര കാണികൾക്കായി എത്തും. കാങ്കറേജ്, കങ്കയം, വെച്ചൂർ, കാസർകോട് ഡ്വാർഫ്, സിന്ധി, സഹിവാൾ, മലനാട് ഗിദ്ദ, റാത്തി തുടങ്ങി ഓച്ചിറക്കാളയെ വരെ ഉൾക്കൊള്ളുന്ന നാടൻ കാലിജനുസ്സുകളുടെ അപൂർവശേഖരം ആശ്രാമത്ത് എത്തുന്നുണ്ട്. 

കഴുത വെറും കഴുതയല്ല 

ഒരു കഴുത കല്ലുതട്ടി ഒരിക്കലും രണ്ടു തവണ വീഴില്ല എന്ന ചൈനീസ് പഴമൊഴി അന്വർഥമാക്കിക്കൊണ്ട് കഴുതകളുടെ നിര വരുന്നു. വെറുതെയല്ല, കഴുതയുടെ കഴിവുകൾ പുറത്തുകാട്ടിക്കൊണ്ടുതന്നെ. ലോകമെമ്പാടും പ്രീതിയാർജിച്ച കഴുതപ്പാൽ ഉത്തമമായ സൗന്ദര്യവർധക വസ്തുവാണ്. ക്ലിയോപാട്ര രാജ്ഞി ദിവസവും 600 കഴുതകളുടെ പാലിലാണത്രേ കുളിച്ചിരുന്നത്. അതു കഥയോ കെട്ടുകഥയോ ആകട്ടെ, ഡോങ്കി മിൽക് ജെൽ, ഡോങ്കി മിൽക് ഫെയ്സ് പാക്ക് എന്നിവ ഉപയോഗിച്ച സുന്ദരിമാർ കഴുതകളെ മറക്കാനിടയില്ല. തമിഴ്നാട്ടിൽ നിന്നാണു കഴുതകൾ പ്രദർശനത്തിന് എത്തുന്നത്.  

ബിവി 380 കോഴികൾ 



വീട്ടമ്മമാരുടെ പ്രിയ ഇനമാണു ബിവി 380 കോഴികൾ. ആഴ്ചയിൽ അഞ്ച്, മാസത്തിൽ 25, വർഷത്തിൽ 300 എന്നിങ്ങനെയാണു ബിവി കോഴികളുടെ മുട്ടക്കണക്ക്. ചാരയും ചെമ്പല്ലിയുമെന്നൊക്കെ കേട്ടാൽ ഇഴജന്തുക്കളെന്നേ തോന്നൂ. എന്നാൽ ഇവർ കുട്ടനാടൻ താറാവുകളാണ്. രോഗം ഏശാറേയില്ല. മുട്ടകളാകട്ടെ 14 ദിവസത്തോളം പുറത്തിരുന്നാലും കേടാകുകയില്ല. ബിവി കോഴികളെയും താറാവുകളെയും കാടകളെയും ഗിനിക്കോഴികളെയും വാത്തകളെയും ഗ്രാമപ്രിയ, ഗ്രാമലക്ഷ്മി, വൈറ്റ് ലഗോൺ കോഴികളെയും വാങ്ങാൻ അവസരവുമുണ്ട്. നാടൻ കോഴികളായ തലശേരി, തേനി, തിത്തിരി, കരിങ്കോഴി, നേക്കഡ് നെക്ക് എന്നിവയെ അവതരിപ്പിക്കുന്നത് വെറ്ററിനറി സർവകലാശാലയാണ്.