Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പട്ടണത്തിൽ പ്രാവ്

1DSC_7244

കൊച്ചി പാലാരിവട്ടം ജംക്‌ഷനിൽനിന്ന് ഏതാനും മീറ്റർഅകലെ വിശാലമായ മട്ടുപ്പാവിലാണ് പ ള്ളത്തുവീട്ടിൽ ലിജുവിന്റെ പ്രാവിൻകൂട്ടം. ജോടിക്ക് രണ്ടായിരം മുതൽ  ഇരുപതിനായിരം രൂപവരെ വിലയുള്ള 350 പ്രാവുകളെ അദ്ദേഹം വളർത്തുന്നു. ഇവയിൽ 150 പ്രാവുകൾ മാതൃ–പിതൃ ശേഖരമാണ്. ബാക്കി വിൽക്കാനുള്ള ചെറുപ്രാവുകളും. നാലുവശവും വലയിട്ടു മറച്ച മട്ടുപ്പാവിൽ നിരകളായി സ്ഥാപിച്ച കൂടുകളിലാണ് ലക്ഷങ്ങൾ വിലയുള്ള ഈ അലങ്കാരപ്രാവുകൾ. 

എറണാകുളത്തു മാത്രമല്ല കോയമ്പത്തൂരിലും പൊള്ളാച്ചിയിലും ബെംഗളൂരുവിലും മുംബൈയിലുമൊക്കെ ലിജുവിനുകസ്റ്റമേഴ്സുണ്ട്. വാട്സാപ്പിലും ഫേസ്ബുക്കിലു മൊക്കെ പ്രാവിന്റെ വിഡിയോ കണ്ട് ഇഷ്ടപ്പെടുന്നവർ ലിജുവിനെ വിളിക്കുന്നു, വില പറഞ്ഞ് കച്ചവടം ഉറപ്പിക്കുന്നു. അക്കൗണ്ടിൽ പണമെത്തിയാലുടൻ പ്രത്യേക കൂടുകളിൽ അടച്ച പ്രാവുകൾ നാടു വിടുകയായി. ഡൽഹിയിലേക്കും മുംബൈയിലേക്കുമൊക്കെ ഇവർ ചിറകുപയോഗിക്കാതെപറക്കുന്നു, വിമാനത്തിൽ. മറ്റ് വടക്കേ ഇന്ത്യൻ നഗരങ്ങളിലേക്ക് ഈ വിമാന ത്താവളങ്ങളിൽനിന്നു ട്രെയിനിലോ ബസിലോ പ്രാവുകളെ അയയ്ക്കുന്നു. ബെംഗളൂരു, ചെന്നൈ നഗരങ്ങളിലേക്ക് കേരളത്തിൽനിന്നുള്ള ബസുകളിൽ പ്രാവുകൾ യാത്രയാകും. ഒരു ജോടി പ്രാവുകളുെട വിമാനയാത്രയ്ക്കുമാത്രം അയ്യായിരം രൂപ ചെലവ് വരുമെന്ന് ലിജു പറഞ്ഞു.സ്കൂൾ വിദ്യാർഥിയായിരിക്കുമ്പോൾ ആരംഭിച്ച കമ്പമാണ് മുപ്പതു വർഷങ്ങൾക്കു ശേഷം പീജിയൻ ബ്രീഡറെന്ന നില യിൽ ഈ സംരംഭകനെ നിലനിറുത്തുന്നത്. എന്നാൽ ആറു വർഷം മുമ്പാണ് ഇതൊരു വാണിജ്യസംരംഭമായി മാറിയത്. എറണാകുളത്ത് പ്രാവ് വളർത്തുകാരുെട സംഘടനയും ചന്തയുമൊക്കെ സംഘടിപ്പിച്ച അദ്ദേഹം ഇന്ന് രാജ്യത്തെ മുൻനിര ബ്രീഡർമാരിൽ ഒരാളാണ്. വാട്സ്ആപ്, ഫേസ്ബുക്ക് തുടങ്ങിയ സമൂഹമാധ്യമങ്ങളിലൂെട ഇന്ത്യയിെലവിടെയും  പ്രാവുകൾക്ക് ആവശ്യക്കാരെ കണ്ടെത്താനുംഎത്തിച്ചുനൽകാനും ലിജുവിനു സാധിക്കുന്നുണ്ട്. പ്രധാനമായി 25 ഇനം പ്രാവുകളാണ് ഇദ്ദേഹത്തിന്റെ ശേഖരത്തിലുള്ളത്. എന്നാൽ ഏറെ പ്രിയപ്പെട്ട ഫാൻടെയിൽ ഇനങ്ങളാണ് കൂടുതലും, പിൻചിറകുകൾ വിശറിപോലെ വിടർത്തുന്ന ഇവയുെട ഭംഗി ഒന്നു വേറെ തന്നെ. ഒരു ജോടി കുഞ്ഞുങ്ങൾക്ക് 20,000 രൂപ വിലയുള്ള അമേരിക്കൻ ഫാൻടെയിലാണ് താരം. പ്രജനനത്തിനുള്ള അമേരിക്കൻ ഫാൻ െടയിൽ ജോടിക്ക് അരലക്ഷം രൂപ വിലവരുമെന്ന് ലിജു അവകാശപ്പെട്ടു. പൗട്ടർ, ജക്കോബിൻ, ബൊക്കാറ ട്രംപറ്റ്, ഒാൾഡ് ജർമൻ ക്രോപ്പർ, നേക്കഡ് നെക്ക്, ഷോർട്ട് ഫേസ് തുടങ്ങിയ ഇനങ്ങളും ലിജുവിന്റെ ശേഖരത്തിലുണ്ട്. ഗോത മ്പ്, മണിച്ചോളം, ബജ്റ, ചെറുപയർ, പഠാണികടല എന്നിവയാണ് തീറ്റയായി നൽകുക.

 പ്രജനനത്തിനുള്ള പ്രാവുകൾക്ക് വിരമരുന്ന്, വിറ്റമിനുകൾ, കാൽസ്യം എന്നിവ കൃത്യമായി നൽകണം.പ്രാവ് വളർത്തലിന്റെ ആദായക്കണക്കുകൾ ശ്രദ്ധേയമാണ്.  ഒരു ജോടി അലങ്കാരപ്രാവുകൾ നിങ്ങൾക്കുണ്ടെന്നു കരുതുക. അഞ്ചു മാസം പ്രായമായാൽ പ്രാവുകൾ മുട്ടയിട്ടു തുടങ്ങും. ഒരു തവണ രണ്ടു മുട്ട മാത്രമാണ് ഇടുക. കേവലം 18 ദിവസം കൊണ്ട് അവ വിരിഞ്ഞു കുഞ്ഞുങ്ങൾ പുറത്തുവരും. രണ്ടു മാസം പ്രായമാകുമ്പോൾ കുഞ്ഞുങ്ങളെ മാതാപിതാക്കളുെട കൂട്ടിൽനിന്നു മാറ്റാം. ഇപ്രകാരം ഒരു ജോടി പ്രാവുകളിൽനിന്ന് ഒരു വർഷം പന്ത്രണ്ട് കുഞ്ഞുങ്ങളെ ലഭിക്കും. മികച്ച ഇനങ്ങൾക്ക് ഈ പ്രായത്തിൽ ജോടിക്ക് പതിനായിരം രൂപയിലേറെ വില പ്രതീക്ഷിക്കാം. രണ്ടോ മൂന്നോ ജോടികളെ വിൽക്കുമ്പോൾ തന്നെമുടക്കുമുതൽ തിരിച്ചുപിടിക്കാൻ സാധിക്കും, ശരിയായ വിപണനതന്ത്രങ്ങൾ ഉണ്ടാവണമെന്നു മാത്രം. വില കൂടിയ ഇനങ്ങൾ മുട്ടയിട്ടാൽ ഉടൻ അവ മാറ്റി സാധാരണ പ്രാവുകൾക്ക് അട വയ്ക്കുന്ന രീതിയും ബ്രീഡർമാർക്കിടയിലുണ്ട്. മുട്ടയിടീൽ കൂടുതൽ വേഗത്തിൽ നടക്കുന്നതിനും അതുവഴി കൂടുതൽ കുഞ്ഞുങ്ങളെ ലഭിക്കുന്നതിനുമാണ് ഈ തന്ത്രം. മുട്ട മാറ്റുന്നതോടെ പ്രാവുകൾ വീണ്ടും മുട്ടയിടും. ഇതുവഴി  മാസം രണ്ടു മുട്ടയിടൽ പ്രതീക്ഷിക്കാം.

2DSC_7206

കൂടുതൽ കുഞ്ഞുങ്ങളെ ലഭിക്കുമെന്നതിനാൽ വരുമാനത്തിലും ആനുപാതികമായ വർധനയുണ്ടാകും.  വാണിജ്യാടിസ്ഥാനത്തിൽ പ്രാവുകളെ വളർത്തുമ്പോൾ ആദായം വർധിപ്പിക്കാൻ ഇത്തരം കഠിനസമീപനങ്ങൾ വേണ്ടിവരുമെന്ന് ലിജു പറഞ്ഞു.അലങ്കാരപ്രാവ് വിപണിയിലെ പ്രവണതകൾക്കനുസരിച്ച് ഇനങ്ങൾ മാറുന്നതാണ് ഈ രംഗത്തെ പ്രധാന വെല്ലുവിളി. വലിയ വില കൊടുത്തു വാങ്ങിയ ഇനങ്ങൾ പ്രജനനം നടത്തി കുഞ്ഞുങ്ങളുണ്ടാവുമ്പോഴേക്കും അവയുെട ഡിമാൻഡും വിലയും കുറഞ്ഞിട്ടുണ്ടാവും. ജോടിക്ക് അറുപതിനായിരം രൂപ വില കൊടുത്തു വാങ്ങിയ പ്രാവുകൾക്ക് പിന്നീട് പതിനായിരം രൂപ പോലും കിട്ടാത്ത സ്ഥിതിയുണ്ടായെന്ന് ലിജു ചൂണ്ടിക്കാട്ടി. പരിചയസമ്പത്ത്, വിപുലമായ വിപണിബന്ധങ്ങൾ എന്നിവയുള്ളവർക്കേ ഈ മേഖലയിൽ വിജയകരമായി തുടരാനാവൂ.മൃഗസംരക്ഷണ സംരംഭകൻ എന്ന നിലയിൽ തനിക്ക് നഗരം വെല്ലുവിളികളെക്കാൾ അവസരങ്ങളാണ് നൽകുന്നതെന്ന് ലിജു ചൂണ്ടിക്കാട്ടി. മറ്റു ബ്രീഡർമാരുമായി പരിചയപ്പെടുന്നതിനും ഇടപാടുകൾ നടത്തുന്നതിനും പട്ടണത്തിൽ അവസരങ്ങളേറെ. മെച്ചപ്പെട്ട ചികിത്സ, മരുന്ന് എന്നിവയുെട ലഭ്യതയും ഇവിെടയുണ്ട്. മറ്റു നാടുകളിൽ വിപണനം നടത്താനും  പ്രാവിനെ എത്തിക്കാനുമുള്ള വാഹനസൗകര്യവും നഗരത്തിൽ കൂടുതലുണ്ടെന്നു ലിജു പറയുന്നു.മലിനീകരണത്തിനും പകർച്ചവ്യാധികളുെട വ്യാപനത്തിനുമുള്ള സാധ്യത മാത്രമാണ് നഗരത്തിലെ പ്രാവ് വളർത്തലിനു വെല്ലുവിളിയായുള്ളത്. പ്രാവുകളുെട കാഷ്ഠം മൂലം മിതമായ മലിനീകരണത്തിനേ സാധ്യതയുള്ളൂ. ദിവസവും രണ്ടു നേരം കൂടുകൾ വൃത്തിയാക്കുന്നതിനാൽ ഈ ഫാമിൽ അത്തരം പ്രശ്നങ്ങളൊന്നുമില്ല. പ്രാവുകളുെട പരിചരണത്തിനും കൂടുകളുെട വൃത്തിയാക്കലിനുമായി മട്ടുപ്പാവിൽ തന്നെ മുറിയുണ്ടാക്കി ഒരു തൊഴിലാളിയെ നിയോഗിച്ചിരിക്കുകയാണ്. എല്ലാ ദിവസവും ഫാമിലെത്തുന്നതിനൊപ്പം മൊബൈൽഫോണിലൂടെ ലോകത്തെവിടെയിരുന്നും പ്രാവുകളെ നിരീക്ഷിക്കാനും ലിജു സൗകര്യമൊരുക്കിയിട്ടുണ്ട്. ചാക്കിൽ വാരി സൂക്ഷിക്കുന്ന പ്രാവിൻകാഷ്ഠം ശുചീകരണത്തൊഴിലാളികൾക്ക് പണം നൽകി നീക്കം ചെയ്യിക്കുകയാണ്.

പരിമിതമായ സ്ഥലസൗകര്യമുപയോഗിച്ച് പരമാവധി ആദായം നേടാൻ സാധിക്കുമെങ്കിലും ഉപജീവനത്തിനായി പ്രാവുകളെ വളർത്തുന്നതിനെ ലിജു അനുകൂലിക്കുന്നില്ല.  എന്നാൽ പ്രാവുകളോടുള്ള ഇഷ്ടവും താൽപര്യവും മൂലം അവയെ വളർത്തുന്നവർക്ക് ക്രമേണ അവ വരുമാനമായി മാറുമെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. ഫോൺ: 9895198953