തത്തകളുടെപറുദീസ

parrot1
SHARE

വിദേശയിനം തത്തകളുെട പുനരധിവാസത്തിനും സ്വൈരവിഹാരത്തിനും  അപൂർവ പക്ഷിസങ്കേതം

മൈസൂർ നഗരത്തോടു ചേർന്ന് ചാമുണ്ഡിമലയുെട ചുവട്ടിലായി ഫലവൃക്ഷങ്ങളുെട ചെറുകാട്. കാടിനെയാകെ പൊതിഞ്ഞ് വലകൊണ്ടുള്ള മേലാപ്പ്. മേലാപ്പിനുള്ളിൽ വിവിധ വൻകരകളിലെ 468 വിദേശ സ്പീഷീസുകളിൽപെട്ട 2200 തത്തകൾ സസുഖം ആടിയും പാടിയും വാഴുന്നു. യഥാസമയം ഭക്ഷണം, അമ്പതു മീറ്റർ ഉയരത്തിലും ഒരു ഏക്കർ വിസ്തൃതിയിലും പറന്നുല്ലസിക്കാൻ വേണ്ടത്ര ഇടം, രോഗം  വന്നാൽ സ്കാനിങ് ഉൾപ്പെടെ ആധുനികസങ്കേതങ്ങൾ ഉപയോഗിച്ചു ചികിത്സ, സ്നേഹപൂർവമായ പരിചരണം– മൈസൂറിനു സമീപം ഊട്ടിറോഡിലെ ശുകവനം തത്തകൾക്ക് ഇഷ്ടസങ്കേതവും പക്ഷിപ്രേമികൾക്ക് മറക്കാനാവാത്ത അനുഭവവുമായി മാറുകയാണ്.

parrot4

പ്രശസ്തമായ അവധൂത ദത്താപീഠം ആശ്രമത്തോടു ചേർന്ന്  മഠാധിപൻ   ഗണപതി സച്ചിദാനന്ദസ്വാമിയുെട നേരിട്ടുള്ള മേൽനോട്ടത്തിലാണ് ഈ പക്ഷിവിഹാരം. തത്തകളുെട ഏറ്റവുമധികം ഇനവൈവിധ്യമുള്ള ശേഖരമെന്ന നിലയിൽ  ശുകവനത്തിന് ഗിന്നസ് ബുക്ക് അംഗീകാരം കിട്ടിയിട്ടുണ്ട്. ഏവിയറി (പക്ഷിക്കൂടാരം) എന്നതിനപ്പുറം തത്തകളുെട പുനരധിവാസകേന്ദ്രവും ആശുപത്രിയുമൊക്കെ ചേർന്ന അതുല്യസംരംഭമാണിത്. 

പച്ചപ്പനംതത്തേ...പുന്നാരപ്പൂമുത്തേ.... എന്നു നീട്ടിപ്പാടുന്ന നമുക്ക് തത്തയെന്നാൽ പച്ചത്തത്ത മാത്രമായിരിക്കും. എന്നാൽ ഇവിടെയില്ലാത്തതു പച്ചനിറക്കാരായ ഇന്ത്യൻ തത്തകൾ മാത്രം. ഇന്ത്യൻപക്ഷികളെ കൂട്ടിലടച്ചുവളർത്തുന്നതു നിയമവിരുദ്ധമായതിനാലാണ് ഇത്.  അതേസമയം  വർണശബളിമയുടെ പൂരം തീർക്കുകയാണ് ശുകവനത്തിലെ വിദേശ തത്തകൾ– മഞ്ഞ. ചുവപ്പ്, നീല, വയലറ്റ് എന്നിങ്ങനെ. വലുപ്പത്തിലുമുണ്ട് ഈ വ്യത്യാസം. ഇത്തിരിപ്പോന്ന പാരറ്റ്‌ലെറ്റ്സ് മുതൽ ഒരു മീറ്റർ നീളവും ഒന്നരക്കിലോ ഭാരവും പ്രതീക്ഷിക്കാവുന്ന ഹയാസിന്ത് മക്കാവ് വരെ ഇവിടെയുണ്ട്. സംസാരിക്കുന്നവ, പാടുന്നവ, അലറുന്നവ എന്നിങ്ങനെയും ഇവയെ വേർതിരിക്കാനാവും. പറക്കുന്ന തത്തകളിൽ ഏറ്റവും വലുപ്പമുള്ളത് ഹയാസിന്ത് മക്കാവിനാണത്രെ. 

parroHyacinth-Macaw2

വംശനാശത്തിന്റെ വക്കിൽ നിൽക്കുന്ന ബ്ലൂ ത്രോട്ടഡ് മക്കാവിനെയും  ഇവിെട കാണാം. അത്യപൂർവമായ  റെഡ് ബെല്ലീഡ് മക്കാവ്, ബ്ലൂ നേപ്ഡ് മക്കാവ്, ഇന്ത്യൻ കാലാവസ്ഥയുമായി പൊരുത്തപ്പെടാറില്ലാത്ത പെസ്ക്യൂട്ട്സ് പാരറ്റ് എന്നിവയും ശുകവനത്തിന്റെ അഭിമാനമായ അന്തേവാസികളാണ്. മക്കാവ് മാത്രമല്ല ആമസോൺ, കൊക്കറ്റൂസ്, ലോറിക്കീറ്റ്, കൊണൂർ എന്നിങ്ങനെ എല്ലാ ഭൂഖണ്ഡങ്ങളിൽനിന്നുള്ള അന്തേവാസികൾ ഈ പുനരധിവാസകേന്ദ്രത്തിലെ പക്ഷിക്കൂട്ടായ്മയിലുണ്ട്. 

എന്നാൽ ഇവയൊന്നുംതന്നെ വില കൊടുത്തു വാങ്ങിയവയല്ല. സ്വാഭാവിക സാഹചര്യങ്ങളിൽനിന്നു നേരിട്ട് എത്തിയവയുമല്ല. പക്ഷിക്കൂടുകളിലെ സുദീർഘ ജീവിതത്തിനു ശേഷം ഉപേക്ഷിക്കപ്പെട്ടപ്പോൾ ശുകവനം ഇവർക്ക് അഭയകേന്ദ്രമാവുകയായിരുന്നു. ഇനം, സ്വഭാവസവിശേഷത, തീറ്റക്രമം, പരിചരണം എന്നിവയുെട അടിസ്ഥാനത്തിൽ ശുകവനത്തെ വിവിധ ഉപവനങ്ങളായി തിരിച്ചിട്ടുണ്ട്. സരിവന, രിദവന, ഗരിവന, മരിവന, പരിവന ... എന്നിങ്ങനെ സപ്തസ്വരങ്ങൾ അടിസ്ഥാനമാക്കിയാണ് ഇവയ്ക്ക് സ്വാമി പേരിട്ടിരിക്കുന്നത്. സരിവനയിൽ സംസാരശേഷിയുള്ള തത്തകളെ പാർപ്പിച്ച് പരിശീലനം നൽകുമ്പോൾ നിരിവനം  അംഗവൈകല്യം വന്നവയെ പാർപ്പിക്കാനുള്ള ഇടമാണ്. ലോറി, ലോറിക്കീറ്റ് തുടങ്ങിയ വർണപ്പകിട്ടേറിയ പക്ഷികൾക്കു മാത്രമായും പ്രത്യേക ഇടമുണ്ട്. അതേസമയം വിവിധ വിഭാഗക്കാരായ തത്തകൾക്ക് പരസ്പരം ഇടപഴകാൻ അവസരം നൽകുന്ന പൊതു ഇടങ്ങളും ശുകവനത്തിൽ കാണാം. സവിശേഷമായി രൂപകൽപന ചെയ്തതാണ് ശുകവന വും ഇവി‍ടത്തെ സംവിധാനങ്ങളുമെന്ന് പക്ഷികളുെട ചുമതല വഹിക്കുന്ന ഡോ. ദസരി ശ്രീലക്ഷ്മി പറഞ്ഞു.

parrot3

ആയുർവേദഡോക്ടറും ഫിസിയോതെറാപ്പിസ്റ്റുമായ ശ്രീലക്ഷ്മിയാണ് വെറ്ററിനറി ഡോക്ടറുെട ഉപദേശപ്രകാരം പക്ഷികളുെട പരിചരണം നിർവഹിക്കുന്നത്.തത്തകൾക്ക് പൂർവിക ആത്മാക്കളുമായി സംസാരിക്കാൻ സവിശേഷ സിദ്ധിയുണ്ടെന്നു പഠിപ്പിക്കുന്ന സ്വാമി ഗണപതി സച്ചിദാനന്ദ പണ്ടുമുതൽക്കേ അവയെ വളർത്തിയിരുന്നു. എന്നാൽ 2012ലാണ് വിപുലമായ ഒരു പക്ഷിസങ്കേതത്തിനു സ്വാമിതുടക്കം കുറിച്ചത്– ഡോ.  ശ്രീലക്ഷ്മി ഓർമിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ പക്ഷിക്കൂടാരങ്ങൾ കണ്ടു മനസ്സിലാക്കിയും വിവിധയിനം തത്തകളുെട സ്വാഭാവിക ജീവിതസാഹചര്യങ്ങൾ പഠിച്ചും സ്വാമി തന്നെ ശുകവനത്തിനു രൂപം നൽകി. ഇത്രയധികം വിദേശയിനം തത്തകളിൽ ഒരു ജോടി ഹയാസിന്ത് മക്കാവിനെ മാത്രമാണ് ശുകവനത്തിലേക്ക് ഇറക്കുമതി ചെയ്തത്. 

വംശനാശം വന്ന തത്തകളുെട പ്രജനനത്തിനും സംരക്ഷണത്തിനുമായുള്ള പ്രത്യേക പദ്ധതിയുെട ഭാഗമായിരുന്നു അത്. മറ്റ് തത്തകളെല്ലാംതന്നെ പുനരധിവാസത്തിനായി ദത്തെടുത്തതോ ഭക്തജനങ്ങൾ സമ്മാനമായി നൽകിയതോ ആണ്. അരുമയായി വളർത്തിയ തത്തയെ വ്യത്യസ്ത കാരണങ്ങളാൽ തുടർന്നു വളർത്താൻ നിവൃത്തിയില്ലാത്തവർക്ക് ഇവിെട ഏൽപിക്കാം. ഉടമസ്ഥരായ കുട്ടികൾ വലുതായിഉന്നതപഠനത്തിനു പോകുമ്പോഴും രോഗം മൂലം പക്ഷികൾ അവശരാകുമ്പോഴും ഉദ്യോഗസ്ഥകുടുംബങ്ങൾ സ്ഥലംമാറ്റം മൂലം വിദൂരനഗരങ്ങളിലേക്കു പോകുമ്പോഴുമൊ ക്കെ വളർത്തുപക്ഷികളെ കൈവിടാൻ നിർബന്ധിതരാകാറുണ്ട്. സ്വന്തമായി ഇര തേടിശീലമില്ലാത്ത ഈ പക്ഷികളെ തുറന്നുവിടുന്നതു ക്രൂരതയായതിനാലാണ് പുനരധിവാസകേന്ദ്രത്തിൽ ഏൽപിക്കാൻ ഉടമസ്ഥർ  താൽപര്യപ്പെടുന്നത്.

എല്ലാ വിദേശതത്തകളെയും ശുകവനത്തിൽ സ്വീകരിക്കും. എന്നാൽ കർശനമായ നിരീക്ഷണത്തിനും പരിശോധനകൾക്കും ശേഷമേ അവയെ മറ്റു പക്ഷികളുമായി ഇടപഴകാൻ അനുവദിക്കാറുള്ളൂ. കാലൊടിഞ്ഞും ചിറക് നഷ്ടപ്പെട്ടുമൊക്കെ എത്തുന്ന തത്തകൾ ഏതാനും ആഴ്ചകളിലെ പരിചരണത്തിലൂെട സുന്ദരന്മാരായി മാറി  ഇവിടുത്തെ പക്ഷിക്കൂട്ടായ്മയിൽ ചേരുന്നു. ശുകവനത്തിലെ ആശുപത്രിയിലും പുനരധിവാസകേന്ദ്രത്തിലും വിപുലമായ സൗകര്യങ്ങളാണ് സച്ചിദാനന്ദസ്വാമി ഏർപ്പെടുത്തിയിരിക്കുന്നത്. ഉദരരോഗങ്ങൾ തിരിച്ചറിയാൻ സ്കാനർ, ആണും പെണ്ണും വേർതിരിക്കാൻ ഡിഎൻഎ പരിശോധന, രക്തപരിശോധനയ്ക്കുള്ള ലാബ് തുടങ്ങി മനുഷ്യർക്കുള്ള എല്ലാ ചികിത്സാസൗകര്യങ്ങളും ഇവിടുത്തെ പക്ഷികൾക്കും കിട്ടുന്നു. ബുധനാഴ്ച ഒഴികെ എല്ലാ ദിവസവും രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 12.30വരെയും ഉച്ചകഴിഞ്ഞ് 3.30മുതൽ 5.30വരെയുമാണ് ശുകവനത്തിലെ സന്ദർശന സമയം.

മരങ്ങൾക്കിടയിലെ പരസ്പരബന്ധിതമായ കൂടുകളിലാണ് തത്തകളെ പാർപ്പിച്ചിരിക്കുന്നത്. സന്ദർശകരില്ലാത്ത സമയങ്ങളിൽ ഇവയെ സ്വതന്ത്രമായി പറന്നു നടക്കാൻ അനുവദിക്കാറുണ്ട്. ഓരോ ഇനത്തിന്റെയും സ്വാഭാവിക ജീവിത സാഹചര്യം തന്നെ ഇവിെട നൽകുന്നു. ഉയരമേറിയ മരങ്ങളിൽ പാർക്കുന്ന തത്തകളുെട കൂട് കാടിന്റെ മേൽഭാഗത്താണ് സ്ഥാപിച്ചിരിക്കുന്നത്. അവയുെട തീറ്റയും അവിടെത്തന്നെ നൽകും. അതിനായി പക്ഷിക്കൂടാരത്തിലെ മരങ്ങൾക്കു മീതേ നടപ്പാതയുണ്ട്. പടികൾ കയറി നടപ്പാതയിലെത്താം. അവിടെ നിന്ന് പക്ഷികളെ നിരീക്ഷിക്കുകയും അവയ്ക്ക് തീറ്റ നൽകുകയുമാവാം. അതിസുന്ദരികളായ തത്തകൾക്കൊപ്പം ഫോട്ടോയെടുക്കാനും അവയ്ക്ക് തീറ്റ നൽകാനുമൊക്കെ ശുകവനത്തിൽ പ്രത്യേക ക്രമീകരണങ്ങളുണ്ട്. ജന്മനക്ഷത്രത്തെയും ജന്മദിനത്തെയും പ്രതിനിധീകരിക്കുന്ന തത്തകളെ ‌ നിങ്ങൾക്ക് ഇവിടെ കാണാം.

കൗതുകമായി ബോൺസായ് ഉദ്യാനവും

ശുകവനത്തിലെ തത്തകളെ കണ്ടിറങ്ങുന്നവർക്കായി സസ്യലോകത്തെ കുള്ളന്മാരുെട പരേഡും  ഒരുക്കിയിട്ടുണ്ട്. വിശാലമായ പുൽത്തകിടിയിൽ 450ലധികം ബോൺസായ് മരങ്ങൾ വിന്യസിച്ച കിഷ്കിന്ധ മൂലിക ബോൺസായ് ഉദ്യാനമാണിത്. 

രാമായണത്തിലെ കിഷ്കിന്ധവനം സുഗ്രീവന്റെ അമ്മാവനായ ദാധിമുഖന്റേതായിരുന്നു. വർഷം മുഴുവൻ വ്യത്യസ്ത കാലാവസ്ഥകളിലെ പഴവർഗങ്ങൾ വിളഞ്ഞിരുന്ന ആ ചെറുവനത്തിലെ ഫലവൃക്ഷങ്ങളിൽ വാനരപ്പടയുെട ആക്രമണമുണ്ടാകാതിരിക്കാൻ ദാധിമുഖൻ അവയെ കുള്ളൻമരങ്ങളാക്കി മാറ്റിയത്രെ. ബോൺസായ്  നിർമാണം ഭാരതീയപാരമ്പര്യത്തിന് അന്യമല്ലെന്നതിനു തെളിവായ കിഷ്കിന്ധയു െട പേരുതന്നെ തന്റെ ബോൺസായ് ഉദ്യാനത്തിനും ഗണപതി സച്ചിദാനന്ദ സ്വീകരിക്കുകയായിരുന്നു. വിവിധ ശൈലിയിലും വ്യത്യസ്ത ഇനങ്ങളിലും പെട്ട കുള്ളൻമരങ്ങളെ അടുത്തുകാണാൻ കിഷ്കിന്ധ മൂലിക ബോൺസായ് ഉദ്യാനം അവസരമൊരുക്കുന്നു. ഒരു വർഷം മുമ്പ് ഇവിടെ നടത്തിയ രാജ്യാന്തര ബോൺസായ് പ്രദർശനം  ലോകത്തിലെ ഏറ്റവും വലിയ ബോൺസായ് പ്രദർശനമെന്ന ഗിന്നസ് ബുക്ക് റിക്കാർഡ് നേടി. ആകെ 2649 ബോൺസായ് മരങ്ങളാണത്രെ പ്രദർശനത്തിനെത്തിയത്.  

MORE IN PETS AND ANIMALS
SHOW MORE
FROM ONMANORAMA