ADVERTISEMENT

കുറഞ്ഞ സ്ഥലത്തുനിന്ന് സ്ഥിര വരുമാനം എന്നതാണ് കാടവളർത്തലിന്റെ ആകർഷണം. മുയലിന്റെ കാര്യത്തിലെന്നപോലെ കാടവളർത്തലും ഇടക്കാലത്ത് നിരോധനത്തിന്റെ നിഴലിലായിരുന്നു. വനമേഖലയിൽ കാണുന്ന കോട്ടോർണിക്സ് ഇൻഡിക്കസ് എന്ന ഇനമായിരുന്നു സംരക്ഷിത കാടയെങ്കിലും വളർത്തിനമായ ജാപ്പനീസ് ക്വയിൽസും നിരോധനത്തിൽപ്പെട്ടു. നിരോധനം നീങ്ങിയതോടെ കാടവളർത്തൽ വീണ്ടും ഊർജിതമായിരിക്കുന്നു. 

ഒരു മുട്ടക്കോഴിക്ക് ആവശ്യമായ സ്ഥലത്ത്  8–10 മുട്ടക്കാടകളെ വളർത്താം. സ്ഥലസൗകര്യം കുറഞ്ഞവരെ സംബന്ധിച്ചിത് ചെറിയ കാര്യമല്ല. ആറാഴ്ച പ്രായമെത്തുമ്പോൾതന്നെ മുട്ടയിട്ടു തുടങ്ങും. ഒരു കാട വർഷം 300 മുട്ട നൽകും. അതിനുശേഷം ഇറച്ചിക്കായി വിൽക്കുമ്പോൾ വാങ്ങിയ വിലയ്ക്കടുത്തുതന്നെ ലഭിക്കുകയും ചെയ്യും. ഒരു ദിവസം പ്രായമായ ഇറച്ചിക്കാടക്കുഞ്ഞുങ്ങളെ വാങ്ങി 5–6 ആഴ്ച വളർത്തി വിൽക്കുകയുമാവാം.

കാടമുട്ടയും കാടയിറച്ചിയും പോഷകസമൃദ്ധമാണെന്ന കാര്യത്തിൽ തർക്കമില്ല. ലഭ്യതക്കുറവുകൊണ്ട് മുൻകാലങ്ങളിൽ വേണ്ടത്ര പ്രചാരം ലഭിച്ചില്ലെന്നു മാത്രം. അതുകൊണ്ടുതന്നെ കോഴിമുട്ടയുടെ വിപണിയിലേക്ക് ഇടിച്ചുകയറി ഇടമുണ്ടാക്കേണ്ട സ്ഥിതിയുണ്ടായിരുന്നു മുൻപ്. എന്നാലിന്ന് കോഴിമുട്ട വിപണിക്കു സമാന്തരമായിത്തന്നെ പിടിച്ചു കയറുന്നുണ്ട് കാടമുട്ടയും. പരിസരപ്രദേശങ്ങളിലെ കടകളുമായി ധാരണയിലെത്തിയും ആഴ്ചയിലൊരിക്കൽ ഓരോ പ്രദേശം എന്ന രീതിയിൽ വീടുകളിൽ മുട്ടയെത്തിച്ചു നൽകിയും മുട്ടവിൽപനക്കാർക്കു മൊത്തമായി നൽകിയുമെല്ലാം കർഷകർ വിപണി പിടിക്കുന്നു. സൂപ്പർ, ഹൈപ്പർ മാർക്കറ്റുകളിലും കാടമുട്ട പായ്ക്കറ്റുകൾ ഇടം നേടിയിരിക്കുന്നു. 

ചെറുകിടക്കാരാണ് കാടക്കൃഷിക്കാരിൽ ബഹുഭൂരിപക്ഷമെങ്കിലും മികച്ച ഹാച്ചറി സംവിധാനങ്ങളുമായി വൻകിട സംരംഭകരും കേരളത്തിലേറെയുണ്ട്. അതുകൊണ്ടുതന്നെ കാടക്കുഞ്ഞുങ്ങളുടെ ലഭ്യതയ്ക്കും പ്രയാസമില്ല. പരിമിതമായ തീറ്റ മതിയെന്നതും തീറ്റച്ചെലവു മറ്റു വളർത്തുപക്ഷികളുമായി താരതമ്യപ്പെടുത്തുമ്പോൾ കുറവാണെന്നതും അനുകൂല ഘടകം. നല്ല പരിപാലനം ലഭിച്ചാൽ രോഗങ്ങൾ മാറി നിൽക്കും. മരണനിരക്കും തീരെക്കുറയ്ക്കാം. പരിപാലന സമയം പരിമിതം. മുട്ടവിൽപനയിലൂടെ മാത്രമല്ല, മുട്ടയുൽപാദനം നിലച്ചവയെ ഇറച്ചിക്കു വിൽക്കുമ്പോഴും കാടക്കാഷ്ഠം വിൽക്കുമ്പോഴും ചെറുതല്ലാത്ത തുക കയ്യിലെത്തും.

English summary: Quail Farming

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com