Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പൂച്ച ഒരു സ്റ്റാറ്റസ് സിംബൽ

cat-animal-pet Representative image

പൊന്നുരുക്കുന്നിടത്ത് പൂച്ചയ്ക്കെന്തു കാര്യമെന്നു ചോദിക്കുന്നവർ കേൾക്കുക, എലിയെ പിടിക്കുന്ന ചരിത്ര ദൗത്യത്തിൽ നിന്ന് വീടിന്റെ അലങ്കാരവും സ്റ്റാറ്റസ് സിംബലുമായി പൂച്ചകൾ മാറിയിരിക്കുന്നു. പല വിദേശ രാജ്യങ്ങളിലും എണ്ണത്തിലും ജനപ്രീതിയിലും ഓമനമൃഗമെന്ന നിലയിൽ ഇവർ നായ്ക്കളെ കടത്തിവെട്ടിയിരിക്കുന്നു. വീട്ടിലെ ഒരംഗത്തെപ്പോലെ വീടിനുള്ളിൽ വളർത്തപ്പെടുന്ന അരുമയായതിനാൽ അവരുടെ പരിപാലനത്തെക്കുറിച്ചുള്ള അറിവ് പൂച്ച പ്രേമികൾക്ക് ഏറെ പ്രധാനമാണ്.

ഊഷ്മളമായ സൗഹൃദവും ഊർജ്ജസ്വലമായ ജീവിതരീതിയുമാണ് പൂച്ചകളുടെ മുഖമുദ്ര. പരിമിതമായ സ്ഥലസൗകര്യങ്ങളിലും കുറഞ്ഞ ചിലവിലും വളർത്താമെന്നത് ഓമനമൃഗമെന്നനിലയിൽ ഇവർക്ക് ആകർഷണം നൽകുന്നു. ഉടമയുടെ സമയം ഏറെ അപഹരിക്കാതെ, ഏറെ ആശ്രയിക്കാതെ ശാന്തനായി ഒറ്റയാനായി ഉറക്കവും അൽപ്പം കറക്കവുമായി സ്വയം പര്യാപ്തനാവാൻ പൂച്ചയ്ക്ക് കഴിയുന്നു. നിത്യേനയുള്ള നടത്തമോ വ്യായാമമോ നിർബന്ധമില്ല. അതിനാൽ ഫ്ലാറ്റുകളിൽ കഴിയുന്നവർ, വീട്ടിൽ തന്നെ ജീവിതം തളച്ചിടുന്ന വൃദ്ധർ, തിരക്കേറിയ ജീവിതം നയിക്കുന്നതുമൂലം അരുമമൃഗത്തിനായി ഏറെ സമയം ചിലവഴിക്കാനില്ലാത്തവർ എന്നിവർക്കൊക്കെ പൂച്ചകൾ കൂട്ടുകാരായി ചേരും. യജമാനസ്നേഹത്തെക്കാൾ താമസിക്കുന്ന വീടിനോടും പരിസരത്തോടുമുള്ള ബന്ധമാണ് പൂച്ചയുടെ പ്രത്യേകത. ഇനിയും മെരുങ്ങാത്ത വന്യഭാവങ്ങളുമായി ജീവിക്കുന്ന ഇവർക്ക് ഇവയെ മനസിലാക്കിയുള്ള പരിചരണമാണ് വേണ്ടത്.

ലോകത്താകമാനം അൻപതോളം പൂച്ച ജനുസ്സുകളുണ്ടെന്ന് കണക്കാക്കിയിരിക്കുന്നു. ബലനീസ്, അങ്കോറ, സൊമാലി, സയാമീസ്, പേർഷ്യൻ, അബിസീനിയൻ, മാൻക്സ്, ബിർമൻ, ബ്രിട്ടീഷ് ഷോർട്ട് ഹെയർ സ്പിനിക്സ്, റെക്സ്, റോഗ്, ബംഗാൾ, ബോംബെ, ഹിമാലയൻ തുടങ്ങിയവയാണ് പ്രധാന ജനുസ്സുകൾ. രോമക്കുപ്പായത്തിന്റെ നീളം, നിറം, ശരീര വലിപ്പം, വാലിന്റെ നീളം, കണ്ണിലെ കൃഷ്ണമണിയുടെ നിറം എന്നീ ശാരീരിക പ്രത്യേകതകളിലും സ്വഭാവ സവിശേഷതകളിലും ഈ ജനുസ്സുകൾ വ്യത്യാസപ്പെട്ടിരിക്കുന്നു. ശുദ്ധജനുസ്സുകൾ ഏറെയുണ്ടെങ്കിലും നാടൻ എന്നോ സങ്കരയിനം എന്നോ വിളിക്കാവുന്ന പൂച്ചകളാണ് കേരളത്തിൽ ബഹുഭൂരിപക്ഷവും. എന്നാൽ പേർഷ്യൻ, സയാമീസ് തുടങ്ങിയ ഏതാനും വിദേശജനുസ്സുകൾ നമ്മുടെ നാട്ടിലും ഇപ്പോൾ ജനപ്രിയതാരങ്ങളായിരിക്കുന്നു.

ഉടമയുടെ താമസസ്ഥലത്തിന്റെ പ്രത്യേകത, സ്ഥല ലഭ്യത, പ്രായം, കുട്ടികളുടെ പ്രായം, പൂച്ചകളുടെ ശരീര–സ്വഭാവ പ്രകൃതം, രോമാവരണം തുടങ്ങിയ ഗുണങ്ങൾ നോക്കിയാവണം ജനുസ്സിന്റെ തിരഞ്ഞെടുപ്പ്. ഓമനമൃഗമെന്ന നിലയിൽ വളർത്താൻ സങ്കരയിനമായാലും മതി എന്നാൽ പ്രജനനം നടത്തി കുഞ്ഞുങ്ങളെ വിൽപ്പന ന‌ടത്താനാണെങ്കിൽ ശുദ്ധജനുസ്സുകളെ വളർത്താം. ബുദ്ധിയും സ്നേഹവും സൗഹൃദഭാവവും ആൺ, പെൺ പൂച്ചകളിൽ ഒരേപോലെയായതിനാൽ ഇവർ തമ്മിൽ അധികം വിവേചനം വേണം. നീളൻ രോമങ്ങളുള്ള ഇനങ്ങൾക്ക് കൂടുതൽ പരിചരണം വേണ്ടിവരുമെന്ന് ഓർക്കുക.

animal-pet-persian-cat പേർഷ്യൻ പൂച്ച

ഇറാനാണ് പേർഷ്യൻ പൂച്ചകളുടെ ജന്മദേശം. പിന്നീടവ യൂറോപ്പിൽ സ്റ്റാറ്റസ് സിംബലായി വളർന്നു. വിവിധ നിറങ്ങളിൽ കാണപ്പെടുന്ന ഇവരുടെ പ്രത്യേകത കമ്പിളി പോലെയുള്ള നീളൻ രോമങ്ങളാണ്. കുറിയ ഇരുണ്ട ശരീരം, ചെറിയ കഴുത്ത്, വലിയ തല, പരന്ന മുഖം, കുറുകിയ തടിച്ച കാലുകൾ, വിശാലമായ നെഞ്ച്, ചെറിയ ചെവികൾ എന്നീ പ്രത്യേകതകളുമുണ്ട്. സ്നേഹസമ്പന്നരായ ഇവർ വീടിനുള്ളിൽ ‌ഒതുങ്ങി കൂടുമെങ്കിലും ഏകാന്തവാസം ഇഷ്ടപ്പെടുന്നില്ല. ശുദ്ധ ജനുസിന് 3–6 കിലോഗ്രാം ഭാരം വരുന്നു. ഫ്ളാറ്റുകളിലും, വീടിനുള്ളിലും വളർത്താൻ അനുയോജ്യമായ ഇവയുടെ നീണ്ട രോമക്കുപ്പായം ചീകി മിനുക്കാൻ സമയവും ശ്രദ്ധയും വേണം. ബ്ര‌ിട്ടനിലെ ആദ്യ പൂച്ച ജനുസ്സായ ഇവ ബ്രിട്ടീഷ് ലോങ്ങ് ഹെയർ എന്നും അറിയപ്പെടുന്നു. നീലക്കണ്ണുകളുള്ള പൂച്ചകളാണ് സയാമീസ്. 'V' ആകൃതിയിലുള്ള മുഖവും വലിയ ചെവികളും ഇവയ്ക്കുണ്ട്. തൂവെള്ള നിറമുള്ള പൂച്ചക്കുട്ടികൾ വലുതാകുമ്പോൾ മങ്ങിയ തവിട്ടു നിറമാകുന്നു മൂക്ക്, വായ, ചെവി, കാലുകൾ എന്നിവ കടുത്ത തവിട്ടു നിറമാകും.

ഡോ. സാബിൻ ജോർജ്
അസിസ്റ്റന്റ് പ്രഫസർ, ഡിപ്പാർട്ട്മെന്റ് ‌ഓഫ് എൽ.പി.എം, വെറ്ററിനറി കോളജ്, മണ്ണുത്തി, തൃശൂർ
– 680651
Email: drsabinlpm@yahoo.com 

Your Rating: