Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശ്രദ്ധിച്ചു നൽകണം പൂച്ചയ്ക്ക് ഭക്ഷണം

516207382 Representative image

കറ തീർന്ന മാംസഭുക്കാണ് പൂച്ച. ഇവയുടെ ശാരീരിക സ്വഭാവ പ്രത്യേകതകൾ ഇരയെ പിടിച്ചു തിന്നാൻ രൂപകൽപ്പന ചെയ്യപ്പെട്ടതാണ്. അതിനാൽ പൂച്ചകളെ പൂർണ്ണമായൊരു വെജിറ്റേറിയൻ ഭക്ഷണത്തിൽ വളർത്താൻ ബുദ്ധിമുട്ടാണ്. മാംസത്തിൽ നിന്നു ലഭിക്കുന്ന ടോറിൻ പോലുള്ള അമിനോ ആസി‍ഡുകൾ പൂച്ചകൾക്ക് അനിവാര്യമാണ്. ടോറിൻ ഏറ്റവുമധികം ഉള്ള എലിയും, മീനും പൂച്ചകൾക്ക് പ്രിയങ്കരമാകുന്നതിന്റെ കാരണവും ഇതുതന്നെയായിരിക്കും. നായകൾക്ക് ആവശ്യമുള്ളതിനേക്കാൾ ഇരട്ടി പ്രോട്ട‍ീൻ പൂച്ചകളുടെ ഭക്ഷണത്തിൽ വേണം. കൂടാതെ പത്തുശതമാനത്ത‍ോളം കൊഴുപ്പും വേണം.

നായയുടെയും, മനുഷ്യന്റെയും ഭക്ഷണം ശാസ്ത്രീയമായി പൂച്ചകൾക്ക് ചേർന്നതല്ല. മാംസഭുക്കായ പൂച്ചയ്ക്ക് പ്രോട്ട‍ീൻ നൽകാൻ മാംസം, മത്സ്യം എന്നിവ നൽകാം. കൂടെ പുഴുങ്ങിയ മുട്ട, നേർപ്പിച്ച പാൽ, എന്നിവയും നൽകാം. അന്നജം ലഭിക്കാൻ ചോറ്, വേവിച്ച ഉരുളക്കിഴങ്ങ് എന്നിവ ഉപയോഗിക്കാം. വിറ്റാമിനുകൾ ലഭിക്കാൻ അൽപ്പം കാരറ്റ് തുടങ്ങിയ പച്ചക്കറികൾ നൽകാം. സസ്യാഹാരം ദഹിപ്പിക്കാനുള്ള കഴിവ് പൂച്ചകൾക്ക് കുറവാണ്. വീട്ടിൽ തയ്യാറാക്കുന്ന തീറ്റ 25–50 ഗ്രാം / ഒരു കിലോഗ്രാം ശരീരഭാരത്തിന് എന്ന അളവിൽ നൽകാം. എല്ലില്ലാത്ത മാംസവും മത്സ്യവും മാത്രം നൽകുമ്പോൾ കാൽസ്യം, വിറ്റമിൻ എ എന്നിവയുടെ കുറവുണ്ടാകാമെന്നതിനാൽ എല്ലിൻ പൊടി, ലിവർ എന്നിവ നൽകാം. മീനെണ്ണയും വിറ്റമിൻ എ നൽകും.

ചിക്കന്റെ കഴുത്ത് വേവിച്ച് നൽകുന്നത് നല്ലത്. ധാരാളം ശുദ്ധജലം നൽകണം വലിയ ഒരെല്ല് കടിക്കാനായി ഇട്ടുകൊടുക്കാം. പൂച്ചകൾ പലപ്പോഴും പുല്ല് തിന്നാറുണ്ട്. വിറ്റ‌മിനുകൾ ലഭിക്കുന്നതോടൊപ്പം ശരീരം വൃത്തിയാക്കുമ്പോൾ ഉള്ളിൽ പോകുന്ന രോമം ഛർദ്ദിച്ച് പുറത്ത് കളയാനും ഇത് സഹായിക്കുന്നു. വേവിക്കാത്ത മാംസം, മത്സ്യം, പച്ചമുട്ട ഇവ പൂച്ചകൾക്ക് നൽകരുത്. ഇത് ബാക്ടീരിയ, പരാദബാധകൾക്ക് കാരണമാകും. വലിയ അളവിൽ പാൽ നൽകരുത്. വിറ്റമിൻ മിശ്രിതം നൽകുമ്പോൾ ലിവർ അധികമായി നൽകരുത്. ചോക്കളേറ്റ്, ഉള്ളി, വെളുത്തുള്ളി എന്നിവ ഒഴിവാക്കാം. എല്ലും മുള്ളും പൂച്ചയ്ക്ക് വേണ്ട. ഭക്ഷണക്രമത്തിൽ ഏറെ ശുചിത്വം പാലിക്കുന്നതിനാൽ വൃത്തിയുള്ള പുതിയ തീറ്റ നൽകണം. അമിത ഭക്ഷണം ജീവിതശൈലീരോഗങ്ങൾക്ക് വഴി വയ്ക്കുന്നു ഗർഭിണികൾക്കും മുലയൂട്ടുന്നവർക്കും അധികം ഭക്ഷണവും ശുദ്ധജലവും വേണം.

പൂച്ചകൾക്ക് ആവശ്യമായ സംതുലിത തീറ്റയെന്നത് അവകാശപ്പെടുന്ന ഖരരൂപത്തിലുള്ള റെഡിമെയ്ഡ് തീറ്റകൾ ഇന്ന് വിപണിയിൽ ലഭിക്കുന്നുണ്ട്. വില കൂടുതലാണെങ്കിലും പോഷകാഹാരപ്രദമായിരിക്കും ഇത്തരം തീറ്റകൾ. പൂച്ചകളുടെ പ്രായത്തിനും തൂക്കത്തിനും അനുസരിച്ച് നൽകേണ്ട കൃത്യമായ അളവുകൾ പാക്കറ്റിൽ രേഖപ്പെടുത്തിയിരിക്കും. കുട്ട‍ികൾ, വളരുന്ന പൂച്ചകൾ, പ്രായം കൂടിയവർക്ക്, ഗർഭിണികൾക്ക്, രോഗികൾക്ക് തുടങ്ങിയ പല അവസ്ഥയുള്ളവർക്കും നൽകാവുന്ന തീറ്റകളുണ്ട്.

cat-pet-animal

ജനനസമയത്ത് 100–125 ഗ്രാം വരുന്ന പൂച്ചക്കുട്ടി ഒരു വർഷം കൊണ്ട് മുപ്പത് മടങ്ങോളം തൂക്കം നേടുന്നതിനാൽ ഈ പ്രായത്തിൽ നല്ല ഭക്ഷണം തന്നെ നൽകണം. ജനിച്ചു വീഴുന്ന കുട്ട‍ികൾ ആദ്യത്തെ രണ്ടു ദിവസം തള്ളയുടെ കന്നിപ്പാൽ കുടിക്കുന്നു. രോഗപ്രതിരോധശേഷി നൽകാൻ ഇത് നിർണ്ണായകം. ആദ്യത്തെ നാലാഴ്ച പാൽ തന്നെ മുഖ്യഭക്ഷണം. ഉണർന്നിരിക്കുന്ന ഓരോ മണിക്കൂറും കുഞ്ഞുങ്ങൾ പാൽ കുടിക്കുന്നു. നാലാഴ്ച കഴിയുന്നതോടെ ആഹാരവും നൽകി തുടങ്ങണം. പരിപ്പ്, പച്ചക്കറികൾ മുതലായവ നന്നായി വേവിച്ച് നൽകണം. മറ്റ് ഭക്ഷണങ്ങൾ കഴിച്ചു തുടങ്ങുന്നതോ‌ടെ പാ‍ൽ കുടിയ്ക്കുന്നത് കുറയുന്നു. തള്ളയുടെ അകിടിൽ പാ‍ൽ വറ്റുന്ന പത്ത് ആഴ്ച പ്രായത്തോടെ മത്സ്യം, മാംസം തുടങ്ങിയ ആഹാരത്തിലേക്ക് മാറാവുന്നതാണ്. പിന്ന‍ീട് പാൽ നേർപ്പിച്ച് മാത്രം നൽകണം. ഗർഭിണികൾക്ക് 25% തീറ്റ അധികം വേണം. മൂലയൂട്ടുന്ന പൂച്ചകൾക്ക് 2–4 ഇരട്ടി ഭക്ഷണവും ധാരാളം ശുദ്ധജലവും നൽകണം. തനതായ ശാരീരിക സ്വഭാവ പ്രത്യേകതകൾ ഉള്ള പൂച്ചകൾക്ക് പ്രത്യേക പരിചരണം ആവശ്യമാണ്. വലിയ പൂച്ചകളിൽ പോലും കുട്ടിത്തം നിലനിൽക്കുന്നുവെന്നാണ് പറയപ്പെടുന്നത്. കാരണം പൂ‍ച്ച വലുതായാലും ചെറുതായാലും ഉടമകൾക്ക് അവ അരുമ തന്നെയാണ്. 

Your Rating: