Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നായ്ക്കൾക്ക് എന്താണ് ഇത്ര ക്രൗര്യം

Military Working Dogs

പത്രങ്ങളിൽ തലക്കെട്ടു വാർത്തയായും ചാനലുകളിൽ ബ്രേക്കിങ് ന്യൂസായും നായയും നായ്പ്പേടിയും നിറയുകയാണ്. തമിഴ്നാട്ടിലെ വെല്ലൂരിൽ രണ്ടു റോട്ട് വീലർ ഇനം വളർത്തുനായ്ക്കൾ ചേർന്ന് 56 വയസ്സുള്ള ഉടമയെ കടിച്ചുകീറി കൊന്നതായിരുന്നു ആദ്യ വാർത്ത. പിന്നീട് ബെംഗളൂരുവിലെ ഒരു ഹോസ്റ്റലിന്റെ ടെറസിൽനിന്ന് മെഡിക്കൽ വിദ്യാർഥികൾ ഒരു നായയെ താഴേക്ക് എറിയുന്ന ദൃശ്യം സമൂഹ മാധ്യമങ്ങളിൽ വൈറലായി. എന്നാൽ നമ്മുടെ സ്വന്തം കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരത്തിനടുത്തു പുല്ലുവിള കാഞ്ഞിരംകുളം കടപ്പുറത്ത് ശീലുവമ്മയെന്ന വൃദ്ധയെ തെരുവുനായക്കൂട്ടം ജീവനോടെ കടിച്ചുകീറി ഭക്ഷണമാക്കിയെന്ന വാർത്ത നാടിനെയാകെ നടുക്കിക്കളഞ്ഞു. തെരുവുനായ്ക്കളുടെ ആക്രമണം നാടുനീളെ പെരുകുന്നതിൽ അസ്വസ്ഥതയും പ്രതിഷേധവും പുകയുമ്പോഴാണ് ഈ ദാരുണ സംഭവം. നായകടിയേറ്റ കൊട്ടാരക്കര വേലംകോണം തയ്യിൽ ഉണ്ണിക്കൃഷ്ണൻ പേവിഷബാധയാൽ മരിച്ചെന്ന വാർത്ത കൂടി വന്നതോടെ തെരുവുനായ്ക്കൾ മലയാളിയുടെ പേടിസ്വപ്നമായി മാറിക്കഴിഞ്ഞു.

രണ്ടര ലക്ഷം തെരുവുനായ്ക്കൾ

കേരളത്തിൽ തെരുവുനായ്ക്കൾ രണ്ടര ലക്ഷം വരുമെന്നാണ് ഏകദേശ കണക്ക്. ഗ്രാമ, നഗര ഭേദമില്ലാതെ കുന്നുകൂടുന്ന, ഇറച്ചിയും മീനുമടക്കമുള്ള ആഹാര, ജൈവാവശിഷ്ടങ്ങൾ തിന്നുകൊഴുത്ത് അവ ആഘോഷമായി ജീവിക്കുന്നു. ശീലുവമ്മ കൊല്ലപ്പെട്ട കടപ്പുറം മാംസാവശിഷ്ടങ്ങൾ സ്ഥിരമായി തള്ളുന്ന സ്ഥലമാണെന്നത് ഇതിനോടു ചേർത്തു വായിക്കണം. 2015–16'ൽ സംസ്ഥാനത്ത് ഒരു ലക്ഷത്തിലധികമാളുകൾക്കു നായകടിയേറ്റിട്ടുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. 2012നു ശേഷം അമ്പതോളം പേർ നായകടിയേറ്റു മരിച്ചതായും റിപ്പോർട്ടുണ്ട്.

കോടതിയിടപെടൽ

കേരളത്തിൽ വ്യാപകമാകുന്ന തെരുവുനായ ആക്രമണം, അതിനു പരിഹാരം, കടിയേറ്റവർക്കു ചികിത്സാസൗകര്യം, നഷ്ടപരിഹാരം തുടങ്ങിയ വിഷയങ്ങളെക്കുറിച്ചു പഠിക്കാൻ കേരള ഹൈക്കോടതിയിലെ ജസ്റ്റിസ് സിരിജഗന്റെ നേതൃത്വത്തിൽ ഒരു സമിതിയെ സുപ്ര‍ീംകോടതി നിയോഗിക്കുകയുണ്ടായി. മാലിന്യ സംസ്കരണം കാര്യക്ഷമമാക്കൽ, തെരുവുനായ്ക്കൾക്കു നിർബന്ധിത വന്ധ്യംകരണം, വളർത്തുനായ്ക്കൾക്കു റജിസ്‌ട്രേഷൻ തുടങ്ങിയ നിർദേശങ്ങളടങ്ങിയ സമിതി റിപ്പോർട്ട് സുപ്രീംകോടതി ഉടൻ പ്രത്യേകം പരിഗണിക്കും.

siri-jagan-committee-report-on-dog-menace

പുല്ലുവിള സംഭവം സർക്കാരിനെയും തദ്ദേശ ഭരണസ്ഥാപനങ്ങളെയും താൽക്കാലികമായെങ്കിലും പ്രശ്നപരിഹാരത്തിനു നിർബന്ധിതമാക്കിയിട്ടുണ്ട്. മുഖ്യമന്ത്രി നേരിട്ടുതന്നെ പ്രശ്നത്തിൽ ഇടപെട്ടിരിക്കുന്നു. അടിയന്തര നടപടികൾക്കായി കൂടുതൽ അടിസ്ഥാന സൗകര്യങ്ങളും മനുഷ്യവിഭവശേഷിയും നൽകി മൃഗസംരക്ഷണ വകുപ്പിനെ സുസജ്ജമാക്കൽ, മൃഗക്ഷേമ സംഘടനകൾക്കു റജിസ്ട്രേഷൻ, ഓരോ ജില്ലയിലും തെരുവുനായ പുനരധിവാസ സംവിധാനം, ഇവിടെ ഭക്ഷണം നൽകാൻ മൃഗക്ഷേമ സംഘടനകളെ ചുമതലപ്പെടുത്തൽ, ആക്രമണകാരികളായ നായ്ക്കളെ കൊന്നൊടുക്കൽ, തെരുവുനായ്ക്കളുടെ വന്ധ്യംകരണം എന്നിവയാണ് സർക്കാർ തീരുമാനിച്ചി‌ട്ടുള്ള കർമപദ്ധതി. തെരുവുനായ്ക്കളെ നിയമാനുസരണം കുത്തിവച്ചു കൊല്ലുന്നതിനും വന്ധ്യംകരണത്തിനും പദ്ധതിത്തുകയിൽനിന്നു പണം ചെലവഴിക്കാൻ തദ്ദേശ ഭരണസ്ഥാപനങ്ങൾക്ക് അനുമതി നൽകാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്. വളർത്തുമൃഗങ്ങൾക്കു ലൈസൻസ് ഏർപ്പെടുത്തൽ, മൊബൈൽ വന്ധ്യംകരണ ശസ്ത്രക്രിയാ യൂണിറ്റ്, പട്ടിപിടിത്തക്കാർക്ക് 600 രൂപ വേതനം തുടങ്ങിയ നടപടികളുമായി തിരുവനന്തപുരം നഗരസഭയും രംഗത്തിറങ്ങി.

ശീലുവമ്മയുടെ ദുരന്തവും വെല്ലൂരിൽ വളർത്തുനായ്ക്കൾ ഉടമയെ കൊന്നതും യുവഡോക്ടർമാർ നായയെ എറിഞ്ഞു രസിച്ചതും നായ്ക്കൾ ആക്രമിക്കപ്പെടുന്നതുമൊക്കെ ആഴത്തിൽ ചർച്ച ചെയ്യേണ്ട ചില ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്.

നായയും മനുഷ്യനും

നൂറ്റാണ്ടുകൾകൊണ്ട് ഉരുത്തിരിഞ്ഞതാണ് മനുഷ്യനും നായയും തമ്മിലുള്ള ബന്ധം. വേട്ടയാടി നടന്ന മനുഷ്യന്റെ ഭക്ഷണാവശിഷ്ടങ്ങളിൽ തൃപ്തി കണ്ടെത്തിയ ചെന്നായ പിന്നീട് അവൻ വേട്ടയാടൽ നിർത്തി കൃഷിയിലേക്കും കാടുവിട്ടു വീട്ടിലേക്കും ജീവിതം പറിച്ചുനട്ടപ്പോൾ ഒപ്പം കൂടുകയായിരുന്നു. മനുഷ്യനൊപ്പം ജീവിച്ച ചെന്നായ്ക്കൂട്ടം തലമുറകൾ നീണ്ട ബന്ധത്തിലൂടെ അനുസരണശീലമുള്ള ഇന്നത്തെ നായ്ക്കളായി ഇണക്കിവളർത്തപ്പെട്ടു. പരിണാമ ചരിത്രത്തിലെ സമാനതകളില്ലാത്ത ഒരേട്. മനുഷ്യൻ ഇണക്കിയെടുത്തു എന്നതിനെക്കാൾ നായ്ക്കൾ സ്വയം ഇണങ്ങിവന്നു എന്നു പറയുന്നതാവും ശരി.

അതുവരെ കടന്നുചെല്ലാൻ കഴിയാതിരുന്ന പല പ്രദേശങ്ങളും പ്രകൃതി പ്രതിഭാസങ്ങളും കീഴടക്കാൻ നായ്ക്കളുടെ സഹായത്തോടെ മനുഷ്യനു സാധിച്ചു. നായ്ക്കളാകട്ടെ, രൂപത്തിലും ഭാവത്തിലും മാറ്റം വരുത്തി മനുഷ്യന്റെ സംരക്ഷണത്തിൽ സുഖവും സംതൃപ്തിയും കണ്ടെത്തി. സാമൂഹിക ജീവിതവും സംഘം ചേരലും ഇഷ്ടപ്പെടുന്ന നായ്ക്കൾ അവരുടെ സംഘനേതാവായി സ്വന്തം യജമാനനായ മനുഷ്യനെ അംഗീകരിക്കുകയായിരുന്നു. മനുഷ്യനാകട്ടെ, സ്വന്തം ആവശ്യത്തിന് അനുസൃതമായി രൂപ, സ്വഭാവ വ്യത്യാസങ്ങളുള്ള ഒട്ടേറെ നായ ജനുസ്സുകളെ ഉരുത്തിരിച്ചെടുക്കുകയും ചെയ്തു.

വായിക്കാം ഇ - കർഷകശ്രീ 

നായ്ക്കളുടെ പൂർവികർക്ക് തനതായുണ്ടായിരുന്നതോ ഇര തേടാൻ അവർ രൂപം കൊടുത്തതോ ആയ ശക്തമായ സാമൂഹികബന്ധം ശക്തരായ, വലുപ്പമേറിയ മൃഗങ്ങളെപ്പോലും വേട്ടയാടി ഭക്ഷണമാക്കാൻ അവരെ പ്രാപ്തരാക്കിയിരുന്നു. ഇത്തരം ദൃഢമായ സാമൂഹികബന്ധം കെട്ടിപ്പടുക്കാനുള്ള കഴിവാണ് ജീവിവർഗമെന്ന നിലയിൽ നായ്ക്കളുടെ അതിജീവന രഹസ്യം.

ഇനി നായയും മനുഷ്യനും തമ്മിലുള്ള ദൃഢബന്ധത്തിന്റെ അടിസ്ഥാനമെന്തെന്നു പരിശോധിക്കാം. സംഘമായി ജീവിക്കാൻ ഇഷ്ടപ്പെടുന്ന സാമൂഹിക ജീവികളായതിനാൽ നായ്ക്കൾ ഒരു സംഘത്തലവനാൽ നയിക്കപ്പെടാൻ ആഗ്രഹിക്കുന്നു. അത്തരമൊരു തലവനായാണ് തന്നെ തീറ്റിപ്പോറ്റുന്ന മനുഷ്യനെ നായ കാണുന്നത്. വേട്ടയാടി ജീവിച്ചിരുന്ന നായക്ക‍ൂട്ടം അവരുടേതായ ഒരു സ്വാധീന മേഖല (ടെറിട്ടറി) രൂപപ്പെടുത്തിയിരുന്നതുപോലെ ഉടമയെ തലവനായും കുടുംബാംഗങ്ങളെ തന്റെ സംഘമായും വളർത്തുനായ കരുതുന്നു. വീ‌ടും പരിസരവും തന്റെ സ്വാധീന മേഖല (ടെറിട്ടറി) യായി കണ്ടു സംരക്ഷിക്കുകയും ചെയ്യുന്നു. നായ തിരിച്ച് ആഗ്രഹിക്കുന്നതു ഭക്ഷണവും സുരക്ഷയും മനുഷ്യന്റെ ലാളനയും.

ഇണക്കി വളർത്തൽ

അടിസ്ഥാനപരമായി നായ ഒരു വന്യമൃഗമാണ്. തലമുറകൾകൊണ്ടു മെരുങ്ങി മനുഷ്യനോടിണങ്ങി ജീവിച്ചുവരുന്നെങ്കിലും അവയുടെ പ്രകൃത്യാലുള്ള അതിജീവനത്വരകൾ മാറിയിട്ടുണ്ടാവില്ല. പകരം അടക്കിവയ്ക്കപ്പെടുകയാണുണ്ടായത്. അപ്പോൾ ചോദ്യമിതാണ്. അടക്കിവച്ച വന്യഭാവങ്ങൾ പ്രത്യേക സാഹചര്യങ്ങളിൽ ചങ്ങലപൊട്ടിച്ചു പുറത്തു ചാടില്ലേ? അതല്ലേ വെല്ലൂരിൽ വളർത്തുനായ്ക്കൾ ഉടമയുടെ ജീവനെടുക്കാൻ കാരണം? ഇണക്കി വളർത്തപ്പെട്ട ഓമനനായ്ക്കൾ മനുഷ്യനെ വിട്ടു ജീവിക്കേണ്ടിവരുമ്പോൾ അടിസ്ഥാന സ്വഭാവം വീണ്ടും ആർ‌ജ്ജിച്ചെടുക്കില്ലേ? തെരുവുജീവിതത്തിൽ അങ്ങനെ ജന്മവാസനകളിലേക്കു മടങ്ങിയ നായ്ക്കളല്ലേ ശീലുവമ്മയുടെ ജീവനെടുത്തത്?

റോട്ട് വീലർ വാർ ഡോഗ്

രാത്രിയിൽ രഹസ്യമായി ശത്രുപാളയങ്ങളിലേക്കു കടത്തിവിടാൻ ഒന്നാം ലോകമഹായുദ്ധകാലത്തു ജർമൻകാർ സൃഷ്ടിച്ചടുത്ത കില്ലർ ജനുസ്സാണ് റോട്ട് വീലർ. തനി വാർ ഡോഗ്. പന്നിക്കൂട്ടങ്ങളെ വേട്ടയാടാൻ ഉപയോഗിച്ചിരുന്ന നായ്ക്കളുടെ പിന്മുറക്കാർ. ഒരൊറ്റ യജമാനനോടു മാത്രം കൂറുള്ളവർ. ഇത്തരം രണ്ടു നായ്ക്കൾ ചേർന്ന് ഉടമയെ കടിച്ചു കീറി കൊല്ലണമെങ്കിൽ നായ–മനുഷ്യൻ ബന്ധത്തിന്റെ മനഃശാസ്ത്രത്തിനു വിരുദ്ധമായ എന്തെങ്കിലും അവിടെ സംഭവിച്ചിരിക്കണം.

വളർത്തുനായ്ക്കൾ ആക്രമണത്തിനു മുതിരുന്ന പല സാഹചര്യങ്ങളുണ്ട്. ഇവയിൽ നായയുടെ വയസ്സ്, വലുപ്പം, ലിംഗം, ഹോർമോൺനിലയിലെ വ്യത്യാസം, ഉടമയും നായയും തമ്മിൽ അകൽച്ച, ഉടമയുടെ അവഗണന, മുൻവൈരാഗ്യം, അധീനപ്രദേശത്തേക്കു കടന്നുകയറ്റം എന്നിവ പ്രധാനം. മറ്റൊരു പ്രധാന കാര്യം ഉടമയോ, ഗൃഹനാഥനോ അല്ല, വളർത്തുനായ സ്നേഹിക്കുന്ന സംഘ നേതാവ്, മറിച്ച് അതിനെ പരിപാലിക്കുകയും ലാളിക്കുകയും ചെയ്യുന്ന ആളാണ് എന്നതാണ്. താൻ നേതാവായി കാണുന്നയാളെ ഉപ്രദവിക്കുന്നവരോ‌ടു നായ പക തീർക്കാനിടയുണ്ട്. റോട്ട് വീലറിന്റെ കാര്യത്തിൽ മറ്റൊരു സവിശേഷത, അത് ഒരൊറ്റ യജമാനനെ മാത്രമേ അംഗീകരിക്ക‍ൂ എന്നതാണ്. ഉടമ മാറിയാൽ പുതിയ ആളെ അംഗീകരിക്കണമെന്നില്ല. ഒരു നായ ആക്രമണം തുടങ്ങിയപ്പോൾ സംഘസ്വഭാവം കാരണം മറ്റേതും ഒപ്പം ചേർന്നുകാണണം.

വളർത്തുനായയ്ക്കു കൃത്യമായ പരിശീലനം നൽകാത്തതും നായയുടെ മനഃശാസ്ത്രം മനസ്സിലാക്കാതെ അവയോടു പെരുമാറുന്നതുമൊക്കെ ദുരന്തം ക്ഷണിച്ചു വരുത്തും. ഉത്തരവാദിത്തമുള്ളവർക്കു മാത്രം നായയെ വളർത്താൻ ലൈസൻസ് കൊടുക്കണമെന്നു പറയുന്നത് ഇതുകൊണ്ടാണ്.

റോട്ട് വീലർപോലെ ആക്രമണ സ്വഭാവമുള്ള നായ്ക്കളുടെ ഉടമകൾ ശക്തമായ വ്യക്തിത്വമുള്ളവരായിരിക്കുകയും വേണം.

ശീലുവമ്മയുടെ മരണം

attack-angry-dog-with-bared-teeth

പുല്ലുവിള കടപ്പുറത്തെ തെരുവുനായ്ക്കൾ സംഘനേതൃത്വത്തിൽ ഇരതേടലും വേട്ടയാടലുമെന്ന അടിസ്ഥാനത്വര തന്നെയാണ് കാണിച്ചത്. ഭക്ഷണം സുലഭമായ കടപ്പുറത്തു താവളമുറപ്പിച്ച സംഘം അവിടം സ്വന്തം സ്വാധീനമേഖലയായും കരുതുന്നു. തങ്ങളുടെ മേഖലയിൽ കടന്നുകയറിയ, ദുർബലയായ ഇരയെ അവർ ആക്രമിച്ചു ഭക്ഷണമാക്കുകയായിരുന്നു. ശ്രദ്ധിക്കുക ഇത്തരം സംഘങ്ങൾ ഇരയാക്കുക ദുർബലരെ (ഉദാ: കുട്ടികൾ, വൃദ്ധർ, സ്ത്രീകൾ, പശുക്കുട്ടികൾ, ആട്ട‍ിൻകുട്ടികൾ) യാകും. അതുപോലെ സാമാന്യം വിജനവും ശാന്തവുമായ പ്രദേശത്ത്, അതിരാവിലെയും സായാഹ്നത്തിലുമാകും ഇവ ആക്രമണത്തിനു തുനിയുന്നത്.

ഉണ്ണിക്കൃഷ്ണന്റെ ദുര്യോഗം

സാധാരണഗതിയിൽ കൂട്ടമായി വരുന്ന നായ്ക്കൾ പേവിഷബാധയുള്ളവരാവില്ല. ഇത്തരം നായ്ക്കൾ ഒറ്റയ്ക്കാവും നടക്കുക. ഇത്തരം ഒറ്റയാന്മാരുടെ കടിയേറ്റാൽ തീർച്ചയായും പ്രതിരോധ ചികിത്സ തേടണം. നിർഭാഗ്യവശാൽ ഉണ്ണിക്കൃഷ്ണൻ അതു ചെയ്തില്ല. നായക്കൂട്ടത്തിൽ പേപ്പട്ടികളെ കാണാറില്ലെങ്കിലും അലഞ്ഞുതിരിയുന്ന നായക്കൂട്ടങ്ങൾ പേവിഷബാധയ്ക്കു സാധ്യത കൂട്ടുന്നുണ്ട്.

കുസൃതിയോ ക്രിമിനൽ സ്വഭാവമോ

ടെറസിൽനിന്നു നായയെ വലിച്ചെറിയുകയും അതു ചിത്ര‍ീകരിക്കുകയും ചെയ്ത വിദ്യാർഥികൾ ക്രിമിനൽ സ്വഭാവമുള്ളവരാണെന്നും അവർ ഭാവിയിൽ വലിയ കുറ്റവാളികളാകുമെന്നുമാണ് മൃഗസ്നേഹികളുടെ വാദം. എന്നാൽ മനഃശാസ്ത്രജ്ഞർ പലരും അത്ര കടത്തിപ്പറയുന്നില്ല. കൂട്ടുകൂടുമ്പോഴുള്ള തമാശയോ ഷൈൻ ചെയ്യാനുള്ള ആഗ്രഹമോ ഒക്കെയാകാം സംഭവത്തിനു പിന്നിലെന്നു പറയുമ്പോഴും അവർ ഇത്തരം കുട്ടികളുടെ മാതാപിതാക്കൾക്കു നൽകുന്ന മുന്നറിയിപ്പ് അവഗണിക്കാനാവില്ല. നിങ്ങളുടെ കുട്ടി പരുക്കേറ്റതോ ചോരയൊലിക്കുന്നതോ ആയ മൃഗത്തെ കണ്ടിട്ടും അവഗണിച്ചാൽ, മുതിർന്നിട്ടും ഇതു തുടരുന്നുവെങ്കിൽ അവരെ ശ്രദ്ധിക്കണമെന്നാണ് മനഃശാസ്ത്രജ്ഞരുടെ ഉപദേശം.

പ്രശ്നപരിഹാരം

തെരുവുനായ്ക്കളെ സൃഷ്ടിക്കുന്നതു നാം തന്നെയാണ്. ഓമനകളായി വളർത്തുന്ന നായ്ക്കൾക്കു പ്രായമാകുമ്പോൾ അല്ലെങ്കിൽ അവശതയോ രോഗപീഡകളോ പിടിപെടുമ്പോൾ അവയെ തെരുവിലേക്ക് ഇറക്കിവിടുന്നതു നമ്മളല്ലേ? അതിജീവനത്തിന്റെ തത്രപ്പാടിലാണ് അവർ ആക്രമണകാരികളാകുന്നത്. അതുകൊണ്ട് ഓമനമൃഗങ്ങളെ ഉപേക്ഷിക്കുന്നതു തടയുന്നതടക്കമുള്ള സമഗ്ര സമീപനമാണ് പ്രശ്നപരിഹാരത്തിനു വേണ്ടത്. നായ്ക്കളെ വളർത്തുന്നതിനു ലൈസൻസ് കർശനമാക്കുകയും അശാസ്ത്രീയ പരിപാലനം കുറ്റകരമാക്കുകയും വേണം. രോഗപ്രതിരോധ കുത്തിവയ്പ് നിർബന്ധിതമാക്കണം. ഉടമസ്ഥർ ഉത്തരവാദിത്തമുള്ളവരായിരിക്കണം. അവർക്കു നായവളർത്തൽ സംബന്ധിച്ച് അറിവും പരിശീലനവും നൽകുന്ന സംവിധാനം വേണം.

അതേസമയം അടിയന്തരമായി തെരുവുനായ്ക്കളുടെ പുനരധിവാസം, വന്ധ്യംകരണം, മാലിന്യ നിർമാർജനം എന്നിവ നടപ്പാക്കുകയും വേണം. ഓർമിക്കുക, പിഴച്ചതു നായ്ക്കൾക്കല്ല, നമുക്കുതന്നെയാണ്.

വിലാസം: അസി. പ്രഫസർ, ഡിപ്പാർട്ട്മെന്റ് ഓഫ് എൽപിഎം, വെറ്ററിനറി കോളജ്, മണ്ണുത്തി, തൃശൂർ. ഫോൺ: 9446203839

ഇ–മെയിൽ: drsabinlpm@yahoo.com