Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കേരളത്തിന്റെ താരങ്ങൾ

dog-alsatian അൽസേഷൻ

ലോകത്താകമാനം നാനൂറിനടുത്തു നായ ജനുസ്സുകളുള്ളവയിൽ നൂറോളം ഇനങ്ങൾ ഇന്ത്യയിൽ ലഭ്യമാണ്. കേരളത്തിൽ ഇന്ന് ഏറെ ആവശ്യക്കാരുള്ള, ഏറ്റവുമധികം വളർത്തപ്പെടുന്ന ജനുസ്സുകളെ പരിചയപ്പെടാം.

അൽസേഷൻ

ജനപ്രീതിയിൽ കേരളത്തിൽ നമ്പർ വൺ അൽസേഷൻ എന്നു വിളിക്കുന്ന ജർമൻ ഷെപ്പേർഡ് തന്നെ. ജർമനിയിൽ പിറന്നു ലോകമാസകലം പ്രിയപ്പെട്ടവനായി മാറിയ ഇനം. ഒന്നാം ലോകമഹായുദ്ധകാലം മുതൽ പട്ടാളത്തിലും പൊലീസിലും പണിയെടുക്കുന്ന ഇവരെ എന്തു ജോലിയും പരിശീലിപ്പിച്ചെടുക്കാം. സ്നേഹവും വിശ്വസ്തതയും ധൈര്യവും ഇവയുടെ മുഖമുദ്രകൾ. നല്ല ബുദ്ധിയും ഗ്രഹണശക്തിയുമുള്ള ഇവൻ സദാ ജാഗരൂകനായ കാവൽനായയാണ്. കുട്ടികളുടെ കളിത്തോഴനാകാനും ഇവനു മടിയില്ല. ഉയർന്നു നിൽക്കുന്ന ചെവികൾ, തിങ്ങി വളരുന്ന രോമവുമായി വാളുപോലെ താഴോട്ട് കിടക്കുന്ന വാൽ എന്നിവ സവിശേഷതകൾ. ജന്മനാ കുട്ടികളിൽ ചെവി തളർന്ന് കിടക്കുമെങ്കിലും 3—6 മാസത്തിനുള്ളിൽ നിവരുന്ന, രണ്ടടിയോളം ഉയരവും മുപ്പത് കിലോയിലധികം തൂക്കവുമുള്ള ഇവർക്ക് നിത്യ വ്യായാമം ആവശ്യം. ചെവിയുടെയും രോമത്തിന്റെയും കൃത്യമായ സംരക്ഷണമാണ് പ്രധാന പരിപാലനാവശ്യം. അനുസരണത്തിനു മാതൃകയെങ്കിലും വീട്ടിലെ ഒരംഗത്തെ കൂടുതൽ സ്നേഹിക്കുന്ന ശീലമുണ്ടാകാം. പരിശീലനത്തിന് എളുപ്പം വഴങ്ങും.

റോട്ട് വീലർ

dog-rottweiler റോട്ട് വീലർ

ശൗര്യത്തിന്റെ പ്രതീകം. മാന്യനായ ഭീകരൻ, കില്ലർ ഡോഗ് തുടങ്ങിയ അപരനാമങ്ങൾ കൽപിച്ചുകിട്ടിയത് ഈ രൗദ്രഭാവം കാരണമാണ്. ജന്മദേശമായ ജർമനിയിൽ കച്ചവടക്കാരെയും നാൽക്കാലികളെയും കള്ളന്മാരിൽനിന്നും ശത്രുക്കളിൽനിന്നും സംരക്ഷിക്കുന്ന ജോലി നോക്കിയിരുന്ന ഇവർ പട്ടാളത്തിലും സേവനം ചെയ്തിട്ടുണ്ട്. ഇന്നും എസ്റ്റേറ്റുകളും വിശാലമായ കൃഷിയിടങ്ങളും കാക്കാൻ റോട്ട് വീലറിന്റെ വേഗവും കഠിനാധ്വാനവും ഓർമശക്തിയും വേണം. ക്രൂരമുഖഭാവം മാറ്റി കേരളത്തിലെ വീടുകളോട് ഇണങ്ങിയ ഇവർ തങ്ങൾക്കു കിട്ടുന്ന സ്നേഹം പതിൻമടങ്ങ് തിരിച്ചുനൽകുന്ന കാവൽനായ്ക്കളാണ്. കുഞ്ഞുന്നാളിലേ നല്ല പരിശീലനം നൽകിയാൽ ഇവർ മിടുക്കന്മാരാകും. നല്ല വ്യായാമം വേണം. നീളം കുറഞ്ഞു കട്ടിയുള്ള രോമങ്ങൾ നിത്യവും ചീകി മിനുക്കണം. വാൽ മുറിച്ചെത്തുന്ന ഇവർ കുറ്റിവാലുകൊണ്ട് തിരിച്ചറിയപ്പെടും. 50 കിലോ വരെ തൂക്കവും രണ്ടടി ഉയരവുമുണ്ടാകും. അമിതഭാരം ഒഴിവാക്കണം.

ലാബ്രഡോർ

dog-labrador ലാബ്രഡോർ

വാട്ടർ ഡോഗ് എന്നു വിളിക്കാവുന്ന വിധം തണുപ്പും വെള്ളവും ഏറെ ഇഷ്ടപ്പെടുന്ന നീന്തൽക്കാരാണ് ലാബ്രഡോർ റിട്രീവർ. മീൻ പിടിക്കാൻ സഹായിയായി നിന്നാണ് തുടക്കം. പിന്നീടത് പൊലീസ് വകുപ്പിലെ സ്നിഫർ നായയുടെ വേഷത്തിലായി. ഇന്ന് കേരളം നെഞ്ചിലേറ്റിയ പ്രിയ സ്നേഹിതർ. സൗഹൃദഭാവം അൽപം കൂടിയതിൽ കാവൽ നായയുടെ ലിസ്റ്റിൽ പിന്നിലാണ് സ്ഥാനം. ധൈര്യവും അധ്വാനശീലവും ബുദ്ധിശക്തിയുമുള്ള ഇവരെ ആരും ഇഷ്ടപ്പെട്ടുപോകും. കുട്ടികളുടെ കളിത്തോഴരും കുരയ്ക്കാൻ മിടുക്കരുമായ ഇവർക്ക് ദിവസവും വ്യായാമം വേണം. നീളം കുറഞ്ഞ് ഇടതൂർന്ന രോമങ്ങളായതിനാൽ പരിചരണം എളുപ്പമാണ്. അനുസരണശീലവും സൗഹൃദ മനോഭാവവും കൊണ്ട് നായ വളർത്തലിലെ പുതുമുഖങ്ങൾ തിരഞ്ഞെടുക്കുന്ന ഇനമാണ് ഇത്. രണ്ടടി ഉയരമെത്തുന്ന ഇവർക്ക് മുപ്പതു കിലോ വരെ തൂക്കം വരാം.

ഡാഷ്ഹണ്ട് (Dachshund)

dog-dachshund ഡാഷ്ഹണ്ട്

സാധാരണ നായ്ക്കളുടെ പകുതി ഉയരവും കുറുകിയ കാലുകളുമുള്ളവർ. മണ്ണിനടിയിലെ പൊത്തുകളിൽ കയറി ചെറിയ ഇരകളെ പിടിക്കാൻ നായാട്ടുകാർ ഇവരെ ഉപയോഗിച്ചിരുന്നു. സ്നേഹവും സമർപ്പണവും കൗശലവുമുള്ളവർ. സൂക്ഷ്മദൃഷ്ടിയെന്ന ഗുണമുണ്ടെങ്കിലും ഇവയെ നല്ല സംരക്ഷകരെന്നു പറയാനാകില്ല. മണ്ണിൽ മാളങ്ങളുണ്ടാക്കി ജന്മസ്വഭാവം കാണിച്ചേക്കാം. വീട്ടിനുള്ളിൽ വളർത്തുമ്പോൾ തൂക്കം മിതമായി നിർത്തണം. ശരീരഭാരം കൂടി നട്ടെല്ലിന് തകരാർ വന്ന് തളർന്നുപോകാനിടയുണ്ട്. നട്ടെല്ലിന്റെ പ്രശ്നങ്ങൾ കൂടുതലുള്ള ഇനം കുറിയ കാലിൽ നടക്കുമ്പോൾ തറയിൽ സ്പർശിച്ച് ത്വക്ക് രോഗങ്ങൾ പിടിപെടാറുണ്ട്. അതിനാൽ കൂടും ശരീരവും വൃത്തിയായി സൂക്ഷിക്കണം. ദിവസവും മിതമായ വ്യായാമം വേണം. നീളം കുറഞ്ഞ രോമമുള്ള ഡാഷ്ഹണ്ട് ഇനത്തിന് രോമപരിചരണം കുറവ് മതിയെങ്കിലും നീളൻ രോമക്കാർക്ക് ക്രമമായ ബ്രഷിങ് വേണം. ശരാശരി ഒരടി ഉയരവും 10 കിലോ തൂക്കവുമുള്ള ഈ ചെറുനായ്ക്കൾ ഊർജവും സ്നേഹവുംകൊണ്ട് മനം കവരുന്നവയാണ്.

പഗ്ഗ്

dog-pug പഗ്ഗ്

മൊബൈൽ കമ്പനിയുടെ പരസ്യചിത്രത്തിൽ പ്രത്യക്ഷപ്പെട്ടതോടെ തലവര തെളിഞ്ഞു പഗ്ഗ് എന്ന ചൈനക്കാരന്. ചുളിവുകളുള്ള കരി പിടിച്ചതുപോലെയുള്ള ഉരുണ്ട മുഖവും ഉണ്ടക്കണ്ണുകളുമൊക്കെ ചേർന്ന് ആകെയൊരു കോമാളി ലുക്ക്. കവിളിലൊരു മറുകും, ചുരുണ്ട കട്ടിവാലും മധുരമായ പെരുമാറ്റവും കുസൃതിയുമൊക്കെ ചേർന്ന കളിക്കൂട്ടുകാരാണ് ഇവർ. കളിജ്വരം മാത്രമേയുള്ളൂവെന്ന് ചിലപ്പോൾ തോന്നും. കുട്ടികളെ നിഴൽപോലെ പിൻതുടരുന്നു ഇവർ. ഇണങ്ങിയും പിണങ്ങിയും മൃദുല വികാരങ്ങൾ പ്രകടിപ്പിക്കും. നിത്യവും കുറച്ചു വ്യായാമം വേണം. അധിക വ്യായാമം ഇവരെ തളർത്തും. വീട്ടിനുള്ളിലെ സാന്നിധ്യമാകാനാണ് ഇവരുടെ ആഗ്രഹം. കണ്ണ്, ത്വക്ക്, ശ്വാസകോശം എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ അൽപം കൂടുതലാണ്. ദിവസവും രോമങ്ങൾ ബ്രഷ് ചെയ്യണം. ചൂടുള്ള കാലാവസ്ഥ താങ്ങാൻ കഴിവു കുറഞ്ഞ ഇവർക്ക് പ്രത്യേക വേനൽക്കാല പരിചരണം നൽകണം. ഒരടിയിൽ താഴെ ഉയരമുള്ള ഇവർക്ക് 6—8 കിലോ ശരീരഭാരമേയുള്ളൂ.

ബുൾ മാസ്റ്റിഫ്

dog-bullmastiff ബുൾ മാസ്റ്റിഫ്

ധൈര്യവും രൗദ്രഭാവവും ഇംഗ്ലീഷുകാരനായ ബുൾ മാസ്റ്റിഫിന്റെ സവിശേഷതകൾ. ഊർജസ്വലരായ യജമാനന്മാർക്ക് ഇവർ ഇണങ്ങും. അമിതമായി കുരയ്ക്കില്ലെങ്കിലും ശ്രദ്ധയുള്ള കാവൽക്കാരനും ബുദ്ധിമാനുമാണ്. വലിയ എസ്റ്റേറ്റുകൾക്ക് കാവൽ നിൽക്കാൻ അനുയോജ്യർ. അപരിചിതരെ സംശയദൃഷ്ടിയോടെ നോക്കുന്ന സംരക്ഷകൻ, വലുപ്പമേറിയ തലയും മുഖത്തെ ചുളിവുകളും സിംഹരാജന്റെ പോലുള്ള ചലനങ്ങളും കൊണ്ട് പ്രൗഢിയുള്ള ഇനം. പൊണ്ണത്തടിയന്മാരാകാൻ ഇടയുള്ള ഇവർക്ക് പതിവു വ്യായാമവും ആഹാര ക്രമീകരണവും വേണം. നീളം കുറഞ്ഞ രോമങ്ങൾക്ക് പരിചരണം കുറവു മതി. രണ്ടടിയിലധികം ഉയരവും, 50 കിലോ വരെ തൂക്കവും വരാം. കണ്ണിന്റെ രോഗങ്ങൾ ഇവയുടെ നിത്യപ്രശ്നമാണ്.

ഡോബർമാൻ

dog-doberman ഡോബർമാൻ

ജർമൻകാരനായ ഡോബർമാൻ ബുദ്ധിശക്തിയിലും കൂറിലും യജമാനഭക്തിയിലും മുമ്പിലാണ്. പൊലീസിനും പട്ടാളത്തിനും നല്ല സഹായികൾ. തിടുക്കക്കാരായ ഇവർക്ക് വിശേഷിച്ച് ആൺനായ്ക്കൾക്ക് കൃത്യമായ പരിശീലനം വേണം. ചുറ്റും സ്ഥലം കൂടുതലുള്ള വീടുകളുടെ കാവൽജോലിക്ക് ഇവരെ ഉപയോഗിക്കാം. മുക്കിലും മൂലയിലും തളരാതെ ഓടിയെത്തി ഇവർ കാവൽജോലി ഭംഗിയാക്കും. കള്ളന്മാരെ ഏഴയലത്ത് അടുപ്പിക്കാത്ത ധീരന്മാർ. മനുഷ്യന്റെ പുറത്തേക്ക് ചാടിക്കയറുന്നതും വീടിന്റെ ചുവരുകൾ വൃത്തികേടാക്കുന്നതുമൊക്കെ ദോഷമായി പറയാം. എന്നാൽ ചെറുപ്പത്തിൽ തന്നെ പരിശീലനം നൽകിയാൽ ഈ ദോഷങ്ങൾ ഒഴിവാക്കാം. ദിവസവും വ്യായാമം വേണം. നീളം കുറഞ്ഞ, മിനുസമുള്ള രോമങ്ങൾ പരിചരണം എളുപ്പമാക്കുന്നു. സ്വാഭാവികമായുള്ള നേർത്ത വാൽ ശരീരത്തിന് അഭംഗിയെന്നതിനാൽ കുട്ടിക്കാലത്തുതന്നെ വാൽ മുറിച്ചു മാറ്റി ഭംഗി കൂട്ടുന്ന പതിവുണ്ട്. ഉയരം രണ്ടടി വരെ. തൂക്കം 30—40 കിലോ.

ജാപ്പനീസ് സ്പിറ്റ്സ് (Spitz)

കേരളത്തിൽ പോമറേനിയൻ എന്നു കരുതി വളർത്തുന്ന പല നായകളും സ്പിറ്റ്സ് ആകാനാണ് വഴി. പോമറേനിയൻ താരതമ്യേന കുഞ്ഞൻ നായകളാണ്. കേരളത്തിലേറെ പ്രചാരമുള്ള സ്പിറ്റ്സിന്റെ ചുറുചുറുക്കും അതിസാമർഥ്യവും ശ്രദ്ധേയമാണ്. മൃദു സ്വഭാവമെന്ന് തോന്നുമെങ്കിലും ചിലപ്പോൾ ആക്രമണകാരിയാകും. ഉടമയെയും വീട്ടുകാരെയും സ്നേഹിക്കുമ്പോൾ തന്നെ അപരിചിതരെ അകറ്റി നിർത്തും. കുരയാണ് ഇവരുടെ സഹജ സ്വഭാവം. ചെറിയ ശബ്ദങ്ങൾ കേട്ടാൽപോലും നിർത്താതെ കുരച്ചുകൊണ്ടിരിക്കും. ജപ്പാനിലെ ആഢ്യന്മാരുടെ ഓമനകളായതിനാലാവണം ഉടമയുടെ കിടപ്പറയിൽ കളിപ്പാട്ടമായി ഉറങ്ങാനാണ് ആഗ്രഹം. ദിവസവും വ്യായാമം വേണം. നീളമുള്ള ഇടതൂർന്ന രോമങ്ങൾക്ക് ക്രമമായ പരിചരണവും ബ്രഷിങ്ങും ആവശ്യം. ബോറടിച്ചാൽ ദേഷ്യം വരുന്ന ഇവർ വീട്ടുകാര്യങ്ങളിൽ സഹകരിക്കും. അൽപം മുതിർന്ന കുട്ടികൾക്കിവർ കൂട്ടുകാരാണ്. 5—6 കിലോ തൂക്കവും ഒരടി ഉയരവുമുണ്ടാകും.

ഇവ കൂടാതെ ഗ്രേറ്റ് ഡെയ്ൻ, ബാസ്റ്റ്ഹണ്ട്, നിയോപോളിറ്റൻ മാസ്റ്റിഫ്, ലസാപ്സോ, കോക്കർ സ്പാനിയേൽ, ബീഗിൾ ഗോൾഡൻ റിട്രീവർ, അയറിഷ് സെറ്റർ, ഡാൽമേഷൻ തുടങ്ങിയവയും കേരളത്തിൽ പ്രചാരത്തിലുണ്ട്.

നിങ്ങൾക്കിണങ്ങിയ നായ

നമ്മുടെ ആവശ്യത്തിനു പറ്റിയ ഇനത്തെ തിരഞ്ഞെടുക്കാൻ നായ് ജനുസ്സുകൾ സംബന്ധിച്ച് വിവരങ്ങൾ കൃത്യമായി ശേഖരിക്കണം. ചിത്രങ്ങൾ, വിഡിയോ, ശ്വാനപ്രദർശനങ്ങൾ, കെന്നലുകൾ ഇവയിലൂടെ കൂടുതൽ അറിവ് നേടാം. തിരഞ്ഞെടുക്കപ്പെടുന്ന ഇനത്തിനുവേണ്ട സൗകര്യങ്ങൾ നൽകാൻ തനിക്കു കഴിയുമോ എന്നും നോക്കണം.

ശുദ്ധ ജനുസ്സാണോ സങ്കരമാണോ വേണ്ടതെന്നു മുൻകൂർ തീരുമാനിക്കണം. നായയെ വളർത്തുന്നതിന്റെ കൃത്യമായ ഉദ്ദേശ്യം കണക്കാക്കണം. ഉദാഹരണത്തിന് കാവലിനാണോ അതോ ഓമനിക്കാനാണോ അതല്ല, പ്രജനനവും ശ്വാനപ്രദർശനവുമാണോ. വീട്ടിലെ മറ്റ് അംഗങ്ങളുടെ താൽപര്യം പരിഗണിക്കണം.

നായയുടെ വലുപ്പം, രോമത്തിന്റെ സ്വഭാവം, നായയുടെ സ്വഭാവം, ഉടമയുമായുള്ള ബന്ധത്തിന്റെ പ്രതീക്ഷ, താമസ സ്ഥലത്തിന്റെ സൗകര്യം, നായ വളർത്തലിലെ മുൻപരിചയം, അലർജി, മറ്റ് മൃഗങ്ങളുടെ സാന്നിധ്യം, ജനപ്രിയത, ലഭ്യത എന്നിവയും നായ ജനുസ്സുകളെ തിരഞ്ഞെടുക്കുമ്പോൾ പരിഗണിക്കേണ്ടതുണ്ട്.

പല ജനുസ്സുകൾക്കും കൃത്യമായ വ്യായാമം ആവശ്യമാണ്. ഇതിനായി സമയം ചെലവഴിക്കാൻ വീട്ടുകാർക്കു കഴിയുമോയെന്ന് ചിന്തിക്കണം. ശ്രദ്ധിക്കാൻ ആളില്ലാതെ ഒരു സ്ഥലത്തു മുഴുവൻ സമയവും കെട്ടിയിടുന്നതു നന്നല്ല. ഉടമയുടെ ജീവിതശൈലിക്കിണങ്ങുന്ന ഇനമാണ് വേണ്ടത്. ആണോ പെണ്ണോ, നായ്കുട്ടിയോ വലുപ്പമുള്ളതോ എന്നതും സാഹചര്യം അനുസരിച്ച് തീരുമാനിക്കണം. വീട്ടിലെ കുട്ടികളുടെ പ്രായവും മനോഭാവവും പരിഗണിക്കണം. ഇഷ്ടപ്പെട്ട നായ, പൂച്ച, പക്ഷി ഇവയെ തിരഞ്ഞെടുക്കാൻ സഹായിക്കുന്ന നിരവധി ചോദ്യാവലികൾ ഇന്റർനെറ്റിൽ ലഭ്യമാണ്. Dog breed selector / Cat breed selector / Pet breed selector എന്നിങ്ങനെ തിരഞ്ഞാൽ ചോദ്യാവലി ലഭിക്കും. ഇവ ഉപദേശമായി പരിഗണിക്കാമെങ്കിലും ഇവയൊന്നും അവസാന വാക്കല്ല എന്നോർക്കണം.

വിലാസം: അസി. പ്രഫസർ, ഡിപ്പാർട്ട്മെന്റ് ഓഫ് എൽപിഎം, വെറ്ററിനറി കോളജ്, മണ്ണുത്തി, തൃശൂർ —680651

Email: drsabinlpm@yahoo.com

ഫോൺ: 94462 03839 

Your Rating: