Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുതിയ പക്ഷികൾ കൂട്ടിലേക്കു വരുമ്പോൾ

pet-birds-new പുതിയ അംഗങ്ങൾ കൂട്ടിലെത്തുമ്പോൾ ഏറെ ശ്രദ്ധ പുലർത്തേണ്ടതുണ്ട്.

ഓമനിച്ചുവളർത്തുന്ന പക്ഷിക്കൂട്ടം വിപുലമാക്കുന്നത് പക്ഷിപ്രേമികൾക്ക് ഏറെ സന്തോഷകരമാണ്. അതേസമയം പുതിയ അംഗങ്ങൾ എത്തിച്ചേരുമ്പോൾ ഏറെ മുൻകരുതലുകൾ എടുക്കേണ്ടതുണ്ട്. കൂട്ടിലേക്കു പുതുതായി വരുന്ന പക്ഷികൾക്കു നേരിടേണ്ടിവരുന്ന ക്ലേശം അഥവാ സമ്മർദം, അതിഥികൾ രോഗവുമായി വരാനുള്ള സാധ്യത എന്നിവയാണ് പ്രധാന പ്രശ്നങ്ങൾ. പ്രശ്നങ്ങൾ ഒഴിവാക്കാൻ പ്രത്യേക പരിപാലനം, നിരീക്ഷണം, ചികിത്സാ സൗകര്യമൊരുക്കൽ എന്നിവയെല്ലാം വേണ്ടിവരും.

പുത്തൻ കൂട്ടുകാർ പുതിയ വീടിനെ തങ്ങളുടെ തട്ടകമായി കണ്ട് തൂവലുകൾ പൊഴിച്ച് പുത്തൻ തൂവലുകളുടെ നിറപ്പകിട്ടിൽ എത്തുകയും നിലവിലുള്ള അംഗങ്ങൾ രോഗഭീഷണിയില്ലാതെ അതിഥികളെ അംഗീകരിക്കുകയും ചെയ്യുന്നതുവരെ പ്രത്യേക ശ്രദ്ധ വേണം. പുതിയ പക്ഷികളെ നിശ്ചിത സമയത്തേക്കു പ്രത്യേക കൂടുകളിൽ അല്ലെങ്കിൽ സൗകര്യങ്ങളിൽ പാർപ്പിച്ചതിനു ശേഷമേ സ്ഥിരം കൂടുകൾ അല്ലെങ്കിൽ ഏവിയറികളിലേക്കു മാറ്റാവൂ. ഇത്തരം മാറ്റിനിർത്തലിനെ ക്വാറന്റൈൻ (quarantine) എന്നാണു പറയുക. ഈ ഇറ്റാലിയൻ വാക്കിന്റെ അർഥത്തിൽ 40 ദിവസം എന്ന കണക്കാണുള്ളത്. പല പക്ഷിപ്രേമികളും 2—3 ആഴ്ചയാണ് ക്വാറന്റൈൻ അനുവർത്തിക്കാറുള്ളതെങ്കിലും 40—42 ദിവസമാണ് വിദഗ്ധർ നിർദേശിക്കുന്നത്.

പുതിയ പക്ഷികൾ തീർത്തും അപരിചിത സാഹചര്യത്തിലേക്കാണ് വരുന്നത്. അതും പലപ്പോഴും ദീർഘയാത്രയ്ക്കു ശേഷം. ദൂരയാത്ര, പുതിയ അന്തരീക്ഷം, പരിചിതമല്ലാത്ത ഭക്ഷണം, പുത്തൻ കൂടുകളും വാസസ്ഥലങ്ങളും, പുതിയ ഉടമ തുടങ്ങി പക്ഷികളിൽ സമ്മർദം ഉണ്ടാക്കുന്ന പല സാഹചര്യങ്ങളുമുണ്ട്. അതിനാൽ പക്ഷിക്കൂട്ടിലെ സമ്മർദം കുറച്ച് അവയെ പുതിയ ചുറ്റുപാടുകളുമായി ഇണങ്ങാൻ പ്രാപ്തരാക്കുകയാണ് ആദ്യം ചെയ്യേണ്ടത്. സ്വാഭാവിക രോഗപ്രതിരോധശേഷി കുറയുന്നതോടെ ആരോഗ്യമുള്ള പക്ഷികൾക്കു പോലും രോഗമുണ്ടാകാം. സമ്മർദം താങ്ങാനാവാതെ ഭക്ഷണവും ജലപാനവും പോലും ഉപേക്ഷിച്ചെന്നുവരാം. ഇങ്ങനെ പട്ടിണികിടന്നോ നിർജലീകരണം മൂലമോ പക്ഷികൾ ചത്തുപോകാം. അതിനാൽ ക്വാറന്റൈൻ കാലമായ നാൽപതു ദിവസങ്ങളിൽ ആദ്യത്തെ ഒരാഴ്ച പുതിയ പക്ഷികളുടെ ക്ലേശം കുറയ്ക്കാൻ ശ്രദ്ധിക്കണം.

finch-bird ഫിഞ്ചുകൾ ആക്രമണസ്വഭാവം കുറവുള്ളവയാണ്.

പുതുതായി വരുന്ന പക്ഷികളെ ക്വാറൻറൈൻ കൂടാതെ നിലവിലുള്ള പക്ഷികൾക്കൊപ്പം താമസിപ്പിക്കുന്നത് അപകടമാണ്. പുതിയവരെ പഴയ അംഗങ്ങൾ ആക്രമിക്കാനിടയുണ്ട്. ഇതും പക്ഷികളിൽ സമ്മർദമായി മാറുന്നു. പക്ഷികളെ കൂട്ടമായി പാർപ്പിക്കുന്ന കൂടുകളിൽ രൂപപ്പെടുന്ന സാമൂഹിക അധികാര ശ്രേണിയിൽ പുതുമുഖങ്ങൾ പിൻതള്ളപ്പെടും. മേധാവിത്വമുള്ള പഴയവർ ഉയർന്ന ചില്ലകളും വിശ്രമസ്ഥലങ്ങളും കൈയടക്കുകയും അതിഥികൾക്കു തീറ്റപ്പാത്രംവരെ നിഷേധിക്കുകയും ചെയ്യുന്നു. ഇങ്ങനെ പലവിധ സമ്മർദങ്ങളിൽ പെട്ടുപോകുന്ന പക്ഷികൾക്കു ക്ലേശലഘൂകരണത്തിനായി ക്വാറന്റൈൻ സമയത്ത് പ്രത്യേക പരിചരണം നൽകണം. നിലവിലുള്ള പക്ഷികളെ പാർപ്പിക്കുന്ന കൂട്ടിൽനിന്നു പരമാവധി അകലെ ക്വാറന്റൈൻ കൂട് (quarantine cage) തയാറാക്കണം. 4 അടി നീളം, 2 അടി വീതി, 3 അടി ഉയരമുള്ള ഒരു കൂട്ടിൽ ഫിഞ്ചസ്, ബഡ്ജറിഗർ പോലുള്ള പത്തു പക്ഷികളെയെങ്കിലും പാർപ്പിക്കാം.

നിർജലീകരണത്തിൽനിന്നു രക്ഷ നൽകാൻ തുടക്കത്തിൽതന്നെ ഇലക്ട്രോലൈറ്റ് ലായനികളോ, കരിക്കിൻവെള്ളമോ നൽകാം. സമ്മർദാവസ്ഥ രോഗത്തിലേക്കു വഴിമാറുന്നതു തടയാൻ നല്ലത് പ്രോബയോട്ടിക്കുകൾ കൊടുക്കുകയാണ്. ലാക്ടോബാസിലസ്, സ്ട്രെപ്റ്റോകോക്കസ് തുടങ്ങിയ മിത്രബാക്ടീരിയകൾ (ഉദാഹരണത്തിന് തൈര്, യോഗർട്ട്) അടങ്ങിയ മരുന്നുകളാണ് പ്രോബയോട്ടിക്കുകൾ. സമ്മർദാവസ്ഥയിൽ രോഗപ്രതിരോധശേഷി കുറയുന്ന സമയത്ത് ആമാശയത്തിൽ ഗുണകരമായ ബാക്ടീരിയകളുടെ എണ്ണം കുറഞ്ഞ് രോഗകാരികളുടെ എണ്ണം കൂടി വയറിളക്കം പോലുള്ള രോഗങ്ങൾ ഉണ്ടാകാം. ഇത്തരം സാഹചര്യങ്ങളിൽ ദീർഘകാലത്തിൽ പാർശ്വഫലങ്ങളുണ്ടാകാവുന്ന ആൻറിബയോട്ടിക്കുകൾ നൽകുകയാണ് ഉടമകൾ ചെയ്യാറുള്ളത്. എന്നാൽ പ്രോബയോട്ടിക്കുകൾ ആമാശയത്തിന്റെ അമ്ലത ക്രമീകരിക്കുകയും ദഹനപ്രക്രിയ എളുപ്പമാക്കുകയും ചെയ്യുന്നു. ഉപകാരികളായ ബാക്ടീരിയകളുടെ എണ്ണവും രോഗകാരികളുടെ എണ്ണവും സന്തുലിതമായി നിലനിർത്തുകയും ചെയ്യുന്നു.

തീറ്റക്രമം വഴിയും സമ്മർദം ലഘൂകരിക്കാം. മുപ്പതു ശതമാനമെങ്കിലും നല്ലപോലെ കുതിർത്ത തിനപോലെയുള്ള ധാന്യങ്ങൾ, മൃദുഭക്ഷണം, വിറ്റാമിൻ, ധാതുലവണ മിശ്രിതങ്ങൾ എന്നിവ കൃത്യമായി നൽകണം. പുതുതായി വരുന്നവയ്ക്കു മുമ്പു കൊടുത്തിരുന്ന ഭക്ഷണം തൽക്കാലം തുടരണം. ഭക്ഷണത്തിൽ മാറ്റങ്ങൾ 1—2 ആഴ്ചകൊണ്ടു മതി. പ്രത്യേക കൈത്തീറ്റ കൊടുത്തു വളർത്തിയിരുന്ന പക്ഷികൾ പെട്ടെന്ന് പ്രശ്നത്തിൽപ്പെടും. വിശേഷിച്ച് ദഹന പ്രശ്നങ്ങൾ. നന്നായി കുതിർത്ത തിന, മുളപ്പിച്ച പയർ, ചീര, മല്ലിയില, തുളസിയില എന്നിവകൊണ്ടു തയാർ ചെയ്ത സോഫ്റ്റ് ഫുഡ്, വിപണിയിൽനിന്നു വാങ്ങുകയോ സ്വന്തമായി തയാറാക്കുകയോ ചെയ്യാം. റൊട്ടിപ്പൊടി, കോഴിമുട്ട തോടോടു കൂടിയത,് സോയ, വെളുത്തുള്ളി, എള്ളെണ്ണ, കോഡ്‌ലിവർ ഓയിൽ, ധാതുലവണ മിശ്രിതം, പ്രോബയോട്ടിക് തുടങ്ങിയവയാണു മൃദുഭക്ഷണത്തിലെ ഘടകങ്ങൾ. മൃദുഭക്ഷണം നൽകുമ്പോഴും മൊത്തം തീറ്റയുടെ 30 ശതമാനമെങ്കിലും ധാന്യമായിരിക്കണം. 40 ദിവസത്തെ ക്വാറന്റൈൻ കാലത്തെ തീറ്റക്രമം വെറ്ററിനറി ഡോക്ടറുടെ നിർദേശപ്രകാരം ക്രമീകരിക്കണം.

പുതുതായെത്തുന്ന പക്ഷിക്കൂട്ടത്തിന്റെ ആരോഗ്യം പരിപാലിക്കുകയും നിലവിലുള്ള പക്ഷികൾക്ക് പുതിയവയിൽനിന്ന് രോഗബാധയുണ്ടാകാതെ നോക്കുകയുമാണ് ക്വാറന്റൈൻ പ്രക്രിയയുടെ മറ്റൊരു ലക്ഷ്യം. പല സ്രോതസ്സുകളിൽനിന്നു കൃത്യമായ ചരിത്രമറിയാതെയാണ് പക്ഷികളെ വാങ്ങുന്നത്. ഇവ വളർന്നുവന്ന സാഹചര്യങ്ങളിലെ രോഗാണുക്കളുമായി സ്വാഭാവിക പ്രതിരോധശേഷി നേടിയവയാകാം, രോഗമില്ലാത്തവയാകാം. ചിലർ രോഗാണുക്കൾ ഉള്ളിൽ പ്രവേശിച്ചിട്ട് രോഗലക്ഷണം കാണിക്കാനുള്ള സമയമാകാത്തവയാകാം. മറ്റു ചിലർ ലക്ഷണങ്ങൾ പ്രകടിപ്പിക്കാത്ത രോഗവാഹകരാകാം.

pet-birds-male-and-female വ്യത്യസ്ത ഇനങ്ങളെക്കാൾ ഒരേ നിറമുള്ളവയാണ് കൂടുതൽ ശത്രുത പുലർത്തുക.

രോഗാണുക്കൾ ഉള്ളിലുണ്ടെങ്കിൽ ക്വാറന്റൈൻ സമയത്ത് ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടും. ചില പക്ഷികൾ സമ്മർദം കാരണം രോഗലക്ഷണങ്ങൾ കാണിച്ചുവെന്നും വരാം. അതിനാൽ 40 ദിവസത്തെ ക്വാറന്റൈൻ സമയത്ത് ഇവയുടെ ശാരീരിക പരിശോധനയും കാഷ്ഠ, രക്ത പരിശോധനയും നടത്തുകയും നിരന്തരം നിരീക്ഷിക്കുകയും ചെയ്യണം. പൊതുവായ ഒരു പ്രതിരോധ ചികിത്സാക്രമം വെറ്ററിനറി ഡോക്ടറുടെ സഹായത്തോടെ രൂപപ്പെടുത്തുകയും വേണം. സമ്മർദ ലഘൂകരണത്തിന്റെ ആദ്യ ആഴ്ചയ്ക്കുശേഷം ചികിത്സ, നിരീക്ഷണം, സമീകൃതാഹാരം എന്നിവയിലാണ് ശ്രദ്ധിക്കേണ്ടത്. ക്വാറന്റൈൻ സമയത്തു പരാദരോഗങ്ങൾ, സാധാരണ ബാക്ടീരിയ ബാധകൾ, പ്രോട്ടോസോവ ബാധ എന്നിവയ്ക്കാണ് പ്രധാനമായും ചികിത്സ നൽകേണ്ടത്.

പുതിയ പക്ഷികളെ കൂട്ടിലിടുമ്പോൾ ചേർക്കുമ്പോൾ ആക്രമണ സാധ്യതയും ശ്രദ്ധിക്കണം. വ്യത്യസ്ത ഇനങ്ങളെക്കാൾ ഒരേ നിറമുള്ളവയാണ് കൂടുതൽ ശത്രുത പുലർത്തുക. പ്രാവുകൾ സമാധാനത്തിന്റെ ദൂതൻമാരാണെന്നാണ് നമ്മൾ കരുതുന്നതെങ്കിലും അവർക്കും സഹിഷ്ണുതയില്ല. വിശേഷിച്ചും പ്രജനന കാലത്ത്.

പുതിയവർക്ക് ആവശ്യത്തിനു തീറ്റ ലഭിക്കുന്നുവെന്ന് ഉറപ്പാക്കണം. ഫിഞ്ചസ് പോലുള്ള പക്ഷികളിൽ ആക്രമണ സ്വഭാവം കുറവും തത്തകളിൽ കൂടുതലുമായിരിക്കും. നുഴഞ്ഞുകയറ്റം അനുവദിക്കാത്ത സാമൂഹ്യക്രമമാണ് തത്തകളുടേത്. അടയിരിക്കുന്ന സമയത്ത് അതിഥികൾ എത്തിയാൽ ഫിഞ്ചസുകൾ അടയിരിക്കൽ അവസാനിപ്പിക്കാറുണ്ട്. എന്തായാലും പ്രജനനകാലം കഴിഞ്ഞ് തൂവൽ പൊഴിക്കുന്ന സമയമാണ് അതിഥികളെ വരവേൽക്കാൻ പറ്റിയ സമയം.