Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യുവാവായിരുന്ന ഒൻപത് വർഷം

കേരള യുവത്വത്തിന് ഒരു പക്ഷേ ഇനി ഒരിക്കലും നേരിടേണ്ടതില്ലാത്ത രാഷ്ട്രീയ അനുഭവങ്ങൾ സമ്മാനിച്ചാണ് എഴുപതുകളും എൺപതുകളുടെ ആദ്യ പകുതിയും കാലത്തിന്റെ കളിക്കളം വിട്ടത്. ചിന്തിക്കുകയും, വ്യാകുലപ്പെടുകയും സ്വപ്നം കാണുകയും ചെയ്ത അന്നത്തെ യുവത തങ്ങളുടെ കാലത്തെ മാറ്റിമറിച്ച് ധീരനൂതനവും നീതിപൂർവവുമായ ഒരു ലോകം പണിതുയർത്താൻ തങ്ങൾക്ക് കഴിയുമെന്ന് ആത്മാർത്ഥമായി കരുതി പോന്നു. എന്നിട്ടും നാം ഒരു തോറ്റ ജനതയാണെന്ന് എഴുതിവെച്ച് മരണത്തിലേക്ക് നടന്ന് പോകേണ്ടി വന്നു സുബ്രഹ്മണ്യ ദാസ് എന്ന യുവാവിന്. പഞ്ചാഗ്നി, ആരണ്യകം, തലപ്പാവ്, ഗുൽമോഹർ, കാടു പൂക്കുന്ന നേരം തുടങ്ങിയ മലയാള സിനിമകളിൽ പ്രത്യക്ഷമായും പല സാഹിത്യ കൃതികളിലും പരോഷമായും വിപ്ലവം വിഷയമാകുന്നുമുണ്ട്.

ഇങ്ങനെ മുമ്പും എഴുതപ്പെട്ടിട്ടുള്ള  ഇനിയുമെത്രയോ എഴുതാവുന്ന ഒരു പരിസരത്തേക്കാണ് കരുണാകരന്റെ പുതിയ നോവൽ വായനക്കാരനെ എത്തിക്കുന്നത്. എഴുപതുകളിൽ യുവാവായിരുന്ന ഒരാൾക്ക് വിപ്ലവ സ്വപ്നങ്ങൾ കാണാതെ വയ്യ. ലോകത്തെ മാറ്റിമറിക്കുവാൻ താനെന്തെങ്കിലും ചെയ്തേതീരു എന്നു വെമ്പി വിപ്ലവ പ്രസ്ഥാനങ്ങളിലേക്ക് എടുത്തു ചാടിയവർ നിരവധി. അവരുടെ ആത്മാർത്ഥമായ പ്രവർത്തനങ്ങൾ നമ്മുടെ സമൂഹത്തെയും സംസ്കാരത്തെയും പുതുക്കി പണിയുകയും ചെയ്തു. എന്നാൽ പ്രസ്ഥാനങ്ങളുടെ ശിഥിലീകരണങ്ങൾക്ക് ശേഷം അതിലുൾപ്പെട്ട വ്യക്തികൾ അനുഭവിച്ച സംഘർഷങ്ങളുടെ ചരിത്രം സമൂഹം അറിഞ്ഞിട്ടുണ്ടോ? അത്തരമൊന്ന് രേഖപ്പെടുത്തുവാനുള്ള ഉദ്യമമാണ് 'യുവാവായിരുന്ന ഒൻപതു വർഷം' എന്ന നോവലെന്ന് കരുണാകരൻ തന്നെ പറയുന്നു. വിപ്ലവം കരുണാകരന് കേട്ടറിഞ്ഞ ചരിത്രം ആയിരുന്നില്ല. തന്റെ കൂടി ജീവിതമായിരുന്നു. അതിനാൽ തന്നെ ഇവിടെ കഥയും കഥാപാത്രങ്ങളുമില്ല, ഉള്ളത് മനുഷ്യരാണ്, അവരുടെ പച്ചയായ ജീവിതമാണ്, അവരുടെ പ്രതീക്ഷകളും പ്രതിസന്ധികളും പ്രണയവുമാണ്, അവർ ജീവിച്ച കാലവും ചരിത്രവുമാണ്, ഒപ്പം മരണവുമാണ്. ജീവിതത്തോട് ഏറ്റവും അടുത്തു നിൽക്കുന്ന ഭാഷയാണ് നോവലിന്റേത്.

∙ വിപ്ലവം

അവർ ഏഴു പേരുണ്ടായിരുന്നു. ഏഴ് പേരും മാവോയുടെ ശിഷ്യൻമാർ ഏഴുപേരും ഏഴ് ജീവിത സാഹചര്യങ്ങളിൽ നിന്ന് വന്നവർ. സമത്വസുന്ദരമായ ഒരു നവ ലോകം പടുത്തുയർത്താമെന്ന് സ്വപ്നം കണ്ടവർ. അവരിൽ കവി പറയുന്നു "കവിയായി ജീവിക്കാനാരുന്നു എന്റെ മോഹം. എന്നാൽ ഒരാൾ വിപ്ലവത്തിലേക്കും ഒരു കൊലപാതകത്തിലേക്കും എത്തുന്നതിന് അയാൾ കവി മാത്രം ആയാൽ മതി, മറ്റ് പ്രേരണയൊന്നും വേണ്ട എന്ന പോലെ,...." വർഗ്ഗശത്രുവിന്റെ ഉൻമൂലത്തിന് ശേഷമുള്ള അവരുടെ ജീവിതമാണ് കഥയുടെ പ്രമേയം. സമൂഹത്തിലെ അസമത്വങ്ങൾക്ക് അനീതികൾക്ക് കാരണമായവരെ ഉന്മൂലനം ചെയ്യുവാനും അങ്ങനെ നിലവിലുള്ള സാമൂഹിക ഘടന തന്നെ മാറ്റിമറിക്കാനും തീരുമാനിച്ചുറച്ചവർ. ശക്തമായ ആശയങ്ങളുടെ അടിത്തറയിൽ വ്യക്തമായ ലക്ഷ്യങ്ങൾക്കുവേണ്ടി ഇറങ്ങി പുറപ്പെട്ടവർ. എന്നിട്ടും വിപ്ലവം സംഭവിച്ചില്ല. സമൂഹം മാറിയുമില്ല. നോവലിൽ ഉടനീളം വിപ്ലവത്തിന്റെ തീപ്പൊരികൾ ചിന്തകളെ ചൂടുപിടിപ്പിക്കാം. കാനു സന്യാലും ചാരു മജൂംദാറും മുതൽ വർഗീസും അജിതയും വരെ പലമുഖങ്ങൾ വായനക്കാരന്റെ മനസ്സിലൂടെ കടന്നു പോകാം. 

"എന്തു കൊണ്ടാണ് നീ നക്സലേറ്റായത്? രാമുവിന്റെ അച്ഛൻ ശിവശങ്കരൻ രാമുവിനോട് ചോദിച്ചു. രണ്ട് പൗരന്മാർ ഇന്ത്യയെപ്പറ്റി പറയുകയായിരുന്നു എന്ന വിധത്തിലായിരുന്നു ആ ചോദ്യമെന്ന് രാമുവിന് തോന്നി. അനീതിക്കെതിരെ കലാപം ചെയ്യുന്നത് ന്യായമാണ്, അതുകൊണ്ട്. രാമു ഉത്തരം നൽകി."

മറ്റൊരിടത്ത് രാമു സുഹൃത്ത് നബനിതയോട് ചോദിച്ചു നീ എങ്ങനെയാണ് പാർട്ടിയിലേക്ക് കടന്നു വന്നത്. അവൾ പറഞ്ഞു എല്ലാവരെയുംപോലെ, ഏതോവഴിയിലൂടെ, ആരുടെയോ കൂടെ. ഏതോവഴിയിലൂടെ ആരുടെയോ കൂടെ വിപ്ലവത്തിലേക്ക് എത്തിചേർന്നവരുടെ ചിന്തകളും ജീവിതവും നോവലിലൂടെ വായനക്കാരന് അനുഭവിക്കാം.  

∙ ചരിത്രം

കടന്നുപോകുന്ന ഓരോ നിമിഷവും ചരിത്രമായി മാറുന്നു. കഥ നടന്ന കാലവും ആ കാലത്തിന്റെ ചരിത്രവും വായനക്കാരനുകൂടി അനുഭവിക്കാൻ കഴിയുന്നിടത്താണ് ഒരു കൃതി പൂർണ്ണമാകുന്നത്. മറ്റൊരു തരത്തിൽ പറഞ്ഞാൽ കാലത്തെ അടയാളപ്പെടുത്തുന്നത് ചരിത്രമായി മാറിയ ചില സംഭവങ്ങളാണ്. കാലവും ചരിത്രവും കരുണാകരന്റെ നോവലിന് പശ്ചാത്തലമൊരുക്കുന്നു. 

"ആയിരത്തി തൊള്ളായിരത്തി എഴുപത്തിയേഴിൽ, ആഭ്യന്തര അടിയന്തിരാവസ്ഥ പിൻവലിച്ചതിന് ശേഷമുള്ള പൊതുതിരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം പുലർച്ചെ റേഡിയോയിൽ കേൾക്കുകയായിരുന്നു രാമുവിന്റെ അച്ഛൻ, ശിവശങ്കരൻ. ഇന്ത്യൻ നാഷ്ണൽ കോൺഗ്രസിന്റെ പരാജയ വാർത്ത കേട്ടുകൊണ്ടു തന്നെ ശിവശങ്കരൻ വീടിന്റെ പിൻഭാഗത്തുളള കിണറ്റിൻ കരയിലേക്ക്, ഉമ്മറം ഇടനാഴി അടുക്കള വഴി നടന്നു– ചെറിയ ശബ്ദത്തിൽ റേഡിയോ അയാൾക്ക് അറിയാവുന്ന എല്ലാ കോൺഗ്രസ്സ് നേതാക്കളുടെയും തോൽവി പിറകിൽ നിന്ന് പറഞ്ഞു കൊണ്ടിരുന്നു.

കാപ്പിയുമായി കാത്തു നിൽക്കുന്ന സുഭദ്രയോട് ശിവശങ്കരൻ കോൺഗ്രസ്സ് തോറ്റ കാര്യം പറഞ്ഞു. 'ഇന്ദിര തോറ്റു.'

'അയ്യോ' സുഭദ്ര വിശ്വസിക്കാനാവാതെ നിന്നു.

'ഇന്ദിരാഗാന്ധി തോൽക്കുകയോ!'

കോൺഗ്രസ്സ് അനുഭാവിയായ ഒരു വീട്ടമ്മയുടെ അത്ഭുതത്തിനൊപ്പം ആ കാലഘട്ടത്തിലെ ഇന്ത്യയുടെ ചരിത്രം കൂടി നോവലിലേക്ക് കടന്നുവരുന്നു.

"കിഴക്കൻ ജർമ്മിനി 1961 ആഗസ്റ്റ് മൂന്നിന് പണി കഴിപ്പിച്ച ബെർളിൻ മതിൽ രണ്ടിടത്തേയും ജനങ്ങൾ തകർത്തു. അപ്പുറത്തെ പടിഞ്ഞാറൻ ജർ‌മ്മിനിയിലെ 'ഫാസിസ്റ്റുകളെ' തടഞ്ഞു കൊണ്ട് ഒരിക്കൽ 'കമ്മ്യൂണിസ്റ്റുകൾ' പണി ചെയ്ത വൻമതിൽ സ്വാതന്ത്രത്തിനുവേണ്ടി, ജർമ്മിനിക്കു വേണ്ടി പൊളിച്ചു മാറ്റി. കമ്മ്യൂണിസമാണോ ഫാസിസമാണോ സ്വാതന്ത്രത്തിന് വേണ്ടി പിൻവാങ്ങുന്നത് എന്ന് പിടികിട്ടാത്തതു പോലെയായിരുന്നു ആദ്യം എനിക്ക്."– ഇങ്ങനെ നീളുന്നു വർഗ ശത്രുവിന്റെ ഉന്മൂലനത്തിന് ശേഷം ഒളിച്ച് പാർക്കുന്ന മാവോയുടെ ഒരു ശിഷ്യന്റെ ആത്മഗതം.

"ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ് ആഗസ്റ്റ് രണ്ടിന്, പുലർച്ചേ ഒരു ലക്ഷത്തോളം ഇറാക്കി സൈനീകർ എഴുന്നൂറോളം ടാങ്കറുകളുടെ അകമ്പടിയോടെ കുവൈറ്റിനെ അധീനപ്പെടുത്തി. ഏതെങ്കിലും രാജ്യം തങ്ങളുടെ ഉദ്യമത്തെ തടഞ്ഞാൽ കുവൈറ്റ് ഒരു ശവപറമ്പായി മാറുമെന്ന് സദ്ദാം ഹുസൈൻ ലോകത്തിന് മുന്നറിയിപ്പ് കൊടുത്തിരുന്നു". വർഗ ശത്രുവിന്റെ ഉന്മൂലനത്തെ തുടർന്ന് കുവൈറ്റിൽ ഒളിവിൽ പാർക്കേണ്ടി വന്ന വിപ്ലവകാരിക്കായി കാലം കരുതി വെച്ച മറ്റൊരു ചരിത്രം. ഇത് ചരിത്ര പുസ്തകമല്ല. പക്ഷേ ഓരോവ്യക്തിയും ജീവിച്ച കാലഘട്ടത്തിന്റെ പ്രത്യേകതകളോട് ചേർക്കാതെ എങ്ങനെയാണ് അവന്റെ ജീവിതം പറയാൻ കഴിയുക. അതിനാൽ ഇവിടെ ചരിത്രവുമുണ്ട്.     

∙ യാഥാർത്ഥ്യം

"അതാണ് തമാശ. നോക്ക് നിങ്ങൾക്ക് ഓടിപ്പോകാൻ ഒരു രാജ്യമുണ്ട്. എനിക്കില്ല, വാസ്തവം പറഞ്ഞാൽ ഞാൻ കുർദ് ആണ്. പക്ഷേ ഇറാഖിലെ കുർദ്ദിലുമല്ല, തുർക്കിയിലെ കുർദ്ദിലുമല്ല. എന്റെ പാസ്പോർട്ട് സിറിയയുടേതാണ്."  ഇറാക്ക് അധിനിവേശത്തിൽ നിന്ന് രക്ഷപ്പെടാൻ കഴിയില്ല എന്ന് ആ ഡ്രൈവർക്ക് ഉറപ്പുണ്ട്. ലോകത്തിന് ആരാണ് അതിർത്തികൾ നിശ്ചയിച്ചത്? ചിലരെങ്ങനെ ലോകത്തിന്റെ ഉടമകളും ചിലരെങ്ങനെ അഭയാർത്ഥികളുമായി? നവസമത്വ ലോകമായിരുന്നു വിപ്ലവം സ്വപ്നം കണ്ടത്. വർഗ ശത്രുക്കളുടെ ഉന്മൂലനത്തിലൂടെ അത് സാധ്യമാകുമെന്ന് അവർ കരുതി. എന്നാൽ യാഥാർത്ഥ്യങ്ങളുടെ ലോകം അവർക്കായി കാത്തുവെച്ചത് മറ്റൊന്നായിരുന്നു. സ്വപ്നങ്ങളുടെയും താൽപര്യങ്ങളുടെയും ലോകവും യാഥാർത്ഥ്യങ്ങളുടെ ലോകവുമായുള്ള സംഘർഷങ്ങളും നോവലിൽ ഉടനീളം കാണാം. ഇത് വിപ്ലവ ചിന്തകളുടെ മാത്രം കഥയല്ല മറിച്ച് അവയെ വെല്ലുവിളിക്കുന്ന ചില യാഥാർത്ഥ്യങ്ങളുടേതാണ്. 

∙ ജീവിതം

ഒരുകൂട്ടം മനുഷ്യരുടെ ജീവിതവും ജീവിത സംഘർഷങ്ങളുമാണ് നോവൽ. ഇവിടെ ജീവിതവും, പ്രണയവും, വിരഹവും മരണവുമുണ്ട്. ഓരോ മരണവും, ഓരോ പ്രണയവും, ഓരോ വിരഹവും വായനക്കാരൻ അനുഭവിക്കുന്നു. ഓരോ ജീവിത മുഹൂർത്തങ്ങളിലൂടെയും വായനക്കാരൻ കടന്നു പോകുന്നു. ഓരോ ജീവിതവും വ്യത്യസ്ഥങ്ങളാണ്. ഓരോ പാഠപുസ്തകങ്ങളാണ്. ഉന്മൂലനം ചെയ്യപ്പെട്ട വർഗ ശത്രുവിന്റെ, ഉന്മൂലനത്തിനായി ചുറ്റും കൂടിയ ഏഴു പേരുടെ അവരൊക്കെ പലപ്പോഴായി കണ്ടുമുട്ടിയ പലരുടെ. അതിൽ മരണത്തിലേയ്ക്ക് സ്വയം നടന്നു പോയവർ, മരണത്തിലേക്ക് നിർബന്ധിച്ച് പറഞ്ഞുവിടപ്പെട്ടവർ. അത് വരെ അവർ‌ ജീവിച്ചു. ചിന്തിച്ചു പ്രണയിച്ചു.  

"രാമു അവളെതന്നെ നോക്കിയിരിക്കുകയായിരുന്നു നീ ഇങ്ങനെ എന്നെത്തന്നെ നോക്കികൊണ്ടിരുന്നാൽ ഇപ്പോൾ സെമിനാറും പിന്നെ വിപ്ലവും നമ്മളറിയാതെ തന്നെ കടന്നുപോകും." 

അങ്ങനെ അറിഞ്ഞും അറിയാതെയും ജീവിതവും കാലവും ചരിത്രവും കടന്നു പെയ്ക്കൊണ്ടിരിക്കുന്നു. ഓരോ ജീവിതവും ഓരോ നോവലുകൾ പോലെ. 

കരുണാകരന്റെ യുവാവായിരുന്ന ഒൻപതു വർഷവും കുറയേറെ പേരുടെ ജീവിതവും അവർ ജീവിച്ച കാലഘട്ടത്തിന്റെ ചരിത്രവുമാണ്.