Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിങ്ങൾ ഉറങ്ങിക്കോളൂ, ഞങ്ങൾ ഉണർന്നിരിക്കാം; ഒരു സൈനികന്റെ ഓർമകൾ

നിങ്ങൾ സുഖമായി ഉറങ്ങിക്കോളൂ, നിങ്ങൾക്കായി ഞങ്ങൾ ജാഗരൂകരായി  ഉണർന്നിരിക്കും... നാം നമ്മുടെ വീടിന്റെ സുരക്ഷിതത്വത്തിൽ സുഖമായി മയങ്ങുമ്പോഴും സുഭിക്ഷമായി ജീവിക്കുമ്പോഴും, അതിർത്തിയിൽ ഉറങ്ങാതെ കാവൽ നിൽക്കുന്ന ഓരോ സൈനികനും നൽകുന്ന ഉറപ്പിതാണ്.

ഇന്ത്യ- പാക് അതിർത്തിയിൽ നിരവധി ജവാന്മാർ കൊലചെയ്യപ്പെടുന്ന ഈ കാലത്ത്, ഒരു സൈനികന്റെ ആത്മകഥാപരമായ പുസ്തകം വായിക്കുന്നത് പ്രസക്തമാണ്. റജി കൊടുവത്ത് എന്ന കേണൽ രചിച്ച 'സ്യൂട്ട് ബൂട്ട് ആൻഡ് ടൈ' എന്ന പുസ്തകം നമ്മെ ഓർമിപ്പിക്കുന്നതും സൈനികരുടെ ത്യാഗത്തിന്റെ ജീവിതകഥയാണ്. ഒരു ഗ്രാമീണ ബാലനിൽനിന്ന് ഇന്ത്യൻ ആർമിയിലെ ഒരു ഓഫീസറിലേക്കുള്ള ദൂരം ഓർമിച്ചെടുക്കുകയാണ് കേണൽ റജി കൊടുവത്ത് തന്റെ ആത്മകഥാപരമായ ആദ്യ പുസ്തകത്തിലൂടെ.    

ജവാന്മാരുടെ മോശമായ ജീവിതനിലവാരത്തെക്കുറിച്ചുള്ള വിവാദങ്ങൾ സജീവമായ ഈ സമയത്ത്, സമാനവിഷയങ്ങൾ പുസ്തകത്തിൽ പ്രസ്താവ്യമാകുന്നുണ്ട്. 'ഒരു സൈനികൻ തന്റെ കാലുകൾ കൊണ്ടല്ല, മറിച്ച് വയർ കൊണ്ടാണ് മാർച്ച് ചെയ്യുന്നത്' എന്ന് അദ്ദേഹം കുറിക്കുന്നുണ്ട്. സൈനികർക്ക് അടിസ്ഥാനജീവിതാവശ്യങ്ങൾ നൽകേണ്ടതിന്റെ പ്രാധാന്യം ഈ വരികളിൽ കാണാം. സൈനികരുടെ മാനുഷികമായ ആവശ്യങ്ങളെക്കുറിച്ചും അത് നിരസിക്കപ്പെടുന്നതിനെക്കുറിച്ചും റജി പുസ്തകത്തിൽ വിവരിക്കുന്നുണ്ട്.

നാടിന്റെ പച്ചപ്പിൽ നിന്നും വീടിന്റെ സുരക്ഷിതത്വത്തിൽ നിന്നുമെല്ലാം കാതങ്ങൾ ദൂരെ, ഏകാന്തമായി താമസിക്കുമ്പോഴുള്ള ഗൃഹാതുരത്വവും വൈഷമ്യങ്ങളുമെല്ലാം മനോഹരമായി വിവരിച്ചിരിക്കുന്നു. ആർമിയിലെ പദപ്രയോഗങ്ങളും ശൈലികളുമെല്ലാം സാധാരണക്കാർക്ക് മനസ്സിലാകുന്ന വിധത്തിൽ പുസ്തകത്തിൽ വിവരിക്കാൻ ഗ്രന്ഥകാരൻ ശ്രദ്ധിക്കുന്നുണ്ട്. രാജ്യത്തിന്റെ വിദേശകാര്യനയങ്ങളും പ്രതിരോധപ്രവർത്തങ്ങളുമെല്ലാം പുസ്തകത്തിൽ പരാമർശവിധേയമാകുന്നു. ലളിതമായ വരികളിലൂടെയുള്ള സത്യസന്ധമായ ജീവിതകഥ തികച്ചും വായനാക്ഷമമാണ്.