Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജലം കൊണ്ടു മുറിവേറ്റവർ

രണ്ടു പ്രളയങ്ങൾ. പെരുവെള്ളപ്പാച്ചിലിനിടെ ഒഴുകിപ്പോയതു നാലു പതിറ്റാണ്ടുകൾ. ആദ്യപ്രളയത്തിലുണ്ടായിരുന്നു ഒരു തോട്ടുമീൻ.വലിയൊരു എരൽമീൻ(മുഷി). നാൽപതുവർഷത്തിനുശേഷമെത്തിയ പ്രളയത്തിലുമുണ്ടായിരുന്നു ഒരു മുഷി. കാലം അപ്പോഴേക്കും ഏറെ കോലംകെട്ടു. നാടു മാറി. നാട്ടുകാർ മാറി. ജൈവവ്യവസ്ഥ ഒന്നാകെ മാറി. രണ്ടു പ്രളയങ്ങൾക്കുമിടയിലൂടെ ഒരു എഴുത്തുകാരൻ വാക്കുകളുടെ തോണി തുഴയുന്നു.എരൽമീനിൽനിന്ന് ആഫ്രിക്കൻ മുഷിയിലേക്കെത്തിയ വിപരിണാമത്തിന്റെ ദുരം.കാലം മാറുമ്പോഴും മാറ്റമില്ലാതെ ഓളംവെട്ടിയ ജലത്തിന്റെ സാന്നിധ്യം. അതത്രേ വാട്ടർബോഡി. വിസ്മയജനകമായ വിഷയങ്ങളെ മലയാളിക്കു പരിചയപ്പെടുത്തി, 

പരിസ്ഥിതി സംരക്ഷണത്തിലധിഷ്ഠിതമായ ഒരു ഭാവുകത്വത്തിന്റെ സ്രഷ്ടാവും പ്രയോക്താവുമായ യുവഎഴുത്തുകാരൻ ജി.ആർ.ഇന്ദുഗോപന്റെ പുതിയ പുസ്തകം. വാട്ടർബോഡി കഥയാണ്;ആത്മകഥ. ഒരു വ്യക്തിയുടെയോ പ്രസ്ഥാനത്തിന്റെയോ കാലഘട്ടത്തിന്റെയോ കഥയല്ല.ചരിത്രവുമല്ല. 44 നദികളുടെ നാട്ടിൽ ഒരിക്കൽ സുലഭമായിരുന്നതും ഇന്നു ദുർലഭമായിക്കൊണ്ടിരിക്കുന്നതുമായ ജലത്തിന്റെ കഥ. മലയാളത്തിൽ ഇതാദ്യമായിരിക്കും ഇങ്ങനെയൊരു പുസ്തകം. വമ്പും വീമ്പും നിറഞ്ഞ വീൺവാക്കുകൾക്കുപകരം ജലമെഴുതുന്ന സ്വന്തം ജീവിതകഥ. 

വാട്ടർബോഡിയിലെ കഥാപാത്രങ്ങൾക്കു പേരില്ല.സ്വാഭാവികമായും സംശയിക്കാം കഥയിലെ ഞാൻ ആര് ? നാലുപതിറ്റാണ്ടു ദൂരം കടന്നെത്തിയ ഒരുകാലത്തെ ഗ്രാമീണൻ; ഇന്നത്തെ പച്ചപരിഷ്കാരി. ഏതൊരു മലയാളിക്കും അഭിമാനത്തോടെ പറയാം; ഇതെന്റെ കഥയാണ്. എന്റെ സ്വന്തം കഥ. ഞാൻ നടന്ന ദൂരങ്ങൾ. ഞാൻ തുഴഞ്ഞെത്തിയ ഓളങ്ങൾ. ഒടുവിൽ എങ്ങുമെത്താതെ റോഡിൽ വീണുകിടന്നു പിടയ്ക്കുന്ന ആഫ്രിക്കൻ മുഷിയെപ്പോലെ ജീവശ്വാസത്തിനും ജീവജലത്തിനുംവേണ്ടി കൈകാലിട്ടടിക്കുന്ന മലയാളി. ജീവിതത്തിൽ വെള്ളം കടന്നുവരുന്ന ഭാഗങ്ങൾ അടയാളപ്പെടുത്തുമ്പോൾ എഴുത്തുകാരൻ തന്നെ പറയുന്നതുപോലെ ഞാൻ, എനിക്ക് എന്നീ ആത്മപദങ്ങളെ ഗൗനിക്കേണ്ട.ചുറ്റുമുള്ള ജലത്തെയും ജീവഗണത്തെയും മാത്രം ശ്രദ്ധിക്കുക. 

നാൽപതുകൊല്ലം മുമ്പത്തെ ഒരു പ്രളയം.വലിയ വയലിന്റെ നടുക്ക് ചാരായഷാപ്പ് പോലെ പലകയടിച്ച ഒരു വീട്. കാലവർഷം പെരുക്കുമ്പോൾ ചുറ്റും വെള്ളംകയറുന്ന ദ്വീപ്. അന്ന് ഞാൻ എന്നു പരിചയപ്പെടുത്തുന്ന കഥാകൃത്തിനു രണ്ടുവയസ്സ്. പിച്ച നടക്കുമ്പോൾ വെള്ളത്തിൽവീണു മുങ്ങിച്ചാകാതിരിക്കുക എന്നതാണ് ആദ്യപാഠം. പിന്നീടു വെള്ളത്തിൽനിന്നു കരയ്ക്കു കയറി. എങ്കിലും നനവു പിന്തുടർന്നുകൊണ്ടിരുന്നു.ഒർമയായും ഓർമപ്പെടുത്തലായും. 

ജൂൺ. ഇടവപ്പാതി. വയൽവീട്ടിൽ അമ്മയും രണ്ടു പൊടിക്കുഞ്ഞുങ്ങളും. മഴ.കിഴക്കുനിന്നുള്ള തോടു നിറഞ്ഞുകവിഞ്ഞ് വയലിലേക്ക്.വയൽ കായലായി. കരയെ ഉമ്മവച്ച്, ഉമ്മ വച്ചു നിൽക്കുന്നതല്ലാതെ വെള്ളം വീടിരിക്കുന്ന ഭാഗത്തേക്കു കയറുന്നില്ല. വരുന്ന ഒഴുക്കിന് വെള്ളം അതേവേഗത്തിൽ സ്ഥലം വിടുന്നു. വെളിയിൽ ഒരു കല്ലിന്റെ മുകളിൽ തല പൊന്തുച്ചുനിൽക്കുകയാണ് ഒരു മീൻ.വലിയ തലയും മീശരോമങ്ങളും കൊമ്പും വലിയ വായും ഉണ്ടക്കണ്ണുമൊക്കെയായി ഒരു തോട്ടുമീൻ. ആളനക്കംകണ്ട് അതു തിരിച്ചിറങ്ങിപ്പോയി. മീനുകളുടെ കുഴിയായിരുന്നു വീടിരുന്ന വയൽ. വയൽ,വെള്ളം, മീൻ എന്നിവയോടു പെരുത്തിഷ്ടമുണ്ടായിരുന്ന ഒരു ഗൃഹനാഥൻ താമസിക്കാൻ തിരഞ്ഞെടുത്ത സ്ഥലം. 

നാൽപതുവർഷങ്ങൾക്കുശേഷം, കേരളത്തിന്റെ തലസ്ഥാന നഗരി. പെരുമഴ. കുടപ്പനക്കുന്നുഭാഗത്തുനിന്നു ഡാം പൊട്ടിയൊലിക്കുന്നതുപോലെ മഴവെള്ളം ഇറക്കമിറങ്ങിവന്നു.റോഡുകൾ. എങ്ങും മതിലുകൾ. വെള്ളത്തിനു വഴി മാറിപ്പോകണമെന്നുണ്ട്. പക്ഷേ എങ്ങോട്ടു പോകണമെന്നറിഞ്ഞുകൂടാ. വീടിന്റെ താഴ്ത്തിയിട്ടിരിക്കുന്ന ഭാഗം മുഴുവൻ വെള്ളത്തിനടിയിലായി. 

ഒരുദിവസത്തെ ഭീഷണിക്കുശേഷം വെള്ളം വറ്റി. വീടിനു മുന്നിലെ ടാർ ചെയ്തിട്ടില്ലാത്ത നനഞ്ഞ റോഡിന്റെ മൂലയ്ക്ക് കുട്ടികളുടെ ബഹളം. നോക്കിയപ്പോൾ ഒരു മുഷി. ടാങ്കിലിട്ട് ആഫ്രിക്കൻ മുഷിയെ ചിലർ വളർത്തുന്നുണ്ട്.അവിടുന്നു ചാടിപ്പോയതാകണം.അപ്പുറത്തെ കുളത്തിലേക്ക് ഇഴയുകയാണ്.അസാമാന്യ വലുപ്പം. എസ് ആകൃതിയിൽ പുളഞ്ഞ്, ഇടയ്ക്കു വീണ്ടും വാ തുറന്ന് അന്തരീക്ഷവായു ശ്വസിച്ച്, ശൽക്കങ്ങളില്ലാത്ത, ഉഭയജീവിതമുള്ള, ജൈവവൈവിധ്യത്തിന്റെ നാശമെഴുതാനുള്ള ആ അടയാളം നനവിലേക്ക് ഇഴയുകയാണ്. വൈരാഗ്യം തോന്നേണ്ട. മനുഷ്യനും ആ മുശിയും ഒരുപോലെ. ജൈവികനാശത്തിനു രൂപാന്തരപ്പെട്ട മറ്റൊരു ജീവി. 

പേരുകളില്ലാത്ത മനുഷ്യരേക്കാൾ എത്രയോ മടങ്ങു ജലജീവികൾ കഥാപാത്രങ്ങളായി വരുന്ന വാട്ടർബോഡി നനവുകൾ നഷ്ടപ്പെടുത്തിയ നാടിനു സമർപ്പിക്കുന്നു ഇന്ദുഗോപൻ. നനവില്ലാതെ ശ്വാസം മുട്ടുന്ന നാട്ടുകാർക്കും.