Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബാബ രാംദേവ്; യോഗയിൽ നിന്ന് ബിസിനസ് അധിപനിലേക്കുള്ള വളർച്ചയുടെ കഥ

ഹിമാലയത്തില്‍ മോക്ഷം തേടിയിറങ്ങിയ ഒരു യോഗ ഗുരു ഇന്ന് ഇന്ത്യയിലെ എഫ്എംസിജി വിപണിയില്‍ തരംഗമായി മാറുകയാണ്. ഒന്നുമില്ലായ്മയില്‍ നിന്ന് യോഗയെന്ന ബ്രഹ്മാസ്ത്രത്താല്‍ ബിസിനസിലും ആത്മീയതയിലും ഒരുപോലെ ഹിമശൃംഗങ്ങള്‍ കീഴടക്കിയ ബാബ രാംദേവിന്റെ കഥയാണ് 'ദി ബാബ രാംദേവ് ഫിനോമെനോന്‍' എന്ന പുസ്തകത്തിലൂടെ മാധ്യമ പ്രവര്‍ത്തകനായ കൗശിക് ദേക പറയുന്നത്. 

ഇന്ത്യയിലെ എഫ്എംസിജി(ഫാസ്റ്റ് മൂവിങ് കണ്‍സ്യൂമര്‍ ഗുഡ്‌സ്) മാര്‍ക്കറ്റിലെ 'ദി ഡിസ്‌റപ്റ്റീവ് ഫോഴ്‌സ്' എന്നാണ് വ്യവസായ സംഘടനയായ അസോചം രാംദേവിന്റെ പതഞ്ജലിയെ വിശേഷിപ്പിച്ചത്. 2016ല്‍ 146 ശതമാനമായിരുന്നു പതഞ്ജലിയുടെ വളര്‍ച്ചാ നിരക്ക്, നേടിയതാകട്ടെ 769 മില്ല്യണ്‍ ഡോളര്‍ വിറ്റുവരവും. 

സര്‍വം യോഗ

1965ല്‍ ഹരിയാനയിലെ സൈദാലിപൂര്‍ എന്ന ചെറിയ ഗ്രാമത്തില്‍ ഒരു സാധാരണ കര്‍ഷകന് ആണ്‍കുട്ടി പിറന്നപ്പോള്‍ ആ കുടുംബത്തില്‍ പ്രത്യേകിച്ച് ആഘോഷങ്ങള്‍ ഒന്നും നടന്നില്ല. ഒരു കുട്ടി ജനിച്ച സാധാരണ സന്തോഷം മാത്രം. എന്നാല്‍ അവന്‍ ഒരു ആത്മീയ നേതാവാകുമെന്നും 10,000 കോടി രൂപയോളം വിലമതിക്കുന്ന സാമ്രാജ്യത്തിന്റെ ഉടമയാകുമെന്നും ആ കുടുംബം കരുതിയില്ല. ആ കഥയാണ് ദി ബാബ രാംദേവ് ഫിനോമെനൊന്‍, ഫ്രം മോക്ഷ ടു മാര്‍ക്കറ്റ് എന്ന പുസ്തകത്തിലൂടെ കൗശിക് പറയുന്നത്. 

ഇളം പ്രായത്തില്‍ പക്ഷാഘാതം പോലുള്ള രോഗം വന്ന് തളര്‍ന്നുപോയ രാംദേവ് യോഗയിലൂടെയാണ് തന്റെ ജീവിതം തിരിച്ചു പിടിച്ചത്. ആര്യസമാജ സ്ഥാപകനായ സ്വാമി ദയാനന്ദ സരസ്വതിയുടെ  ആദര്‍ശങ്ങള്‍ രാംദേവിന്റെ പിന്നീടുള്ള ജീവിതത്തില്‍ വലിയ സ്വാധീനം ചെലുത്തിയതായി കാണാം. 

1993ല്‍ രണ്ട് പേര്‍ക്ക് യോഗ പരിശീലനം തുടങ്ങിയുള്ള രാംദേവിന്റെ ആദ്യ കാലഘട്ടം മുതലുള്ള കാര്യങ്ങള്‍ കൗശിക് പുസ്തകത്തില്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. രണ്ടില്‍ നിന്ന് ദശലക്ഷണക്കിനാളുകളായി രാംദേവിന്റെ ശിഷ്യന്‍മാരുടെ എണ്ണം പെരുകി. ഇന്ന് ഇന്‍സ്റ്റന്റ് നൂഡില്‍സായും ബിസ്‌ക്കറ്റുകളായും എനര്‍ജി ഡ്രിങ്കുകളായും യോഗയില്‍ നിന്നും രാംദേവ് തന്റെ മണ്ഡലങ്ങള്‍ക്ക് വൈവിധ്യം നല്‍കി. സ്വദേശിയുടെ തേരിലേറിയാണ് രാംദേവ് ബിസിനസിന് മാര്‍ക്കറ്റുണ്ടാക്കിയത്. 

ബഹുരാഷ്ട്ര എഫ്എംസിജി കമ്പനികളെപ്പോലും വെല്ലുവിളിക്കുന്ന തരത്തിലായി അത് മാറുകയും ചെയ്തു. ബാബായ്ക്ക് നിരവധി വിമര്‍ശനങ്ങളും ഉയര്‍ന്നെങ്കിലും അതിനെയെല്ലാം തന്റെ വളര്‍ച്ചയ്ക്കുള്ള ഉത്‌പ്രേരകമായി മാറുകയാണുണ്ടായതെന്ന് കൗശിക് നിരീക്ഷിക്കുന്നു. ഓരോ തിരിച്ചടിയിലും ബാബാ രാംദേവ് ബിസിനസ് അവസരം കണ്ടെത്തുക ആയിരുന്നുവെന്നാണ് രചയിതാവിന്റെ നിരീക്ഷണം.

ബാബാ രാംദേവിന്റെ വലംകൈയ്യും പതഞ്ജലിയുടെ സിഇഒയുമായ ആചാര്യ ബാലകൃഷ്ണയുടെ സ്വാധീനവും പുസ്തകത്തില്‍ വിശദമാക്കുന്നുണ്ട്. ഇന്ത്യ എഗെയ്ന്‍സ്റ്റ് കറപ്ഷന്‍ മുന്നേറ്റത്തില്‍ രാംദേവിന്റെ സഹകരണവും കള്ളപ്പണം ഉള്‍പ്പെടെ വിവിധ വിഷയങ്ങളില്‍ യോഗ ഗുരു കൈക്കൊണ്ട നിലപാടുകളും പുസ്തകത്തില്‍ ചര്‍ച്ചയാകുന്നുണ്ട്.