Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബൈൻഡു ചെയ്യപ്പെടാത്ത ജീവിതങ്ങൾ

സ്വയംസിദ്ധമായ അനുഭവമാതൃകകളുടെ, ജീവിതവുമായുള്ള ഒരേസമയം സാങ്കല്പികവും യഥാതഥവുമായ സംവാദങ്ങളുടെ ആഖ്യാനമാണ് അബിൻ ജോസഫിനു കഥ. വ്യത്യസ്തങ്ങളായ അനുഭവങ്ങളെ, സന്ദർഭങ്ങളെ, വ്യക്തികളെ സവിശേഷമായ രീതിയിൽ അന്വേഷിച്ചു കണ്ടെത്തുകയാണ് 'കല്യാശേരി തീസീസ്' എന്ന സമാഹാരത്തിലെ എട്ടു കഥകളും. മിക്കവാറും കഥകൾ വർത്തമാനകാലത്തിൽ ചിറകുവിരിച്ചു നിൽക്കുമ്പോഴും ആഴത്തിലേക്ക്, അഗാധമായ ചരിത്ര ഗർത്തങ്ങളിലേക്ക് കാലുകളാഴ്ത്തുന്നതിലെ വൈരുദ്ധ്യം കൗതുകകരമായിത്തോന്നാം.

ഒരുപക്ഷേ സമകാലികരായ കഥാകൃത്തുക്കൾക്കില്ലാത്ത വിധം തീക്ഷ്ണമായ ചരിത്രബോധവും വിശകലന ബുദ്ധിയും ഈ കഥാകൃത്തിനെ വേറിട്ടു നിർത്തുന്നതിനുള്ള പ്രധാന കാരണം തന്നെയാണ്. കഥകളിൽ വസ്തുനിഷ്ഠമായ ആധികാരികതയെയും ആത്മനിഷ്ഠമായ അനുഭൂതികളെയും തീവ്രമായി സമ്മേളിപ്പിക്കാനാവുന്നു. മനുഷ്യനെ രൂപപ്പെടുത്തുന്നത് സമൂഹവും ചരിത്രവും ഉൾക്കൊണ്ട ബാഹ്യ തലമാണ്. അവനെ നിർണയിക്കുന്നതാവട്ടെ ആന്തരിക ലോകവും അതിന്റെ ജൈവ പ്രേരണകളും. അവന്റെ സത്ത ജൈവികവും സാമൂഹികവുമായ അനുഭവങ്ങളുടെ സംയോജനമെന്നു കൃത്യമായി പറയാം. അതുകൊണ്ടുതന്നെ ഒരു കഥയും ചരിത്രമുക്തമല്ല. സഹജമായ അനേകം രീതികളിൽ അത് സമകാല ലോകത്തോടും ഭൂതകാലത്തിനോടും  സംവദിക്കുന്നു.

പ്രത്യക്ഷവും മൂർത്തവുമായ അനുഭവപക്ഷത്തു നിൽക്കുന്ന കഥയാണ് കല്യാശ്ശേരി തീസിസ്. നഷ്ടപ്പെട്ട അച്ഛനെത്തേടിയുള്ള മകന്റെ അന്വേഷണം വടക്കൻകേരളത്തിലെ ഇടതുപക്ഷ രാഷ്ട്രീയചരിത്രത്തിന്റെ കൂടി അടയാളപ്പെടുത്തലാവുന്നു. മുഖ്യധാരാ രാഷ്ടീയത്തിലെ കലുഷതകളും കലക്കങ്ങളും പ്രാദേശിക പ്രതിഷേധങ്ങളും ചരിത്രമായിത്തീർന്ന പ്രതിസന്ധികളും കഥയിൽ തെളിഞ്ഞു വരുന്നതു ശ്രദ്ധേയമാണ്.

സഖാവ് എൻ.സി.ആർ എന്ന പ്രാദേശികനേതാവ് കല്യാശ്ശേരി ലോക്കൽ കമ്മിറ്റിയിൽ വെച്ച തിരുത്തൽ നിർദ്ദേശങ്ങളടങ്ങിയ തീസീസ്, അയാളെ പാർട്ടിയിൽ നിന്നു പുറത്താക്കൽ, പാർട്ടിയിൽ കൃത്യമായ വിഭാഗീയത സൃഷ്ടിക്കൽ, കലാപം, സംഘർഷം തുടങ്ങിയ പതിവു ചിട്ടകളിലൂടെ തന്നെ കടന്നു പോവുന്നു. പക്ഷേ കല്യാശേരിയിൽ സംഘർഷങ്ങളുണ്ടായ അതേദിവസം കാണാതാവുന്ന ആയുർവേദ ചികിൽസകനായ രാമാനുജൻ മൂസതിന്റെ മകന് അച്ഛനെന്തുപറ്റിയെന്നറിയണം. എൻ.സി.ആറും നാടുവിട്ട നൂറുദീൻ മുസല്യാരും ഇരു ചേരികളിലും നിന്ന് അങ്കം വെട്ടിയ അനുഭാവികളുമൊക്കെ അവർ വിശ്വസിച്ചിരുന്ന ആശയങ്ങളുടെ, ആദർശങ്ങളുടെ പ്രത്യയശാസ്ത്രങ്ങളുടെ ഇരകളായിരുന്നിരിക്കണം.

പക്ഷേ മൂസതും അദ്ദേഹമില്ലാതാവുമ്പോൾ കൊച്ചു കുട്ടിയായിരുന്ന മകനും പ്രത്യയശാസ്ത്രശാഠ്യങ്ങളുടെ ഇരകളോ വക്താക്കളോ ആയിരുന്നില്ല. രക്തത്തിലലിഞ്ഞ ആദർശാത്മകരാഷ്ട്രീയത്തിന്റെ മറുപക്ഷം അതിവൈകാരികതയുടെയും നഷ്ടബോധങ്ങളുടെയുമാണെന്ന് അസാധാരണമായ സന്തുലനത്തോടെ പറയുന്നതിലെ വഴക്കം അസൂയാവഹമാണ്. ആ മറുപക്ഷത്തിന്റെ അരാഷ്ട്രീയമായ രാഷ്ട്രീയജാഗ്രതയാണ് ഈ കഥയെ അപൂർവ്വമാക്കുന്നതും. കേന്ദ്രീകൃതവും ശ്രേണീബദ്ധവുമായ രാഷ്ട്രീയ ഘടനയുടെ അച്ചടക്കവും പരമാധികാരവും നേരിട്ടോ അല്ലാതെയോ ബാധിക്കാത്ത സാധാരണക്കാരെ സംബന്ധിച്ച് വ്യക്തിപരമായ നഷ്ടങ്ങളും വൈകാരികതയുമൊക്കെയാണ് ബന്ധങ്ങളുടെ മൂല്യം നിർണയിക്കുക. നൂറുദ്ദീൻ മുസല്യാരുടെ മകൻ സിറാജുദ്ദീനിൽ നിന്ന് അയാളുടെ അവസാനശേഷിപ്പുകൾ ഏറ്റുവാങ്ങുമ്പോൾ മൂസതിന്റെ മകൻ അസ്വസ്ഥനാവുന്നു.'' ആ നിമിഷം സിറാജുദീന്റെ ഉള്ളിലുള്ള വികാരമെന്താണെന്നു മനസിലാക്കാൻ ഈ ലോകത്ത് എനിക്ക് മാത്രമേ കഴിയുകയുള്ളുവെന്ന് ഞാനോർത്തു." (പുറം: 19) അതേ വികാരങ്ങളാണയാളുടെയും പ്രേരണ.

പ്രത്യയശാസ്ത്രശാഠ്യങ്ങളിൽ, അധികാരച്ചതുരംഗങ്ങളിൽ അനിവാര്യതയോ യാദൃശ്ചികതയോ ആയി അകപ്പെട്ടു പോവുന്ന മനുഷ്യരുടെ വേവലാതികളാണ് കല്യാശ്ശേരി തീസിസ്. അധികാരത്തിന്റെ നിയന്ത്രണങ്ങളും അടിച്ചേല്പിക്കലുകളും വ്യക്തിയുടെ സ്വത്വത്തെയും സ്വാതന്ത്യത്തെയും ഹനിക്കുന്നതെങ്ങനെയെന്നും കഥ സൂചിപ്പിക്കുന്നു. ബന്ധങ്ങളിലെ, സൗഹൃദത്തിലെ ചതിക്കുഴികൾ താമരച്ചതുപ്പു പോലെ ഉള്ളിലകപ്പെട്ടവരെ ഒരിക്കലും തിരിച്ചു തരില്ലെന്ന ഞെട്ടലിലാണ് കഥ അവസാനിക്കുന്നത്. യുക്തികൾക്കതീതമായ, അപരിഹാര്യമായ പ്രശ്നമണ്ഡലങ്ങൾ. എത്രയോ കാലമായി മനസിൽ കിടക്കുന്ന ആ ഭാരം കൂടുതൽ കനം വെയ്ക്കുകയേ ഉള്ളുവെന്ന തിരിച്ചറിവ്.

ഭാവനയുടേതു മാത്രമായ, ഒരുപക്ഷേ സാധാരണലോകത്തിന്റെ യുക്തികൾക്കു സമാന്തരമായ യുക്തികളാണ് (logic of imagination) ജീവിതത്തെ, അനുഭവങ്ങളെ ക്രിയാത്മകമായി മാറ്റിപ്പണിയുക. മിക്കവാറും അധികാരബന്ധങ്ങളുടെ, സാമൂഹ്യനിർമ്മിതമായ സദാചാരനാട്യങ്ങളുടെ നിയന്ത്രണത്തിൽ ഉഴലുന്ന മനുഷ്യന് ഭാവനയുടെ സമാന്തരയുക്തികളെ പിന്തുടരാനുള്ള സ്വാതന്ത്ര്യമുണ്ടാവുന്നില്ല. സഹയാത്രിക എന്ന കഥ, മകൻ, ഭർത്താവ്, അച്ഛൻ, കുടുംബനാഥൻ തുടങ്ങി അനേകം അവസ്ഥകൾക്കായി വിഭജിക്കപ്പെടുന്ന മനുഷ്യജീവിതത്തെയും നിയന്ത്രണങ്ങളെയും അധികാര സ്ഥാപനങ്ങളെയും നിരന്തരം വെല്ലുവിളിക്കുന്ന ബദൽ ജീവന സാധ്യതയെയും അവതരിപ്പിക്കുന്നു.

സമൂഹത്തിലെ അദൃശ്യമായ എന്നാൽ ആഴത്തിൽ പടർന്ന അച്ചടക്കത്തിന്റെ പിടിയിൽ അടിച്ചമർത്തപ്പെടുന്നവർ / സ്വയം അമർച്ച ചെയ്ത് ഇരയായിത്തീരുന്നവർ എന്ന രണ്ടു വിഭാഗത്തിലുൾപ്പെടുന്ന ഭൂരിപക്ഷം മനുഷ്യരും ആത്മനിഷേധത്തിന്റെ, ആത്മബലിയുടെ കയ്പുറഞ്ഞ ജീവിതമനുഭവിച്ചു തീർക്കുമ്പോൾ തൃഷ്ണകളുടെ, നിഷേധത്തിന്റെ ഉന്മത്തമായ ലഹരി നുണയുന്നു നിത്യസഞ്ചാരിണിയായ ലിഡിയ.

അബിൻ ജോസഫിന്റെ കഥകളിൽ സാമ്പ്രദായിക ജീവിതത്തിന്റെ മുഷിപ്പൻപാതകൾക്കു എതിരായും സമാന്തരമായും അപകടകരമാം വിധം സ്വതന്ത്രമായ മറ്റൊരു ജീവിതത്തിന്റെ സാധ്യതയെക്കുറിച്ചും അതു സൃഷ്ടിക്കുന്ന പുതിയ മൂല്യ രൂപങ്ങളെക്കുറിച്ചും പ്രത്യാശയുണ്ട്. സഹയാത്രികപോലെ തന്നെ 100 മില്ലി കാവ്യജീവിതം എന്ന കഥയും ശ്രദ്ധേയമാവുന്നതങ്ങനെയാണ്. ജോൺ എബ്രഹാം എന്ന മലയാളത്തിലെ എക്കാലത്തെയും കടുത്ത അരാജകവാദിയുടെ സാന്നിധ്യമാണ് കഥയുടെ കരുത്ത്. അല്പസ്വല്പം കവിതയും വക്കീൽ ജോലിയും അച്ചടക്കമുള്ള കുടുംബ ജീവിതവുമായി കഴിഞ്ഞിരുന്ന, അങ്ങനെത്തന്നെ ജീവിച്ചു തീരേണ്ടിയിരുന്ന സദാനന്ദൻ വക്കീൽ. ജോൺ എബ്രഹാവുമായുള്ള രണ്ടു കണ്ടുമുട്ടലുകൾ, രണ്ടും ജോണറിഞ്ഞതുമല്ല, അയാളുടെ ജീവിതത്തെ കാറ്റത്തിട്ട ബൈൻഡ് ചെയ്യാത്ത പുസ്തകമാക്കുന്നു, വെറും കാറ്റല്ല, കൊടുങ്കാറ്റ്.

" തോന്നുന്ന പോലൊരു ലൈഫ്, ചെല ദിവസത്തിനു ലേശം നീളം കൂടും. ചെലത് പെട്ടന്നു തീരും. അതാണ് ശരിക്കൊള്ള മനുഷ്യന്റെ ലൈഫ്. അതാണ് ശരിക്കൊള്ള കവിത" (പു:26) ജോൺ എബ്രഹാമിന്റെ ജീവിതത്തെക്കുറിച്ചുള്ള കാഴ്ച എല്ലാ മനുഷ്യന്റെയും സ്വപ്നമാണ്. പക്ഷേ അത്തരം ജീവിതത്തിന് പലതും ബലി കൊടുക്കേണ്ടി വരുന്നു വ്യക്തിയുടെ സ്വത്വവും കർത്തൃത്വവും നിയന്ത്രണങ്ങൾക്കു വിധേയമാണ്. സമൂഹം /മതം/രാഷ്ട്രീയം തുടങ്ങി അനേകം ഘടകങ്ങൾ അവയുടെ താല്പര്യങ്ങൾ നിരന്തരം അടിച്ചേല്പിക്കുന്ന സാമാന്യ മനുഷ്യന്റെ സ്വത്വബോധം ഒത്തുതീർപ്പുകൾക്ക് അനായാസേനെ വഴങ്ങുന്നു. അങ്ങനെയല്ലാതാവാനുള്ള സദാനന്ദൻ വക്കീലിന്റെ ശ്രമം അയാളെ കുടുംബത്തിലും തൊഴിലിലും സമൂഹത്തിലും അപഹാസ്യനും നിന്ദിതനുമാക്കി..ജോണിനെപ്പോലെ നൈസർഗ്ഗികമായും സർഗ്ഗാത്മകമായും വിലക്കുകളെ മറികടക്കുക അസാധ്യമാണ്. പക്ഷേ അതൊരു സ്വപ്നമാണ്. എല്ലാ മനുഷ്യരുടെയും ഉള്ളിലുള്ള വിമോചനകാംക്ഷയുടെ മൂർത്തരൂപം.

കഥയ്ക്കുള്ളിൽ കഥയിലില്ലാത്ത മൂന്നാമതൊരാളുടെ സാന്നിധ്യം സമർത്ഥമായി അനുഭവിപ്പിക്കുന്ന കഥയാണ് ' ഒ .വി വിജയന്റെ കാമുകി'. ഹിരോഷിമയുടെ പ്യൂപ്പ ആസന്നമായ ദുരന്തങ്ങളുടെ നേർപകർപ്പാണ്. ഏകാധിപത്യത്തിന്റെ, പട്ടാളവാഴ്ചയുടെ, ആഭ്യന്തര കലാപങ്ങളുടെ, പട്ടിണിയുടെ ,ഹിംസയുടെ ബീഭത്സമായ ചിത്രങ്ങൾ. മകളും മരുമകനും ചേർന്ന് സ്വത്തിനു വേണ്ടി കൊല്ലാൻ കൊട്ടേഷൻ കൊടുത്തിരിക്കുന്ന, അതിനെക്കുറിച്ചറിയാവുന്ന തോബിയാസിന്റെ ഫോണിലേക്ക് നമ്പർ തെറ്റി വരുന്ന ഫാദർ പീറ്ററിന്റെ ആത്മരക്ഷയ്ക്കായുള്ള നിലവിളികൾ. ടോഗോയിലെ ജനങ്ങളുടെ വിദ്യാഭ്യാസത്തിനും ചികിത്സയ്ക്കും മുൻകൈയ്യെടുത്തതിന്റെ പേരിൽ പട്ടാളം വേട്ടയാടുന്ന മിഷണറി. മകളുടെ കൊട്ടേഷനനുസരിച്ച് കൊല്ലാൻ വരുന്ന ഗുണ്ടകൾക്കും 8288 കിലോമീറ്റർ ദൂരത്തു നിന്നുള്ള ഫാദറിന്റെ നിലവിളികൾക്കുമിടയിൽ സൂചിമുനയിൽ നിൽക്കുന്നതു പോലുള്ള ചില നിമിഷങ്ങളാണ് ഈ കഥ. ജീവിതത്തിനും മരണത്തിനുമിടയിലെ മനസു മരവിപ്പിക്കുന്ന കാഴ്ചകൾ.

എന്റെ ലൈംഗികാന്വേഷണ പരീക്ഷണങ്ങൾ വിചിത്രമായൊരു ലൈംഗികവ്യതിയാനത്തെ ഒട്ടും അശ്ലീലമാകാതെ കൈകാര്യം ചെയ്യുന്നതിലൂടെയാണ് സവിശേഷമാവുന്നത്. ലൈംഗിക ചോദനകൾ സ്വാഭാവികമാണ്. അതിലുള്ള വ്യതിയാനങ്ങളും അങ്ങനെത്തന്നെ. ജന്മവാസനകളെയും തൃഷ്ണകളെയും നല്ലത് / ചീത്ത എന്നു വേർതിരിക്കുന്ന സദാചാരമാവട്ടെ വ്യക്തിയുടെ ബോധതലത്തിൽ ആധിപത്യം സ്ഥാപിക്കുന്ന അധികാരത്തിന്റെ സൂക്ഷ്മരൂപവും. ശരീരത്തിന്റെ രതി സാധ്യതകളെയും രത്യഭിലാഷങ്ങളെയും പഴമയുടെ മണമുള്ള പുസ്തകങ്ങളുമായി ബന്ധപ്പെടുത്തി മാത്രം പൂർത്തീകരിക്കാനാവുന്ന ആഖ്യാതാവ് യഥാർത്ഥത്തിൽ സംസ്കാരത്തിന്റെ അപനിർമ്മാണമാണു നടത്താൻ ശ്രമിക്കുന്നത്.

ലൈംഗികത പാപമെന്നു വിലക്കുന്ന മതബോധത്തെയാണ് നിരീശ്വരവാദിയായ ഇച്ചാച്ചന്റെ പെട്ടിയിലെ പഴയ ബൈബിളെടുത്ത് സ്വയംരതിക്കു ശ്രമക്കുന്നതിലൂടെ അയാൾ വെല്ലുവിളിക്കുന്നത്. രതിയിലൂടെ മോക്ഷമെന്ന സെൻബുദ്ധിസ്റ്റ് കാഴ്ചപ്പാടിന്റെ സ്വാധീനം ഈ കഥയിലുണ്ട്.പുരുഷന്റെ ഉന്മാദമൂർച്ഛകൾ, ഫാന്റസി, അപഥസഞ്ചാരങ്ങൾ എല്ലാത്തിന്റെയും പ്രേരണയായ ഇച്ഛയും കാമവും. ശക്തമായ പ്രതിനിധാനസ്വഭാവമുള്ള കഥയാണ് എന്റെ ലൈംഗികാന്വേഷണ പരീക്ഷണങ്ങൾ. ശീർഷകത്തിലാരംഭിക്കുന്ന ഐറണിയും ശ്രദ്ധേയമാണ്.

സമകാലിക ജീവിത്തിന്റെ നേർരേഖയിലല്ലാത്ത ലിഖിതങ്ങളാണ് കല്യാശ്ശേരി തീസീസിലെ കഥകൾ. പുതിയ അനുഭവങ്ങൾ, കാഴ്ചകൾ ,ചിന്തകൾ..ഇത്തരം വിചിത്രമായ ജീവിത യാഥാർത്ഥ്യങ്ങളെ സർഗ്ഗാത്മകമായ യുക്തി കൊണ്ട് വ്യവച്ഛേദിക്കാനും സഹജമായ ലാവണ്യപരതയോടെ ആവിഷ്കരിക്കാനും ഈ കഥകൾക്കു കഴിയുന്നുണ്ട്. രാഷ്ട്രീയാടിത്തറയുള്ള ചരിത്രപരതയോടെ കഥ ജീവിതത്തെ തറപ്പിച്ചു നോക്കിക്കൊണ്ടിരിക്കുന്നു.

Read more Literature Books