Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഈ പെൺകുരിശ് നീർമാതളത്തിന്റെ നിത്യപ്രണയിനിക്ക്

മേയ് 31. ഹിന്ദുവായി ജനിച്ച് മുസ്ലിമായി മരിച്ച ഒരു സ്ത്രീയുടെ ചരമവാർഷികം. മനസ്സിന്റെ കാമനകൾകൊണ്ടു നൃത്തം ചെയ്ത ഒരുവളുടെ ഓർമദിനം. വാക്കുകളിൽ പ്രണയം നിറച്ച ഉൻമാദിനി. മരിച്ചുകഴിഞ്ഞാലും തന്റെ മാംസവും അസ്ഥികളും വലിച്ചെറിഞ്ഞുകളയരുതെന്നു പറയാൻ ധൈര്യം കാട്ടിയ നീർമാതളപ്പൂവിന്റെ നിത്യപ്രണയിനി. മരണശേശവും മാംസം അഴുകിപ്പോകാത്ത ഒരേയൊരു മനുഷ്യജീവി. പ്രണയത്തിന്റെ നിത്യസുഗന്ധം പരത്തുന്ന മാംസത്തിന്റെയും അസ്ഥികളുടെയും ഉടമ.ഏറെ വിവാദങ്ങളുയർത്തി ജീവിച്ചു മരിച്ച ആ സ്ത്രീയുടെ ഒന്നാം ചമരവാർഷികത്തിൽ അവരുടെ ഖബറിസ്ഥാനിൽനിന്നു തുടങ്ങുന്നു പെൺകുരിശ്. ഹെർബേറിയം എന്ന നോവലിലൂടെ പ്രശസ്തയായ സോണിയ റഫീക്കിന്റെ ആദ്യകഥാസമാഹാരത്തിലെ ആദ്യകഥ.

ഖബറിസ്ഥാനിൽ അന്നു കോലാഹലങ്ങൾ. ഖബറിനു ചുറ്റും ജമന്തിപ്പൂക്കൾ. വിശിഷ്ട ഗന്ധമുള്ള സുഗന്ധദ്രവ്യങ്ങൾ പൂകച്ച ധൂപക്കുറ്റികൾ. പരേതയുടെ പഴയകാല ഫോട്ടോഗ്രഫുകൾ. കൽക്കണ്ടം കൊണ്ടുണ്ടാക്കിയ നിറം പൂശിയ ചെറിയ തലയോട്ടികൾ. മരണപ്പെട്ട സ്ത്രീക്കു പ്രിയപ്പെട്ട വിഭവങ്ങൾ ഇലകളിൽ വിളമ്പിവച്ചിട്ടുമുണ്ട്. ഈ അധിക്ഷേപ പ്രവൃത്തി ചെയ്തവരെ കണ്ടെത്താൻ പൊലീസ് അന്വേഷണം തുടങ്ങിക്കഴിഞ്ഞു. ഖബർ മലിനപ്പെടുത്തിയവരുടെ ഗുഢലക്ഷ്യം കണ്ടുപിടിക്കണം. വിവാദങ്ങൾക്കു ചൂടുപിടിക്കുമ്പോൾ ഫ്രിഡ കടപ്പുറത്തിരുന്നു മണലിൽ ചിത്രങ്ങൾ വരയ്ക്കുന്നു. ഫ്രിഡയുടെ മുഴുവൻ പേര് ഫ്രിഡ കാഹ്ളോ.1954–ൽ മരിച്ച ചിത്രകാരി. ഫ്രിഡ വരയ്ക്കുന്നത് ഒരു സ്ത്രീരൂപം. രചന പൂർണമാകുമ്പോൾ ചിത്രത്തിൽനിന്ന് ഉയിരോടെ ഉണരുന്നു ഒരു സ്ത്രീ. ഇസഡോറ ഡങ്കൻ. ആധുനിക നൃത്തത്തിനു തുടക്കംകുറിച്ച ലോകപ്രശസ്ത നർത്തകി. അവർ ചിത്രവും നൃത്തവുമായി കടപ്പുറത്തു നിൽക്കുമ്പോൾ പൊലീസുകാരെ കാണുന്നു. പൊലീസുകാർക്കെല്ലാം ഒരേ മുഖം. ഭർതൃമുഖങ്ങൾ.പുരുഷൻമാരുടെ ഏറ്റവും മടുപ്പിക്കുന്ന ഭാവം. പൊലിസുകാർക്ക് ഫ്രിഡയേയും ഇസഡോറയേയും കാണാനാകുമോ. മരിച്ചവരെ ജീവിച്ചിരിക്കുന്നവർക്കു കാണാനാകുമോ. ഫ്രിഡയ്ക്ക് ഇപ്പോഴും ഉറപ്പില്ല താൻ മരിച്ചവളോ ജീവിച്ചിരിക്കുന്നവളോയെന്ന്;ഇസഡോറയ്ക്കും.

കലയുടെ കാവ്യനക്ഷത്രങ്ങളായ അവർക്കു മരണമില്ലെന്നും വരാം. ഇരുവരും ഖബറില്‍ എത്തുന്നു.അവിടെ മാർഗരറ്റ് ഡുറാസ് ഉണ്ട്. ഫ്രഞ്ച് നോവലിസ്റ്റും നാടകകൃത്തും സംവിധായികയും. മൂവരും കൂടി മേയ് 31 നു മരിച്ച സ്ത്രീക്ക് ഒരു സ്മാരകം നിർമിക്കുന്നു. കൂട്ടത്തിൽ അമ്മയാവാത്തതു ഫ്രിഡ മാത്രം.സ്മാരകം നിർമിക്കാനുള്ള നിയോഗം അതുകൊണ്ടുതന്നെ ഫ്രിഡയ്ക്ക്. ബ്രഷ് കയ്യിലെടുത്തു. ബ്രഷ് മണ്ണിൽ മുക്കി മൺനിറം മുക്കിയെടുത്തു.ഇലകളിൽനിന്നു പുതുമയുടെ നിറം.ആകാശത്തുനിന്നു ശാന്തതയുടെ നിറം.മിന്നാമിനുങ്ങുകൾ കൂട്ടംകൂടിയിരുന്നിടത്തുനിന്നു സ്വർണനിറം.

ഖബറിസ്ഥാനിലെ മതിൽക്കെട്ടുകളുടെ വിടവുകളിൽനിന്നു പിളർപ്പിന്റെ മിന്നൽനിറം.വാകമരത്തിന്റെ കൊമ്പിലിരുന്നു പാടിയ രാക്കിളിയുടെ പാട്ടിൽനിന്നു ചാരനിറം. ഫ്രിഡയുടെ ചിത്രത്തിൽ അവർ മൂവരുമുണ്ട്.അവരുടെ തിരുനെറ്റിയിൽ തിരിച്ചറിയാനാവാത്ത കാമുകന്റെ ചിത്രവും. തൃക്കണ്ണിൽ പുരുഷനെ ആവാഹിച്ച നാലു സ്ത്രീകളാൽ ഫ്രിഡ തീർക്കുന്നതൊരു പെൺകുരിശ്.അവരെത്തമ്മിൽ ബന്ധപ്പിക്കുന്ന പ്രണയത്തിന്റെ നൂൽരേഖകൾ വേണം. അപ്പോഴേക്കും ഖബറിൽനിന്നുമുയർന്നുവന്നു പ്രണയിനി. അവരുടെ നെഞ്ചിൽ ഫ്രിഡ ബ്രഷ് കൊണ്ട് ഒന്നു തൊട്ടു. ചന്ദനനിറമുള്ള ചായം ബ്രഷിൽ പടർന്നു.ആ ചന്ദനിറത്താൽ സ്നേഹനൂലുകൾ വരച്ചു ഫ്രിഡ ചിത്രം പൂർത്തിയാക്കുന്നു.പെൺകുരിശിന്റെ മായാത്ത, മറയാത്ത ജീവിതചിത്രം.

കടലിൽ വീണിട്ടും നിറങ്ങൾ ഒലിച്ചുപോകാത്ത ആ അത്ഭുതചിത്രത്തിന്റെ രൂപപരിണാമങ്ങളുടെ കഥയാണു പെൺകുരിശ്. അത്ഭുതപ്പെടുത്തുന്ന ധൈര്യത്തോടെ കഥയിൽ ഒരു എഴുത്തുകാരിക്കു നിർമിച്ച സ്മാരകം.കലാസൃഷ്ടികളിലൂടെ മാത്രം ഇന്നു ജീവിച്ചിരിക്കുന്ന നാലു സ്ത്രീകളാൽ നിർമിച്ച ഈ പെൺകുരിശ് മലയാളത്തിന്റെ പുതിയ കഥയെ അടയാളപ്പെടുത്തുന്നു. ഹെർബേറിയത്തിലൂടെ വ്യത്യസ്തവും അപരിചിതവുമായ  ഭാവുകത്വം മലയാളത്തിനു സമ്മാനിച്ച സോണിയ റഫീക്ക് പെൺകുരിശിലൂടെ മലയാള കഥയെ അപരിചിതവും വന്യവുമായ മേഖലകളിലേക്കു നയിക്കുന്നു. പെൺകുരിശിനൊപ്പം എട്ടുകഥകൾ കൂടിയുള്ള സമാഹാരത്തിന്റെ എഴുത്തും അവതരണവും പരിചയിച്ച കഥനരീതിയുടെ പതിവുവഴികളിലൂടെയല്ല.അലസമായി വായിച്ചുപോകാനുമാവില്ല ഈ കഥകൾ. ശ്രദ്ധയോടെ വായിച്ചും ആലോചിച്ച് ആസ്വദിച്ചും ഉൾക്കൊള്ളാനാവുന്ന അക്ഷരരൂപങ്ങൾ.

പ്രവാസത്തിന്റെ അടയാളങ്ങൾ ഈ കഥകളിൽ വീണുകിടക്കുന്നു.പക്ഷേ അതു പതിവു ഗൃഹാതുരത്വത്തിന്റെ പഴകിയ വാക്കുകളല്ല. അംഗീകരിക്കപ്പെട്ട അന്യരാജ്യവാസത്തിന്റെ യാഥാർഥ്യങ്ങൾ. സക്കർഫിഷ് എന്ന കഥ മികച്ച ഉദാഹരണം. മലയാളത്തിൽ ഒരു വാചകം പോലും പറയാൻ അറിയാത്ത ഒരു ബംഗ്ളദേശി വീടുസൂക്ഷിപ്പുകാരനിലൂടെ സോണിയ പറയുന്നതു കഥയല്ല. ഇതുവരെ ആരും പറയാതിരുന്ന ജീവിതത്തിന്റെ ക്രൂരമുഖം. ആധുനിക മലയാളിയുടെ ദുരന്തം. താമസിക്കുമ്പോൾ തന്നെ സ്വന്തമല്ലാത്ത വീടും സ്വന്തമെന്നു പറയുമ്പോഴും ആർക്കുമെടുക്കാവുന്ന വസ്ത്രങ്ങളും എല്ലാം കണ്ടിട്ടും ഒന്നും പറയാനാവാത്ത സ്വർണമൽസ്യങ്ങളും ഏറെനാൾ അസ്വസ്ഥരാക്കുന്ന ഒരു കഥയുടെ അതിർത്തികളിൽനിന്നു ജീവൻവച്ചു വായനക്കാരെ തേടുന്നു. പുതിയ കണ്ണുകളാൽ ജീവിതത്തെ കാണുന്ന കഥാകാരിക്ക് ആശംസ പറയുന്നുണ്ട് എൻ.എസ്.മാധവന്റെ അനുഗ്രഹവാക്കുകൾ.