Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മുതലാളിത്തത്തെ തോല്‍പ്പിച്ചത് ഹാര്‍വാര്‍ഡോ?

ലോകം മുഴുവന്‍ തൊഴില്‍ നഷ്ടത്തിന്റെ വാര്‍ത്തകളാണ് കേള്‍ക്കുന്നത്. കിഴക്കും പടിഞ്ഞാറുമെല്ലാം അതിദുര്‍ഘടമായ സാമ്പത്തിക വീഥിയിലൂടെയാണ് കടന്നുപോകുന്നത്. കൃത്രിമ ബുദ്ധിയും ആഗോള മാന്ദ്യവുമെല്ലാം നിലവിലെ തൊഴിലുകള്‍ കവര്‍ന്നെടുക്കുമ്പോള്‍ പല കോര്‍പ്പറേറ്റുകളും നിലനില്‍പ്പിനായുള്ള പോരാട്ടത്തില്‍ കൂടിയാണ്. അവിടെ ബിസിനസിന്റെ മൂല്യങ്ങളേക്കാളും അവരെ നയിക്കുന്നത് ലാഭം എന്ന ആശയമാണ്. അല്ലെങ്കില്‍ ലാഭം എന്നു പറയേണ്ട, അത് പോസിറ്റീവ് ആണ്. ലാഭമല്ല പ്രശ്‌നം, അത്യാര്‍ത്തി, അതിമോഹമാണ്. 

മുതലാളിത്തം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണത്, അത്യാര്‍ത്തി. ബിസിനസുകളെ പ്രതിസന്ധിയിലാക്കുന്ന, സാമ്പത്തിക-സാമൂഹ്യ സാഹചര്യങ്ങളെ വഴിതെറ്റിക്കുന്ന വില്ലന്‍. അമേരിക്ക നേതൃത്വം നല്‍കുന്ന പാശ്ചാത്യ സമൂഹത്തിന്റെ വലിയ സാമ്പത്തികം ഉള്‍പ്പടെയുള്ള മേഖലകളുടെ പ്രതിസന്ധിക്ക് കാരണം എന്താണ്. ലോകപ്രശസ്തമായ ഹാര്‍വാര്‍ഡ് ബിസിനസ് സ്‌കൂളിനെ ലോകത്തിന്റെ പ്രശ്‌നങ്ങള്‍ക്ക് പ്രതിക്കൂട്ടിലാക്കുകയാണ് ഒരു പുസ്തകം. എഴുതിയത് ചില്ലറക്കാരനല്ല, അതുകൊണ്ടുതന്നെ ആഗോള മാധ്യമങ്ങളിലും ബിസിനസ് സ്‌കൂളുകളിലും വന്‍കിട കമ്പനികളിലുമെല്ലാം ഈ പുസ്തകം വലിയ കോലാഹലമാണുണ്ടാക്കുന്നത്. 

ദി ഗോള്‍ഡന്‍ പാസ്‌പോര്‍ട്ട് എന്നാണ് പുസ്തകത്തിന്റെ പേര്. എഴുതിയത് ലോകപ്രശസ്ത സാമ്പത്തിക മാധ്യമപ്രവര്‍ത്തകനും ചിന്തകനുമെല്ലാമായ ഡഫ് മെക്‌ഡൊണാള്‍ഡും. ലോകത്തിലെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥയെ പ്രതിസന്ധിയിലാക്കി, പിടിച്ചുപറിസ്വഭാവമുള്ള മുതലാളിത്വത്തെ വളര്‍ത്തിയെടുത്തതില്‍ ഹാര്‍വാര്‍ഡ് ബിസിനസ് സ്‌കൂളി(എച്ച്ബിഎസ്)നുള്ള പങ്കിനെക്കുറിച്ചുള്ള തുറന്നെഴുത്താണ് ദി ഗോള്‍ഡന്‍ പാസ്‌പോര്‍ട്ട്. 

ദി ഗോള്‍ഡന്‍ പാസ്‌പോര്‍ട്ട്, ആ പേര് മെക്‌ഡൊണാള്‍ഡ് തെരഞ്ഞെടുത്തത് പോലും വ്യക്തമായ ലക്ഷ്യത്തോടെയാണ്. അതിന് പല മാനങ്ങളുമുണ്ട്. എച്ച്ബിഎസ്-അത് യഥാര്‍ത്ഥത്തില്‍ ഒരു സുവര്‍ണ പാസ്‌പോര്‍ട്ട് തന്നെ ആയിരുന്നു, ഇപ്പോഴും ആണെന്ന് പറയാം. എച്ച്ബിഎസില്‍ നിന്ന് പഠിച്ചിറങ്ങിയ ഒരു ബിരുദദാരിക്ക് പിന്നെ വേറൊന്നും നോക്കേണ്ട കാര്യമില്ല. ലോകത്തിലെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥ കെട്ടിപ്പടുത്തത് അവിടെ നിന്നും ഇറങ്ങിയവരാണ്. ലോകം എങ്ങനെ ചിന്തിക്കുന്നു, ഏത് രീതിയില്‍ പോകണം, എന്താണ് ആഗോള സമ്പദ് വ്യവസ്ഥയില്‍ ചര്‍ച്ചയാകേണ്ടത്... ഇതെല്ലാം അദൃശ്യമായി നിശ്ചയിച്ചിരുന്നത് എച്ച്ബിഎസില്‍ നിന്നിറങ്ങി വന്‍കിട കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ കെട്ടിപ്പടുത്തവരാണ്. 

ഒരു നിയോഗം

ലോകം ഏറ്റവുമധികം ബഹുമാനിക്കുന്ന ഹാര്‍വാര്‍ഡ് സര്‍വകലാശാലയുടെ ഭാഗമായി 1908ല്‍ ആണ് ഹാര്‍വാര്‍ഡ് ബിസിനസ് സ്‌കൂള്‍ രൂപംകൊള്ളുന്നത്. ലോകത്തിന്റെ ഗതി നിര്‍ണയിക്കുന്ന തരത്തില്‍ സാമ്പത്തിക ചിന്താധാര വികസിപ്പിക്കുക ആയിരുന്നു ഉദ്ദേശ്യം. അമേരിക്കന്‍ ബിസിനസിനെ വികസിപ്പിക്കുന്നതിലും 20–ാം നൂറ്റാണ്ടിലെ വന്‍കിട ബഹുരാഷ്ട്ര കമ്പനികളെ വളര്‍ത്തിയെടുക്കുന്നതിലും നിര്‍ണായക പങ്കുവഹിച്ചു എച്ച്ബിഎസ്. രണ്ടാം ലോക മഹായുദ്ധത്തില്‍ അമേരിക്കന്‍ ചേരിയുടെ വിജയത്തില്‍ വരെ നിര്‍ണായക പങ്കുവഹിച്ചു ഈ ബിസിനസ് സ്‌കൂള്‍. 

കഴിഞ്ഞ കുറച്ച് പതിറ്റാണ്ടുകളായി ഹാര്‍വാര്‍ഡിലെ എംബിഎക്കാരാണ് ആഗോള തലത്തില്‍ സ്വാധീനം ചെലുത്തുന്ന സ്ഥാപനങ്ങളുടെ ഇടനാഴികളില്‍ നിറഞ്ഞിരിക്കുന്നത്. സംരംഭകത്വത്തിന്റെ കളിത്തൊട്ടില്‍ എന്ന് ഖ്യാതി നേടിയ സിലിക്കണ്‍ വാലിയിലെ ഒരു ബില്ല്യണ്‍ ഡോളറിലധികം മൂല്യമുള്ള കമ്പനികളില്‍ 10 ശതമാനവും സ്ഥാപിച്ചത് ഹാര്‍വാര്‍ഡുമായി ബന്ധമുള്ളവരാണ്. 

കോര്‍പ്പറേറ്റ് ലോകത്ത് എന്തും ചെയ്യാനുള്ള ഒരു ബ്രാന്‍ഡായി മാറുക ആയിരുന്നു ഹാര്‍വാര്‍ഡ്. വളരെ ഉയര്‍ന്ന ഫീസ് നല്‍കിയാണ് അവിടെ വിദ്യാര്‍ത്ഥികള്‍ പ്രായോഗിക തലത്തില്‍ അധിഷ്ഠിതമായി ബിസിനസ് മാനേജ്‌മെന്റ്  പഠിക്കുന്നത്. എന്നാല്‍ ഇന്നത് ലാഭത്തില്‍ മാത്രം അധിഷ്ഠിതമായുള്ള ഒരു ചിന്താപദ്ധതിയിലാണ് ശ്രദ്ധയൂന്നുന്നത് എന്നാണ് മക്‌ഡൊണാള്‍ഡ് പുസ്തകത്തില്‍ ഉയര്‍ത്തുന്ന പ്രധാന വിമര്‍ശനം.

പുസ്തകമെഴുതുന്നതിന്റെ ഭാഗമായി എച്ച്ബിഎസ് സന്ദര്‍ശിക്കാനുള്ള തന്റെ നിരവധി അപേക്ഷകള്‍ മാനേജ്‌മെന്റ് നിരസിച്ചെന്നും അദ്ദേഹം പറയുന്നുണ്ട്. ലോകത്തിന്റെ പ്രതിസന്ധികള്‍ പരിഹരിക്കാന്‍ ശേഷിയുള്ള, നാളെയുടെ സംരംഭകരെ സൃഷ്ടിക്കുന്നതില്‍ ഇപ്പോള്‍ ഹാര്‍വാര്‍ഡ് പരാജയപ്പെടുകയാണെന്നും അതിന്റെ സ്ഥാപകരുടെ മഹത്തായ ലക്ഷ്യങ്ങളിലല്ല ശ്രദ്ധയെന്നുമാണ് മക്‌ഡൊണാള്‍ഡ് വാദിക്കുന്നത്. 

മുതലാളിത്വത്തിന്റെ പരിധിയും ഹാര്‍വാര്‍ഡ് എംബിഎക്കാരുടെ ധാര്‍മിക പരാജയവും എല്ലാം കടുത്ത രീതിയില്‍ വിമര്‍ശനവിധേയമാക്കുന്നുണ്ട് മെക്‌ഡൊണാള്‍ഡ് തന്റെ പുസ്തകത്തില്‍. 672 പേജുകളില്‍ വളരെ വിസ്തരിച്ചാണ് ഹാര്‍വാര്‍ഡിനെതിരെ വിമര്‍ശനങ്ങളുടെ കെട്ടഴിച്ചിരിക്കുന്നത്. 

ഹാര്‍വാര്‍ഡ് ഗ്രാജുവേറ്റുകള്‍ അവര്‍ ചെയ്യുന്ന കാര്യത്തില്‍ മിടുക്ക് കാണിക്കുന്നു. അത് നല്ല പ്രകടനമാണ്, എന്നാല്‍ അത് മഹത്തരമല്ല. അവിടെയാണ് പ്രശ്‌നം, ലോകത്തിന്റെ പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരം എന്ന നിലയിലാണ് ഇത്തരമൊരു മഹത്തായ സ്ഥാപനത്തിന് തുടക്കം കുറിച്ചത്. ആ ഉദ്ദേശ്യമാണ് ഇപ്പോള്‍ പരാജയപ്പെടുന്നത്-മെക്‌ഡൊണാള്‍ഡ് പുസ്തകത്തില്‍ പറയുന്നു. 

സങ്കീര്‍ണമായ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ അസാമാന്യ വൈദഗ്ധ്യമുള്ള കൂടുതല്‍ കൂടുതല്‍ മിടുക്കന്‍മാരെയും മിടുക്കികളെയും സൃഷ്ടിക്കുക ആയിരുന്നു എച്ച്ബിഎസിന്റെ ലക്ഷ്യമെന്നാണ് ഗോള്‍ഡന്‍ പാസ്‌പോര്‍ട്ടിലൂടെ മെക്‌ഡൊണാള്‍ഡ് പറയുന്നത്. എച്ച്ബിഎസിനെ സംബന്ധിച്ചുള്ള ഏറ്റവും വിമര്‍ശനാത്മകമായ പുസ്തകമാണിത്. പുറത്തിറങ്ങി ഒന്നര മാസത്തിനുള്ളില്‍ തന്നെ അത് കോളിളക്കം സൃഷ്ടിച്ചും തുടങ്ങി. പുസ്തകത്തിന്റെ ഉള്ളടക്കത്തെ ഭയന്ന് ഹാര്‍വാര്‍ഡ് മാനേജ്‌മെന്റ് വിശദീകരണ കുറിപ്പ് പുറത്തിറക്കേണ്ട അവസ്ഥ പോലും വന്നു.

ഹാര്‍വാര്‍ഡ് ബിസിനസ് സ്‌കൂളിന്റെ ചരിത്രവും രാസഘടനയും മഹത്വവും സാധാരണത്വവും എല്ലാം വിശദമായി പ്രതിപാദിക്കുന്നുണ്ട് ഗോള്‍ഡന്‍ പാസ്‌പോര്‍ട്ടില്‍. മഹത്വത്തില്‍ നിന്ന് നല്ലതിലേക്കുള്ള തിരിച്ചിറക്കമായാണ് മെക്‌ഡൊണാള്‍ഡ് ഹാര്‍വാര്‍ഡ് ബിസിനസ് സ്‌കൂളിന്റെ പരിണാമത്തെ വരച്ചുകാട്ടുന്നത്.