Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഭ്രാന്താലയത്തിലെ ഷേക്സ്പിയർ പീറ്റേഴ്സ്ബർഗിൽ !

മകനുവേണ്ടി ഒരു പിതാവിന് എന്തൊക്കെ ചെയ്യാം? 

ഉത്തരം പറയും മുമ്പ് ഡ്രെസ്ഡനിൽനിന്നു പീറ്റേഴ്സ്ബര്‍ഗിൽ മകനേത്തേടിയെത്തിയ മധ്യവയസ്കനായ ഒരു മനുഷ്യന്റെ കഥയറിയണം. ദാരിദ്ര്യവും കഷ്ടപ്പാടും അവസാനിപ്പിക്കാനും സമത്വസമൂഹം സൃഷ്ടിക്കാനുമായി മനസ്സും ശരീരവും വിപ്ളവത്തിനു സമർപ്പിച്ച മകൻ പാവേൽ അലക്സാൻഡ്രോവിച്ചിനെ തേടിയെത്തിയ പിതാവ്.

സ്വന്തം മകനല്ല. മരിച്ചുപോയ ഭാര്യയുടെ മകൻ! അവനു പിതാവിനെ നേരത്തെ നഷ്ടപ്പെട്ടു. പിന്നീടു മാതാവിനെയും. അവന്റെ കാര്യങ്ങളിൽ താൽപര്യമുള്ള, തേടിയിറങ്ങാൻ അർഹതയുള്ള ഒരേയൊരാൾ താനാണെന്ന് ആ മനുഷ്യൻ ഉറച്ചുവിശ്വസിക്കുന്നു. യഥാര്‍ഥ പിതാവു തന്നെയെന്നു പരിചയപ്പെടുത്തുന്നു. ദുരൂഹസാഹചര്യത്തില്‍ പാവേൽ മരിച്ചുവെന്ന സന്ദേശവുമായാണ് പിതാവിന്റെ വരവ്. ഒപ്പം പാവേലിനെക്കുറിച്ചുള്ള ഓർമകൾ ശേഖരിക്കാനും ഇനിയുള്ള ജീവിതകാലം അവ സംരക്ഷിച്ചുവയ്ക്കാനും. മകന്റെ താമസസ്ഥലത്തും പൊലീസ് സ്റ്റേഷനിലും അവന്‍ പോകാനിടയിള്ള സ്ഥലങ്ങളിലും അയാൾ അലയുന്നു.

മകനുവേണ്ടി ഒരു പിതാവു നടത്തുന്ന സത്യാന്വേഷണ പരീക്ഷണങ്ങൾ. മരിക്കുമ്പോൾ ആരും തനിച്ചല്ല പോകുന്നതെന്ന് ഒരിക്കൽ അയാൾ പറയുന്നുണ്ട്. സ്നേഹിക്കുന്നവരെ നെഞ്ചേറ്റിക്കൊണ്ടുപോകുന്നു. പാവേൽ തീർച്ചയായും തന്റെ പിതാവിനെയും കൊണ്ടുപോയിരിക്കണം. സാധാരണക്കാരനല്ല ആ പിതാവ്. അയാളെ ലോകമറിയും. ഏറെ ആരാധകരുള്ള ഒരു എഴുത്തുകാരനാണ് അയാൾ. ഇഡിയറ്റ്,ഭൂതാവിഷ്ടർ,കുറ്റവും ശിക്ഷയും എന്നീ നോവലുകളിലൂടെ പ്രസിദ്ധനായ ഫയദോർ മിഖാലിയേവിച്ച് ദെസ്തയേവ്സ്കി.

‘ഭ്രാന്താലയത്തിലെ ഷേക്സ്പിയർ’ എന്നു വിശേഷിപ്പിക്കപ്പെട്ട എഴുത്തുകാരൻ. അപ്രതീക്ഷിത അപസ്മാരങ്ങളുടെ ഇരയായും ചൂതുകളിയിലെ പ്രലോഭനം നിയന്ത്രിക്കാനാകാതെയും ജീവിതത്തെ വിചിത്രകഥയാക്കിയ അത്ഭുതമനുഷ്യൻ. ദെസ്തയേവ്സ്കി മുഖ്യ കഥാപാത്രമാകുകയാണ് ഒരു നോവലിൽ. നൊബേൽ,ബുക്കർ പുരസ്കാരങ്ങൾ സ്വന്തമാക്കിയ ദക്ഷിണാഫ്രിക്കൻ എഴുത്തുകാരൻ ജെ.എം.കൂറ്റ്സിയുടെ ‘പീറ്റേഴ്സ്ബർഗിലെ മഹാഗുരു’ എന്ന നോവലിൽ. കൂറ്റ്സിയുടെ മാസ്റ്റർപീസ് എന്നാണ് ഈ നോവൽ വിശേഷിപ്പിക്കപ്പെടുന്നത്.വായിച്ചുകഴിയുമ്പോൾ ലോക സാഹിത്യത്തിലെ ഏറ്റവും മികച്ച സൃഷ്ടികളിലൊന്നാണ് കൂറ്റ്സിയുടെ നോവൽ എന്നു വായനക്കാരും സമ്മതിക്കും.നോവലിന്റെ മലയാള പരിഭാഷ പുറത്തുവന്നിരിക്കുന്നു. മൗലിക കൃതിയോട് ഏറെക്കുറെ നീതി പുലർത്തുന്നു രാജൻ തുവ്വാരയുടെ മൊഴിമാറ്റം.

ഏറ്റവും കൂടുതൽ പുസ്തകങ്ങൾക്കും സിനിമകൾക്കും പ്രമേയമായ ജീവിതങ്ങളിലൊന്നാണു ദെസ്തയേവ്സ്കിയുടേത്. വിവിധ ഭാഷകളിൽ കഥകളും നോവലുകളും സിനിമകളും ഡോക്യുമെന്ററികളും അനേകം. ചിത്രകലയിൽ വാൻഗോഗ് എന്നപോലെ സാഹിത്യത്തിൽ ദെസ്തയേവ്സ്കി എണ്ണമറ്റ കഥകളിലെ നായകനായി. മലയാളത്തിൽ പെരുമ്പടവം ശ്രീധരന്റെ ‘ഒരു സങ്കീർത്തനം പോലെ’ അവയിലൊന്നുമാത്രം. പക്ഷേ, കൂറ്റ്സിയുടെ കൃതി മറ്റുള്ളവയിൽനിന്നു വ്യത്യാസപ്പെട്ടിരിക്കുന്നു;അവതരണത്തിലും ഉള്ളടക്കത്തിലും ശൈലിയിലുമെല്ലാം.

ഒരുപക്ഷേ, ദെസ്തയേവ്സ്കിയെക്കുറിച്ച് ഒന്നുമറിയാത്ത ഒരാൾക്കുപോലും പീറ്റേഴ്സ്ബർഗിലെ മഹാഗുരു വായിച്ചാസ്വദിക്കാം. മഹാനും പ്രശസ്തനുമായ ഒരു മനുഷ്യന്റെ ജീവിതമാണു പ്രമേയമെന്ന നാട്യമില്ല കൂറ്റ്സിയ്ക്ക്. റഷ്യൻ ചരിത്രത്തെക്കുറിച്ചോ ദെസ്തയേവ്സ്കിയുടെ ജീവിതത്തെക്കുറിച്ചോ വലിയ വിശദാംശങ്ങളും നൽകുന്നില്ല. സൂചനകളും പരാമർശങ്ങളും മാത്രമെങ്കിലും ചുരുങ്ങിയ വാക്കുകളിലൂടെ 19–ാം നൂറ്റാണ്ടിലെ റഷ്യയുടെ ചോരപുരണ്ട ചരിത്രം ഇതൾ വിരിയുന്നു. ഒപ്പം സന്യാസിയും ഭ്രാന്തനും കാമുകനും ചൂതാട്ടക്കാരനുമായി ജീവിച്ച മനുഷ്യന്റെ ജീവിതവും.ഹൃദയത്തിനുമേൽ ദൈവത്തിന്റെ കയ്യൊപ്പുള്ളയാൾ എന്നു സങ്കീർത്തനകാരൻ വാഴ്ത്തിയ ദെസ്തയേവ്സ്കി. ചുഴലിക്കാറ്റിന്റെ പിടിയിൽപെട്ട ആ മനുഷ്യന്റെ ചെകുത്താനും ദൈവവും മാറിമാറി ഭരിക്കുന്ന മനസ്സിന്റെയും അക്ഷരാർഥത്തിൽ ഐതിഹാസികമെന്നു പറയാവുന്ന ജീവിതത്തിന്റെയും സൗന്ദര്യാത്മകരൂപം.

മുപ്പത്തിയഞ്ചു വയസ്സാകുന്ന ദിവസം തലച്ചോറിലൂടെ ഒരു വെടിയുണ്ട പായിക്കുമെന്ന പറഞ്ഞ യുവാക്കളുടെ തലമുറയിലുള്ളയാളാണു പാവേൽ. ഭാവിക്കുവേണ്ടി സമർപ്പിക്കപ്പെട്ട ജീവിതത്തിന്റെ ഉടമ. പാവേൽ അവശേഷിപ്പിച്ച കുറച്ചു സാധനങ്ങൾ തിരികെക്കിട്ടുകയാണു പിതാവിന്റെ ലക്ഷ്യം.കുറച്ചു വസ്ത്രങ്ങളും ഏതാനും പുസ്തകങ്ങളും കത്തുകളും. എല്ലാം പൊലീസിന്റെ കസ്റ്റഡിയിൽ. വധിക്കാൻ ഹിറ്റ്ലിസ്റ്റിൽപ്പെടുത്തിയ ആളുകളുടെ പട്ടിക കൈവശമുണ്ടായിരുന്നയാളായിരുന്നു മകനെന്ന് അന്വേഷണ ഉദ്യോഗസ്ഥർ ദെസ്തയേവ്സ്കിയെ അറിയിക്കുന്നു.വിപ്ളവകാരി.പരിശോധന കഴിഞ്ഞുമാത്രമേ മകൻ അവശേഷിപ്പിച്ച സാധനങ്ങൾ തിരികെക്കിട്ടൂവെന്നും.

നാട്ടിലേക്കു പെട്ടെന്നു തിരിച്ചുപോകാൻവന്ന പിതാവിനു പ്രതീക്ഷിച്ചതിലുമധികം ദിവസങ്ങൾ പീറ്റേഴ്സ്ബർഗിൽ തങ്ങേണ്ടിവരുന്നു. മകൻ താമസിച്ച അതേ മുറിയിൽ,അവൻ കിടന്ന കിടക്കിയിൽ, അവനു പ്രിയപ്പെട്ട വസ്ത്രങ്ങളണിഞ്ഞു പിതാവു കിടക്കുന്നു. മകന്റെ കുഴിമാടം കണ്ടെത്തുന്നു. ഒരു വിജന ദ്വീപിൽ കടലലകളാൽ ചുറ്റപ്പെട്ട് , അവഗണിക്കപ്പെട്ട്. അയാൾക്ക് അവിടെ ഏതാനും നറുമണമുള്ള പൂക്കൾ വയ്ക്കണം. ഒരു മെഴുകുതിരി കത്തിക്കണം. ഹൃദയത്തിൽ ഏതുകാറ്റിലും കെടാതെ എരിയുന്ന പ്രർഥനാനാളം. മകൻ ഉറങ്ങുന്ന മണ്ണിൽ പിതാവ് മുഖംകുത്തി വീഴുന്നു. പൊട്ടിക്കരയുന്നു. പാവേൽ പീറ്റേഴ്സ്ബർഗിലിയുണ്ടായിരുന്നപ്പോൾ അവനു താമസിക്കാൻ ഇടംകൊടുത്ത അന്ന സെർജിയേവ്നയും മകൾ മട്രിയോനയും കൂടെയുണ്ട്. ആ യുവതിയുമായും അവരുടെ മകളുമായുമുള്ള ദെസ്തയേവ്സ്കിയുടെ അസാധാരണ ബന്ധമാണ് നോവലിന്റെ കാതൽ.ഒരു പേരിട്ടും വിളിക്കാനാവാത്ത ഒരു ബന്ധം അന്നയുമായി ഉടലെടുക്കുന്നു. ഏതാനും ദിവസം കഴിയുമ്പോൾ അയാൾ പീറ്റേഴ്സ്ബർഗ് വിട്ടുപോകണം. അതയാൾക്കറിയാം.അവൾക്കും. എന്നിട്ടും അവർ എങ്ങനെ അടുത്തു; ഇനിയൊരിക്കലും അകലാനാകാത്തരീതിയിൽ. മടക്കയാത്രയുടെ ടിക്കറ്റ് പോക്കറ്റിലുണ്ട്. അതെത്രതവണ മാറ്റിവയ്ക്കും...? പാപ–പുണ്യങ്ങളുടെ അങ്ങേക്കരയിൽമാത്രം നീതികരിക്കപ്പെടുന്ന വിശുദ്ധബന്ധം. ആദരവില്ലാത്ത ജീവിതം.പരിധികളില്ലാത്ത വഞ്ചന. അവസാനമില്ലാത്ത കുറ്റസമ്മതം.

പാവേൽ ആത്മഹത്യ ചെയ്തുവെന്ന് പറയപ്പെടുന്നു.പക്ഷേ യഥാർഥത്തിൽ പൊലീസിന്റെ പീഡനത്തിനൊടുവിൽ കൊല്ലപ്പെടുകയായിരുന്നു. ആ അറിവിലേക്കു നടന്നടുക്കുന്ന പിതാവിന്റെ യാത്രയെ അനുഗമിക്കുമ്പോൾ വായനക്കാരുടെ ഹൃദയമിടിപ്പുകൾക്കും വേഗമേറും. ജീവിതത്തെ അഴത്തിൽ അറിഞ്ഞ വാക്കുകളാൽ കൂറ്റ്സി എഴുതുന്നു. മനസ്സിനെ സ്പർശിക്കുന്ന രംഗങ്ങളാൽ പിടിച്ചുലയ്ക്കുന്നു. ചുഴലിക്കാറ്റിൽ, മഞ്ഞുകാറ്റിനെതിരെ മുടന്തിനീങ്ങുന്ന ദെസ്തയേവ്സ്കിയെപ്പോലെ വായനക്കാരും അക്ഷരക്കൂട്ടങ്ങളിൽ തട്ടിത്തടയുന്നു. ഒരോ വാക്കും ഒരുജ്വല കലാസൃഷ്ടി. ഒരോ വാചകവും ഒരു ഇതിഹാസം പോലെ. ദെസ്തയേവ്സ്കിയുടെ ഒരു നോവൽ വായിക്കുമ്പോൾ അനുഭവിക്കുന്ന അതേ മാനസികാഘാതം സമ്മാനിക്കും പീറ്റേഴ്സ്ബർഗിലെ മഹാഗുരവും. വായനയുടെ സാഫല്യം. അക്ഷരങ്ങളുടെ അനവദ്യത. സാഹിത്യത്തിന്റെ ശ്രേഷ്ഠത. വായന എന്ന കർമത്തിന്റെ ഉദാത്തതയാണു കൂറ്റ്സിയെ വായിക്കൽ. പ്രത്യേകിച്ചും പീറ്റേഴ്സ്ബർഗിലെ മഹാഗുരു. 

Read more- Book Review Literature