Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇത് നിങ്ങളുടെ കഥയല്ല

എവരി വണ്‍ ഹാസ് എ സ്‌റ്റോറി (Everyone Has a Story-An Inspirational Story of Dreams), എല്ലാവര്‍ക്കും ഒരു കഥയുണ്ട്... ഈ പുസ്തകത്തിലൂടെയാണ് ഇന്ത്യന്‍ സാഹിത്യലോകത്ത് സവി ശര്‍മ്മയെന്ന എഴുത്തുകാരിയുടെ പേര് ശ്രദ്ധ പിടിച്ചുപറ്റാന്‍ തുടങ്ങിയത്. സെല്‍ഫ് പബ്ലിഷ് ചെയ്ത പുസ്തകം 2016ലെ ബെസ്റ്റ് സെല്ലറുകളിലിടം പിടിക്കുകയും ചെയ്തു. ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് അവര്‍ മോട്ടിവേഷണല്‍ ചിന്താധാരയോടു കൂടി ദിസ് ഈസ് നോട്ട് യുവര്‍ സ്‌റ്റോറി (This is Not Your Story) എന്ന രണ്ടാമത്തെ പുസ്തകവുമായി ഈ വര്‍ഷം എത്തിയത്. 

ആദ്യ പുസ്തകത്തോളം എത്തില്ലെന്നു വിമര്‍ശനമുണ്ടെങ്കിലും ശ്രദ്ധ പിടിച്ചു പറ്റാന്‍ ദിസ് ഈസ് നോട്ട് യുവര്‍ സ്‌റ്റോറിക്കും സാധിച്ചു. തകര്‍ന്ന ഹൃദയങ്ങളെയും, സ്വപ്‌നങ്ങളെയും കുറിച്ചാണ് ഈ പുസ്തകം. ശൗര്യ, അനുഭവ്, മിരായ എന്ന മൂന്ന് കഥാപാത്രങ്ങളിലൂടെയാണ് 'ഇത് നിങ്ങളുടെ കഥയല്ല' എന്ന കഥ സഞ്ചരിക്കുന്നത്. അവരുടെ എത്തിപ്പിടിക്കാന്‍ പറ്റാത്ത സ്വപ്‌നങ്ങളും തകര്‍ന്ന ഹൃദയവുമാണ് ആദ്യ ഘട്ടത്തിലെ ഫോക്കസ്, തുടര്‍ന്ന് അവര്‍ എങ്ങനെ നല്ലൊരു ഭാവി കരുപ്പിടിപ്പിക്കുന്നു എന്നതിലേക്ക് ചെന്നെത്തുന്നു. ആദ്യ പുസ്തകത്തിന്റെ അത്ര ത്രില്ലിങ് അല്ല ഇതെന്നത് ശരി തന്നെയാണ്. 

ശൗര്യയെ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ആക്കാനാണ് അച്ഛന് താല്‍പ്പര്യം. എന്നാല്‍ അവന്‍ സിനിമാ സംവിധായകന്‍ എന്ന കുറച്ചുകൂടി വലിയ സ്വപ്‌നത്തിന്റെ പുറകില്‍ ഓടുകയാണ്. അവന്റെ സ്വപ്‌നങ്ങളുടെ ചിറകരിയുന്ന അച്ഛനെ ധിക്കരിക്കാന്‍ അവന് ധൈര്യമില്ല. 

എന്നാല്‍ അനുഭവിന്റെ സ്വപ്‌നങ്ങള്‍ക്ക് പിന്തുണയേകി അവന്റെ മാതാപിതാക്കളുണ്ട്. അവന്റെ വീട്ടില്‍ നിന്നും കുറച്ച് അകലെയായി അവനൊരു സ്റ്റാര്‍ട്ടപ്പ് തുടങ്ങി യുവസംരംഭകനായി മാറുന്നു. എന്നാല്‍ അപ്രതീക്ഷിതമായ ഒരു അപകടം സംഭവിച്ച് അവന്റെ സ്വപ്‌നങ്ങള്‍ അതില്‍ ചാരമാകുന്നു. 

ഇന്റീരിയര്‍ ഡിസൈനര്‍ എന്ന മോഹവുമായാണ് മിരായയുടെ യാത്ര. എന്നാല്‍ പ്രേമത്തിലേര്‍പ്പെട്ട് കിട്ടിയ കടുപ്പേറിയ അനുഭവം അവളുടെ ഹൃദയം തകര്‍ക്കുന്നു, കരിയര്‍ സ്വപ്‌നവും. 

ഈ മൂന്ന് പേരിലൂടെയാണ് സവി ശര്‍മ്മ കഥ പറയുന്നത്. ഇവര്‍ തങ്ങളുടെ ഭാവിയില്‍ നേടുന്ന തുടര്‍വിജയങ്ങളുടെ കഥയാണ് ദിസ് ഈസ് നോട്ട് യുവര്‍ സ്‌റ്റോറി. ജീവിതത്തില്‍ ഒരിക്കല്‍ പരാജയപ്പെടുമ്പോള്‍ തന്നെ പുറകോട്ട് പോകരുതെന്ന സന്ദേശം നല്‍കാനാണ് നോവലിലൂടെ സവി ഉദ്ദേശിക്കുന്നത്. പ്രചോദനാത്മക വിഭാഗത്തില്‍ പെടുത്താവുന്ന പുസ്തകം.