Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിഭ്രമിപ്പിക്കുന്ന കഥകളുടെ ഇന്ദ്രിയസ്പർശം

"ജീവിതത്തിന്റെ മാനുഷികഭാവങ്ങളുടെ അദ്‌ഭുതം ദർശിക്കാൻ രാധാമീരയുടെ ഈ കഥകളിലൂടെ നമുക്ക് കഴിയുന്നു. മനുഷ്യന്റെ ആന്തരിക വൈരസ്യം തന്നിലേക്ക് തന്നെ നഖമുനകളാഴ്ത്തുന്നതിന്റെ നടുങ്ങുന്ന ചിത്രം ഈ കഥകളിൽ നിന്ന് നമുക്ക് വായിച്ചറിയാൻ കഴിയും. മനുഷ്യ മനസ്സുകളുടെ വിവിധ തലങ്ങളിലൂടെ മറ്റൊരു കാലഘട്ടത്തിലേയ്ക്ക് പ്രിയ കലാകാരി നമ്മെ കൂട്ടിക്കൊണ്ടു പോകുന്നു. വ്യത്യസ്‌തകൾ നിറഞ്ഞ കഥകളിലൂടെ കഥാകാരി, വേറിട്ടൊരു തലത്തിലേയ്ക്ക് കൂട്ടിക്കൊണ്ടു പോകുന്നുവെന്ന് തോന്നാമെങ്കിലും യഥാർത്ഥ ജീവിതത്തിലേയ്ക്ക് വിരൽ ചൂണ്ടുക മാത്രമാണ് അവ ചെയ്യുന്നത്. മനുഷ്യമനസ്സിന്റെ അതിനിഗൂഢതകളിലേയ്ക്ക് അതീന്ദ്രിയമായി വെളിച്ചം വീശുന്ന ഈ പുസ്തകത്തിലെ കഥകൾ വായനക്കാർക്ക് വിശിഷ്ട കഥകളുടെ സമാഹാരം ആയിരിക്കും" രാധാമീരയുടെ ഇന്ദ്രിയങ്ങൾക്കപ്പുറം പുനർജ്ജനി തേടുന്നവർ എന്ന കഥാ സമാഹാരത്തിനു പ്രിയ എഴുത്തുകാരൻ എം ടിയുടെ കുറിപ്പ് ഇങ്ങനെയാണ്. 

ഇരുപത്തിയഞ്ച് ചെറുതും വലുതുമായ കഥകളുടെ സമാഹാരമാണ് ഈ പുസ്തകം. ചെറുകഥകൾ എന്ന് പറയുന്നതിനേക്കാൾ ഡയറിത്താളുകളിൽ എഴുത്തുകാരി അതി രഹസ്യമായി എഴുതി വച്ച ആത്മ സഞ്ചാരങ്ങളുടെ കുറിപ്പുകൾ എന്ന് പറയുന്നതാവും കൂടുതൽ നല്ലതെന്നു തോന്നുന്നു. മിക്ക കഥകളിലും ഉള്ള "ഫസ്റ്റ് പേഴ്‌സൺ" ആ ന്യായീകരണം ശരി വയ്ക്കാൻ പ്രേരിപ്പിക്കുന്നുമുണ്ട്. ജസ്റ്റിസ് കെ സുകുമാരൻ എഴുതിയ പുസ്തക അവലോകനത്തിൽ അദ്ദേഹം ഇങ്ങനെ പറയുന്നുണ്ട്, "നൂറിലേറെ പേജുകളിൽ ത്രസിച്ചു നിൽക്കുന്ന വിചാരവികാര ചിത്രീകരണങ്ങളെ വിലയിരുത്താൻ സന്തോഷകരമായ ഒരു പ്രയത്നം ആവശ്യമാണ്. ഞാൻ വെറുമൊരു ആസ്വാദകൻ മാത്രം. ആസ്വദിയ്ക്കാൻ ഏറെയുള്ളതാണ് കഥകൾ നിറഞ്ഞ ഈ പൂക്കൂട്. ഇളം റോസ് നിറമുള്ള നിവേദിതയെപ്പോലെ ഭംഗിയും സുഗന്ധവും നിറഞ്ഞു നിൽക്കുന്ന ഈ പുഷ്‌പോത്സവം." ഓരോ കഥകളെ കുറിച്ചും എടുത്തു പറഞ്ഞു വായനയെ കുറച്ച് കൂടി മധുരമാക്കാനും അവലോകനത്തിൽ അദ്ദേഹം ശ്രമിക്കുന്നുണ്ട്.

കുട്ടിക്കാലം മുതൽ തന്നെ വായിക്കാൻ ഏറെ ഇഷ്ടമുള്ള ഒരു പ്രത്യേക തലത്തിലുള്ള പുസ്തകങ്ങളുണ്ട്. വായന കുറച്ചു കൂടി എളുപ്പമാക്കുന്ന, സുതാര്യമാക്കുന്ന, വിഭ്രാത്മകമാക്കുന്ന പുസ്തകങ്ങൾ. അവയിൽ തന്നെയാണ് രാധാമീരയുടെ പുസ്തകങ്ങളുടെയും സ്ഥാനം. എഴുത്തുകാരി സ്വന്തം ജീവിതത്തിൽ നിന്നും പകർത്തിയെഴുതിയ കുറെ അധികം രൂപകങ്ങൾ ആത്മകഥയുടെ മിടിപ്പുകൾ ഓരോ കഥകൾക്കും നൽകുന്നുണ്ട് താനും. കഥകളിൽ മിക്കതും ഭ്രമിപ്പിക്കുന്ന അന്തരീക്ഷത്തിൽ ഉള്ളവയാണ്. മരണവുമായും യക്ഷിക്കഥകളുമായും മന്ത്രവാദങ്ങളുമായുമൊക്കെ ചേർന്നിരിക്കുന്നവ. അതും ഏറ്റവും ലളിതമായ ഭാഷയിൽ രസകരമായി എഴുതിയിരിക്കുകയും ചെയ്യുന്നു എന്നതാണ് പുസ്തകത്തെ സമകാലീക പ്രസക്തമാകുന്നത്. 

കഥകളെ ഉപയോഗിച്ചിരിക്കുന്ന രീതി സമകാലീക കഥാ വഴിയാണെന്ന് പറയാൻ പറ്റില്ല, പക്ഷെ എടുത്തിരിക്കുന്ന വിഷയം തീർച്ചയായും നാമോരോരുത്തരും കണ്ടറിഞ്ഞ ഇന്നിന്റെ കാഴ്ചകളിൽ മനസ്സ് മടുത്ത സത്യങ്ങളാണ്. അതുകൊണ്ടു തന്നെ രചനാ ശൈലി കുറച്ചു കാലം കടന്നായാൽ പോലും വായനയിൽ അത് നന്നായി എന്ന് തന്നെ പലപ്പോഴും തോന്നലുമുണ്ടാക്കും. സത്യത്തിന്റെയും സത്യമല്ലാത്തതിന്റെയും ഇടയ്ക്കാണ് പലപ്പോഴും കാഴ്ചകൾ സംഭവിക്കപ്പെടുക. ആദ്യത്തെ കഥയായ "മരിച്ചവന്റെ പ്രൊഫൈൽ" പറയുന്നതും അത് തന്നെ. പുസ്തകത്തിലെ മിക്ക കഥകളും പറയുന്ന സോഷ്യൽ മീഡിയയുടെ സ്വാധീനം അത്ര ചെറുതൊന്നുമല്ല. ആദ്യ കഥയിലും അതാണ് വിഷയം. മരിച്ചു പോയ ഒരുവന്റെ പ്രൊഫൈൽ സംസാരിച്ചാൽ എങ്ങനെയുണ്ടാകും? കാലം തെറ്റി അകന്നു പോയ സുഹൃത്തുക്കളുടെ പ്രൊഫൈലുകൾ പലപ്പോഴും വളരെ നിശബ്ദമായി എടുത്തു നോക്കി കണ്ണടച്ചിരിക്കാറുണ്ട്, പക്ഷെ എന്നെങ്കിലും അവർ വീണ്ടും സംസാരിച്ചിരുന്നെങ്കിലോ എന്ന് ഓർക്കാറുണ്ടോ? അത്തരത്തിൽ വീണ്ടും സംസാരിക്കുന്ന ഒരു പ്രൊഫൈലിന്റെ അനുഭവമാണ് മരിച്ചവന്റെ പ്രൊഫൈൽ. വളരെ വേദനയോടു കൂടി കഥയുടെ അവസാനം സത്യം ഉൾക്കൊള്ളാനാകാതെ കഥാ നായിക ഇരിക്കുമ്പോൾ നിസ്സംഗത ബാക്കിയാകുന്നു. 

ഒരുപക്ഷെ താൻ കണ്ടു മറന്ന, നിത്യവും കാണുന്ന ഓർമ്മയുടെ വിളുമ്പിൽ നിൽക്കുന്ന പലരും കഥാപാത്രങ്ങളായി രാധാ മീരയുടെ കഥകളിലുണ്ടാവും. നിവേദിത എന്ന കഥ ഒരു ഞെട്ടലുണ്ടാക്കുന്നുണ്ട് വായനയിൽ. തന്റെ മകളുടെ അതെ മുഖവുമായി അവൾ മരിച്ചു കഴിഞ്ഞു കൃത്യം ഒരു വർഷം തികഞ്ഞപ്പോൾ ജനിച്ച ഒരു പെൺകുട്ടി. അവളെ കാണുമ്പോൾ ആ അമ്മ എങ്ങനെ പ്രതികരിക്കണം? അവളുടെ  മരണത്തിലേയ്ക്ക് നീണ്ടു നിന്ന കാരണങ്ങൾക്കൊടുവിൽ അയാൾ അവരുടെ മുന്നിൽ വന്നു സത്യങ്ങൾ ബോധ്യപ്പെടുത്തുമ്പോൾ നിവേദിത എന്ന പുതിയ മകളെ തന്ന ദൈവങ്ങളോട് ഒരായിരം നന്ദി പറയാനേ അവർക്ക് പറ്റുന്നുള്ളൂ. 

"എന്റെ പെണ്ണ്" എന്ന കഥ ഒരുപക്ഷെ ടെക്കി ലൈഫുകളിൽ എല്ലായ്പ്പോഴും സംഭവിക്കുന്ന ഒരു കാര്യമായി കാണാം. ജീവിതവും ജോലിയും, ഇതിലൊന്ന് തിരഞ്ഞെടുക്കാൻ പറഞ്ഞാൽ ഒരു പ്രായത്തിൽ ആരും തിരഞ്ഞെടുക്കുക ജോലിയും അതിന്റെ ഉയർച്ച താഴ്ചകളും തന്നെയാകും. പക്ഷെ അതെ ജോലി ജീവിതത്തെ കൊണ്ട് ചെയ്യാൻ പാടില്ലാത്തതൊക്കെ ചെയ്യിച്ചാലോ? അത്തരമൊരു സങ്കടത്തിലേക്കാണ് അയാളിൽ അവളെ കുറിച്ചു സംശയം തോന്നി തുടങ്ങുന്നത്. അത് സത്യവുമായിരുന്നു. പക്ഷെ ജീവിതം ജീവിച്ചു തുടങ്ങുമ്പോൾ ജോലിയെക്കാൾ വലുത് ജീവിതവും സ്നേഹവും തന്നെയാണെന്ന തിരിച്ചറിവ് ഉണ്ടാക്കുന്ന മാറ്റങ്ങൾ വളരെ വലുതാണ്. ഈ കഥയും ആ വലിയ മാറ്റത്തെ സാധൂകരിക്കുന്നുണ്ട്.

ബ്ളാക്ക് മാജിക് എന്ന ഈ പുസ്തകത്തിലെ കഥയാണ് ഏറ്റവും നീണ്ട കഥ. സത്യമാണോ അസത്യമാണോ എന്ന് തോന്നുന്ന വിധത്തിൽ അതിന്റെ കഥയും ഘടനയും വരച്ചു വച്ചിരിക്കുന്നു. സ്ത്രീകളെ ആകർഷിച്ച് അവരുടെ മാറിടത്തെ മാത്രം താലോലിച്ച് അവരെ മദോത്തമകളാക്കുന്ന മന്ത്രവാദിയായ ഒരുവന്റെ വിഭ്രമാത്മകഥകളിലേക്കാണ് അവൾ കടന്നു ചെല്ലുന്നത്. ജീവൻ പോലും സമൂഹത്തിനായി ബലി നൽകാൻ ഉറച്ചവൾ ആയി അവൾ മരണത്തിന്റെ വായിലേയ്ക്ക് നടന്നു ചെല്ലുമ്പോൾ എഴുത്തുകാരിയുടെ മാനസിക നന്മയുടെ തിരിച്ചറിവിലേയ്ക്കും നമ്മളെത്തുന്നു. വയസ്സായ സ്ത്രീയെ വഴിയിൽ ഉപേക്ഷിക്കാതെ അവരെ കൃത്യമായി കണ്ടെത്തി സംരക്ഷിക്കാൻ ശ്രമിക്കുന്ന സ്ത്രീയും എഴുത്തുകാരിയാകാതെ തരമില്ല. ചുരുക്കത്തിൽ ചെറുകഥകളാണെങ്കിൽ പോലും ആത്മകഥയുടെ സുഖകരമായ ഒരു വായന രാധാമീരയുടെ കഥകളിലുണ്ട്. ചന്ദ്രബിന്ദു എന്ന സ്ത്രീ എന്തിനു രാധാമീര എന്ന പേര് സ്വീകരിച്ചു എന്ന ചോദ്യം ബാക്കി. പക്ഷെ ഏറെ മനോഹരമായി കഥകളും കവിതകളും എഴുതിയ എഴുത്തുകാരി കണ്ണടച്ച് പറയും "ഞാനൊരു കൃഷ്ണഭക്തയാണ്, കണ്ണനാണ് എനിക്കെല്ലാം..."