Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആരാച്ചാർ,ലൈവ് !

പോക്കറ്റിൽനിന്ന് ഒരു സിഗരറ്റെടുത്തു കത്തിച്ചു അയാൾ. സ്വന്തം ചുണ്ടിൽ വയ്ക്കാതെ, തീ അണയാതിരിക്കാൻ ചൂട്ടുകറ്റപോലെ വീശിക്കൊണ്ട് അച്ഛന്റെ ഫോട്ടോയ്ക്കു മുന്നിൽവച്ച് ഒരു പ്രാർഥന:

ഇതാ അച്ഛാ, ഇതെടുത്തോളൂ. ഇത് വലിച്ചോളൂ,

എന്റെ അച്ഛാ,എന്റെ അച്ഛാ, എല്ലാറ്റിനേക്കാളും വലിയ ദൈവമേ,

ഞങ്ങളെ കാക്കണേ,

അച്ഛന്റെ കൊച്ചുകിടാങ്ങളും എനിക്കൊപ്പം വരുന്നുണ്ടച്ഛാ.

ഞങ്ങൾക്കൊരിക്കലും ധൈര്യം പോകരുതേയച്ഛാ,

അച്ഛന്റെ അനുഗ്രഹവുമായാണ് ഞങ്ങളുടെ യാത്ര അച്ഛാ,

മരിക്കാൻപോകുന്നവന്റെ ആത്മാവിന് ശാന്തി കിട്ടണേ

അച്ഛാ,

അച്ഛാ, അങ്ങാണെന്റെ ദൈവം.

ആലിപ്പൂർ സെൻട്രൽ ജയിലിലെ മൂന്നാംനമ്പർ സെല്ലിൽനിന്നുള്ള വിഹ്വലമായ ചില പ്രാർഥനകൾ ഇപ്പോൾ സ്വന്തം ജീവനുവേണ്ടി അപേക്ഷിക്കുകയാണ്. പക്ഷേ, ജീവനെടുക്കാൻ പോകുന്നയാളാകട്ടെ, വിശദവും വിസ്തൃതവുമായ അനുഷ്ഠാനങ്ങൾകൊണ്ട് കുറ്റവാളിയുടെ ആത്മാവിന് ഇപ്പോൾതന്നെ ശാന്തി അപേക്ഷിക്കുന്നു. 

ആരാണു കൊലയാളി.  

ബിർഭുമിലെ കുളുഹിദി ഗ്രാമത്തിലെ ധനഞ്ജയ് എന്ന ലിഫ്റ്റ് ഓപറേറ്ററോ ?

ബംഗാളിലെ ഔദ്യോഗിക ആരാച്ചാർ നാട്ടാ മല്ലിക്കോ ? 

ഹേതൽ പ്രകാശ് എന്ന പതിനാലുകാരിയെ ലാൻസ്ഡൗൺ റോഡിലെ അവളുടെ ഫ്ളാറ്റിൽ ഒറ്റയ്ക്കായിരിക്കെ മാനഭംഗം ചെയ്തുകൊന്നയാളാണു ധനഞ്ജയ് ചാറ്റർജി. സർക്കാരും കോടതിയും കയ്യൊഴിഞ്ഞതിനെത്തുടർന്ന് വധശിക്ഷയ്ക്കു വിധിക്കപ്പെട്ട ധനഞ്ജയിനെ തൂക്കിലേറ്റി പ്രതിഫലം പറ്റാൻ കാത്തിരിക്കുന്നു നാട്ടാ മല്ലിക്. പതിനഞ്ചോളം പേരെ കൈ വിറയ്ക്കാതെ, മനമിടറാതെ തൂക്കിലേറ്റിയ ചരിത്രമുണ്ട് നാട്ടാ മല്ലിക്കിന്. ഇനിയുമൊരാളെക്കൂടി തൂക്കിലേറ്റാനും അയാൾ ഒരുങ്ങിക്കഴിഞ്ഞു. പുകച്ചും കുടിച്ചും കഥ കേൾക്കാൻ കാത്തിരിക്കുന്നവരെ നിരാശരാക്കാതെയും തനിക്കു കൈവന്ന അപൂർവ സൗഭാഗ്യത്തിൽ അഭിരമിച്ചും വധശിക്ഷ എന്ന നാടകത്തിലെ പ്രധാന കഥാപാത്രമായി ജീവിക്കുകയാണു നാട്ടാ മല്ലിക്. വധശിക്ഷയുടെ തലേന്നാൾ വിശദമായ അനുഷ്ഠാനങ്ങളിലൂടെ കടന്നുപോകുന്നു നാട്ടാമല്ലിക്. 

തൂക്കിക്കൊല്ലുന്നതും കൊലപാതകം തന്നെയല്ലേ. വധശിക്ഷയ്ക്കുവേണ്ടി വാദിക്കുന്നവരോ. അവർക്കും കൊലപാതകത്തിൽ പങ്കില്ലേ. വിശദാംശങ്ങളൊന്നും വിടാതെ, നാടകീയത നിലനിർത്തി പ്രേക്ഷകരെ മുൾമുനയിൽ നിർത്താൻ വിലപേശുന്ന മാധ്യമങ്ങൾ. അവരുടെ കയ്യിലുമില്ലേ പാപത്തിന്റെ രക്തക്കറ.വ്യവസ്ഥകൾ ലംഘിച്ചും സ്വകാര്യതയെ ഭഞ്ജിച്ചും ആരാച്ചാരെ ഒപ്പിയെടുത്ത് അസ്വസ്ഥത സമ്മാനിക്കുന്ന സംവിധായകൻ ജോഷി ജോസഫ് ? പ്രലോഭിപ്പിച്ചും പ്രകോപിപ്പിച്ചും ആരാച്ചാർക്കൊപ്പം ലഹരി പങ്കിട്ടും ഒരോ പ്രേക്ഷകനെയും കുറ്റവാളിയാക്കുന്ന ജോഷി ജോസഫിന് ഈ പാപത്തിൽനിന്നു മാറിനിൽക്കാനാകുമോ. നിലയ്ക്കാത്ത ചോദ്യങ്ങൾ. പെരുകുന്ന സംശയങ്ങൾ. അനുനിമിഷം അസ്വസ്ഥമാകുന്ന മനസ്സ്. വലിച്ചെറിയാനാഗ്രഹമുണ്ടെങ്കിലും ഹൃദയത്തിൽ കൊളുത്തിട്ടുപിടിക്കുന്നു നാട്ടാ മല്ലിക്കും അയാളുടെ ഒരു ദിവസത്തെ ദാരുണതയും ഭീകരതയും പകർത്തി ജോഷി ജോസഫ് ഒരുക്കിയ ചലച്ചിത്രവും. 2005–ൽ ബംഗാൾ മുഖ്യമന്ത്രി പ്രദർശനം നിരോധിച്ച ജോഷി ജോസഫിന്റെ ‘വൺഡേ ഫ്രം എ ഹാങ്മാൻസ് ലൈഫ്’ എന്ന സിനിമയുടെ ദൃശ്യാഖ്യാനം എം.എസ്.ബനേഷ് മലയാളത്തിൽ സമർപ്പിക്കുന്നു. 

ജനങ്ങളുടെ സമാധാനപൂർണമായ സ്വൈര്യജീവിതം ഉറപ്പാക്കാൻ കടമയുള്ള സർക്കാർ തന്നെ കൊലക്കയർ ഒരുക്കി തൂക്കുമരത്തിന്റെ ഹാൻഡിൽ പിടിക്കുമ്പോൾ ശിക്ഷയ്ക്കു വിധേയനാകുന്നയാളിൽ പടർന്നുകയറുന്ന വിറ വായനക്കാരിലും അനുഭവിപ്പിക്കുന്നു ഈ ആരാച്ചാർ പുസ്തകം. വീണ് ഒരു മിനിറ്റിനുള്ളിൽ ആള് തീരൂം. അയാളുടെ ശരീരത്തിന്റെ ചെറു വെറയലുകൾ പോലും ഇങ്ങേയറ്റത്തെ ഈ കയറിലൂടെ എനിക്കറിയാനാവും. വെറ തീർന്ന് ശാന്തമാവാൻ ഒരു പത്തുപതിനഞ്ചു മിനിറ്റെടുക്കും. കയറ് വെറച്ച് വെറച്ച് പഴയതുപോലെയാകുമ്പോൾ ഞാൻ ഡോക്ടറെ വിളിക്കും, ഡോക്ടർ സാറേ, വരൂ. നോക്കിക്കേ എന്ന്. 

2004 ഓഗസ്റ്റ് 14 പുലർച്ചെ നാലരയ്ക്ക് ധനഞ്ജയ് ചാറ്റർജിയെന്ന ധനയെ തൂക്കിലേറ്റിയപ്പോൾ അയാളും വിറച്ചിരിക്കും പതിനഞ്ചുമിനിറ്റോളം. അഞ്ചു മണിക്ക് മരണം സ്ഥിരീകരിച്ചെന്നു മരണസർട്ടിഫിക്കറ്റ്. ധനയുടെ ശരീരത്തിൽനിന്നു തുടങ്ങിയ വിറയൽ അതേ തീവ്രതയോടെ ഇപ്പോൾ വായനക്കാരിലേക്കും പടർന്നുകയറുന്നു. 

2004 ജൂൺ 24–ാം തീയതി ഒരുദിവസം മുഴുവൻ ബംഗാളിലെ ഔദ്യോഗിക ആരാച്ചാർ നാട്ടാ മല്ലിക്കിന്റെ കൂടെയുണ്ടായിരുന്നു ജോഷി ജോസഫും റസാഖ് കോട്ടയ്ക്കലിന്റെ ക്യാമറയും. 83 മിനിറ്റിന്റെ ഹ്രസ്വസിനിമയെന്ന് ആരാച്ചാരെ കുറച്ചുകാണരുത്. ഒന്നേകാൽ മണിക്കൂറിൽ തീരുന്ന ഒരു ചലച്ചിത്രം ഒരു ജീവിതം മുഴുവൻ ചലിപ്പിക്കുന്നതിന്റെ ക്രൂരയാഥാർഥ്യമാണ് ആരാച്ചാരുടെ സത്യം. ഈ ചലച്ചിത്രത്തിൽ സംവിധായകൻ മാത്രമല്ല ജോഷി. നടനും അവതാരകനും നായകനും വില്ലനുമായി പരകായപ്രവേശം ചെയ്യുന്നുണ്ട്. സിനിമയുടെ നടപ്പുരീതികൾക്ക് ഒരു വിലയും കൽപിക്കുന്നില്ല സംവിധായകൻ. മനസാക്ഷിയില്ലാത്ത കൊടുംവില്ലനെപ്പോലെ നാട്ടാമല്ലിക്കിന്റെ ഹൃദയം തുറന്നുവയ്ക്കുന്ന ജോഷിയെ ഒരു കഥാപാത്രമായിത്തന്നെ അവതരിപ്പിക്കുന്നുണ്ട് എം.എസ്.ബനേഷ് എന്ന കവി.  ഇതു തിരക്കഥയല്ല; ആരാച്ചാരുടെ രക്തവും വിയർപ്പും കണ്ണുനീരും ശാപവും അത്യാർത്തിയും വാക്കുകളിൽ കോരിയൊഴിച്ച പാപസങ്കീർത്തനം. 

പുസ്തകം വായിച്ച് ശാരദക്കുട്ടി ഫെയ്സ്ബുകിൽ എഴുതി:

വാക്കു കൊണ്ടെങ്കിലും നോക്ക് കൊണ്ടെങ്കിലും,മനപ്പൂർവ്വം ആയല്ലെങ്കിൽ പോലും ഒരാളെ വേദനിപ്പിച്ചാൽ നമ്മൾ അനുഭവിക്കുന്ന  പിടച്ചിലിന്,കുറ്റബോധത്തിന് അറുതിയില്ല.അന്തവുമില്ല. ഉറക്കം നഷ്ടപ്പെടും.മെത്തയിൽ തിരിഞ്ഞും മറിഞ്ഞും കിടക്കും.ദൈവഭയം എന്നൊക്കെ പറയുന്നത് അത് തന്നെയാകാം. ആരാച്ചാർ ആകുന്നുണ്ട് ആ നിമിഷങ്ങളിൽ നമ്മൾ.

ഓരോരുത്തരെയും ഒരു ആരാച്ചാരാകാൻ ക്ഷണിക്കുന്നു ജോഷി ജോസഫ്.