Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സിനിമക്കാരേ, ഇതാ സിനിമയാക്കാൻ ഒരു കഥ

ആരു  ജീവിതം നേടുന്നുവോ അവർ ജീവിതം നഷ്ടപ്പെടുത്തുന്നു. ആരു ജീവിതം നഷ്ടപ്പെടുത്തുന്നോ അവർ ജീവിതം നേടുന്നു. രാജുവിനെ കാണുമ്പോൾ പറയാനുള്ള വാചകം മനസ്സിൽ കുറിച്ചിട്ടു. യാത്രയ്ക്കിടെ തിയറ്ററിൽ സിനിമ കാണാൻ കയറുമ്പോഴായിരിക്കും. രാജ്യാന്തര ചലച്ചിത്രോൽസത്തിന്റെ ചുറ്റുവട്ടത്ത് എവിടെയെങ്കിലും. ലക്ഷ്യമില്ലാത്ത ഏതോ യാത്രയ്ക്കിടെ. എവിടെവച്ചായാലും പറയണം രാജൂ, താങ്കളുടെ ജീവിതം നൂറുകണക്കിനുപേരുടെ അധ്വാനത്തിനൊടുവിൽ ഏറെ പ്രതീക്ഷകളോടെ തിയറ്ററിലെത്തിച്ചിട്ടും എട്ടുനിലയിൽ പൊട്ടിപ്പോയ ഒരു സിനിമയല്ല. പലരും ജീവിതം സിനിമയാക്കുന്നു.രാജുവാകട്ടെ സിനിമയ്ക്കു സമർപ്പിച്ച ജന്മത്തെ ജീവിത പുസ്തകമാക്കുന്നു. ഇനിയീ പുസ്തകം ഏതാനും പേർ മാത്രം വായിച്ച തിരക്കഥയല്ല. ആർക്കും വായിക്കാവുന്ന, ഒരു സിനിമതന്നെ സൃഷ്ടിക്കാവുന്ന ജീവിതം. ഇതുവരെ ഒരു വ്യക്തിയുടെ മനസ്സിന്റെ ചിത്രശാലയിൽ മാത്രം നിറഞ്ഞസദസ്സിൽ ഓടിക്കൊണ്ടിരുന്ന മോഹങ്ങളുടെയും നഷ്ടങ്ങളുടെയും വീണ്ടെടുപ്പിന്റെയും വർണശബളമായ റീലുകൾ എല്ലാവർക്കുംവേണ്ടി പ്രദർശനം തുടങ്ങുന്നു. പ്രത്യേക പരിഗണനകളും അവകാശങ്ങളും ലഭിച്ച, തിരഞ്ഞെടുക്കപ്പെട്ടവരുടെ വംശചരിത്രത്തിൽനിന്ന് അർഹതയുണ്ടായിട്ടും മാറ്റിനിർത്തപ്പട്ട, അജ്ഞാതവും അദ്യശ്യവുമായ ഒരു തലമുറയുടെ പ്രതിനിധിയായ ഒരു ചെറുപ്പക്കാരൻ തന്റെ വംശചരിത്രം രേഖപ്പെടുത്തുന്നു. നാം തേടിച്ചെല്ലേണ്ടിയിരുന്ന രാജു നമ്മെ തേടിവരുന്നു. ഇനിയെങ്കിലും കണ്ടില്ലെന്നു നടിച്ചു കടന്നുപോകരുത്. അറിയില്ലെന്നു ഭാവിച്ചു വാതിലടയ്ക്കരുത്. എനിക്കീ രക്തത്തിൽ പങ്കില്ലെന്നുപറഞ്ഞു കൈകഴുകരുത്. കൈ കൊടുത്ത് അടുപ്പിച്ചുപിടിക്കാം.തോളത്തു തട്ടി അഭിനന്ദിക്കാം. രാജു എഴുതിയതു മറ്റുപലരുടെയും ജീവിതമെന്നു പറയാം. രാജു അതർഹിക്കുന്നുണ്ട്. 

വായിച്ചു തുടങ്ങാം രാജുവിനെ നായകനാക്കി രൂപേഷ് കുമാർ എഴുതിയ നോവൽ ‘സിനിമാസ്കോപ്പ്’.

രൂപേഷ് കുമാറിനെ പരിചയപ്പെടുക: 

കണ്ണൂർ ജില്ലയിലെ പഴയങ്ങാടിക്കടുത്തുള്ള അടുത്തിലയിൽ ജനനം. ഇംഗ്ലീഷ് സാഹിത്യത്തിലും പത്രപ്രവർത്തനത്തിലും ബിരുദാനന്തര ബിരുദങ്ങൾ. പത്തോളം ഡോക്യുമെന്ററികൾ നിർമിച്ചു, സംവിധാനം ചെയ്തു.

മൂന്നുവാചകങ്ങളിൽ ആ ജീവചരിത്രം ഒതുക്കാമെങ്കിലും സിനിമാസ്കോപ്പിലെ രാജുവിന്റെ ജീവിതം ഒരു മുഴുനീള നോവലിൽപ്പോലും ഒതുക്കിയെഴുതാനാവില്ല. കഴിഞ്ഞുപോയൊരു ജീവിതമല്ല അത്. ഭാവിയുടെ പ്രേക്ഷകരെ കാത്തിരിക്കുന്ന വർത്തമാനത്തിന്റെ സജീവത. എഴുപതുകളിൽ ജനിച്ച് ഇപ്പോൾ വേദനിപ്പിക്കുന്ന നാൽപതുകളിലൂടെ കടന്നുപോകുന്ന കേരളീയ യൗവ്വനത്തിന്റെ കുതിപ്പിന്റെയും കിതപ്പിന്റെയും കഥ. ആകാശത്തിന്റെ അനന്തതകളിൽ പറക്കാൻ മോഹിച്ചെങ്കിലും ഒടിഞ്ഞ കുരിശായി സമൂഹം പുറമ്പോക്കിൽ തള്ളി. അവസാനിക്കാത്ത ഊർജത്തിൽ നിന്നു രാജു ഇതാ ചരിത്രം നിർമിക്കുന്നു. ഏകാകിയുടെ വംശനിർമിതി. സിനിമയെടുക്കാൻ തനിക്കല്ലെങ്കിൽ മറ്റാർക്കാണ് അർഹത എന്ന് ചോദിക്കാവുന്ന അവസ്ഥയിൽനിന്ന് നായകനുചുറ്റും തിക്കിത്തിരക്കുന്ന ആൾക്കൂട്ടത്തിൽ ഒരാളായി ഒതുങ്ങേണ്ടിവന്ന എക്സ്ട്രാ നടന്റെ തിരക്കഥയിലില്ലാത്ത ജീവിതം. സ്വാതന്ത്ര്യസമരവും അടിയന്തരാവസ്ഥയും നക്സലിസവും ആധുനികതയും നഷ്ടപ്പെട്ട് എഴുപതുകളിൽ ജനിച്ച് അനിശ്ഛിതത്വത്തിന്റെ നൂറ്റാണ്ടുകൾക്കിടയിലേക്കുവീണുപോയ കാലത്തിന്റെ ചരിത്രം. തന്നെ വേണ്ടാത്ത കാലവും സമൂഹവും തന്നെക്കടന്നുപോകുമ്പോൾ നാളെകളിൽ അച്ഛനാരായിരുന്നുവെന്ന് മകൾ ചോദിച്ചാൽ പറയാനായി രാജു എഴുതുന്നു: സ്വന്തം കഥയും ജീവിതവും. സിനിമാസ്കോപ്പ് എന്നു പേരിട്ടു നോവൽ വിഭാഗത്തിൽ ഉൾപ്പെടുത്തി.

രൂപേഷ് കുമാറിന്റെ സിനിമാസ്കോപ്പ് ചരിത്രമല്ല. ജീവചരിത്രമല്ല. ആത്മകഥയല്ല. ആത്മകഥാപരമായ നോവലുമല്ല. ജീവിതത്തേക്കാൾ വലിയ ജീവിതം.ആഗ്രഹിച്ച ജീവിതം നിഷേധിച്ചവർക്കൂകൂടി വായിക്കാനായി എഴുതിയ പാർശ്വവൽക്കരിക്കപ്പെട്ടവരുടെ അതിജീവന സമരം. ഒരർഥത്തിൽ ഒരു നിൽപുസമരം. മുഖ്യധാരയിൽ നിലനിൽക്കാനുള്ള സമരം. ചില പുസ്തകകങ്ങളെക്കുറിച്ച് കഥയല്ല ജീവിതം തന്നെയെന്നും പുസ്തകത്തിൽ തൊടുമ്പോൾ മനുഷ്യനെ തൊടുന്നുവെന്നും പറയാറുണ്ടെങ്കിലും സിനിമാസ്കോപ്പിനല്ലേ ആ വിശേഷണം നന്നായി ചേരുക. വിഭ്രമിപ്പിക്കുന്ന, കണ്ണീരും ചോരയും പുരണ്ട, അവഗണയെയും തിരസ്കാരത്തെയും അഭിനന്ദനമായി ഏറ്റുവാങ്ങിയ അദൃശ്യചരിത്രത്തിന്റെ അക്ഷരരൂപം. 

സിനിമ കണ്ടുകണ്ട്,  സിനിമക്കാരനാകാൻ‌ മോഹിച്ച് ഭൗതിക വളർച്ച ഉപേക്ഷിച്ച, ജീവിതപങ്കാളിയെയും മകളെപ്പോലും സിനിമയ്ക്കായി ത്യജിച്ച രാജു. ജീവിതത്തിലെ ഓർമിക്കാനാകുന്ന നിമിഷങ്ങളൊക്കെ തിയറ്ററുകളുമായും സിനിമാ രംഗങ്ങളുമായിമാത്രം ബന്ധപ്പെടുത്തുന്ന ജീവിതം. തിരിച്ചടികളിൽനിന്നു സിനിമയുടെ ഊർജത്തിൽ തിരിച്ചുവന്ന ജീവിതം. എഴുതിയ കഥളെല്ലാം സിനിമക്കാർ തള്ളിക്കളഞ്ഞപ്പോൾ സ്വന്തം കഥയെഴുതി പരീക്ഷിച്ചു. അതും പരാജയപ്പെട്ടപ്പോൾ ചരിത്രം അടയാളപ്പെടുത്താതെപോയ തന്റെ വംശചരിത്രവും വിജയികളുടെ കൂട്ടത്തിൽപ്പെടാത്ത സ്വന്തം ജീവിതവും നോവലാക്കി സമൂഹത്തിന്റെ നടുമുറ്റത്തേക്കു വലിച്ചെറിയുന്നു രൂപേഷ് കുമാർ. ഇനിയും സിനിമാസ്കോപിനെ കണ്ടില്ലെന്നു നടിക്കാനാവില്ല. രൂപേഷ് കുമാറിനെ തിരിച്ചറിയാതിരിക്കാനാവില്ല. തിയറ്ററിൽ അടുപ്പമുള്ളവർക്കുമാത്രം ഒരു നിമിഷാർധത്തിൽ തിരിച്ചറിയാവുന്ന മുഖമായി ഒതുങ്ങേണ്ടവനല്ല രാജു. സിനിമകൾ സൃഷ്ടിക്കേണ്ടവൻ. രാജുവിനല്ലെങ്കിൽ മറ്റാർക്കാണു സിനിമയെടുക്കാൻ അർഹത?  

രാജൂ, താങ്കളെ ഒരു സിനിമയുടെ സംവിധായകനായി നാളെ കാണുമെന്ന പ്രതീക്ഷ ഇനിയും കൈവിട്ടിട്ടില്ലാത്തവരുണ്ട്. അന്നു സൃഷ്ടിക്കുപിന്നിലെ വേദനകളെക്കുറിച്ച് ചോദിക്കാൻ കാത്തിരിക്കുന്നു. ഇതു നിങ്ങളുടെ മാത്രം കലാസൃഷ്ടിയെന്ന് അഭിനന്ദിക്കാൻ കൊതിക്കുന്നു. ഓരോ ജീവിതത്തിനും കൃത്യമായ ഉദ്ദേശ്യവും ലക്ഷ്യവുമുണ്ടെന്നും രാജുവിന്റെ ജീവിതം സിനിമകൾ സൃഷ്ടിക്കാൻ വേണ്ടിയുള്ളതാണെന്നും അന്നു സമൂഹം പറയും.

രാജു തന്നെ പറഞ്ഞതുപോലെ രാജുവില്ലെങ്കിലും സിനിമയുണ്ട്. സിനിമ മുന്നോട്ടുപോകും. സിനിമ നിലനിൽക്കും. നല്ലതും ചീത്തയുമായ സിനിമകൾ. നല്ല സിനിമകൾക്കുവേണ്ടി ശ്രമങ്ങളുണ്ടാകും. ചിലതൊക്കെ  ലക്ഷ്യം കാണും. ചിലതു പാതിവഴിയിൽ ഉപേക്ഷിക്കും. അപൂർവം ശ്രമങ്ങളെങ്കിലും  പ്രതിസന്ധികളെ തരണം ചെയ്തു പ്രേക്ഷകസമക്ഷം എത്തും. പക്ഷേ, രാജുവിനെ സിനിമ ഉപേക്ഷിച്ചാൽ, തലശ്ശേരി കടപ്പുറത്തുനിന്ന് എന്നും കടലിൽ മീൻ പിടിക്കാൻപോകുന്ന സുമേഷിന്റെ ജീവിതം ആഴക്കടലിലേക്ക് അയാളോടൊപ്പം സഞ്ചരിച്ച് ആരു സത്യസന്ധമായി ചിത്രീകരിക്കും. രാത്രിയുടെ മൂന്നാം യാമത്തിൽ ബോട്ടിൽ കയറി, കടലിന്റെ അഗാധതയിൽനിന്നുവരുന്ന കാറ്റിന്റെ മുരൾച്ചയ്ക്കെതിരെ  നടക്കാൻ രാജുവല്ലാതെ വേറെ ആരുണ്ട് ? കണ്ണൂർ പെരിങ്ങീലിലെ അടിമ ജീവിതം ജീവിച്ച അപ്പൂപ്പൻമാരും അമ്മൂമ്മമാരുമൊക്കെ വേറെ ആരിലൂടെ തങ്ങളുടെ സഹനങ്ങളും ജീവിതവും പറയും. ചെവിടിച്ചാലിലെ കാടു നിറഞ്ഞ കുന്നിന്റെ താഴെയുള്ള വീട്ടിൽവച്ചു കേട്ട കഥകൾ ആരു പറയും. യക്ഷികളുടെയും പ്രേതങ്ങളുടെയും തീച്ചാമുണ്ഡികളുടെയും കഥകൾ. ചപ്പാത്തി മൂക്കൻമാരുടെയും തൊണ്ടൻമാരുടെയും കൈപ്പാട്ടിൽ താമസിക്കുന്നവരുടെയും ‘പൊലക്കളർ’ ഇടുന്നവരുടെയും ജീവിതകഥകൾ. പണ്ട് ഉയർന്ന ജാതിക്കാർ ഉപയോഗിച്ചുകഴിഞ്ഞ സ്ത്രീകളെ കൊണ്ടു തള്ളിയ, ‘തേവിടിശ്ശികളെ’ പാർപ്പിച്ചതിനാൽ തെവിടിശ്ശിച്ചാൽ എന്നും ചെവിടിച്ചാൽ എന്നും രൂപപരിണാമം പ്രാപിച്ച ദേശസുവിശേഷങ്ങൾ എങ്ങനെ പുറത്തുവരും. 

ഖത്തറിൽനിന്നു രാജുവിന്റെ സിനിമ നിർമിക്കാൻവേണ്ടിമാത്രം എത്തിയ സജിത്ത് പറഞ്ഞതുപോലെ സിനിമയോട് ഇത്രയധികം സ്നേഹമുള്ള അപൂർവം ചിലരേയുള്ളൂ. രാജു അവരിലൊരാളാണ്. സിനിമയിൽനിന്നു ജീവശ്വാസമുൾക്കൊണ്ടു ജീവിക്കുന്ന അപൂർവങ്ങളിൽ അപൂർവം പേരിലൊരാൾ. സിനിമാസ്കോപ്പ് വായിക്കൂ. ഇതുവരെ ഒരു നോവലും പറയാത്ത, ഒരു സിനിമയും കാണിച്ചിട്ടില്ലാത്ത ജീവിതം അറിയൂ.