Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബിസിനസിന്റെ ധര്‍മ്മമെന്ത്, ഉത്തരം ഈ പുസ്തകത്തില്‍!

ബിസിനസിനെ നയിക്കുന്നത് എന്താണെന്നതിനെക്കുറിച്ച് പലര്‍ക്കും പല സംശയങ്ങളും എപ്പോഴും വരാറുണ്ട്. ലാഭത്തില്‍ മാത്രം അധിഷ്ഠിതമായി ബിസിനസിനെക്കാണുന്നവരുണ്ട്. എന്നാല്‍ ലാഭം മാത്രം പോര എന്നു ചിന്തിക്കുന്നവരുമുണ്ട്. ബിസിനസ് മുഴുവനും സര്‍ക്കാര്‍ നിയന്ത്രിക്കണമെന്നു വാദിക്കുന്നവരുണ്ട്, അതല്ല, സര്‍ക്കാരിന്റെ നിയന്ത്രണം ആവശ്യമില്ല, സ്വതന്ത്രമാകണം ബിസിനസ് എന്നു പറയുന്നവരുമുണ്ട്. 

ഇതെല്ലാം കൂടി കൂടിക്കുഴഞ്ഞതാണ് നമ്മുടെ പല ബിസിനസ് തത്വശാസ്ത്രങ്ങളും. ദി ധര്‍മ്മ ഓഫ് ബിസിനസ് എന്ന പുസ്തകത്തിലൂടെ ഡൊണാള്‍ ആര്‍ ഡേവിസ് ജൂനിയറും കണ്ടെത്താന്‍ ശ്രമിക്കുന്നത് ബിസിനസിനെ നയിക്കുന്ന ധര്‍മ്മമാണ്. ബിസിനസിനെ നിയന്ത്രിക്കുകയെന്നത് നല്ല ഫലം തരില്ലെന്ന സന്ദേശമാണ് തന്റെ പുതിയ പുസ്തകത്തിലൂടെ അദ്ദേഹം പങ്കുവെക്കുന്നത്. അതിനായി ഇന്ത്യയുടെ പുരാണ ഗ്രന്ഥങ്ങളെയും ചരിത്രത്തെയും എല്ലാം അദ്ദേഹം തന്റെ പുസ്തകത്തിലൂടെ വിശകലന വിധേയമാക്കുന്നുണ്ട്. 

സര്‍ക്കാരുകള്‍ ബിസിനസിനെ പൂര്‍ണമായും നിയന്ത്രിക്കുന്ന സംവിധാനങ്ങള്‍ ആശാസ്യമല്ലെന്ന സന്ദേശമാണ് പുസ്തകം നല്‍കുന്നത്. ഓസ്റ്റിനില്‍ ടെക്‌സാസ് സര്‍വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസറായ ഡൊണാള്‍ഡ് ഇന്ത്യൻ പശ്ചാത്തലത്തില്‍ ഈ വിഷയത്തില്‍ വലിയ പഠനം തന്നെ നടത്തിയിട്ടുണ്ട്. സംസ്‌കൃത പ്രൊഫസറായ ഡൊണാള്‍ഡിന്റെ പുതിയ പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത് പെന്‍ഗ്വിന്‍ റാന്‍ഡം ഹൗസാണ്. 

സ്റ്റേറ്റിന് ബിസിനസില്‍ ഒരു സൂപ്പര്‍വൈസറുടെ റോള്‍ മാത്രം മതി. അല്ലാതെ മുഴുവന്‍ സമയ ഇടപെടല്‍ നടത്തിയാല്‍ അത് ശരിയാകില്ല. ഉല്‍പ്പന്നങ്ങളുടെ വിലയും മറ്റും തീരുമാനിക്കേണ്ടത് ബിസിനസുകാര്‍ തന്നെയാണ്. എന്നാല്‍ കൊള്ളലാഭം തടയുന്നതിന് സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഇടപെടണം-ഇതാണ് ഡൊണാള്‍ഡിന്റെ നിലപാട്. അദ്ദേഹം തന്റെ പുസ്തകത്തിലൂടെ പറയാന്‍ ശ്രമിക്കുന്നതും ഇതുതന്നെ. 

ഇന്ത്യയുടെ ധര്‍മ്മശാസ്ത്രങ്ങളില്‍ ഇക്കാര്യം സുവ്യക്തമായി പറയുന്നുണ്ടെന്നാണ് ലേഖകന്റെ കണ്ടെത്തല്‍. ലാഭമല്ല, കൊള്ളലാഭമാണ് എതിര്‍ക്കപ്പെടേണ്ടതെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. പ്രമുഖ എഴുത്തുകാരനും ചിന്തകനുമായ ഗുര്‍ചരന്‍ ദാസാണ് പുസ്തകത്തിന്റെ ആമുഖം എഴുതിയിരിക്കുന്നത്. നിലവിലെ ബിസിനസിലെ ദുഷ്പ്രവണതകള്‍ക്ക് അദ്ദേഹം പടിഞ്ഞാറന്‍ ലോകത്തെ കുറ്റപ്പെടുത്തുന്നുമുണ്ട്.