Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മസൂറിയുടെ കാമുകൻ; സുശീലയുടെയും

തകർന്ന പ്രണയബന്ധത്തിൽനിന്നു രക്ഷപ്പെടാൻ രണ്ടു വഴികളുണ്ട്. വിവാഹിതനാകുക. അല്ലെങ്കിൽ വിജനവും വന്യവുമായ പ്രദേശങ്ങളിലേക്ക് നടക്കുക. റസ്കിൻ ബോണ്ട് തിരഞ്ഞെടുത്തത് രണ്ടാമത്തെ വഴി. മസൂറിയുടെ മലനിരകളിലൂടെ, മഞ്ഞിലൂടെ, കാറ്റിലൂടെ, നിലാവിലൂടെ, രാത്രികളിലൂടെ ഏകനായി റസ്കിൻ അലഞ്ഞു. ഒന്നും രണ്ടും ദിവസങ്ങളല്ല. മാസങ്ങളല്ല. വർഷങ്ങൾ. മികച്ച ജോലി സാധ്യതകളുമായി വൻനഗരങ്ങൾ വിരുന്നുവിളിച്ചു. അവസരങ്ങളുടെ കവാടങ്ങൾ തുറന്നു വിദേശ രാജ്യങ്ങൾ. ഓർമകളുടെ മഞ്ഞിൽ ഉറപ്പിച്ച കാലുകളുമായി മസൂറിയുടെ പച്ചപ്പിൽ റസ്കിൻ ഒരു കാറ്റുപോലെ അലഞ്ഞു. ഇപ്പോഴും അലയുന്നു. ഇനിയും റസ്കിൻ മസൂറിയിൽത്തന്നെയുണ്ടാകുമെന്നും ഉറപ്പ്. രൂപത്തിൽ മറുനാട്ടുകാരനെന്നു തെറ്റിധരിക്കുമെങ്കിലും ജനിച്ച നാടിനോടും ഹൃദയം കീഴടക്കിയ പ്രണയത്തോടും നീതിപുലർത്തിയ റസ്കിന്റെ സത്യവാങ്മൂലമാണ് അദ്ദേഹത്തിന്റെ ആത്മകഥ: ലോൺഫോക്സ് ഡാൻസിങ്. അദ്ദേഹത്തിന്റെ എണ്ണമറ്റ കഥകളും നോവലുകളും കവിതകളും പോലെ ഹൃദ്യം. വിഷാദത്തിന് അടിപ്പെടുമ്പോൾ സൗമ്യമായി ചിരിപ്പിച്ചും നിരാശ ആക്രമിക്കുമ്പോൾ പ്രതീക്ഷയുടെ തീരം കാട്ടിയും മോഹിപ്പിച്ച സ്വതസിദ്ധമായ ശൈലിയിൽ എഴുതിയ പുസ്തകം.വയസ്സ് എൺപതു കഴിഞ്ഞിട്ടും എഴുത്തിന്റെ വശ്യത കൈമോശം വന്നിട്ടില്ലെന്നതിന്റെ വ്യക്തമായ തെളിവ്. 

എൺപതു വർഷത്തെ ജീവിതം മൂന്നുറോളം പേജുകളിൽ ആറ്റിക്കുറുക്കിയെടുക്കുക ഏറെക്കുറെ അസാധ്യമാണ്. മറ്റാരെക്കാളും റസ്കിൻ ബോണ്ടിന് അതറിയാം. അതുകൊണ്ടുതന്നെ ജീവിതത്തിലെ നിർണായക വഴിത്തിരിവുകളെ കേന്ദ്രീകരിച്ച് അദ്ദേഹം കഥ പറയുന്നു. കുട്ടിക്കാലത്തിന്റെ നിഷ്കളങ്കത. കൗമാരത്തിന്റെ ആവേശം. യൗവ്വനത്തിന്റെ സാഹസികത. കൊഴി‍ഞ്ഞുവീണ പ്രണയങ്ങൾ. പകരം കൊടുത്ത ജീവിതങ്ങൾ. മധ്യവയസ്സിന്റെ പക്വത. വാർധക്യത്തിന്റെ സൗമ്യത. അഹംഭാവമോ അവകാശവാദങ്ങളോ ഇല്ലാതെ റസ്കിൻ ജീവിതം എഴുതുന്നു. ജീവിതത്തിൽനിന്നു പഠിച്ച പാഠങ്ങളെഴുതുന്നു. എല്ലാ പാഠങ്ങൾക്കുമപ്പുറം ഇന്നും തന്നെ അതിശയിപ്പിക്കുന്ന മസൂറിയുടെ പ്രഭാതങ്ങളുടെയും സായാഹ്നങ്ങളുടെയും മുമ്പിൽ നമ്രശിരസ്കനാകുന്നു. ലോൺഫോക്സ് ഡാൻസിങ് പ്രദാനം ചെയ്യുന്നത് അസാധാരണ വായനാനുഭവം. വീണ്ടും വായിക്കാൻ പ്രേരിപ്പിക്കുന്ന  സർഗാത്മക ശക്തിയാൽ സമ്പന്നം. റസ്കിന്റെ മികച്ച കഥകളേക്കാളും മുകളിൽ പ്രതിഷ്ഠിക്കാം അദ്ദേഹത്തിന്റെ അത്മകഥയെ. 

ഇംഗ്ലീഷുകാരനായിരുന്നു റസ്കിന്റെ പിതാവ്. റോയൽ എയർഫോഴ്സ് ഉദ്യോഗസ്ഥൻ. അമ്മ ആംഗ്ലോ ഇന്ത്യൻ. രൂപത്തിൽ റസ്കിൻ ബോണ്ടും ഒരു ഇംഗ്ലീഷുകാരൻ തന്നെ. ഒരു വിദേശരാജ്യത്തു ജീവിക്കാനുതകുന്ന സ്കൂൾ വിദ്യാഭ്യാസവും അദ്ദേഹത്തിനു ലഭിച്ചു. പക്ഷേ തന്റെ വേരുകൾ ജനിച്ച നാടിന്റെ മണ്ണിലാണെന്നു തിരിച്ചറിഞ്ഞു റസ്കിൻ ബോണ്ട്. ഇന്ത്യൻ സ്വാതന്ത്ര്യത്തിനു മുമ്പായിരുന്നു അദ്ദേഹത്തിന്റെ ജനനം.സ്വാതന്ത്ര്യസമരം സാഫല്യത്തിലേക്കടുക്കുമ്പോൾ ഇംഗ്ലണ്ടുമായി ബന്ധമുള്ള ഏതാണ്ടെല്ലാവരും  ചിന്തിച്ചുകൊണ്ടിരുന്നത് മടങ്ങിപ്പോകുന്നതിനെക്കുറിച്ച്. തങ്ങളുടെ ഭാവി ഇംഗ്ലണ്ടിൽ സുരക്ഷിതമാണെന്ന് അവർ പ്രതീക്ഷിച്ചു. അടിമകളാക്കി ജീവിച്ചവരോടൊപ്പം സമാധാനത്തോടെ ജീവിക്കാനാവില്ലെന്നും അവർ കണക്കുകൂട്ടിയിരിക്കാം. പക്ഷേ, കുട്ടിക്കാലത്തോ പിന്നീടെപ്പോഴെങ്കിലുമോ ഇംഗ്ലണ്ടിലേക്കു പോകുന്നതിനെക്കുറിച്ചും അവിടെ ജീവിതം കരുപ്പിടിപ്പിക്കുന്നതിനെക്കുറിച്ചും റസ്കിൻ ചിന്തിച്ചിട്ടേയില്ല. സ്കൂൾ വിദ്യാഭ്യാസത്തിനുശേഷം അദ്ദേഹത്തിനു പഠിക്കാനായില്ല. അകാലത്തിൽ പിതാവിന്റെ മരണം. അമ്മയുടെ പുനർവിവാഹം. അടിച്ചേൽപിച്ച ഒറ്റപ്പെടലിൽ ഭാവി പ്രതീക്ഷകൾ നൽകാതിരുന്നപ്പോഴും എഴുത്തിനെ സ്വപ്നം കണ്ടും അക്ഷരങ്ങളെ ധ്യാനിച്ചും റസ്കിൻ ഇന്ത്യയിൽത്തുടർന്നു. ബന്ധുക്കൾ നിർബന്ധം തുടർന്നപ്പോൾ അദ്ദേഹത്തിന് ഇംഗ്ലണ്ടിലേക്കു പോകേണ്ടി വന്നു. കൗമാരത്തിൽ മനസ്സുമുഴുവൻ മസൂറിയും സുഹ‍ൃത്തുക്കളും. അസ്വസ്ഥനായി നാലുവർഷം വിദേശരാജ്യത്ത് ജീവിക്കാൻ ശ്രമിച്ചു. സമ്പത്തിന്റെ വാഗ്ദാനങ്ങളുമായി ജോലി സാധ്യതകൾ വന്നപ്പോഴേക്കും വിദേശവാസം മതിയാക്കി അദ്ദേഹം ഇന്ത്യയിലേക്കു തിരിച്ചു. 

നാലുവർഷം സമ്മാനിച്ച ഒരേയൊരു രജതരേഖ ഒരു പുസ്തകം മാത്രം. ആദ്യനോവൽ. പതിനേഴാം വയസ്സിൽ രണ്ടുരാജ്യങ്ങൾക്കിടയിൽ കുടുങ്ങിപ്പോയ ഒരു കൗമാരക്കാരന്റെ ആശങ്കകളുടെയും സ്വപ്നങ്ങളുടെയും രേഖ. അത്മകഥയെന്നുതന്നെ പറയാം. പുസ്തകം വെളിച്ചം കാണുന്നതിനുമുമ്പുതന്നെ റസ്കിൻ ബോണ്ട് ഇന്ത്യയിലേക്കു മടങ്ങി. മസൂറിയിലേക്കും. ആദ്യനോവൽ പ്രസിദ്ധീകരിച്ച മാഗസിൻ അദ്ദേഹം കാണുന്നതുപോലും നാട്ടിൽവച്ച്. അവിടെ തുടങ്ങുന്നു സഫലമായ ഒരു സർഗ്ഗജീവിതത്തിന്റെ തുടക്കം. പ്രശ്സ്തിയോ സമ്പത്തോ മോഹിക്കാതെ തന്റെ ടൈപ് റൈറ്ററിന്റെ മുമ്പിൽ അദ്ദേഹം കഥകൾക്കായി ജീവിതം സമർപ്പിച്ചു. വർഷങ്ങൾ നീണ്ട സമർപ്പണത്തിന്റെ സുവർണഫലങ്ങളാണ് റസ്കിൻ ബോണ്ടിന്റെ തൂലികയിൽനിന്നു പിറന്ന കഥകൾ. 

തന്റെ പ്രിയപ്പെട്ട പുസ്തകങ്ങൾ പിറന്ന സാഹചര്യങ്ങൾ ആത്മകഥയിൽ റസ്കിൻ വിശദീകരിക്കുന്നു. ജീവിതത്തെ സ്വാധീനിച്ച സവിശേഷ സാഹചര്യങ്ങളും. കണ്ട ദൃശ്യങ്ങളുടെയെല്ലാം പ്രതിഫലനം അദ്ദേഹത്തിന്റെ കഥകളിലുണ്ട്. വ്യക്തികളുണ്ട്. അപൂർവം ചിലരുടെ മാത്രം പേരുകൾ മാറ്റേണ്ടിവന്നു. ഉദാഹരണത്തിനു സുശീല. മസൂറിപോലെ റസ്കിന്റെ ഹൃദയം കവർന്നെടുത്ത പെൺകുട്ടിയാണു സുശീല. യഥാർഥ പേരല്ല. കാരണം അമ്മയായും അമ്മൂമ്മയായും അവർ ഉത്തരേന്ത്യയിൽ എവിടെയോ ഇപ്പോഴും ജീവിക്കുന്നുണ്ട്. അവരെയോ ബന്ധുക്കളെയോ വേദനപ്പിക്കാൻ റസ്കിൻ തയ്യാറല്ല. അതുകൊണ്ടുമാത്രം സുശീലയെന്ന പേരുകൊടുത്തു കാമുകിയെ അദ്ദേഹം പുനഃസൃഷ്ടിച്ചു.

റസ്കിൻ ബോണ്ടിന്റെ കഥകളിലൂടനീളം സഞ്ചരിച്ചാലും വെറുപ്പോ വിദ്വേഷമോ കാണാനാവില്ല. തിൻമയുടെ കരാളരൂപങ്ങളുമില്ല. ശുദ്ധവായു നിറഞ്ഞ ഹൃദയം തുറന്നിടുന്നതുപോലെ റസ്കിൻ ബോണ്ട് ആത്മാവിനെ അനാവരണം ചെയ്യുന്നു. സാത്വിതവിശുദ്ധിയുടെ നൈർമല്യം. ശുദ്ധനിർമലമായ ആ പുഞ്ചിരിക്കു കാരണം ഹൃദയത്തിൽ സൂക്ഷിക്കുന്ന നൻമതന്നെ. ലോൺഫോക്സ് ഡാൻസിങ് ജീവിതത്തിലെ അസാധാരണവും അനിർവചനീയവുമായ വിശുദ്ധിയുടെ വേദപുസ്തകമാണ്. വാക്കുകൾ ജീവിതത്തിന്റെ നൻമയിലേക്കു ക്ഷണിക്കുന്നു. നിരാധാരമായ പ്രണയത്തിലേക്കു വിളിക്കുന്നു. കൊടുത്താൽ ആയിരമിരട്ടിയായി മടക്കിക്കിട്ടുന്ന നിഷ്കളങ്കസ്നേഹത്തിലേക്കു വാതിൽ തുറന്നിടുന്നു.