Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുന്ന് കടഞ്ഞ കവിതകൾ

ചോര ചത്തുകല്ലിച്ച മുറിവായിലേക്ക് താമ്പൂലച്ചോപ്പാർന്ന തൈലവടിപ്പുകളാണ് കെ.ആറിന്റെ ഹ്രസ്വലിപികൾ. കിളയ്ക്കുമ്പോൾ കൈക്കോട്ടു തട്ടി മുറിഞ്ഞു പോയൊരു കു‍ഞ്ഞുവേരിനെ പറിച്ചെടുത്ത് ആകാശത്തിലേക്ക് ചുഴറ്റിയെറിയും പോലെയാണ് കവിയുടെ എഴുത്തുരീതി. ഒരു കുന്ന് കടഞ്ഞ് കൈപ്പറ്റിയ മൺപൊരുളാലെ ഇയാളെന്റെ മുറ്റത്തും മൂവന്തിമേലെയും ഇലയപ്പം ചുട്ടു വിതാനിക്കാൻ തുടങ്ങിയിട്ട് നാളേറെയായി. വഴി പിരിഞ്ഞുപോയ കുട്ടി തിരിച്ചെത്തി പടിഞ്ഞാറ്റയുടെ ഉള്ളീർപ്പത്തിലമരുന്ന സൗഖ്യമുക്തിയാണ് കെ.ആറിന്റെ മഷിക്കൊളുത്തുകളിൽ കൊരുത്തുവലിയുമ്പോൾ അനുഭവപ്പെടുക. ഇത്രയും കൃശഗാത്രനായൊരാൾ അത്രമേൽ കരുതലോടെ കൊരുത്തെറിയുന്ന മണ്ണിര വഴുവഴുപ്പുകളിൽ മുറിയുന്തോറും വംശമേറിപ്പെരുക്കുന്ന പുരാതന നരവാഞ്ഛകളുണ്ട്. വൃദ്‌ധസന്ധികളെ മെരുക്കിപ്പിടിക്കാനുള്ള സർവ്വതൈലങ്ങളും വാറ്റിക്കുറുക്കിയതാണീ കവിയുടെ കൈപ്പറ്റിലെ കവിത. പച്ചിലകളോടും പറവകളോടും സമൃദ്ധമായി സംസാരിക്കാനാണ് കെ.ആർ.കവിതയെഴുതുന്നത്. ജീവിതത്തിൽ അവയോട് ഇത്രമേൽ ഉരിയാടൽ സാദ്ധ്യമല്ലാത്തവിധം നമ്മൾ പരിഷ്കരിക്കപ്പെട്ടു പോയിട്ടുണ്ടല്ലോ ചങ്ങാതീ.

നിത്യവും ഭക്ഷണത്തിനു ശേഷം മൂന്നുനേരം കഴിക്കാൻ മരുന്നുകുറിച്ച ഭിഷഗ്വരനോട്, നിത്യവും ഒരുനേരം ഭക്ഷണം കഴിക്കാനുണ്ടായിരുന്നെങ്കിൽ എനിക്കിവിടെ വരേണ്ടിവരില്ലായിരുന്നു എന്ന മറുയാനം കൊണ്ടു രോഗി മുറിച്ചു കടന്ന സമുദ്രപ്പരപ്പാണ് കവിയുടെ ദാർശനിക സമുച്ചയം. മരം നിൽക്കുകയും വേര് നടക്കുകയുമാണെന്നതുപോലെ, വീട് നിൽക്കുകയും അതിലെ ജീവിതങ്ങൾ ഇറങ്ങിനടക്കുകയുമാണ്. വീട് മരവും വേരുകൾ മനുഷ്യരുമാണ്! വേരിനും മനുഷ്യനും രണ്ടറ്റമുണ്ട്. അതേസമയം രണ്ടറ്റങ്ങളിൽ തീർന്നു പോകാത്തതുമാണ് വേരുകൾ. കിളച്ചു കീറിനോക്കിയാൽ ഭൂപടമാകെ വേരുകളാണ്. വേർപെട്ടു പോയവർ വേരുകളായി ലിപികളെഴുതിക്കളിക്കുന്ന മണ്ണാഴങ്ങളിൽ മറ്റൊരു പാഠശാലയാണ് പണിതുയർത്തപ്പെടുന്നത്. ഹ്രസ്വ ലിപികളാലും ദീർഘ ലിപികളാലും വേരുകൾ സ്വയം അക്ഷരമാവുന്നുണ്ട്, പച്ചപ്പിന്റെ ആ പാഠശാലകളിൽ.

മണ്ണിൽ മുട്ടുകുത്തി നിന്ന്, ആകാശത്തേയ്ക്കുറ്റുനോക്കുന്ന നെടുനീളൻ വേരുകളാണ് മരങ്ങളുടെ മേൽവിലാസത്തിൽ ഇല പുതച്ചു നിൽക്കുന്നത്. കൃത്യമായി അത് അർഹിക്കുന്ന മണ്ണിലേക്ക് കരുണാമയമായി പറിച്ചു നടുന്നതാണ് കുറുക്കു കവിതകളായി കെ.ആറിൽ നിന്നും വേരിറങ്ങിപ്പെയ്യുന്നത്. തീർച്ചയായും അതൊരു ആൽമരമൊളിപ്പിച്ച കുഞ്ഞുവിത്തു തന്നെ. ആലായാൽ തറവേണമെന്നാണല്ലോ പാട്ടു നടപ്പ്. ആ തറയാണ് ഈ പുസ്തകം. അതിനുമേൽ ബുദ്ധവിഹാരങ്ങൾ ഉയരാനിരിക്കുന്നതേയുള്ളൂ. എന്റെ എഴുത്ത് ബുദ്ധന് ഏറുകൊണ്ട ഈ ആട്ടിൻകുട്ടിയുടെ തീച്ചുംബനം. ചിറ്റമൃതിന്റെ പച്ചവളയത്താലൊരു പവിത്ര മോതിരവും.