Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രാവണനെ പ്രണയിച്ചവൾ 

ചിലർക്ക് രാമാനോടാണ് ഇഷ്ടം എന്നാൽ പലരോടും രാമായണത്തിലെ കഥാപാത്രങ്ങളിൽ പ്രിയം ആരോടാണെന്നു ചോദിച്ചാൽ ഉത്തരം രാവണൻ എന്നാകും. അല്ലെങ്കിലും വില്ലന്മാരെ പ്രണയിക്കാൻ ഒരു പ്രത്യേക സുഖമുണ്ട്, ഒരുപക്ഷെ സ്ത്രീകൾക്ക് തന്നെയാകും സമൂഹത്തെ വിറപ്പിച്ച് നിർത്തുന്ന, എല്ലാവരെയും തന്റെ വാക്കുകൾക്കും വരികൾക്കുമുള്ളിൽ തളച്ചിടുന്ന വില്ലന്മാരോട് പെരുത്തിഷ്ടം. സ്റ്റോക്ക് ഹോം സിൻഡ്രോം എന്നൊരു അവസ്ഥ തന്നെയുണ്ട്. തന്നെ തട്ടിക്കൊണ്ടു പോയ രാവണന്മാരോട് സ്നേഹം തോന്നുന്ന അവസ്ഥയാണത്. അതുകൊണ്ടു തന്നെയാകണം സാക്ഷാൽ സീതാ ദേവിയെ തട്ടിക്കൊണ്ടു പോയിട്ടും ഇപ്പോഴും പല സ്ത്രീകൾക്കും രാമനെക്കാൾ രാവണനോട് പ്രണയം. എന്നാൽ യഥാർത്ഥ രാവണന് ആരോട് ആരുന്നിരിക്കാം പ്രണയം? സീതയോട്? വേദവതിയോടു? മണ്ഡോദരിയോട്? ഈ ഉത്തരങ്ങൾക്കൊക്കെ അപ്പുറം നിന്ന് മറ്റൊരുവളിലേക്കുള്ള രാവണന്റെ പ്രണയ ദൂരം അളക്കുകയാണ് 'ഖഡ്ഗരാവണൻ പ്രണയിച്ചപ്പോൾ' എന്ന ലഘു നോവൽ. 

പ്രവീൺ പി ഗോപിനാഥ് എന്ന എഴുത്തുകാരൻ ഒരുപക്ഷെ മലയാളികളുടെ ബൗദ്ധിക വായനകളിൽ പേര് എഴുതപ്പെട്ട ഒരു എഴുത്തുകാരനല്ല, പക്ഷെ അന്താരാഷ്‌ട്ര ബെസ്റ്റ് സെല്ലിങ് പുസ്തക വിപണിയിൽ പ്രവീണിന്റെ പേര് എഴുതപ്പെട്ടിരിക്കുന്നത് തങ്ക ലിപികളിലാണ്. എഴുത്തിൽ സ്വന്തം ജീവിതം തന്നെ വായനക്കായി നൽകിയ പ്രവീൺ എഴുതുന്ന ഓരോ അക്ഷരങ്ങളിലും സ്വന്തം ജീവിതം തന്നെ കോറിയിട്ടിരിക്കുന്നു. ഓരോ പുസ്തകങ്ങളും എഴുത്തുകാരന്റെ സ്വന്തം ജീവിതത്തിൽ അദ്ദേഹം നേരിട്ട അനുഭവങ്ങളാകുമ്പോൾ അത് വായനക്കാർക്ക് വായിക്കാൻ ഏറെ താല്പര്യവുമുണ്ടാകും. കാരണം വായന എന്നത് അവിശ്വസനീയമായ ജീവിത അനുഭവങ്ങളാകുമ്പോൾ, തുറന്നെഴുത്തുകളാകുമ്പോൾ അതിനു വായനക്കാർ ഇല്ലാതെ പോകുന്നതെങ്ങനെ! അതുകൊണ്ട് തന്നെയാണ് അന്താരാഷ്‌ട്ര പുസ്തക വിപണിയിൽ പ്രവീണിന്റെ പേര് ബെസ്റ്റ് സെല്ലിംഗ് പട്ടികയിൽ ഇടം നേടിയതും. 'ഖഡ്ഗരാവണൻ പ്രണയിച്ചപ്പോൾ' എന്ന നോവൽ പോലും രാവണന്റെ കഥയാണെങ്കിലും അതെ രാവണനിലും സ്വന്തം അനുഭവം തന്നെ പ്രവീൺ വരച്ചിട്ടിരിക്കുന്നു. 

സീത രാവണന് ആരായിരുന്നു എന്ന ചോദ്യത്തിന് മുകളിൽ "മകൾ" എന്ന് തന്നെ ഉത്തരം നൽകാനാണ് പ്രവീൺ ഇഷ്ടപ്പെട്ടത്. രാവണന് ഭൂമിദേവിയിൽ ഉണ്ടായ മകൾ. ഇതുവരെ കേൾക്കാത്ത കഥയാണല്ലോ എന്ന് അമ്പരക്കണ്ട. ഒരു മിത്തിനെ ഭാവനാസൃഷ്ടിയാക്കുമ്പോൾ തീർച്ചയായും അതിന്റെ പൂർണമായ പൊളിച്ചെഴുത്ത് എഴുത്തുകാരന്റെ തലച്ചോറിന്റെ ശേഷിയെ അനുസരിച്ചിരിക്കും. കഥാപാത്രത്തെ എങ്ങനെ വേണമെങ്കിലും മാറ്റാനുള്ള അവകാശം എഴുത്തുകാരന് ഉണ്ടെന്നു സാരം. പ്രത്യേകിച്ച് ചരിത്ര പുസ്തകത്തിൽ എഴുതി വയ്ക്കപ്പെട്ടിട്ടുള്ള കഥാപാത്രമല്ലെങ്കിൽ അതിന്റെ ധാർമികത ചോദ്യം ചെയ്യപ്പെടുന്നുമില്ല. ഈ ചെറു നോവലിൽ രാവണന് വളരെ വ്യത്യസ്തമായ ഒരു ചിത്രമാണ് പ്രവീൺ നൽകിയിരിക്കുന്നതും, ഒരുപക്ഷെ രാവണനോട് ആരാധന തോന്നിയിട്ടുള്ളവർക്ക് തീർച്ചയായും ഇഷ്ടപ്പെടാൻ കഴിയുന്ന ഒരു പൊളിച്ചെഴുത്ത് തന്നെയാണ് 'ഖഡ്ഗരാവണൻ പ്രണയിച്ചപ്പോൾ'. 

തന്റെ പ്രണയിനിക്കു വേണ്ടി ലങ്ക എന്ന വലിയൊരു സാമ്രാജ്യം നിർമ്മിച്ചെടുത്ത ധീരനായ യോദ്ധാവായിരുന്നു രാവണൻ. ചക്രവർത്തിയാവുക എന്ന മോഹം പോലും പ്രണയിനിയായിരുന്ന ഭൂമി ദേവിയെ സ്വന്തമാക്കുക എന്ന ഉദ്ദേശത്തോടെ ആയിരുന്നു എന്ന് പ്രവീൺ പറഞ്ഞു വയ്ക്കുന്നു. ഒരു അസുരനും ദേവ കന്യകയും തമ്മിലുള്ള പ്രണയത്തിനു വളരെ അന്തരമുണ്ട്. കറുപ്പും വെളുപ്പും പോലെ, ദേവനും അസുരനും പോലെ.. ഒരിക്കലും ചേരാൻ പാടില്ലാത്ത കാരണങ്ങളുടെ ഒരു നീണ്ട നിര മുന്നിലുണ്ടാവും. ഭൂമി ദേവിയുടെ പിതാവ്, രാവണനെ നിരാകരിക്കാൻ വ്യക്തമായ കാരണമുണ്ടായിരുന്നു. സ്വർഗത്തിൽ നിന്ന് നിഷ്കാസിതനാകുമോ എന്ന ഭയം മകളുടെ ഈടാർന്ന പ്രണയത്തിനു തടയണ കെട്ടുമ്പോൾ അവളുടെ പ്രണയത്തിനു മുന്നിൽ അദ്ദേഹം വർഷങ്ങൾക്കു ശേഷം തകർന്നു പോയിട്ടുണ്ടാകണം! രാവണൻ വിവാഹിതനായെങ്കിലും പിന്നീടൊരിക്കലും മറ്റൊരു പുരുഷനെ തിരയാതെ സ്വന്തം കർമ്മത്തിൽ മാത്രം ശ്രദ്ധയൂന്നി ഭൂമീ ദേവി പിന്നെ ജീവിച്ചു. രാവണന്റെ പ്രണയം അത്ര തീക്ഷ്ണമായിരുന്നു. അല്ലെങ്കിലും ചിലരുടെ പ്രണയം അങ്ങനെയാണ്, മറ്റൊരാളെ വീണ്ടും സ്വീകരിക്കാൻ കഴിയാത്ത വിധത്തിൽ ഹൃദയത്തിൽ വേരുകളാഴ്ത്തും, പടർന്നു പന്തലിക്കും, ശിഖരങ്ങൾ ഒടിഞ്ഞു പോയാലും വേരുകൾ അവശേഷിക്കും. രാവണൻ എന്ന വൻവൃക്ഷം ഒന്നാകെ ഭൂമി ദേവിയുടെ ഹൃദയത്തിൽ എന്നും നിറഞ്ഞു നിന്നു. രാവണനിൽ ജനിച്ച പുത്രിയെ മാതാപിതാക്കൾക്ക് വേണ്ടി ഉപേക്ഷിക്കുമ്പോൾ പ്രണയത്തിന്റെ അവസാന പ്രതീക്ഷ നഷ്ടപ്പെടുന്നതോർത്ത് അവൾ ആരും കാണാതെ അലമുറയിട്ടിരിക്കാം. 

ധർമ്മങ്ങൾ നന്നായി മനസ്സിലാക്കിയവനാണ് രാവണൻ. അറിവുള്ളവൻ. താൻ നേടിയ അമരത്വം എന്ന വരത്തിന്റെ നിസ്സാരത പോലും സൂക്ഷ്മമായി മനസ്സിലാക്കിയവൻ. അതുകൊണ്ടു തന്നെയാകാം സാക്ഷാൽ മഹാദേവൻ തന്റെ പ്രിയപ്പെട്ട ചന്ദ്രഹാസം എന്ന വാൾ രാവണന് നൽകിയത്. ഖഡ്ഗം ഏന്തി നിൽക്കുന്ന രാവണൻ ഒരു പ്രതീകമാണ്, ധീരതയുടെ, വീരതയുടെ, അറിവിന്റെ ഒക്കെ, ആ രാവണൻ പ്രണയിക്കുമ്പോൾ അതെ ഗുണങ്ങളെല്ലാം അദ്ദേഹത്തിൽ ജ്വലിക്കുന്നുണ്ട്. ആ പ്രണയം അത്ര തീക്ഷ്ണവുമാണ്. അതുകൊണ്ടാണ് നോവലിന് ഈ പേര് തന്നെ നൽകിയതെന്ന് പ്രവീൺ പറയുകയും ചെയ്യുന്നുണ്ട്. രാമന്റെ ബാണമേറ്റ് മരണത്തിന്റെ വക്കിലെത്തി നിൽക്കുന്ന രാവണനെയാണ് നീണ്ട നാളുകളുടെ വിരഹത്തിനു ശേഷം ഭൂമീ ദേവി അവസാനമായി കാണുന്നത്. അദ്ദേഹത്തിന്റെ വിറങ്ങലിക്കാൻ വെമ്പുന്ന തല മടിയിൽ വച്ച് അവൾ ഉറക്കെ വിലപിക്കുന്നുണ്ട്. വരുന്ന ജന്മമെങ്കിലും തന്റേതായിരിക്കാൻ ആവശ്യപ്പെടുന്നുണ്ട്. തീക്ഷ്ണമായ പ്രണയം ബാക്കി വച്ച്  അനുഭൂതികളിൽ ലയിച്ച് രാമന്റെ കയ്യാൽ മരണം ഏറ്റു വാങ്ങി ഇനിയൊരു ജന്മമില്ലെന്നു നിനച്ച് ഭൂമിദേവിയോട് മറുപടി പറയാതെ രാവണൻ കണ്ണുകൾ അടയ്ക്കുമ്പോൾ ഉള്ളിൽ വെറുതെ ഒരു ആന്തലുണ്ടാകും. പ്രണയം പരാജയപ്പെടുകയാണോ... 

ജീവിതം കൊണ്ട് അതിശയം കാണിക്കുന്ന വ്യക്തിയാണ് ഖഡ്ഗരാവണന്റെ എഴുത്തുകാരൻ പ്രവീൺ. എഴുതാൻ അക്ഷരങ്ങളുടെ മായാജാലം കയ്യിലില്ലെന്നു ഓരോ നിമിഷവും ആവർത്തിക്കുമ്പോഴും സ്വന്തം അനുഭവങ്ങളുടെ തീക്ഷ്ണത അക്ഷരങ്ങൾ അവകാശപ്പെടുന്നുണ്ട്. എഴുതാൻ വേണ്ടി സ്വന്തം ജീവിതം അനുഭവങ്ങളാൽ നിറയ്ക്കാൻ ശ്രമിക്കുന്ന അപൂർവ്വമായ ഒരു ജീവിതം എന്ന് തന്നെ പ്രവീണിനെ പരിചയപ്പെടുത്തേണ്ടി വരും. രാവണനെ ഇഷ്ടമാണ് പ്രവീണിന്, അത് വെറുമൊരു ഇഷ്ടമല്ല, സാക്ഷാൽ രാവണന്റെ ജനന പരമായ ജ്യോതിഷ സവിശേഷതകളുടെ സമാനതകൾ ഏറെയുള്ള തന്റെ ജാതകവും പ്രവീണ് ഇതിഹാസ നായകനോടുള്ള ഇഷ്ടത്തിന് കാരണമാണ്. സ്വയം വില്ലനാണെന്നു പറയാനും എഴുത്തുകാരന് മടിയില്ല. പ്രണയത്താൽ ചുറ്റപ്പെട്ട സ്വന്തം ജീവിതത്തോട് അങ്ങേയറ്റം ഇഷ്ടമാണ് പ്രവീണിന്. ഖഡ്ഗരാവണൻ എന്ന കഥാപാത്രവും ആ ഇഷ്ടത്തെ പേറുന്നു. ലളിതസുന്ദരമായ ഒരു വായന നൽകുന്ന പുസ്തകം ഏറെ വായിക്കപ്പെട്ടതാണ്. പദങ്ങളുടെ കഠിനത ഇല്ലായ്മ പ്രവീണിന്റെ പുസ്തകങ്ങളുടെ സവിശേഷതയാണ്, അനുഭവങ്ങളെ പകർത്തുന്നതുകൊണ്ടു തന്നെ അതിൽ ലാഘവത്വം നൽകാൻ പ്രവീൺ ശ്രമിക്കുന്നുണ്ട്. ഖഡ്ഗരാവണൻ എന്ന കഥാപാത്രത്തിലുമുള്ളത് ആത്മാംശം തന്നെ എന്നും പ്രവീൺ കൂട്ടിച്ചേർക്കുന്നു.