Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒരു മഴത്തുള്ളിയിൽ നിന്നും പെരുമഴയിലേക്കെത്തുമ്പോൾ ഞാൻ കാണുന്നു...

കുഴൂരിനെ ആദ്യമായി ഫോണിൽവിളിച്ചത് ഒരു അഭിമുഖത്തിനായായിരുന്നു. കവിതയുടെ ആഘോഷം എന്നും എപ്പോഴും നിലനിൽക്കുന്ന കവിതയുടെ ക്ഷേത്രത്തിൽ ഇരുന്നുകൊണ്ട് കുഴൂർ സംസാരിച്ചു. ഗദ്യരൂപത്തിൽ സംസാരിച്ചതിലേറെ കവിതകൾ ചൊല്ലി. ഇതുവരെ എഴുതിയതും എഴുതിക്കൊണ്ടിരിക്കുന്നതുമായ കവിതകളുടെ ഒരു പെരുമഴയ്‌ക്കൊടുവിൽ അമ്മയെകുറിച്ചുള്ള വരികളിൽ പെട്ടെന്ന് മൗനം പെയ്തു. പിന്നെ പാതിയിൽനിർത്തി ഒന്നും പറയാതെ ഫോൺകട്ട് ചെയ്തത് എവിടേക്കോ അപ്രത്യക്ഷനായി. പിന്നെ അടുത്തദിവസമാണ് വിളിക്കുന്നത്, തലേന്നത്തെ ബാക്കി കവിതകൾപാടാനും വിശേഷം പറയാനും. അതാണ് കുഴൂർ വിത്സൺ എന്ന കവിയും അദ്ദേഹത്തിന്റെ കവിതയും. ആർത്തലച്ചുപെയ്യുമ്പോഴും ഒരു നിമിഷനേരം കൊണ്ട് പെട്ടെന്ന് വെയിൽ വന്നു മഴ നിന്നു പോകും. 

"മേഘമായി

അലയാൻ പോവുകയാണ്

ഒറ്റയ്ക്ക്

വഴിക്കെങ്ങാൻ

നിന്നെ കണ്ടു പോയാൽ

പെയ്തു പോയേക്കും

എന്നു പേടിയുണ്ട്",

വയലറ്റിനുള്ള കത്തുകളിൽനിന്നും മഴയിലേക്ക്നടക്കാനിറങ്ങുകയാണ് കവി കുഴൂർ വിൽസൺ. എപ്പോഴും ഒറ്റയ്ക്ക് അലഞ്ഞു നടക്കുന്നവനാണ് കവി എന്നത് മറക്കുന്നില്ല. പ്രത്യേകിച്ച് കുഴൂർ വിൽസൺ കവികളിലെ ഭ്രാന്തനും ഭ്രാന്തന്മാരിലെ കവിയുമാണ്. എപ്പോഴും ഒരായിരം കവിതകൾ നാവിൻതുമ്പിൽ തുള്ളിത്തുളുമ്പുന്ന ഭ്രാന്തനായ കവി. സംസാരിക്കുമ്പോൾ പോലും മറ്റൊന്നും പറയാനില്ലാത്തവൻ. ജീവിതവും ബന്ധങ്ങളും ജോലിയും എല്ലാം കവിതയായി മാറിയവൻ. മഴ പോലും കവിതയായി തീരുന്നു. ഒരു മഴ കവിത ചോദിച്ചവൾക്കുമുന്നിലേയ്ക്ക് ഒരു കെട്ടു മഴത്തണുപ്പുള്ള വാക്കുകളെ ചൊരിഞ്ഞവൻ. അയാൾക്ക് എപ്പോഴും കവിതയിൽ ഒറ്റയ്ക്ക് അലയാൻ തന്നെയാണിഷ്ടവും. മേഘമായി അലയാൻ ആഗ്രഹിക്കുമ്പോൾ പോലും പ്രിയപ്പെട്ടൊരാളെ കണ്ടുപോയാൽ,അവളുടെ സ്പർശം ഏറ്റുപോയാൽ അറിയാതെ പെയ്തുപോയേക്കുമോ എന്ന ഭീതിയിലും കവി ആ മഴ ആഗ്രഹിക്കുന്നു എന്ന് മനസ്സ് പറയുന്നുണ്ട്. പെയ്യട്ടെ... കവിയും കവിയുടെ ഉള്ളിലുള്ളപ്രണയവും മഴ പോലെ അവളിലേക്ക് പെയ്തു നിറയട്ടെ!!!

മഴയും മഴക്കവിതകളുമാണ് പുതിയ വിഷയം. മഴയായാൽ കവിതകൾ എഴുതാതെയിരിക്കാൻ കഴിയുമോ? പ്രത്യേകിച്ച് കവികൾക്ക്! മഴക്കവിതകളെ കുറിച്ച് ഒരു കാവ്യ വിപ്ലവംപരീക്ഷിക്കുന്നതിനിടയിലേക്കാണ് വീണ്ടും കുഴൂർ കടന്നു വരുന്നത്. ഇത്തവണ ഒരു മഴക്കവിത ചോദിച്ചപ്പോൾ കയ്യിൽ ഒരു നൂറു കവിതകൾ കൊണ്ട് മഴക്കാലം ഒന്നാകെ ഒന്നിച്ച് പെയ്തു വന്നപോലെ കുഴൂർമോഹിപ്പിക്കുന്നു.അതൊന്നാകെ ഒരു പുസ്തകമായിരുന്നു  "ഹാ വെള്ളം ചേർക്കാത്ത മഴ എന്ന പേരിൽ"

"ചിലപ്പോൾ

ഇന്ന് മഴ പെയ്യും

മേഘങ്ങളുടേത്

ഒരു തരം ഒഴുകുന്ന

ഇടപാടായതിനാൽ

ഉറപ്പ് പറയുന്നതെങ്ങനെ

ചിലപ്പോൾ

മഴ

പെയ്തേക്കും

ഇടിമിന്നൽ ഉറപ്പ്"

എത്ര നിറത്തിലും മാനസിക അവസ്ഥയിലുമാണ് ഓരോ മഴയും പെയ്തങ്ങനെ തുളുമ്പുന്നത്.ചിലർക്ക് മഴ നനയാൻ ഇഷ്ടമായപ്പോൾ ചിലർക്ക് മഴ തോരാതെ പെയ്യുന്നത് നനവ് കൂടി അസ്വസ്ഥതയാകുന്നു. ചോരുന്ന വീടുള്ളവർക്ക് മഴ ശപിക്കപ്പെട്ട നിമിഷമാകുമ്പോൾ ചോരാത്ത വീടുകളുള്ളവർ മുറ്റത്തിറങ്ങി മഴയെ പാട്ടുപാടി എതിരേൽക്കുന്നു. ഉണങ്ങി വരണ്ട പാടങ്ങളിൽ വിത്തിറക്കാൻ കാത്തു നിന്നപ്പോഴാണ് കർഷകനെ മഴപ്രണയിച്ചത്. പക്ഷേ വയല് നികത്തി വാഴയും പയറും വച്ചവർക്ക് പ്രായമെത്താതെ മരിച്ചു പോയ വാഴക്കുഞ്ഞുങ്ങളും അഴുകിപ്പോയ പയറിൻമണികളും സാക്ഷിയാകുന്നു. 

"പൊരിവേനലിൽ മഴ പെയ്യുന്നത് കൊള്ളാം

കവിത എഴുതുന്നവർക്ക്

പൊരിവേനലിൽ മഴ പെയ്യുന്നത് കൊള്ളാം

പറമ്പ് നിറയെ ചെടികൾനനയ്ക്കാൻ ഉള്ളവർക്ക്

പൊരിവേനലിൽ മഴ പെയ്യുന്നത്കൊള്ളാം

ചോരാത്ത വീടും  നടുമുറ്റവുമുള്ളവർക്ക്..."

അല്ലെങ്കിലും മഴ ആസ്വദിയ്ക്കാൻ മാത്രമുള്ളതാണോ, അല്ലെന്നു തന്നെയാണ് കുഴൂരും നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്നത്. എത്ര ആസ്വദിയ്ക്കാനിരിക്കുമ്പോഴും ഉള്ളിലെവിടെയോ മഴ നാശം വിതയ്ക്കുന്ന ചേരികളുടെ കരച്ചിലുകൾ കേൾക്കാം. ഒരേ സമയം നന്മയും തിന്മയും പേറുന്ന മഴക്കണക്കുകൾ ഒരിക്കലും തീരുന്നതേയില്ലല്ലോ. 

മഴ ഏറ്റവുമധികം അനുഭൂതിയാകുന്നത് എപ്പോഴായിരിക്കണം! തീർച്ചയായും അതൊരു ഗൃഹാതുരതയായി മാറുമ്പോഴാവണം. അത്തരത്തിൽ ഗൃഹാതുരത പേറണമാണെകിൽ മഴയെ നമുക്ക് നഷ്ടപ്പെടണം. ഒരുപക്ഷെ പ്രവാസികളായിരിക്കണം അങ്ങനെ നോക്കുമ്പോൾ മഴയെ ഏറ്റവും നഷ്ടപ്പെടുത്തുന്നതും അതോർത്ത് സങ്കടപ്പെടുന്നതും. കുഴൂരിനുമുണ്ട് അത്തരം ഓർമ്മകൾ. എല്ലാ വർഷവും ആരും കാണാതെ നനയുന്ന മഴകളിൽ നിന്നും, നൃത്തംചെയ്യുന്ന മഴ പകലുകളിൽ നിന്നും പെട്ടെന്നൊരു ദിവസം മറ്റൊരു രാജ്യത്തിലേക്ക് പോകേണ്ടി വന്നാലോ? നഷ്ടമാകുന്നത്, മഴയും ഭ്രാന്തൻ ദിവസത്തെ മഴ നൃത്തവുംമാത്രമല്ല മഴയോടൊപ്പമുള്ള മകളുടെ പിറന്നാൾ ദിവസവും കൂടിയാണ്. 

"ഏറ്റവും

ഇഷ്ടപ്പെടുന്ന പച്ചയിൽ

പൊടുന്നനെ

മഞ്ഞയായ്

പെയ്യും മഴയേ

ഉമ്മ വയ്ക്കെട്ടെ

നിൻ ഇളം നെഞ്ചിൽ

വരുവാനാരുമില്ല പോകാനും

ഒറ്റയ്ക്ക് ഒറ്റയ്ക്ക് ഒറ്റയ്ക്ക്

സഹിക്കണം

ഭൂമി തൻ ചൂടും ചൂരും..."

നഷ്ടപ്പെടുമ്പോഴാണല്ലോ വാരിപ്പുണരാനും ഒരായിരം ഉമ്മ വയ്ക്കാനുമൊക്കെ തോന്നുന്നതും. പിന്നെ മഴ പെയ്യുമ്പോൾ ആരും കാണാതെ നൃത്തം ചെയ്യാനും! മഴയെ ഏറ്റവും മനോഹരമായി ഉപമിക്കാവുന്നത് ഒരുപക്ഷെ കണ്ണുനീർതുള്ളിയോടു തന്നെയല്ലേ?

"വേദനിച്ചപ്പോൾ 

ഞാൻ എന്റെ പെണ്ണിനെയോർത്ത് കണ്ണുകളടച്ചു

അവളാകട്ടെ

കുടുകുടാ കുതറി

കവിളുകളിലൂടെ ഒഴുകി

മുറിഞ്ഞിടത്തെല്ലാം തഴുകി

ചുണ്ടുകളിൽ തന്നെയെത്തി"...

എന്തിനുവേണ്ടിയുള്ളതാണെങ്കിലും കരച്ചിലുകൾ ഉള്ളിൽ പേറുമ്പോൾഒന്ന് മഴയത്തിറങ്ങി നിന്നാൽമതിയെന്ന് തോന്നും. ചിരിക്കുന്നത് പോലെയേ കാണുന്നവർക്ക് തോന്നൂ. കണ്ണും മനസ്സും നിറഞ്ഞു തുളുമ്പി ഉറക്കെ കരഞ്ഞാൽപോലും കാണുന്നവർക്ക് അതുചിരിയായേ മനസ്സിലാകൂ. കവിളുകൾ നനയ്ക്കുന്ന കണ്ണുനീർമഴത്തുള്ളിയുമായി ചേർന്ന് രുചിയോടു പോലും ഐക്യപ്പെട്ടു അലിഞ്ഞു പോയിട്ടുണ്ടാകും. അതുകൊണ്ടു തന്നെയാണ് കണ്ണുനീരും മഴയും ഒന്നായി മഴക്കാലത്തെ അടയാളപ്പെടുത്തുന്നതും. 

മരങ്ങളുടെ പ്രാണനെ സംരക്ഷിക്കുന്നവനാണ് കവി, ഒപ്പം മഴയുടെയും. ഒരായിരംമരക്കുഞ്ഞുങ്ങളെ കവിതയിലൊതുക്കുമ്പോൾ പ്രകൃതിയോടൊപ്പം നിന്നു മഴയെ എങ്ങനെ കയ്യേൽക്കാതിരിക്കാൻകഴിയും? കുഴൂർ വിത്സൺ എന്ന കവി പ്രകൃതിയിൽ നിന്നുംകവിതകളെ കണ്ടെത്തുന്നവനാണ്. അതുകൊണ്ട് തന്നെയാണ് മരവും മഴയും കണ്ണുനീരും മനുഷ്യനും ഒക്കെ വരികളുടെ ഭാഗമായിത്തീരുന്നതും. എപ്പോഴും സ്വപ്നത്തിൽ വിഭ്രമിക്കപ്പെട്ടതു പോലെ നടക്കുന്ന ഒരു കവി പ്രകൃതിയുടെയും ഭാഗമായില്ലെങ്കിൽഅല്ലെ അതിശയിക്കാനുള്ളൂ!!!